Wednesday, September 1, 2010

ഭീകരവാദത്തിന് ഊര്‍ജം പകരുന്ന വിചാരധാരകള്‍

ഡി ആര്‍ ഗോയല്‍ ഫ്രണ്ട് ലൈന്‍ ദ്വൈവാരികയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ (ഫ്രണ്ട് ലൈന്‍, ജൂലൈ 31- ഓഗസ്റ് 13, 2010) തന്റെ ആര്‍എസഎസ് ഭൂതകാലത്തെ ഇങ്ങനെ ഓര്‍ത്തെടുക്കുന്നു;

'1942 മുതല്‍ 1947 വരെ ഞാന്‍ ആര്‍എസ്എസില്‍ അംഗമായിരുന്നു. അന്ന് ഞാന്‍ പയ്യനാണ്. എനിക്കാണെങ്കില്‍ രക്തച്ചൊരിച്ചില്‍ ഒട്ടും താല്പര്യമില്ലാത്ത കാര്യവും ഞങ്ങളെ ആര്‍എസ്എസ് ശാഖകളില്‍ മാടപ്രാവുകളെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ പഠിപ്പിച്ചിരുന്നു. ഓമനത്തമുള്ള പ്രാവുകളെ കൊല്ലുന്നത് പിന്നീട് ഒരു സങ്കോചവുമില്ലാതെ മനുഷ്യരെ കൊല്ലുന്നതിലേക്കുള്ള ആദ്യപടിയായിരുന്നു'.

വിദ്വേഷത്തിന്റെയും ഹിംസയുടെയും പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയും പ്രയോഗവല്‍ക്കരിക്കുകയും സ്വതന്ത്രചിന്തയെ കൂച്ചുവിലങ്ങിടുകയും ചെയ്യുന്ന ആ ഫാഷിസ്റ് സംഘടനയില്‍ നിന്ന് ഏറെ വൈകാതെ ഡി.ആര്‍.ഗോയല്‍ പുറത്തു വന്നു. 1978ല്‍ അദ്ദേഹം 'രാഷ്ട്രീയ സ്വയം സേവക സംഘം' എന്ന ശീര്‍ഷകത്തില്‍ ആര്‍.എസ്.എസ്. ന്റെ ചരിത്രവും രണോല്‍സുക രാഷ്ട്രീയവും വിമര്‍ശനാത്മകായി വിലയിരുത്തുന്ന ഗ്രന്ഥമെഴുതി. ഈ ഗ്രന്ഥം ആര്‍.എസ്.എസ്സിന്റെ ദ്വേഷനിര്‍ഭര പ്രത്യയശാസ്ത്രം അനാവരണം ചെയ്യുന്ന ആധികാരിക ഗ്രന്ഥങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ഒന്നത്രേ. ഈ അഭിമുഖത്തില്‍ കറാച്ചിയില്‍ വസിച്ചിരുന്ന എല്‍ കെ അദ്വാനി എങ്ങനെയാണ് ഇന്ത്യയിലെത്തിയതെന്നും ഗോയല്‍ അനാച്ഛാദനം ചെയ്യുന്നുണ്ട്. മുഹമ്മദ് അലി ജിന്നയെ വധിക്കാനായി ബോംബുകള്‍ നിര്‍മ്മിച്ചിരുന്നത് കറാച്ചിയിലെ അദ്വാനിയുടെ വീട്ടിലായിരുന്നു. ഇത് കണ്ടുപിടിക്കപ്പെടുകയും അദ്വാനിയുടെ കൂട്ടാളികളില്‍ പലരും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. അദ്വാനി പോലീസിന്റെ കണ്ണു വെട്ടിച്ച് കറാച്ചയില്‍ നിന്ന് ഒരു ബോട്ടില്‍ ഗുജറാത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു.

സമാധാനത്തിന്റെയും നിഷ്കളങ്കതയുടെയും പ്രതീകമായ മാടപ്രാവുകളെ ഞെരിച്ചു കൊല്ലുന്ന ഈ ആര്‍എസ്എസ് 'പ്രാക്ടിക്കല്‍ ക്ളാസു'കളെപ്പറ്റി പ്രതിപാദിച്ചത് എന്‍ഡിഎഫുകാര്‍ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ നടത്തി വരുന്ന മറ്റൊരു 'പ്രാക്ടിക്കല്‍ സെഷനെ'ക്കുറിച്ച് പല സന്ദര്‍ഭങ്ങളില്‍ വായിച്ചതു കൊണ്ടാണ്. അച്ചടി മാധ്യമങ്ങളില്‍ മാത്രമല്ല മലയാള സിനിമയില്‍ വരെ, ഇരുട്ടിന്റെ മറവില്‍ എന്‍ഡിഎഫ് സായുധ സംഘം നടത്തുന്ന നായ്ക്കളുടെ ശിരച്ഛേദന വാര്‍ത്തകള്‍ വന്നു കഴിഞ്ഞിരിക്കുന്നു. ഓടുന്ന ബൈക്കുകളില്‍ 'താളാത്മകമായി' ബാലന്‍സ് ചെയ്താണ് എന്‍.ഡി.എഫുകാര്‍ ശ്വാനകൂട്ടങ്ങളുടെ ഗളഹത്യ നടത്തുന്നത്. മനുഷ്യരെ കൊല്ലാനും കൈവെട്ടാനുമുള്ള കൈയ്യുറപ്പും കരളുറപ്പും ഉണ്ടാക്കാനാണ് വാള്‍ത്തലകള്‍ നായ്ക്കളില്‍ പ്രയോഗിക്കാന്‍ ആദ്യം പരിശീലിപ്പിക്കപ്പെടുന്നത്. അമ്മയെയും സഹോദരിയെയും ബന്ധനസ്ഥരാക്കി, അവരുടെ കണ്‍മുമ്പില്‍ വെച്ച് അധ്യാപകനെ നടുറോട്ടില്‍ കിടത്തി കൈപ്പത്തി വെട്ടി മാറ്റാന്‍ ശ്വാന ഹിംസയിലൂടെ ആര്‍ജ്ജിച്ചെടുക്കുന്ന ഭീതിയില്ലായ്മയും ആയുധപ്രയോഗപടുത്വവും മാത്രം പോര, മനസ്സിനെ അത്രമേല്‍ കിരാതമായി പാകപ്പെടുത്തിയെടുക്കുന്ന ഒരു അക്രാമകപ്രത്യയശാസ്ത്രവും അകമ്പടി വേണം. ഇത് മനസ്സിലാക്കണമെങ്കില്‍ എന്‍ഡിഎഫ് പിന്നിട്ട വഴികളും അതിനെ ചലനോന്മുഖമാക്കുന്ന യുദ്ധോല്‍സുക പ്രത്യയശാസ്ത്രവും അറിഞ്ഞിരിക്കേണ്ടത് അനുപേക്ഷണീയമാണ്.

1993ലാണ് നാഷനല്‍ ഡെവലപമെന്റ് ഫ്രണ്ട് എന്ന് പുറത്തും നാഷനല്‍ ഡിഫന്‍സ് ഫോഴ്സ് എന്ന് അകത്തും അറിയപ്പെടുന്ന എന്‍ഡിഎഫ് രൂപവത്കരിക്കപ്പെടുന്നത്. 1980കളില്‍ 'സിമി'യില്‍ സജീവമായിരുന്ന പലരും തുടക്കം മുതല്‍ തന്നെ എന്‍ഡിഎഫിന്റെ നേതൃനിരയിലും, ഇപ്പോഴും അതിന്റെ സുപ്രീം കൌണ്‍സിലിലും വിശേഷ ചുമതലകള്‍ വഹിക്കുന്നു. എണ്‍പതുകളുടെ ആദ്യപാദത്തിലായിരുന്നു 'ഇന്ത്യയുടെ മോചനം ഇസ്ളാമിലൂടെ' എന്ന മുദ്രാവാക്യമുയര്‍ത്തി, മതവിദ്വേഷം പ്രഘോഷണം ചെയ്ത് 'സിമി' കേരളത്തിന്റെ ചുമരുകളില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചത്. എഴുപതുകളുടെ അവസാനത്തില്‍ അലീഗഡില്‍ രൂപം കൊണ്ട 'സിമി' ജമാഅത്തെ ഇസ്ളാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായിരുന്നു. 1978-79 കാലത്തെ ഇറാനിയന്‍ വിപ്ളവമാണ് ഇന്ത്യയിലും ഇസ്ളാമിക വിപ്ളവത്തിന് സമയമായി എന്ന് ചുമരുകളില്‍ മുറവിളി കൂട്ടാന്‍ സിമി സംഘത്തിന് പ്രചോദനമേകിയത്. ഇതിന് മറപടിയെന്നോണം ആര്‍എസ്എസുകാര്‍ 'ഇസ്ളാമിന്റെ അന്ത്യം ഇന്ത്യയില്‍ തന്നെ' എന്ന പ്രതിവര്‍ഗീയ ചുവരെഴുത്തുമായി രംഗത്തു വന്നു. ഈ രീതിയില്‍ മതസ്പര്‍ധ തീവ്രയത്നപരിപാടിയാക്കിയ സിമിക്കൂട്ടം തന്നെയാണ് 'കൈമ'യും (കോഴിക്കോട് യങ്മെന്‍ അസോസിയേഷന്‍) 'വൈമ'യും (വയനാട് യങ്മെന്‍ അസോസിയേഷന്‍) 'പൈമ'യും (പാലക്കാട് യങ്ങ്മെന്‍ അസോസിയേഷന്‍) ഉണ്ടാക്കി രംഗത്തു വന്നത്. 1993ല്‍ ഇവര്‍ തന്നെയാണ് എന്‍ഡിഎഫ് സ്ഥാപിച്ചത്. 2006ല്‍ ബംഗലൂരുവില്‍ സംഘടിപ്പിച്ച 'എംപവര്‍ ഇന്ത്യ' കോണ്‍ഫറന്‍സില്‍ എന്‍ഡിഎഫ് സൌത്ത് ഇന്ത്യ കൌണ്‍സില്‍ രൂപീകരിച്ചു. എന്‍ഡിഎഫിനെ കൂടാതെ അതിന്റെ തമിഴ്നാട് പതിപ്പായ മനിത നീതിപാസറെയും കര്‍ണ്ണാടക പതിപ്പായ ഫോറം ഫോര്‍ ഡിഗ്നിറ്റിയും ഈ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. 2008ലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപിക്കുന്നത്. അതില്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് (ആന്ധ്രപ്രദേശ്), സിറ്റിസണ്‍സ് ഫോറം (ഗോവ), സോഷ്യല്‍ ആന്‍ഡ് എജ്യുക്കേഷണല്‍ ഫോറം (രാജസ്ഥാന്‍), നാഗരിക് അധികാര്‍ സുരക്ഷാ സമിതി (പശ്ചിമ ബംഗാള്‍), ലിലോങ്ങ് സോഷ്യല്‍ ഫോറം (മണിപ്പൂര്‍) എന്നിവയും ഭാഗഭാക്കായി. 2008ല്‍ തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ പാര്‍ട്ടി, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) രൂപീകരിക്കുന്നത്.

എന്‍ഡിഎഫിന്റെ രണരഥ്യകള്‍ സൂക്ഷ്മമായി പരിശോധിക്കുന്ന ആര്‍ക്കും കണ്ടെത്താന്‍ കഴിയുന്ന കാര്യം കാലോചിതമായി പുനഃസംഘടിപ്പിക്കപ്പെട്ട പഴയ സിമി തന്നെയാണ് ഈ പുതിയ സായുധ സംഘടനാ അവതാരം എന്നതത്രേ. സിമി മുന്നോട്ടു വെച്ച വെറുപ്പിന്റെയും മതദ്വേഷത്തിന്റെയും ഹിംസയുടെയും പ്രത്യയശാസ്ത്രം തന്നെയാണ് കൂടുതല്‍ രൌദ്രമായി ഇപ്പോള്‍ എന്‍ഡിഎഫ് പ്രേഷണം ചെയ്യുന്നത്. അപ്പോള്‍ സിമിയുടെ തുടക്കം എവിടെയായിരുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായിരുന്നു ആദ്യ കാലത്ത് അത് എന്ന് പറഞ്ഞല്ലോ. കാശ്മീരൊഴികെയുള്ള ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ഒരു സൌമ്യ മുഖംമൂടി അണിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിക്ക് പരസ്യമായി തീവ്രവാദ വിഷം ചീറ്റുന്ന, മാതൃസംഘടനയെപ്പോലെ തന്ത്രപരമായി അഭിനയിക്കാന്‍ വിരുത് കാണിക്കാത്ത സിമിയെ വേണ്ടപോലെ വരുതിയില്‍ നിര്‍ത്താന്‍ സാധിച്ചില്ല. അങ്ങനെയാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിക്ക് എസ്ഐഒ (സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍) എന്ന മറ്റൊരു വിദ്യാര്‍ത്ഥി സംഘടന രൂപവത്കരിക്കേണ്ടി വന്നത്. ഏറ്റവും കൌതുകകരമായ വസ്തുത, ഇന്ത്യയില്‍ രണ്ട് ജമാഅത്തെ ഇസ്ളാമികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതത്രെ. ജമാഅത്തെ ഇസ്ളാമി ഹിന്ദ് എന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിയും കാശ്മീര്‍ ജമാഅത്തെ ഇസ്ളാമിയും. കാശ്മീരില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി ഇല്ല. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി അംഗീകരിക്കാത്തതുകൊണ്ടാണിത്. കാശ്മീര്‍ ജമാഅത്തെ ഇസ്ളാമിയാകട്ടെ ജമാഅത്തിന്റെ ദ്വേഷനിര്‍ഭര പ്രത്യയശാസ്ത്രം യഥാതഥം പ്രതിഫലിപ്പിക്കുന്ന ഒരു രൌദ്രമുഖമാണ് പ്രദര്‍ശിപ്പിച്ചു പോരുന്നത്. ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദ സംഘടന കാശ്മീര്‍ ജമാഅത്തെ ഇസ്ളാമിയുടെ സായുധ സംഘമത്രെ. കാശ്മീരില്‍ ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ എന്തു ചെയ്യുന്നുവോ അതുതന്നെയാണ് മുന്‍പ് പാത്തും പതുങ്ങിയും സിമിയും ഇപ്പോള്‍ പട്ടാപ്പകള്‍ എന്‍ഡിഎഫും കേരളത്തില്‍ ചെയ്തു കൊണ്ടിരിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സിമിയെയും എന്‍ഡിഎഫിനെയും നയിക്കുന്ന രണോത്സുക പ്രത്യയ ശാസ്ത്രം ജമാഅത്തെ ഇസ്ളാമി പ്രഘോഷണം ചെയ്യുന്ന രാഷ്ട്രീയ ഇസ്ളാം തന്നെയാണ്. ഇക്കൂട്ടരുടെ വിചാരധാര ഇന്ധനം സംഭരിക്കുന്നത് ജമാഅത്ത് ആചാര്യനായ മൌലാനമൌദൂദിയുടെയും (1903-1979) ഈജിപ്തിലെ മുസ്ളിം ബ്രദര്‍ഹുഡ് നേതാവായിരുന്ന സയ്യിദ് ഖുത്തുബിന്റെയും (1906-1966) വിധ്വംസക ഗ്രന്ഥങ്ങളില്‍ നിന്നാണ്.

എന്താണ് മൌദൂദി-ഖുത്തുബ് ദ്വയത്തിന്റെ വിചാരധാര? അവരുടെ ഗ്രന്ഥങ്ങള്‍ പേര്‍ത്തും പേര്‍ത്തും മുന്നോട്ടു വെക്കുന്ന വാദമുഖങ്ങളെന്താണ്? ഈ വിധ്വംസക വിചാരധാര എന്താണെന്ന് മനസ്സിലാക്കിയാല്‍ എന്തുകൊണ്ട് യുവാക്കളെ റിക്രൂട്ട് ചെയ്ത് ഇന്ത്യന്‍ സൈന്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ കാശ്മീരിലേക്ക് പറഞ്ഞു വിടുന്നു എന്നും എന്തിന് അധ്യാപകന്റെ ഹസ്തച്ഛേദം നടത്തുന്നു എന്നും 'ഫാഷിസ്റ്റ് വിരുദ്ധത'യുടെ മൊത്തക്കച്ചവടം ഏറ്റെടുത്തതായി ഭാവിക്കുന്ന ഇവര്‍ ഫാഷിസത്തെ ആപാദചൂഢം എതിര്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാരെ എന്തിന് വകവരുത്തുന്നു എന്നും അനായാസം നിര്‍ധാരണംചെയ്യാന്‍ സാധിക്കും.

ഇന്ത്യയുള്‍പ്പെടെയുള്ള എല്ലാ ആധുനിക രാഷ്ട്ര വ്യവസ്ഥകളുടെയും ആരൂഢങ്ങളായി വര്‍ത്തിക്കുന്ന ജനാധിപത്യം, മതനിരപേക്ഷത, ദേശീയത്വം എന്നീ ആശയങ്ങളെ മൌദൂദിയും ഖുത്തുബും നിരങ്കുശം എതിര്‍ത്തു പോന്നു. ജനാധിപത്യത്തെ അവര്‍ എതിര്‍ത്തത് അത് പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്തമാക്കുന്നു എന്നതുകൊണ്ടാണ്. പരമാധികാരം ദൈവത്തിനുള്ളതാണ്. ദൈവിക പരമാധികാരമാണ് ഭൂമുഖത്ത് സ്ഥാപിക്കപ്പെടേണ്ടത്. ഒരു മുസ്ളീമിന്റെ കടമ, മതം അനുശാസിക്കുന്ന തരത്തില്‍ ജീവിതം ചിട്ടപ്പെടുത്തുകയാണെന്നും മതവിശ്വാസസ്വാതന്ത്ര്യമുള്ള ലോകത്തെ ഏതു കോണിലും മുസ്ളിമായി ജീവിക്കുവാന്‍ കഴിയുമെന്നും ബഹുഭൂരിഭാഗം മുസ്ളീംങ്ങളും കരുതുമ്പോള്‍ യുക്തിസഹവും സഹിഷ്ണുതാ പൂര്‍ണ്ണവുമായ ഈ വാദമുഖത്തെ മൌലാന മൌദൂദിയും സയ്യിദ് ഖുത്തുബും അലി ശരിയത്തിയും പോലുള്ള മതരാഷ്ട്രവാദികള്‍ അഗണ്യകോടിയില്‍ തള്ളുന്നു. മുസ്ളീമിന്റെ പ്രഥമവും പരമപ്രധാനവുമായ കടമ അവരെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ പരമാധികാരം വാഴുന്ന ഇസ്ളാമിക രാഷ്ട്രം സ്ഥാപിക്കുക എന്നതാണ്. ഇതിനെ മൌദൂദി തരാതരം പോലെ ഹുകൂമത്തെ ഇലാഹി (അള്ളാഹുവിന്റെ ഭരണം) എന്നും ഇഖാമത്തുദ്ദീന്‍ (മത സ്ഥാപനം) എന്നും വിളിച്ചു പോന്നു. രണ്ടും ഒന്നു തന്നെ. ഈ ദൈവിക പരമാധികാര വ്യവസ്ഥയുടെ ഭൂമിയിലെ കൈകാര്യകര്‍ത്താക്കള്‍ ആരായിരിക്കും? ജമാഅത്ത് മൌലാനമാര്‍ തന്നെ. ദൈവത്തിന്റെ പേരില്‍ നടത്തുന്ന ഒരു മുല്ലാ ഭരണമാണ് മൌദൂദിയും ഖുത്തുബും വിഭാവനം ചെയ്തത്. ഈ മുല്ലാ രാഷ്ട്ര വ്യവസ്ഥയില്‍ മുസ്ളീങ്ങള്‍ അല്ലാത്തവര്‍ 'ദിമ്മി'കള്‍ (രണ്ടാംകിട പൌരന്മാര്‍) ആയിരിക്കുമെന്നും മൌദൂദി അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞുവെച്ചിട്ടുണ്ട്. ഇതേ പോലെ ആര്‍എസ്എസ് സൈദ്ധാന്തികനായ എം എസ് ഗോള്‍വാള്‍ക്കര്‍ 'വി ഓര്‍ ഔര്‍ നേഷന്‍ഹുഡ് ഡിഫൈന്‍ഡ്'എന്ന പുസ്തകത്തില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോടുള്ള ഭൂരിപക്ഷ സമുദായത്തിന്റെ സമീപനം ഹിറ്റ്ലര്‍ക്ക് ജൂതന്‍മാരോടുണ്ടായിരുന്ന സമീപനം പോലെയായിരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ദൈവിക പരമാധികാരം ഭൂമുഖത്ത് സ്ഥാപിക്കാന്‍ ആഹ്വാനം ചെയ്യുന്ന മൌദൂദിയും ഖുത്തുബും മനുഷ്യരുടെ സ്വയം ഭരണാവകാശത്തെ ഭര്‍ത്സിക്കുന്നു.

എങ്ങനെയാണ് ഈ ദൈവിക പരമാധികാരം ഭൂമിയില്‍ കൊണ്ടുവരിക? അതിന് മൌദൂദി ആഹ്വാനം ചെയ്തത് ആഗോള ജിഹാദ് ആണ്. ജിഹാദ് ആണ് ഇസ്ളാമിന്റെ കേന്ദ്ര പ്രമേയം എന്ന് ആദ്യമായി വാദിച്ച മുസ്ളീം ചിന്തകനാണ് മൌദൂദി. ഖുര്‍ആനില്‍ വിരലിലെണ്ണാവുന്ന സന്ദര്‍ഭങ്ങളില്‍ മാത്രം പരാമര്‍ശിക്കപ്പെടുന്ന ജിഹാദിനെ മൌദൂദി കേന്ദ്രസ്ഥാനത്തേക്ക് കൊണ്ടു വന്നു. ഏറ്റവും വലിയ ജിഹാദ് (greater jihad) ആത്മത്തിനെതിരെയുള്ള സമരമാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ടെങ്കിലും മൌദൂദിക്ക് അത് ആധുനിക ജാഹിലിയത്തിനെതിരെയുള്ള (അറിവില്ലായ്മയുടെ വ്യവസ്ഥ) യുദ്ധമാണ്. മതേതര ജനാധിപത്യവും മതേതര മാനവികതയുമാണ് മൌദൂദിക്ക് ആധുനിക ജാഹിലിയത്ത്. ഈ ആധുനിക ജാഹിലിയത്ത് മുഹമ്മദ് നബിയുടെ കാലത്തുണ്ടായിരുന്ന ജാഹിലിയത്തിനെക്കാള്‍ (ഇസ്ളാമിക പൂര്‍വ്വ വ്യവസ്ഥ) മാരകവും അസ്പൃശ്യവുമാണ്. ആഗോള ജിഹാദ് പലരൂപങ്ങളില്‍ നടത്താം. പ്രബന്ധങ്ങളും പ്രഭാഷണങ്ങളും പ്രബോധനങ്ങളും ഒരു വഴിക്ക് നടത്താം. എന്നാല്‍ ആത്യന്തികമായി നടത്തേണ്ടത് സായുധ യുദ്ധം തന്നെയാണെന്ന് മൌദൂദി എഴുതി. ഇക്കാര്യത്തില്‍ സയ്യിദ് ഖുത്തുബ് കൂടുതല്‍ അക്രാമകമായി മൌദൂദിയ പരിരംഭണം ചെയ്തു. അദ്ദേഹത്തിന്റെ 'വഴിയടയാളങ്ങള്‍'എന്ന പുസ്തകത്തില്‍ ദൈവത്തിനു പകരം മനുഷ്യനെ കേന്ദ്ര സ്ഥാനത്തു പ്രതിഷ്ഠിക്കുന്ന എല്ലാ ആധുനിക രാഷ്ട്രക്രമങ്ങളും ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന് നമുക്ക് വായിക്കാം. ദൈവത്തിന്റെ അസ്തിത്വവും പരമാധികാരവും നിഷേധിക്കുന്ന ആശയ സ്വരൂപങ്ങളെല്ലാം ഖുത്തുബിനെ സംബന്ധിച്ചിടത്തോളം ജാഹിലിയത്താണ്. 'രാഷ്ട്രത്തെ പരമോന്നത മൂല്യമായി കാണുന്ന ദേശീയത്വവും നിരീശ്വരവാദപരമായ കമ്മ്യൂണിസവും ജനങ്ങള്‍ക്ക് പരമാധികാരമുള്ളതും ദൈവിക പരമാധികാരമില്ലാത്തതുമായ ജനാധിപത്യവും' ജാഹിലിയത്തിന്റെ ശിലാസ്തംഭങ്ങളാണെന്ന് ഖുത്തുബ് എഴുതി. ജാഹിലിയത്ത് ഒരു പ്രത്യേക കാലഘട്ടത്തെയല്ല കുറിക്കുന്നത്. അത് ചരിത്രത്തില്‍ ആവര്‍ത്തിച്ചു വരുന്ന പ്രതിഭാസമാണ്. എപ്പോഴൊക്കെ മനുഷ്യ സമൂഹം ഇസ്ളാമിക ജീവിതക്രമത്തില്‍ നിന്ന് വ്യതിചലിക്കുന്നുവോ അപ്പോഴൊക്കെ ജാഹിലിയത്ത് അധീശത്വം നേടുമെന്ന് ഖുത്തുബ് വാദിച്ചു.

ജനാധിപത്യത്തെ 'പൈശാചിക' ഭരണക്രമമായി കാണുന്ന ഇസ്ളാമിസ്റ്റുകള്‍ മതേതരത്വത്തെയും കടന്നാക്രമിക്കുന്നു. മതം വ്യക്തിയുടെ സ്വകാര്യമായ കാര്യമാണെന്നും മതവും രാഷ്ടീയവും രണ്ടാണെന്നുമുള്ള ആരോഗ്യകരമായ കാഴ്ചപ്പാടിനെ മൌദൂദി-ഖുത്തുബ് വിചാരധാര പിന്‍പറ്റുന്നവര്‍ അംഗീകരിക്കുന്നില്ല. മതവും രാഷ്ട്രീയവും അവിച്ഛിന്നമാണെന്നും മതേതരത്വം മതവിരുദ്ധമാണെന്നും എല്ലാ മുസ്ളീങ്ങളും മതരാഷ്ട്രസ്ഥാപനത്തെ ഒരു തീവ്രയജ്ഞമായി കാണണമെന്നും അവര്‍ ആണയിടുന്നു. ഏതൊരു ഇസ്ളാമിസ്റ്റും സംഭാഷണം ആരംഭിക്കുക 'ഇസ്ളാം ഒരു സമഗ്രജീവിത പദ്ധതിയാണ്, എന്ന മുഖവുരയോടെയായിരിക്കും. ഈ 'കെണി'യില്‍ ജമാഅത്തെ ഇസ്ളാമിയുടെ മതരാഷ്ട്ര വാദത്തെ എതിര്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന മറ്റു മുസ്ളീം മത സംഘടനകളും രാഷ്ട്രീയ കക്ഷിയായ മുസ്ളീം ലീഗും അനായാസം വീണുപോകുന്നത് കാണാം. ഇസ്ളാം ഒരു സമഗ്ര ജീവിത പദ്ധതിയാണെങ്കില്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളില്‍ ഒന്നായ രാഷ്ട്രീയവും ഇസ്ളാമിന്റെ അവിഭാജ്യ ഭാഗമായിരിക്കേണ്ടതല്ലേ എന്നും അങ്ങനെയെങ്കില്‍ മുസ്ളീങ്ങള്‍ ഇസ്ളാമിക രാഷ്ടവ്യവസ്ഥയ്ക്ക് വേണ്ടിയല്ലേ പ്രയത്നിക്കേണ്ടതെന്നും രാഷ്ട്രീയ ഇസ്ളാമിന്റെ വക്താക്കള്‍ തുടര്‍ന്ന് ചോദിക്കും. ഈ ചോദ്യത്തിന് അഴകൊഴമ്പന്‍ മറുപടികളാണ് ജമാഅത്തേതര മുസ്ളീം മത സംഘടനകള്‍ നല്‍കുക. ഇന്ത്യ ഒരു ബഹുമതസമൂഹമായതു കൊണ്ട് ഇസ്ളാമിക രാഷ്ട്ര സംസ്ഥാപനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയല്ല എന്നും ഇന്ത്യയില്‍ അഭികാമ്യം ജനാധിപത്യം തന്നെയാണെന്നും ആയിരിക്കും ആ ഉത്തരം. ഇസ്ളാം ഏകമതമായ രാഷ്ടങ്ങളില്‍ ഏത് ഭരണക്രമമാണ് സ്ഥാപിക്കേണ്ടത് എന്ന് ചോദിച്ചാല്‍ ജനാധിപത്യം തന്നെ എന്ന് അസന്ദിഗ്ധമായി പ്രതിവചിക്കാന്‍ ഒരു മുസ്ളീം സംഘടനയും ചങ്കൂറ്റം കാണിക്കാറില്ല. ഈ ചോദ്യ ബിന്ദുവിലാണ് മറ്റു മുസ്ളീം മതസംഘടനകളെ ജമാഅത്തെ ഇസ്ളാമി ആശയപരമായി മലര്‍ത്തിയടിക്കുന്നത്. മധ്യകാല കാര്‍ഷിക സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി ആവിഷ്ക്കരിക്കപ്പെട്ട ശരീഅത്ത് നിയമങ്ങള്‍ ആധുനിക സാമൂഹിക-രാഷ്ട്രീയ സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കുന്നത് ഒരു നവ മിഡീവല്‍ സ്റേറ്റിന്റെ ആവിര്‍ഭാവത്തിനേ കളമൊരുക്കൂ എന്നും അത്തരം ഭരണക്രമങ്ങളില്‍ ആദ്യം തുടച്ചു മാറ്റപ്പെടുന്നത് ജനാധിപത്യവും മതനിരപേക്ഷതയുമായിരിക്കുമെന്നും അതുകൊണ്ടു തന്നെ ജമാഅത്തിന്റെ മതരാഷ്ട്രവാദം ആധുനിക മതേതര സമൂഹത്തിന് സ്വീകാര്യമല്ലെന്നുമാണ് യഥാര്‍ത്ഥത്തില്‍ ഉത്തരം പറയേണ്ടത്.

മാര്‍ക്സിസത്തെയും മാര്‍കിസ്റ്റുകാരെയും ഇസ്ളാമിസ്റുകള്‍ രൂക്ഷമായ വൈരനിര്യാതന ബുദ്ധിയോടെയാണ് വീക്ഷിച്ചു പോന്നിട്ടുള്ളത്. 'ഒരു ജര്‍മ്മന്‍ യഹൂദിയുടെ പ്രതികാര ബുദ്ധിയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ടതും റഷ്യയില്‍ തഴച്ചു വളര്‍ന്നതുമായ വിഷച്ചെടിയാണ് കമ്മ്യൂണിസം' എന്നാണ് മൌദൂദിയുടെ ഒരു ഉദീരണം. വംശീയതയുടെയും വര്‍ഗ്ഗീയതയുടെയും വിഷബീജങ്ങല്‍ നുരയുന്ന ഈ പ്രസ്താവനത്തിന്റെ അന്തസ്സത്ത അടിമുടി സ്വാംശീകരിച്ചവരാണ് കേരളത്തലെ ജമാഅത്തെ ഇസ്ളാമിയും പ്രത്യയശാസ്ത്രപരമായി അതിന്റെ അക്രാമക അനുബന്ധങ്ങളായ നിരോധിത സിമിയും എന്‍ഡിഎഫും. സാമ്രാജ്യത്വത്തിന്നെതിരെ സമരം ചെയ്യാന്‍ മാര്‍കിസ്റുകാരോടൊപ്പം അണിനിരക്കാന്‍ ഇസ്ളാമിസ്റ്റുകള്‍ തയ്യാറാണെന്നും എന്നാല്‍ സാമ്രാജ്യത്വ വിരുദ്ധ സമരത്തില്‍ ജമാഅത്തിനെയും തദൃശ സംഘടനകളെയും കണ്ണി ചേര്‍ക്കുന്നതിനു പകരം സിപിഎം തങ്ങളെ ആക്രമിക്കുകയാണെന്നുമാണ് ജമാഅത്തുകാര്‍ ഇപ്പോള്‍ വിലപിക്കുന്നത്. സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്ര അജണ്ടക്കെതിരെ സമരം നടത്താന്‍ ഇസ്ളാമിക രാഷ്ട്ര അജണ്ട മുന്നോട്ടു വെക്കുന്ന ജമാഅത്തെ ഇസ്ളാമിയുടെ സഹകരണം തേടുന്നത് എത്രമേല്‍ പരിഹാസ്യവും വിപരീത ബുദ്ധിയുമാണോ അത്രമേല്‍ ബാലിശവും അപഹാസ്യവുമാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിനു പകരം (ഇസ്ളാമിസ്റ്റുകള്‍ക്ക് ക്രൈസ്തവ സാമ്രാജ്യത്വം) ഒരു ഇസ്ളാമിസ്റ്റ് സാമ്രാജ്യത്വം സ്വപ്നം കാണുന്ന ജമാഅത്തിനെ സാമ്രാജ്യത്വവിരുദ്ധ മുന്നണിയില്‍ അണി ചേര്‍ക്കുന്നത്. ഫാഷിസമാകട്ടെ സാമ്രാജ്യത്വമാകട്ടെ, അവയ്ക്കെതിരെയുള്ള ഐക്യമുന്നണിയുടെ പ്രതലം ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സിമന്റ് കൊണ്ട് വാര്‍ത്തതായേ തീരൂ. ആന്തരിക വൈരുദ്ധ്യങ്ങളാല്‍ നിര്‍ഭരമായ ഒരു ഏച്ചുകൂട്ടുമുന്നണി ഫാഷിസത്തെയും സാമ്രാജ്യത്വത്തെയും പരിക്ഷീണമാക്കുകയല്ല സുദൃഢമാക്കുകയാണ് ചെയ്യുക.

മൌദൂദി-ഖുത്തുബ് വിചാരധാരയുടെ യുദ്ധോത്സുക കേരളീയ പ്രതിനിധാനമാണ് എന്‍ഡിഎഫ് എന്നു പറയുമ്പോള്‍ ഒരു ചോദ്യം ഉയരുക സ്വാഭാവികമാണ്. മൌദൂദി-ഖുത്തുബ് ചിന്താസരണികളെ ആമൂലാഗ്രം സ്വാംശീകരിച്ച ജമാഅത്തെ ഇസ്ളാമി കേരളത്തിലുള്ളപ്പോള്‍ എന്തിനാണ് മറ്റു സംഘടനകള്‍? എന്‍ഡി.എഫുകാര്‍ക്ക് രാഷ്ട്രീയ ഇസ്ളാമിനെ ഉദ്ഘോഷിക്കുന്ന, ഇന്ത്യയില്‍ ഇസ്ളാമിക രാഷ്ട്രം സ്ഥാപിക്കണമെന്ന കാര്യത്തില്‍ ശങ്കയേതുമില്ലാത്ത ജമാഅത്തെ ഇസ്ളാമില്‍ തന്നെ ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പോരെ? ഇതിനുള്ള ഉത്തരം തേടുമ്പോള്‍ രണ്ടു കാര്യങ്ങള്‍ പ്രസക്തമാണ്. ഒന്നാമതായി കേരളമുള്‍പ്പടെയുള്ള ചില സ്ഥലങ്ങളില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഒരു 'സൌമ്യ മുഖമാ'ണ്, ആലോചിച്ചുറപ്പിച്ച ഒരു സൃഗാല തന്ത്രത്തിന്റെ ഭാഗമായി ജമാഅത്തെ ഇസ്ളാമി പ്രദര്‍ശിപ്പിച്ചു പോരുന്നത്.

ദളിത്-പരിതസ്ഥിതി-ആദിവാസി-മനുഷ്യാവകാശ പ്രശ്നങ്ങളുടെ ചായക്കൂട്ടുകള്‍ തേച്ച് മുഖം മിനുക്കി നടക്കുന്ന ജമാഅത്തെ ഇസ്ളാമിയുടെ അഭിനയത്തെ തീവ്രവാദ നിലപാടുകള്‍ മറയേതുമില്ലാതെ ഉയര്‍ത്തിപ്പിടിക്കണമെന്ന് ശഠിക്കുന്ന എന്‍ഡിഎഫുകാര്‍ അംഗീകരിക്കുന്നില്ല. കാശാമീര്‍ ജമാഅത്തെ ഇസ്ളാമിയെ പോലെ യുദ്ധോല്‍സുകമായി കേരളത്തിലും ജമാഅത്തെ ഇസ്ളാമി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ എന്‍ഡിഎഫ് എന്ന മറ്റൊരു സംഘടന രൂപീകരിക്കുന്നതിന് മുന്‍പ് അതിന്റെ അമരക്കാര്‍ പലപാട് ആലോചിക്കുമായിരുന്നു. രണ്ടാമതായി, കാല്‍ നൂറ്റാണ്ടിലേറെയായി കേരളത്തിലേക്ക് വരുന്ന ഗള്‍ഫ് പണവും അത് സൃഷ്ടിച്ച സവിശേഷ സാമ്പത്തിക ബലതന്ത്രവും കേരളത്തിലെ മുസ്ളീം മത സംഘടനകളില്‍ ഒരേ സമയം വിഭാഗീയതയും വളര്‍ച്ചയുമുണ്ടാക്കിയിട്ടുണ്ട്. സുന്നികളും മുജാഹിദുകളും രണ്ടു വിഭാഗങ്ങളായി ചേരി തിരിഞ്ഞത് പറഞ്ഞുതീര്‍ക്കാന്‍ പറ്റാത്ത ആശയവൈജാത്യങ്ങളുടെ പേരിലല്ല, പ്രത്യുത ഗള്‍ഫിലെ വിവിധ സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന പണത്തിന്റെയും അതു വഴിയുണ്ടാക്കിയ സ്ഥാപനങ്ങളുടെയും നിയന്ത്രണാധികാരത്തെ ചൊല്ലിയാണ്. ഖുത്തുബ്-മൌദൂദിയന്‍ ഭീകരവാദ ശൃംഖലകളും അവരോട് അനുഭാവം പുലര്‍ത്തുന റാഡിക്കല്‍ ഇസ്ളാമിസ്റുകളും തങ്ങളുടെ സ്വാധീന വലയം വിപുലപ്പെടുത്തിക്കൊണ്ടിരിക്കുന്ന മാറിയ ആഗോള രാഷ്ട്രീയ പരിതോവസ്ഥയില്‍ തീവ്രവാദത്തിന്റെ രൌദ്ര മുഖം വിളംബരം ചെയ്യുന്ന സംഘടനകള്‍ക്ക് ഗള്‍ഫില്‍ നിന്നു മാത്രമല്ല ബ്രിട്ടനും, മലേഷ്യയും ഉള്‍പ്പെടെയുള്ള മറ്റു പല ദിക്കില്‍ നിന്നും ഭീമമായ വിദേശ ഫണ്ട് അനായാസം ലഭിക്കുമെന്ന് എന്‍ഡിഎഫിന്റെ അമരത്തുള്ളവര്‍ മനസ്സിലാക്കി. മാത്രമല്ല ബാബരി മസ്ജിദ് ധ്വംസനവും ഗുജറാത്ത് നരമേധവും, അമേരിക്കയുടെ അഫ്ഗാനിസ്ഥാന്‍ - ഇറാക്ക് അധിനിവേശവും അഭംഗുരം ചൂണ്ടിക്കാട്ടി താരതമ്യേന അരക്ഷിത മാനസികാവസ്ഥയോ ഇരബോധചിന്തയോ ഇല്ലാത്ത കേരളീയ മുസ്ളീങ്ങളെ മസ്തിഷ്ക പ്രക്ഷാളനം നടത്തുവാനും തദ്വാരാ സംഘടനയിലേക്ക് ആളെ കൂട്ടുവാനും കഴിയുമെന്ന് എന്‍ഡിഎഫ് നേതൃത്വം ബുദ്ധിപൂര്‍വ്വം ചിന്തിച്ചു.

വാസ്തവത്തില്‍ 'പ്രവാചക നിന്ദ'യില്‍ മനംനൊന്തൊന്നുമല്ല എന്‍ഡിഎഫുകാര്‍ അധ്യാപകന്റെ കൈവെട്ടിയ കാട്ടാളകൃത്യത്തിനു മുതിര്‍ന്നത്. കേരളത്തിലും ഇന്ത്യക്കും പുറത്തുള്ള ഒരു റാഡിക്കല്‍ ഇസ്ളാമിസ്റ്റ് ഓഡിയന്‍സിനു വേണ്ടിയാണ് അവര്‍ ഈ നീചകൃത്യം നടത്തിയത്. ഇങ്ങ് കേരളത്തില്‍, ലോകത്തിന്റെ ഒരു കൊച്ചു മൂലയില്‍, 'ഇസ്ളാമിസത്തിന്റെ ധ്വജവാഹകരായി' തങ്ങള്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഇസ്ളാമിസത്തിന്റെ രാജ്യാന്തര പതിപ്പുകളായ സംഘടനകളെയും അവയ്ക്ക് ധനസഹായം നല്‍കുന്ന കുല്‍സിത ശക്തികളെയും ബോധ്യപ്പെടുത്തുകയും, അതുവഴി കൂടുതല്‍ ധനപ്രവാഹം ഉറപ്പു വരുത്തുകയുമായിരുന്നു ഹസ്തച്ഛേദനത്തിന്റെ ഒരു പ്രധാന ലക്ഷ്യം. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിലോ ജനാധിപത്യ ഭരണക്രമത്തിലോ തരിമ്പും വിശ്വാസമില്ലെന്നും തങ്ങള്‍ക്ക് അഹിതമായി പ്രവര്‍ത്തിക്കുന്നവരെ സമാന്തര ശിക്ഷാ വിധികളിലൂടെ നേരിടുമെന്നുമുള്ള എന്‍ഡിഎഫിന്റെ ധിക്കാര പ്രഖ്യാപനം കൂടിയായിരുന്നു ഈ സംഭവം.

ജമാഅത്തെ ഇസ്ളാമിയും എന്‍ഡിഎഴുമൊക്കെ നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയാറുള്ളത് തങ്ങള്‍ ഹിന്ദുത്വഫാഷിസത്തെ പ്രതിരോധിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നാണ്. ഹിന്ദുത്വ ഫാഷിസമാകുന്ന തീയെ ഇസ്ളാമോ ഫാഷിസമെന്ന തീകൊണ്ടല്ല നേരിടേണ്ടതെന്നും അങ്ങനെ നേരിട്ടാല്‍ തീപടര്‍ന്ന് സമൂഹഗാത്രത്തെ വെണ്ണീറാക്കുമെന്നും സാമാന്യബോധമുള്ളവര്‍ക്കറിയാം. ഫാഷിസത്തെ നേരിടേണ്ടത് ന്യൂനപക്ഷങ്ങളുള്‍പ്പടെയുള്ളവര്‍ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ ഭാഗഭാക്കായി കൊണ്ടാണ്. വിശാലവും സുഭദ്രവും ആന്തരിക വൈരുദ്ധ്യങ്ങള്‍ നാമമാത്രമായതുമായ മതേതര ജനാധിപത്യകൂട്ടായ്മകള്‍ക്കു മാത്രമേ ഫാഷിസത്തിന്റെ വിഷപ്പല്ലുകള്‍ അടര്‍ത്തി മാറ്റാന്‍ കഴിയൂ. ഇന്ത്യയില്‍ ഹിന്ദുത്വ ഫാഷിസത്തെ വ്യാഴവട്ടങ്ങളായി രാഷ്ട്രീയ-സൈദ്ധാന്തിക മണ്ഡലങ്ങളില്‍ മാത്രമല്ല, നിര്‍ബന്ധിതാവസ്ഥയില്‍ കായികമായും നേരിടുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. കണ്ണൂരില്‍ മാത്രം ഇരുനൂറോളം സിപിഎം പ്രവര്‍ത്തകരാണ് ആര്‍എസ്എസ് നരാധമന്മാരുടെ കൊലക്കത്തിക്കിരയായിട്ടുള്ളത്. അതേസമയം എന്‍.ഡി. എഫുകാര്‍ കാലപുരിക്കയച്ച 23 പേരില്‍ കാല്‍ഭാഗവും ഫാഷിസ്റ്റ് വിരുദ്ധത ജീവിത വ്രതമാക്കിയ സിപിഎംന്റെ പ്രവര്‍ത്തകരാണെന്ന വിരോധാഭാസം കാണാതിരുന്നുകൂടാ. ഇത്തരുണത്തില്‍ സീതാറാം യെച്ചൂരി 'ഹിന്ദുരാഷ്ട്രമോ' എന്ന പുസ്തകത്തില്‍ നടത്തിയ നിരീക്ഷണം പ്രസക്തമത്രെ; 'ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ഹിറ്റ്ലര്‍-ഗോള്‍വാള്‍ക്കര്‍-മൌദൂദി അച്ചുതണ്ടിനെ രാഷ്ട്രീയമായി പരാജയപ്പെടുത്തുകയാണ് വേണ്ടത്.'

എ എം ഷിനാസ് ചിന്ത വാരിക 27082010

2 comments:

  1. ഡി ആര്‍ ഗോയല്‍ ഫ്രണ്ട് ലൈന്‍ ദ്വൈവാരികയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ (ഫ്രണ്ട് ലൈന്‍, ജൂലൈ 31- ഓഗസ്റ് 13, 2010) തന്റെ ആര്‍എസഎസ് ഭൂതകാലത്തെ ഇങ്ങനെ ഓര്‍ത്തെടുക്കുന്നു;

    '1942 മുതല്‍ 1947 വരെ ഞാന്‍ ആര്‍എസ്എസില്‍ അംഗമായിരുന്നു. അന്ന് ഞാന്‍ പയ്യനാണ്. എനിക്കാണെങ്കില്‍ രക്തച്ചൊരിച്ചില്‍ ഒട്ടും താല്പര്യമില്ലാത്ത കാര്യവും ഞങ്ങളെ ആര്‍എസ്എസ് ശാഖകളില്‍ മാടപ്രാവുകളെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ പഠിപ്പിച്ചിരുന്നു. ഓമനത്തമുള്ള പ്രാവുകളെ കൊല്ലുന്നത് പിന്നീട് ഒരു സങ്കോചവുമില്ലാതെ മനുഷ്യരെ കൊല്ലുന്നതിലേക്കുള്ള ആദ്യപടിയായിരുന്നു'.

    ReplyDelete
  2. sheer waste of time .. ആവര്‍ത്തന വിരസതയില്‍ മുങ്ങിയ എഴുത്തുകള്‍ വായിച്ചു മടുത്തു. മൌദൂദി പുസ്തകങ്ങളുടെ പിന്നാമ്പുറ വായന പോലും നടത്താതെ ജീര്‍ണിച്ച രാഷ്ട്രീയ നേതാക്കളുടെ ഗിരിപ്രഭാഷണം അപ്പടി പകര്‍ത്തി എന്നതില്‍ കവിഞ്ഞു ഒന്നും തന്നെ ഇല്ല . വിമര്‍ശനത്തിനു വേണ്ടി എങ്കിലും ജിഹാദ് ഒന്ന് വായിക്കുന്നത് നന്നാവും.

    ReplyDelete