പുറംതൊഴില്‍ കരാര്‍ നല്‍കുന്ന കമ്പനികള്‍ക്ക് മേലില്‍ നികുതിയിളവ് നല്‍കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ആവര്‍ത്തിച്ചു. രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കമ്പനികള്‍ക്കു മാത്രമേ നികുതി സൌജന്യം അനുവദിക്കൂ-ഒഹിയോയില്‍ സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഒബാമ പറഞ്ഞു.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പുറംതൊഴില്‍ കരാര്‍ നല്‍കുന്നത് നിരോധിച്ച ഒഹിയോ ഗവര്‍ണര്‍ ടെഡ് സ്ട്രിക്ക്ലാന്‍ഡും ഒബാമയോടൊപ്പം ഉണ്ടായിരുന്നു. സെനറ്റില്‍ ആകെയുള്ള 100 സീറ്റില്‍ 37 എണ്ണത്തിലേക്ക് നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. രാജ്യം ഗുരുതര സാമ്പത്തികപ്രതിസന്ധിയും തൊഴിലില്ലായ്മയും നേരിടുന്ന സാഹചര്യത്തില്‍ ഡെമോക്രാറ്റുകളുടെ വിജയസാധ്യത ഇടിഞ്ഞതായി അഭിപ്രായസര്‍വേകള്‍ വ്യക്തമാക്കുന്നു. ഇതുകാരണം, പുറംതൊഴില്‍ കരാര്‍ വിഷയമാക്കി ജനപ്രീതി നേടാനാണ് ഒബാമ ശ്രമിക്കുന്നത്. ശതകോടീശ്വരന്മാരായ ബിസിനസുകാര്‍ക്കാണ് പുറംതൊഴില്‍ കരാറിന്റെ നേട്ടമെന്നും ഇത് അവസാനിപ്പിക്കുമെന്നും ഒബാമ പറഞ്ഞു. അമേരിക്കയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടത്. ഇതിനായി ശ്രമിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സൌജന്യങ്ങള്‍ അനുവദിക്കും. പഴയ പ്രവണതകള്‍ മാറിയേ തീരൂ. കുറെക്കാലമായി നികുതിയിളവുകള്‍ ലഭിക്കുന്നത് വിദേശങ്ങളില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ക്കാണ്. അടിസ്ഥാന സൌകര്യ മേഖലയില്‍ 5000 കോടി ഡോളര്‍ ചെലവിടും. ഗവേഷണ-വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് 10000 കോടി ഡോളറിന്റെ നികുതിയിളവ് നല്‍കും. പ്രതിവര്‍ഷം രണ്ടരലക്ഷം ഡോളറില്‍ താഴെമാത്രം വരുമാനമുള്ള കുടുംബങ്ങള്‍ക്ക് നികുതിയിളവ് നല്‍കാന്‍ തയ്യാറാണെന്നും പ്രസിഡന്റ് പറഞ്ഞു.
അമേരിക്കയില്‍ ജനപ്രീതി തിരിച്ചുപിടിക്കാന്‍ ഒബാമ നടത്തുന്ന ശ്രമം, പക്ഷേ ഇന്ത്യന്‍ ഐടി മേഖലയ്ക്ക് തിരിച്ചടിയാകും. ഇന്ത്യന്‍ ഐടി വ്യവസായത്തിന്റെ 60 ശതമാനം വരുമാനവും അമേരിക്കയില്‍നിന്നാണ്. ഇത് 2,50,000 കോടി രൂപയോളം വരും. അമേരിക്കയിലെ പുതിയ സംഭവവികാസങ്ങളില്‍ ഇന്ത്യന്‍ ഐടി വ്യവസായികളുടെ സംഘടന നാസ്കോം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഐടി വ്യവസായത്തിന് കനത്ത ആഘാതം സൃഷ്ടിക്കുന്ന അമേരിക്കന്‍നീക്കം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടു. അതേസമയം, അമേരിക്കന്‍ കമ്പനികള്‍ പുറംതൊഴില്‍ കരാര്‍ നല്‍കുന്നതിന് അനുകൂലമാണ്. കാരണം അമേരിക്കയില്‍ നല്‍കേണ്ടിവരുന്നതിനേക്കാള്‍ വളരെ കുറഞ്ഞ പ്രതിഫലത്തില്‍ തൊഴില്‍ ചെയ്യാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വിദഗ്ധതൊഴിലാളികളെ കിട്ടുന്നു. തൊഴില്‍നിയമങ്ങള്‍ ലംഘിച്ച് കഠിനമായി ജോലിചെയ്യിച്ചാണ് ഇന്ത്യന്‍ ഐടി കമ്പനികള്‍ അമേരിക്കന്‍ പങ്കാളികളെ തൃപ്തിപ്പെടുത്തുന്നത്. എന്നാല്‍, ഭാരിച്ച നികുതി നല്‍കേണ്ടിവരുന്നപക്ഷം അമേരിക്കന്‍ കമ്പനികള്‍ പുറംതൊഴില്‍ കരാറില്‍നിന്ന് പിന്തിരിയും. ഈ മാസം അവസാനം വാഷിങ്ടണില്‍ നടക്കുന്ന ഉഭയകക്ഷി വാണിജ്യഫോറം സമ്മേളനത്തില്‍ അമേരിക്കയെ ഇക്കാര്യത്തിലുള്ള നിരാശ അറിയിക്കുമെന്ന് വാണിജ്യമന്ത്രി ആനന്ദ് ശര്‍മ ന്യൂഡല്‍ഹിയില്‍ പറഞ്ഞു.
ദേശാഭിമാനി 10092010
പുറംതൊഴില്‍ കരാര്‍ നല്‍കുന്ന കമ്പനികള്‍ക്ക് മേലില്‍ നികുതിയിളവ് നല്‍കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ആവര്‍ത്തിച്ചു. രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കമ്പനികള്‍ക്കു മാത്രമേ നികുതി സൌജന്യം അനുവദിക്കൂ-ഒഹിയോയില്‍ സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഒബാമ പറഞ്ഞു.
ReplyDeleteസംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പുറംതൊഴില്‍ കരാര്‍ നല്‍കുന്നത് നിരോധിച്ച ഒഹിയോ ഗവര്‍ണര്‍ ടെഡ് സ്ട്രിക്ക്ലാന്‍ഡും ഒബാമയോടൊപ്പം ഉണ്ടായിരുന്നു. സെനറ്റില്‍ ആകെയുള്ള 100 സീറ്റില്‍ 37 എണ്ണത്തിലേക്ക് നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. രാജ്യം ഗുരുതര സാമ്പത്തികപ്രതിസന്ധിയും തൊഴിലില്ലായ്മയും നേരിടുന്ന സാഹചര്യത്തില്‍ ഡെമോക്രാറ്റുകളുടെ വിജയസാധ്യത ഇടിഞ്ഞതായി അഭിപ്രായസര്‍വേകള്‍ വ്യക്തമാക്കുന്നു. ഇതുകാരണം, പുറംതൊഴില്‍ കരാര്‍ വിഷയമാക്കി ജനപ്രീതി നേടാനാണ് ഒബാമ ശ്രമിക്കുന്നത്.