Friday, September 10, 2010

ഇന്ത്യയുടെ പരമാധികാരത്തിനുനേരെയുള്ള വെല്ലുവിളി

നിയമനിര്‍മാണാധികാരം ആര്‍ക്ക്?

ഇന്ത്യ ഏതു നിയമം ഏതു രൂപത്തില്‍ പാസാക്കണമെന്ന് തീരുമാനിക്കാനുള്ള ആത്യന്തികമായ അവകാശം ഇന്ത്യന്‍ പരമാധികാര ജനപ്രതിനിധിസഭയ്ക്കല്ല, മറിച്ച് തങ്ങള്‍ക്കാണെന്ന അമേരിക്കന്‍ നിലപാട് വീണ്ടുമൊരിക്കല്‍കൂടി മറനീക്കി പുറത്തുവന്നിരിക്കുന്നു. പാസായിരിക്കുന്ന ആണവബാധ്യതാബില്‍ ഇന്ത്യ ഭേദഗതിചെയ്യണമെന്നുള്ള അമേരിക്കന്‍ കല്‍പ്പന ഇതാണ് വ്യക്തമാക്കുന്നത്. ആണവബാധ്യതാബില്‍ പാര്‍ലമെന്റ് പാസാക്കി ഒരാഴ്ചയോളം അമേരിക്ക മൌനംപാലിച്ചു. ആ മൌനം ഭഞ്ജിച്ചുകൊണ്ടാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ വക്താവ് ഫിലിപ് ക്രൌളി പത്രസമ്മേളനത്തിലൂടെ ഇന്ത്യക്കുമുമ്പില്‍ പുതിയ നിര്‍ദേശം മുന്നോട്ടുവച്ചത്. പാര്‍ലമെന്റ് പാസാക്കികഴിഞ്ഞ ബില്‍ ഭേദഗതിപ്പെടുത്തണമെന്ന നിര്‍ദേശം. ബില്ലില്‍ ഇന്ത്യ എന്തുമാറ്റമാണ് വരുത്താന്‍പോകുന്നതെന്ന് ജിജ്ഞാസയോടെ നോക്കിയിരിക്കുകയാണ് തങ്ങളെന്നാണ് അമേരിക്കന്‍ ഔദ്യോഗിക വക്താവ് പറഞ്ഞിട്ടുള്ളത്.

ഇത് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ നിയമനിര്‍മാണകാര്യത്തിലുള്ള പരമാധികാരത്തിനുനേര്‍ക്കുള്ള കടന്നുകയറ്റവും അധിക്ഷേപവുമാണ്. പാര്‍ലമെന്റ് ഒരു ബില്ലു പാസാക്കിയാല്‍ അത് രൂപത്തിന്റെയും ഉള്ളടക്കത്തിന്റെയും കാര്യത്തില്‍ അന്തിമമാണ്. രാഷ്ട്രപതിയുടെ അംഗീകാരംകൂടിയായാല്‍ അതു നിയമമാണ്. ഇതാണ് ഇന്ത്യയിലെ നിയമനിര്‍മാണരീതി എന്നിരിക്കെ, പാര്‍ലമെന്റ് പാസാക്കിക്കഴിഞ്ഞ ബില്ലില്‍ എന്തു ഭേദഗതി വരുത്തണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അല്ലെങ്കില്‍തന്നെ, ഗവണ്മെന്റിന് അക്കാര്യത്തില്‍ എന്ത് അധികാരമാണുള്ളത്? അമേരിക്കയുടെ മനസ്സിലിരിപ്പ് വ്യക്തമാണ്. അമേരിക്കയിലെ ആണവവിതരണ കമ്പനികളെ നഷ്ടപരിഹാര ബാധ്യതയില്‍നിന്ന് തീര്‍ത്തും വിമുക്തമാക്കിയെടുക്കണം. ഈ നിര്‍ദേശമാണ് നേരത്തെതന്നെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനു മുന്നില്‍ ദേഭഗതിക്ക് വച്ചിരുന്നത്. അമേരിക്കയുടെ ആ താല്‍പ്പര്യം സാധിച്ചുകൊടുക്കാന്‍ തക്കവിധത്തിലാണ് മന്‍മോഹന്‍സിങ് മന്ത്രിസഭ കരടുബില്ലിന് രൂപം നല്‍കിയിരുന്നതും. എന്നാല്‍, ബില്‍ ആ രൂപത്തില്‍ പാസാക്കിയെടുക്കുന്നതിന് രാജ്യസഭയില്‍ തങ്ങള്‍ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെന്ന പ്രശ്നം കോണ്‍ഗ്രസിനും മന്‍മോഹന്‍സിങ്ങിനും മുന്നില്‍ തടസ്സമായിവന്നു. അതുകൊണ്ട് ചില ഭേദഗതികള്‍ കരടുബില്ലില്‍ വരുത്താന്‍ മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ മന്ത്രിസഭ നിര്‍ബന്ധിതമാകുകയായിരുന്നു.

അങ്ങനെയാണ് 'ആന്‍ഡ്', 'ഇന്റന്‍ഷണലി' എന്നീ വാക്കുകള്‍ ചര്‍ച്ചാവിഷയമായത്. ഇന്ത്യയില്‍ ആണവദുരന്തമുണ്ടായാല്‍, അത് വിതരണക്കമ്പനിയുടെ ബോധപൂര്‍വമായ വീഴ്ചമൂലമാണെങ്കില്‍മാത്രം നഷ്ടപരിഹാരം നല്‍കണം എന്നതായി രണ്ടാം ഘട്ടത്തില്‍ ബില്ലിലെ വ്യവസ്ഥ. ബോധപൂര്‍വം കമ്പനി വീഴ്ചവരുത്തിയതാണ് എന്നത് തെളിയിക്കുക മിക്കവാറും അസാധ്യമാകുമല്ലോ. ആ നിലയ്ക്ക് നഷ്ടപരിഹാരബാധ്യതയില്‍നിന്ന് അമേരിക്കന്‍ കമ്പനികള്‍ക്ക് രക്ഷപ്പെടാമല്ലോ. അതിനുള്ള പഴുതൊരുക്കിക്കൊടുക്കാനാണ് 'ബോധപൂര്‍വം' എന്ന പദം ബില്ലില്‍ യുപിഎ ഗവണ്മെന്റ് ചേര്‍ത്തത്. ഒടുവില്‍ ബില്‍ പാസാകണമെങ്കില്‍ കണ്ണില്‍ പൊടിയിടാനുള്ള ചില വിദ്യകള്‍ വേണമെന്നുവന്നു. ബില്‍ പാസാക്കിയെടുക്കാന്‍ കോണ്‍ഗ്രസിനു ബിജെപിയുടെ പിന്തുണ വേണ്ടിയിരുന്നു. തലേന്നുവരെ നഖശിഖാന്തം ബില്ലിനെ എതിര്‍ത്തിട്ട് പിറ്റേന്ന് ബില്ലിനെ പിന്തുണയ്ക്കുന്നതിന് ജനങ്ങളെ പറഞ്ഞുപറ്റിക്കാന്‍ എന്തെങ്കിലും ഉപായം വേണ്ടിയിരുന്നു ബിജെപിക്ക്. ഇരുവരുടെയും താല്‍പ്പര്യങ്ങള്‍ ഒരുമിച്ചു. അങ്ങനെയാണ് ബില്‍ പാസാകുന്നതിന് വഴി തെളിഞ്ഞത്.

പാസായിക്കഴിഞ്ഞ ബില്‍, കമ്പനികള്‍ക്കുമേല്‍ നിസ്സാരമായ ബാധ്യതയേ ചുമത്തിയിട്ടുള്ളൂ. പരമാവധി 1500 കോടിയുടെ നഷ്ടപരിഹാരം. ആണവദുരന്തം എത്ര ഭീകരമായ തോതിലാണെങ്കിലും അതു വിതയ്ക്കുന്ന നാശം എത്ര കനത്തതും ദൂരവ്യാപകവുമാണെങ്കിലും 1500 കോടി നല്‍കിയാല്‍മതി! ഭോപാല്‍ വിഷവാതകദുരന്തം കാല്‍നൂറ്റാണ്ടിനപ്പുറമാണ് നടന്നത്. അതിനുപോലും നഷ്ടപരിഹാരത്തുക 500 കോടിയായിരുന്നു. പണപ്പെരുപ്പത്തിന്റെ തോത് കണക്കാക്കിയാല്‍ ആ 500 കോടിക്കു തുല്യമാവാന്‍ ഇന്ന് 5000 കോടിയെങ്കിലും വേണം. വാതകദുരന്തത്തേക്കാള്‍ എത്രയോ വ്യാപ്തവും കനത്തതുമായ നാശമാകും ആണവദുരന്തം വിതയ്ക്കുക. ആ പരിഗണനയിലായാലും തുക വര്‍ധിക്കേണ്ടതാണ്. ഇനി വരുംകാലത്ത് എന്ത് ആണവദുരന്തമുണ്ടായാലും നഷ്ടപരിഹാരത്തുക ക്ളിപ്തമാണ്; 1500 കോടി. ഇന്നത്തെ 1500 കോടിക്ക് കാല്‍നൂറ്റാണ്ടുകഴിഞ്ഞാല്‍ ഈ വിലയുണ്ടോ? ഈ കാര്യം പരിഗണിച്ചാലും നഷ്ടപരിഹാരത്തുക കൂട്ടേണ്ടതാണ്. പക്ഷേ, രാജ്യതാല്‍പ്പര്യത്തിലും ജനതാല്‍പ്പര്യത്തിലുമുള്ള ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെ അമേരിക്കന്‍ താല്‍പ്പര്യം മുന്‍നിര്‍ത്തി മാത്രം കോണ്‍ഗ്രസും- ബിജെപിയും ചേര്‍ന്ന് പാസാക്കിയെടുത്തതാണ് ആണവബാധ്യതാബില്‍. അത്തരത്തിലുള്ള ബില്ലില്‍പോലും, അതു പാസാക്കിക്കഴിഞ്ഞശേഷവും ഭേദഗതി നിര്‍ദേശിക്കുകയാണ് അമേരിക്ക. ഈ ധാര്‍ഷ്ട്യത്തിനു തക്ക മറുപടികൊടുക്കാന്‍ യുപിഎ ഗവണ്മെന്റ് സന്നദ്ധമാവുമോ എന്ന കാര്യം ഇന്ത്യന്‍ജനത ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
സുരക്ഷിതവും ലാഭകരവുമല്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ ഇപ്പോള്‍ വര്‍ഷങ്ങളായി ന്യൂക്ളിയര്‍ റിയാക്ടറുകള്‍ സ്ഥാപിക്കുന്നില്ല. അതുകൊണ്ട് വെസ്റ്റിങ്ഹൌസ്, ജനറല്‍ ഇലക്ട്രിക്കല്‍സ് തുടങ്ങിയ കമ്പനികളുടെ പക്കല്‍ കെട്ടിക്കിടക്കുന്ന റിയാക്ടറുകള്‍ ഇന്ത്യയില്‍ കൊണ്ടുവന്ന് സ്ഥാപിക്കാനാണ് ശ്രമം. ഇവയുടെ സുരക്ഷാകാര്യത്തില്‍ അമേരിക്കയ്ക്ക് ഒരു ഉറപ്പുമില്ല. അതിന്റെ സ്ഥിരീകരണം കൂടിയാവുന്നുണ്ട്, നഷ്ടപരിഹാരബാധ്യതയില്‍നിന്ന് തീര്‍ത്തും ഒഴിവാകാനുള്ള അമേരിക്കയുടെ വ്യഗ്രതയും അതു മുന്‍നിര്‍ത്തിയുള്ള നിര്‍ദേശവും.

ഇതിനെ അവജ്ഞയോടെ തള്ളിക്കളയാനുള്ള കരുത്ത് യുപിഎ ഗവണ്മെന്റിനുണ്ടാകുന്നില്ലെങ്കില്‍, അപകടത്തിലാകുക നിയമനിര്‍മാണകാര്യത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനുള്ള പരമാധികാരമാണ്; ജനതയുടെയും രാഷ്ട്രത്തിന്റെയും സ്വാതന്ത്ര്യമാണ്.

ദേശാഭിമാനി മുഖപ്രസംഗം 10092010

പരമാധികാരത്തിനുനേരെയുള്ള വെല്ലുവിളി

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുഖ്യ അജണ്ട ആണവ ബാധ്യതാ ബില്ലായിരുന്നു. യു പി എ സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും വാഗ്ദാനം ചെയ്ത മറ്റ് നിരവധി നിയമനിര്‍മാണങ്ങളുണ്ട്. ഭക്ഷ്യസുരക്ഷാ നിയമമാണ് ഇതില്‍ ഏറ്റവും പ്രധാനം. രണ്ടാം യു പി എ സര്‍ക്കാര്‍ അധികാരമേറ്റശേഷം നടന്ന ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ രാഷ്ട്രപതി ചെയ്ത പ്രസംഗത്തിലെ വാഗ്ദാനമാണ് ഭക്ഷ്യസുരക്ഷാ നിയമം. അതിനുശേഷം പാര്‍ലമെന്റ് പലവട്ടം സമ്മേളിച്ചെങ്കിലും ഭക്ഷ്യസുരക്ഷാ ബില്‍ വെളിച്ചം കണ്ടില്ല. സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലും നിയമനിര്‍മാണസഭകളിലും മൂന്നില്‍ രണ്ട് സീറ്റു സംവരണം ചെയ്യാനുള്ള നിയമമാണ് മറ്റൊന്ന്. കോണ്‍ഗ്രസിനു ഭൂരിപക്ഷമില്ലാത്ത രാജ്യസഭ വനിതാ സംവരണ ബില്‍ പാസാക്കി. ലോക്‌സഭയും പാസാക്കുകയും പകുതിയിലധികം നിയമസഭകള്‍ അംഗീകാരം നല്‍കുകയും ചെയ്താല്‍ മാത്രമെ ഈ ഭരണഘടനാ ഭേദഗതി പ്രാബല്യത്തില്‍ വരികയുള്ളു. അതിനുവേണ്ടി ശ്രമിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും സര്‍ക്കാരിനും താല്‍പര്യമില്ല. ഒന്നാം യു പി എ മന്ത്രിസഭയുടെ കാലത്ത് വാഗ്ദാനം ചെയ്തതാണ് വര്‍ഗീയ അക്രമങ്ങള്‍ തടയാനുള്ള നിയമനിര്‍മാണം. ഈ ബില്ലും പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കാന്‍ കോണ്‍ഗ്രസ് താല്‍പര്യം കാണിക്കുന്നില്ല.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും കോണ്‍ഗ്രസ് നേതൃത്വത്തിനും ഇവയേക്കാള്‍ പ്രധാനം ആണവ ബാധ്യതാ ബില്ലായിരുന്നു. അതിന്റെ കാരണം ഒരു രഹസ്യമല്ല. ഇന്ത്യാ-അമേരിക്ക ആണവകരാര്‍ നടപ്പാക്കുന്നതിനു ആണവ ബാധ്യതാ നിയമം പാസാക്കണമെന്നത് അമേരിക്കയുടെ ഉപാധിയാണ്. ഇന്ത്യയില്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനു റിയാക്ടറുകളും യുറേനിയവും സപ്ലൈ ചെയ്യാന്‍ അമേരിക്കയിലെ വന്‍കിട കമ്പനികള്‍ തയ്യാറാണ്. എന്നാല്‍ ഇവ ഉപയോഗിച്ചുള്ള ആണവ നിലയങ്ങളില്‍ അപകടം സംഭവിച്ചാല്‍ ഒരുതരത്തിലുള്ള നഷ്ടപരിഹാരം നല്‍കാനും അമേരിക്കന്‍ കമ്പനികള്‍ക്ക് ബാധ്യതയുണ്ടാവില്ല. അതിന് നിയമപരമായ പരിരക്ഷ ഉണ്ടാവണം. ആണവ ബാധ്യതാ നിയമത്തിലൂടെ അമേരിക്കന്‍ കമ്പനികളുടെ താല്‍പര്യം കാത്തുസൂക്ഷിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും വാഗ്ദാനം. അതിനനുരോധമായ വ്യവസ്ഥകളോടു കൂടിയ ബില്ലിന് സര്‍ക്കാര്‍ രൂപം നല്‍കുകയും ചെയ്തു.

എന്നാല്‍ അമേരിക്കന്‍ കമ്പനികളുടെ മാത്രം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ബില്ലിനെതിരെ ഇടതുപക്ഷം ഉയര്‍ത്തിയ പ്രതിഷേധവും പൊതുസമൂഹത്തിന്റെ വിമര്‍ശനവും സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് എതിരായ സി ബി ഐ അന്വേഷണം അവസാനിപ്പിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ബി ജെ പിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയതുകൊണ്ട് ബില്‍ മാറ്റമില്ലാതെ പാസാക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷിച്ചത്. കള്ളക്കളി തുറന്നു കാട്ടപ്പെട്ടപ്പോള്‍, ബില്ലിലെ പല വ്യവസ്ഥകളും അംഗീകരിക്കാന്‍ ബി ജെ പിയ്ക്ക് കഴിയാതെ വന്നു. റിയാക്ടറുകള്‍ സപ്ലൈ ചെയ്യുന്ന കമ്പനികളെ നഷ്ടപരിഹാരബാധ്യതയില്‍ നിന്നും ഒഴിവാക്കുന്ന വ്യവസ്ഥ നീക്കം ചെയ്യണമെന്ന ഇടതുപക്ഷത്തിന്റെ നിലപാടിനോട് യോജിക്കാന്‍ ബി ജെ പി നിര്‍ബന്ധിതമായി. അതോടെ വെട്ടിലായതു കോണ്‍ഗ്രസ് നേതൃത്വമാണ്. വിദേശ കമ്പനികളെ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയില്‍ നിന്ന് ഒഴിവാക്കി ബില്‍ പാസാക്കാനാവില്ലെന്ന് ബോധ്യമായപ്പോഴാണ് കോണ്‍ഗ്രസ് നിലപാട് മാറ്റിയത്. അമേരിക്കന്‍ ഉപാധി പാലിക്കാന്‍ അവസാനഘട്ടംവരെ കോണ്‍ഗ്രസ് കിണഞ്ഞു ശ്രമിച്ചതാണ്.

നവംബറില്‍ ഇന്ത്യയിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഒബാമയ്ക്ക് ഒരു പാരിതോഷികമാകും ആണവ ബാധ്യത ബില്‍ എന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം അമേരിക്ക പാടെ നിരാകരിക്കുകയാണ്. അമേരിക്കന്‍ കമ്പനികളെ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥമാക്കുന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നാണ് അമേരിക്കന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ മാറ്റം വരുത്തണമെന്നും വക്താവ് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്കനുരോധമായി നിയമം നിര്‍മിക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റിനുള്ള അധികാരവും അവകാശവുമാണ് അമേരിക്ക ചോദ്യം ചെയ്യുന്നത്. അമേരിക്കന്‍ സര്‍ക്കാരിനു പരമപ്രധാനം അമേരിക്കയിലെ വന്‍കിട കമ്പനികളുടെ താല്‍പര്യമാണ്. അതിനുവേണ്ടി നടത്തുന്ന സമ്മര്‍ദതന്ത്രങ്ങള്‍ ഇന്ത്യയുടെ പരമാധികാരത്തിനുനേരെയുള്ള വെല്ലുവിളികളായി ഉയരുകയാണ്. ഒരുസാഹചര്യത്തിലും ഇത് അനുവദിച്ചുകൊടുക്കാനാവില്ല.

ജനയുഗം മുഖപ്രസംഗം 10092010

1 comment:

  1. ഇന്ത്യ ഏതു നിയമം ഏതു രൂപത്തില്‍ പാസാക്കണമെന്ന് തീരുമാനിക്കാനുള്ള ആത്യന്തികമായ അവകാശം ഇന്ത്യന്‍ പരമാധികാര ജനപ്രതിനിധിസഭയ്ക്കല്ല, മറിച്ച് തങ്ങള്‍ക്കാണെന്ന അമേരിക്കന്‍ നിലപാട് വീണ്ടുമൊരിക്കല്‍കൂടി മറനീക്കി പുറത്തുവന്നിരിക്കുന്നു. പാസായിരിക്കുന്ന ആണവബാധ്യതാബില്‍ ഇന്ത്യ ഭേദഗതിചെയ്യണമെന്നുള്ള അമേരിക്കന്‍ കല്‍പ്പന ഇതാണ് വ്യക്തമാക്കുന്നത്. ആണവബാധ്യതാബില്‍ പാര്‍ലമെന്റ് പാസാക്കി ഒരാഴ്ചയോളം അമേരിക്ക മൌനംപാലിച്ചു. ആ മൌനം ഭഞ്ജിച്ചുകൊണ്ടാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ വക്താവ് ഫിലിപ് ക്രൌളി പത്രസമ്മേളനത്തിലൂടെ ഇന്ത്യക്കുമുമ്പില്‍ പുതിയ നിര്‍ദേശം മുന്നോട്ടുവച്ചത്. പാര്‍ലമെന്റ് പാസാക്കികഴിഞ്ഞ ബില്‍ ഭേദഗതിപ്പെടുത്തണമെന്ന നിര്‍ദേശം. ബില്ലില്‍ ഇന്ത്യ എന്തുമാറ്റമാണ് വരുത്താന്‍പോകുന്നതെന്ന് ജിജ്ഞാസയോടെ നോക്കിയിരിക്കുകയാണ് തങ്ങളെന്നാണ് അമേരിക്കന്‍ ഔദ്യോഗിക വക്താവ് പറഞ്ഞിട്ടുള്ളത്.

    ReplyDelete