Sunday, September 12, 2010

ജസ്റ്റിസ് സൌമിത്ര സെന്നിനെ ഇംപീച്ച് ചെയ്യാന്‍ ശുപാര്‍ശ

അഴിമതി ആരോപണം: ജസ്റ്റിസ് സൌമിത്ര സെന്നിനെ ഇംപീച്ച് ചെയ്യാന്‍ ശുപാര്‍ശ

അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനായ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സൌമിത്ര സെന്നിനെ ഇംപീച്ച് ചെയ്യാന്‍ അന്വേഷണസമിതി ശുപാര്‍ശ. ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ഹമീദ് അന്‍സാരി നിയോഗിച്ച മൂന്നംഗസമിതിയാണ് സെന്നിനെ ഇംപീച്ച് ചെയ്യാന്‍ ശുപാര്‍ശ ചെയ്തത്. സമിതി റിപ്പോര്‍ട്ട് വെള്ളിയാഴ്ച ഉപരാഷ്ട്രപതിക്ക് സമര്‍പ്പിച്ചു. സുപ്രീംകോടതി ജഡ്ജി ബി സുദര്‍ശന്‍റെഡ്ഡി, പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍, മുതിര്‍ന്ന അഭിഭാഷകന്‍ ഫലി എസ് നരിമാന്‍ എന്നിവരടങ്ങിയ സമിതിയാണ് ജസ്റ്റിസ് സെന്നിനെ ഇംപീച്ച് ചെയ്യാന്‍ ശുപാര്‍ശ ചെയ്തത്.

രാജ്യസഭയില്‍ സിപിഐ എം സഭാനേതാവ് സീതാറാം യെച്ചൂരിയും 56 എംപിമാരും ആവശ്യപ്പെട്ടതിനെതുടര്‍ന്ന് 2009 മാര്‍ച്ച് 20നാണ് സമിതി രൂപീകരിച്ചത്. രണ്ടുവര്‍ഷമായി ജസ്റ്റിസ് സെന്‍ ജുഡീഷ്യല്‍ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനില്‍ക്കുകയാണ്. സമിതി റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ ഇരുസഭയിലും ശീതകാലസമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഉപരാഷ്ട്രപതിയുടെ സെക്രട്ടറിയറ്റ് വൃത്തങ്ങള്‍ പറഞ്ഞു. ജഡ്ജസ് എന്‍ക്വയറി ആക്ടിലെ വ്യവസ്ഥപ്രകാരമാകും തുടര്‍നടപടി. പാര്‍ലമെന്റിന്റെ ഇരുസഭയും മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ ഇംപീച്ച്മെന്റിനോട് യോജിച്ചാല്‍ ജഡ്ജിയെ പുറത്താക്കി രാഷ്ട്രപതിക്ക് ഉത്തരവിറക്കേണ്ടി വരും. സമിതി റിപ്പോര്‍ട്ട് പാര്‍ലമെന്റ് അംഗീകരിച്ചാല്‍ രാജ്യത്ത് ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ ജഡ്ജിയാകും ജസ്റ്റിസ് സൌമിത്ര സെന്‍.

സിക്കിം ചീഫ് ജസ്റിസായ പി ഡി ദിനകരനെതിരായ ഇംപീച്ച്മെന്റ് പ്രക്രിയ നടന്നുവരികയാണ്. 1991ല്‍ പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി രാമസ്വാമിക്കെതിരെ ഇംപീച്ച്മെന്റ് പ്രക്രിയ അന്തിമഘട്ടംവരെ എത്തിയെങ്കിലും പരാജയപ്പെട്ടു. വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കോടതി നിയമിച്ച റിസീവറായി പ്രവര്‍ത്തിക്കുന്ന കാലയളവില്‍ ജസ്റ്റിസ് സെന്‍ സാമ്പത്തികക്രമക്കേട് നടത്തിയതായാണ് അന്വേഷണസമിതി കണ്ടെത്തിയത്. വില്‍പ്പനപ്രക്രിയയില്‍ ക്രമക്കേട് കാട്ടി 24 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് സെന്നിനെതിരായ ആരോപണം. തട്ടിപ്പ് പുറത്തുവന്നതിനെതുടര്‍ന്ന് 52 ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ജഡ്ജിയായി പ്രവര്‍ത്തിക്കുമ്പോഴാണ് സെന്നിനെതിരെ വിധി വന്നത്. കോടതി നിര്‍ദേശിച്ചതിനെതുടര്‍ന്ന് 52 ലക്ഷം രൂപ തിരിച്ചടയ്ക്കുകയും ചെയ്തു. 2008 ഫെബ്രുവരിയില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് അയച്ച റിപ്പോര്‍ട്ടില്‍ കോടതിയുടെ ഇന്‍ഹൌസ് സമിതി ജസ്റ്റിസ് സെന്‍ വിശ്വാസവഞ്ചന കാട്ടിയെന്നും നടപടി വേണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. നീതിപീഠത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടിയാണ് സെന്നിന്റേതെന്നും സമിതി ചൂണ്ടിക്കാട്ടി.

2008 മാര്‍ച്ചില്‍ സുപ്രീംകോടതി കൊളീജിയം സെന്നിന്റെ വിശദീകരണം തേടി. സെന്‍ രാജിവയ്ക്കുകയോ അല്ലെങ്കില്‍ സ്വയം വിരമിക്കലിന് സന്നദ്ധനാവുകയോ ചെയ്യാന്‍ 2008 ഏപ്രിലില്‍ കൊളീജിയം നിര്‍ദേശിച്ചു. സെന്‍ രാജിക്ക് തയ്യാറായില്ല. തുടര്‍ന്ന് സെന്നിനെതിരെ ഇംപീച്ച്മെന്റ് നടപടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തയച്ചു. സിറ്റിങ് ജഡ്ജിക്കെതിരെ ക്രമക്കേട് ആരോപണം ഉയര്‍ന്നാല്‍മാത്രമേ ഇംപീച്ച്മെന്റ് പ്രക്രിയ സാധ്യമാകൂ എന്നാണ് മൂന്നംഗസമിതി മുമ്പാകെ സെന്‍ നടത്തിയ മുഖ്യവാദം. തനിക്കെതിരെ ആരോപിക്കുന്ന ക്രമക്കേട് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കാലത്താണെന്നും ജഡ്ജിയായ ശേഷമല്ലെന്നും സെന്നിന്റെ അഭിഭാഷകന്‍ സമിതി മുമ്പാകെ പറഞ്ഞിരുന്നു. സമിതി ഈ വാദം തള്ളുകയും ക്രമക്കേടിന്റെ ഗുണഫലം ജഡ്ജിയായശേഷവും സെന്‍ അനുഭവിച്ചിട്ടുണ്ടെന്ന നിഗമനത്തില്‍ എത്തുകയുമായിരുന്നു.

ദേശാഭിമാനി 12092010

1 comment:

  1. അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനായ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സൌമിത്ര സെന്നിനെ ഇംപീച്ച് ചെയ്യാന്‍ അന്വേഷണസമിതി ശുപാര്‍ശ. ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ഹമീദ് അന്‍സാരി നിയോഗിച്ച മൂന്നംഗസമിതിയാണ് സെന്നിനെ ഇംപീച്ച് ചെയ്യാന്‍ ശുപാര്‍ശ ചെയ്തത്. സമിതി റിപ്പോര്‍ട്ട് വെള്ളിയാഴ്ച ഉപരാഷ്ട്രപതിക്ക് സമര്‍പ്പിച്ചു. സുപ്രീംകോടതി ജഡ്ജി ബി സുദര്‍ശന്‍റെഡ്ഡി, പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍, മുതിര്‍ന്ന അഭിഭാഷകന്‍ ഫലി എസ് നരിമാന്‍ എന്നിവരടങ്ങിയ സമിതിയാണ് ജസ്റ്റിസ് സെന്നിനെ ഇംപീച്ച് ചെയ്യാന്‍ ശുപാര്‍ശ ചെയ്തത്.

    ReplyDelete