കേന്ദ്രനിലപാടിന് യുഡിഎഫ് വന്‍വില നല്‍കേണ്ടിവരും: മന്ത്രി ഐസക്
അന്യസംസ്ഥാന ലോട്ടറിമാഫിയയുടെ പകല്‍ക്കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിന് കേരളത്തില്‍ യുഡിഎഫ് വന്‍ രാഷ്ട്രീയവില നല്‍കേണ്ടിവരുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. കേരള ലോട്ടറി സംരക്ഷണസമിതി സംസ്ഥാന കണ്‍വന്‍ഷന്‍ ടൌഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യായമായി നടത്തുന്ന സര്‍ക്കാര്‍ ലോട്ടറി സാമൂഹ്യവിപത്തല്ല. സര്‍ക്കാര്‍ ഇടപെടലുകളില്ലാതെ ഇടനിലക്കാര്‍ ലോട്ടറി നടത്തുമ്പോഴാണ് പണം തട്ടാനുള്ള ഉപകരണമായി ലോട്ടറി അധഃപതിക്കുന്നത്. അന്യസംസ്ഥാന ലോട്ടറിക്കെതിരെ കേസെടുത്തെന്ന് അവകാശപ്പെടുന്ന ഉമ്മന്‍ചാണ്ടിതന്നെയാണ് കേസ് പിന്‍വലിക്കാന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. 2003ല്‍ ശങ്കരനാരായണന്‍ ധനമന്ത്രിയായപ്പോഴാണ് ആദ്യമായി ഓണ്‍ലൈന്‍ ലോട്ടറി നടത്തിപ്പിനായി ടെന്‍ഡര്‍ വിളിച്ചത്. മാര്‍ട്ടിനും പ്ളേവിന്നുമടക്കം അന്ന് ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നു. ഏത് കോണ്‍ഗ്രസ് മന്ത്രിയുടെ മകനാണ് പ്ളേവിന്‍ ലോട്ടറിയുടെ തെക്കന്‍ ജില്ലയിലെ വിതരണം ഏറ്റെടുത്തിരുന്നതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. സാന്റിയാഗോ മാര്‍ട്ടിന്റെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന് രജിസ്ട്രേഷന്‍ നല്‍കിയതും ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. നയാപൈസ ലാഭമില്ലെങ്കിലും തൊഴിലാളികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ലോട്ടറി നടത്തും.
സര്‍ക്കാര്‍ലോട്ടറി നിരോധിച്ചതിനുശേഷമേ അന്യസംസ്ഥാന ലോട്ടറി നിരോധിക്കാവൂ എന്ന് കേന്ദ്ര ലോട്ടറിനിയമത്തിലെ അഞ്ചാംവകുപ്പ് സൂചിപ്പിക്കുന്നു. അതറിയാതെയല്ല ആര്യാടനടക്കമുള്ളവര്‍ മുറവിളികൂട്ടുന്നത്. സംസ്ഥാന ലോട്ടറി വിറ്റ് ജീവിക്കുന്ന ലക്ഷക്കണക്കിനു തൊഴിലാളികളെ വഴിയാധാരമാക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. ലോട്ടറിവിവാദത്തിനുള്ള മുഴുവന്‍ ഉത്തരവും 'ലോട്ടറിവിവാദം- മറ്റൊരു ചൂതാട്ടം'എന്ന തന്റെ പുസ്തകത്തിലുണ്ട്. നാളെമുതല്‍ ഒരു കൈയില്‍ ലോട്ടറി ടിക്കറ്റും മറുകൈയില്‍ പുസ്തകവുമായി ലോട്ടറിത്തൊഴിലാളികള്‍ കേരളത്തിലെ മുഴുവന്‍ വീടുകളിലും കയറി യുഡിഎഫിന്റെ രാഷ്ട്രീയവഞ്ചനയെക്കുറിച്ച് പ്രചാരണം നടത്തും- മന്ത്രി പറഞ്ഞു.
കേന്ദ്രം നടപടിയെടുക്കാത്തത് മാഫിയാ ബന്ധംമൂലം: ഐസക്
ലോട്ടറിനിയമം ലംഘിച്ചാല്‍ നടപടിയെടുക്കേണ്ടത് കേന്ദ്രമാണെന്ന ഹൈക്കോടതി വിധി, കോണ്‍ഗ്രസും യുഡിഎഫും സംസ്ഥാന സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണെന്ന് മന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര ലോട്ടറി നിയമം ലംഘിക്കുന്ന അന്യസംസ്ഥാന ലോട്ടറി പ്രമോട്ടര്‍മാര്‍ക്കെതിരെ നടപടിക്ക് സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്നു യുഡിഎഫ് ഇതുവരെ വാദിച്ചത്. ഇതാണ് ഹൈക്കോടതി വിധിയോടെ പൊളിഞ്ഞത്. പത്തുവര്‍ഷമായി യുഡിഎഫ്- എല്‍ഡിഎഫ് സര്‍ക്കാരുകളുടെ അപേക്ഷ ലഭിച്ചിട്ടും കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ വടക്കുകിഴക്കന്‍ ലോട്ടറി തട്ടിപ്പുകളുടെ വിശദ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടും കേന്ദ്രം നടപടിക്കു മുതിര്‍ന്നില്ല. നിയമലംഘകര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പത്തുവര്‍ഷമായി എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാതിരുന്നതെന്ന് യുഡിഎഫ് വിശദീകരിക്കണം. കേന്ദ്രത്തിലെ ചില ഉന്നതരും ലോട്ടറി മാഫിയയും തമ്മിലുള്ള അവിശുദ്ധബന്ധമാണ് നടപടിയില്‍നിന്നു അവരെ പിന്തിരിപ്പിക്കുന്നത്.
അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു സംസ്ഥാനം ഇനിയും കേന്ദ്രത്തിന് നിവേദനം നല്‍കും. ആവശ്യമെങ്കില്‍ സുപ്രീംകോടതിയെയും സമീപിക്കും. മേഘാ ഡിസ്ട്രിബൂട്ടേഴ്സ് ആണ് യഥാര്‍ഥ പ്രമോട്ടര്‍മാര്‍ എന്നു തങ്ങളുന്നയിച്ച സംശയം ഹൈക്കോടതി സ്ഥിരീകരിച്ചിരിക്കുന്നുവെന്നാണ് യുഡിഎഫ് ഇപ്പോള്‍ ഉയര്‍ത്തുന്ന വാദം. തെളിവൊന്നുമില്ലാതെ ഇവരുടെ പക്കല്‍നിന്ന് സംസ്ഥാനം നികുതി വാങ്ങിയെന്നും പറയുന്നു. അടിസ്ഥാനരഹിതമാണിത്. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സാണ് കേരളത്തിലെ ഭൂട്ടാന്‍ ലോട്ടറിയുടെ പ്രമോട്ടര്‍ എന്ന് നിയമസഭയിലോ പുറത്തോ അവര്‍ പറഞ്ഞിട്ടില്ല. മറിച്ച് സിക്കിം ലോട്ടറിയുടെ പ്രമോട്ടര്‍ ഫ്യൂച്ചര്‍ ഗെയ്മിങ് സൊല്യൂഷന്‍സ് എന്ന കമ്പനിയാണെന്നും മേഘ അല്ലെന്നുമാണ് അവര്‍ വാദിച്ചത്. മേഘയാണ് സംസ്ഥാനത്തെ ഭൂട്ടാന്‍ ലോട്ടറിയുടെ പ്രമോട്ടര്‍ എന്നുറപ്പില്ലാതെ കഴിഞ്ഞ മൂന്നരവര്‍ഷം നികുതി വാങ്ങിയത് ക്രമക്കേടെന്നാണ് ഇപ്പോഴത്തെ ആക്ഷേപം. സംസ്ഥാനം ആദ്യം ഇവരില്‍നിന്നു നികുതി വാങ്ങാന്‍ മടിച്ചു. പിന്നീട് ഹൈക്കോടതിയുടെ വിധി നികുതി വാങ്ങണമെന്നായിരുന്നു. ഇതിനെതിരെ സംസ്ഥാനം നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ വിധിപ്രകാരമാണ് നികുതി വാങ്ങിയത് എന്നതാണ് യാഥാര്‍ഥ്യമെന്നും ഐസക് പറഞ്ഞു.
കേന്ദ്രത്തിന്റെ ഒഴിഞ്ഞുമാറല്‍ സംവാദമാക്കണം
അധികാരമുണ്ടായിട്ടും പത്തുവര്‍ഷമായി അന്യസംസ്ഥാന ലോട്ടറി മാഫിയയ്ക്കെതിരെ കേന്ദ്രം നടപടിക്കു മുതിരാത്തതു എന്തുകൊണ്ടാണെന്ന ചോദ്യമായിരിക്കും ലോട്ടറി പ്രശ്നത്തില്‍ നടക്കാനിരിക്കുന്ന സംവാദങ്ങളുടെ കേന്ദ്രബിന്ദുവെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതടക്കമുള്ള പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് എംഎല്‍എ വി ഡി സതീശനുമായി തന്റെ അഡീഷണല്‍ സെക്രട്ടറി എം ഗോപകുമാര്‍ നടത്തുന്ന സംവാദത്തില്‍ ഉന്നയിക്കും. തിങ്കളാഴ്ച വൈകിട്ടു നാലിനു തിരുവനന്തപുരം പ്രസ്ക്ളബ്ബില്‍ സംവാദത്തിനു തയ്യാറാണ്. പ്രസ്ക്ളബ്ബ് ഭാരവാഹികള്‍ നിശ്ചയിക്കുന്ന മൂന്നുപേര്‍ മോഡറേറ്റര്‍മാരാകട്ടെ.
താന്‍ സംവാദത്തിനു ക്ഷണിച്ചത് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയെയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയുമാണ്. അവരാണു പിന്മാറിയത്. അവരുടെ പ്രതിനിധിയായി വി ഡി സതീശനെ നിയോഗിച്ചതിനാലാണ് താനും പ്രതിനിധിയെ അയയ്ക്കുന്നത്. സംവാദത്തില്‍ മറ്റു ചോദ്യങ്ങള്‍ക്കുകൂടി യുഡിഎഫ് മറുപടി പറയണം. ഒന്ന്: ഓണ്‍ലൈന്‍ ലോട്ടറികള്‍ നിരോധിച്ചതിന്റെ മറവില്‍ കേരള ഭാഗ്യക്കുറിയും നിരോധിക്കുകയായിരുന്നില്ലേ? പിന്നീട് നിരോധനം പിന്‍വലിച്ചത് ഓണ്‍ലൈന്‍ ലോട്ടറികള്‍ക്കു വേണ്ടിയായിരുന്നില്ലേ? രണ്ട്: അന്യസംസ്ഥാന ലോട്ടറികളുടെ പ്രമോട്ടര്‍മാര്‍ക്കു അനുമതി നല്‍കിയത് യുഡിഎഫ് സര്‍ക്കാരല്ലേ? മൂന്ന്: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എടുത്ത 544 കേസുകള്‍ കോടതിയലക്ഷ്യത്തിനു വഴിതുറന്നില്ലേ? അതു മനസിലാക്കിയല്ലേ പിന്നീട് ഏഴെണ്ണം കൂടി രജിസ്റ്റര്‍ ചെയ്തശേഷം പിന്‍വലിച്ചത്?
ദേശാഭിമാനി 12092010
അന്യസംസ്ഥാന ലോട്ടറിമാഫിയയുടെ പകല്‍ക്കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിന് കേരളത്തില്‍ യുഡിഎഫ് വന്‍ രാഷ്ട്രീയവില നല്‍കേണ്ടിവരുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. കേരള ലോട്ടറി സംരക്ഷണസമിതി സംസ്ഥാന കണ്‍വന്‍ഷന്‍ ടൌഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete