Saturday, March 5, 2011

പൂതി മാറാതെ ആര്യാടന്‍ 11-ാമതും നിലമ്പൂരില്‍

മലപ്പുറം: തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ആര്യാടന്‍ മുഹമ്മദിന് പൂതി തീരുന്നില്ല. യൂത്ത്കോണ്‍ഗ്രസ് അല്ല ഏത് ദൈവം തമ്പുരാന്‍ എതിര്‍ത്താലും മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ആര്യാടന്‍ മത്സരിക്കും. പതിനൊന്നാം തവണയാണ് അദ്ദേഹം ജനവിധി തേടുന്നത്. പഴയ മുഖങ്ങളെ മാറ്റണമെന്ന ആവശ്യവുമായി യൂത്ത്കോണ്‍ഗ്രസ് രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ ആര്യാടന്റെ പഴയ മുഖം തന്നെയാകും കോണ്‍ഗ്രസ് അവതരിപ്പിക്കുക. 1965, 1967, 1977, 1980, 1982, 1987, 1991, 1996, 2001, 2006 തെരഞ്ഞെടുപ്പുകളില്‍ ആര്യാടന്‍ സ്ഥാനാര്‍ഥിയായി. 1965ലും 1967ലും 1982ലും തോറ്റു. പത്തുതവണ മത്സരിച്ചിട്ടും മൂന്ന് പതിറ്റാണ്ട് എംഎല്‍എയായിട്ടും വനം, വൈദ്യുതി, തൊഴില്‍ മന്ത്രിയായിട്ടും അദ്ദേഹത്തിന് മതിയായിട്ടില്ല. പുതിയൊരാള്‍ക്ക് മാറിക്കൊടുക്കുന്ന കാര്യം ആര്യാടന് ആലോചിക്കാനേ വയ്യ. കഴിഞ്ഞതവണ മത്സരിക്കുമ്പോള്‍ പറഞ്ഞത് ഇനിയില്ലെന്നാണ്. കഴിഞ്ഞ നാലു തവണയും ഇവിടേക്ക് പരിഗണിക്കപ്പെട്ട കെപിസിസി സെക്രട്ടറി വി വി പ്രകാശിന്റെ സ്ഥിതി ഇത്തവണയും തഥൈവ.

2006ല്‍ ആര്യാടന്റെയും പ്രകാശിന്റെയും പേരാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. ഒരിക്കല്‍ക്കൂടി എന്ന ആര്യാടന്റെ അഭ്യര്‍ഥന വിശ്വസിച്ച് പ്രകാശ് പിന്മാറുകയായിരുന്നു. എന്നാല്‍ ഇത്തവണ സ്ഥാനാര്‍ഥിയാണെന്ന് സ്വയം പ്രഖ്യാപിച്ച് ആര്യാടന്‍ പ്രചാരണം തുടങ്ങി. നിലമ്പൂര്‍ മേഖലയില്‍ പുതുമുഖമെന്നത് അദ്ദേഹത്തിന് മകന്‍ ഷൌക്കത്തിന്റെ മുഖമാണ്. ഈ പിതാവിന്റെ പുത്രസ്നേഹത്തിനു മുന്നില്‍ ഓരോ തവണയും പിന്തള്ളപ്പെട്ടത് കോണ്‍ഗ്രസിനായി ചോര നീരാക്കിയ യുവനേതാക്കളാണ്. ആര്യാടന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഇക്കുറിയും കോണ്‍ഗ്രസില്‍ എതിര്‍പ്പ് ശക്തമാണ്. വി വി പ്രകാശിന്റെ നേതൃത്വത്തിലുള്ള വിഭാഗം ആര്യാടനെതിരെ കരുനീക്കം തുടങ്ങിക്കഴിഞ്ഞു. മുസ്ളിംലീഗിനും ആര്യാടനെ താല്പര്യമില്ല. പാണക്കാട്ടെ തങ്ങള്‍ ആത്മീയാചാര്യനല്ലെന്നും കോണ്‍ഗ്രസുകാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചാല്‍ ലീഗ് പിന്നാലെ വരുമെന്നുമുള്ള ആര്യാടന്റെ പ്രസ്താവനകളുടെ അലയൊലി ഇപ്പോഴും അടങ്ങിയിട്ടില്ല. ആര്യാടനെ വീഴ്ത്താനുള്ള ഒരു അവസരവും നിലമ്പൂരിലെ ലീഗുകാര്‍ നഷ്ടപ്പെടുത്തില്ല.

പുതിയ നിലമ്പൂര്‍ മണ്ഡലം ആര്യാടന്റെ ഉറക്കം കെടുത്തുന്നു. കോണ്‍ഗ്രസിന് സ്വാധീനമുള്ള ചോക്കാട്, കാളികാവ് പഞ്ചായത്തുകള്‍ വണ്ടൂരിലേക്കും ചാലിയാര്‍ പഞ്ചായത്ത് ഏറനാട് മണ്ഡലത്തോടും കൂട്ടിച്ചേര്‍ത്തത്് തിരിച്ചടിയാകും. 30 വര്‍ഷം എംഎല്‍എയായിട്ടും മണ്ഡലത്തില്‍ വികസന മുരടിപ്പ് തുടരുകയാണ്. ആര്യാടന്‍ മാറിയാല്‍ ആര്‍ക്കെങ്കിലും രക്ഷയുണ്ടാകുമെന്ന് കരുതിയാല്‍ തെറ്റി. നിഴല്‍പോലെ മകന്‍ ആര്യാടന്‍ ഷൌക്കത്തുണ്ട്. പുതുമുഖങ്ങള്‍ക്കുവേണ്ടി അദ്ദേഹം എന്നെങ്കിലും മാറിയാല്‍ വരുന്നത് മകന്‍ ഷൌക്കത്തായിരിക്കും. മക്കള്‍രാഷ്ട്രീയത്തെ എതിര്‍ത്ത അദ്ദേഹം മകനുവേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസുകാരില്‍ത്തന്നെ വലിയ അമര്‍ഷവും മുറുമുറുപ്പുമുണ്ടാക്കുന്നു.

ദേശാഭിമാനി 050311

1 comment:

  1. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ആര്യാടന്‍ മുഹമ്മദിന് പൂതി തീരുന്നില്ല. യൂത്ത്കോണ്‍ഗ്രസ് അല്ല ഏത് ദൈവം തമ്പുരാന്‍ എതിര്‍ത്താലും മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ആര്യാടന്‍ മത്സരിക്കും.

    ReplyDelete