Saturday, March 5, 2011

വേദനയില്‍ പുളഞ്ഞ് രാജുദാസ്; ശ്വാസംവിടാതെ ഡോക്ടര്‍മാര്‍

ബംഗാള്‍ സ്വദേശി രാജുദാസിനെ ആശുപത്രിയിലെത്തിക്കുമ്പോള്‍ കമ്പിയില്‍ കോര്‍ത്തിട്ട പച്ചമാംസംപോലെയായിരുന്നു അവസ്ഥ. വേദനകൊണ്ടുപിടഞ്ഞ രാജുവിന്റെ മുഖത്തേക്കുനോക്കാന്‍പോലും ആര്‍ക്കും കഴിഞ്ഞില്ല. നാലുമണിക്കൂര്‍ നീണ്ട അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഈ പതിനെട്ടുകാരന്റെ ശരീരത്തില്‍നിന്ന് മുക്കാല്‍ മീറ്ററോളം നീളംവരുന്ന രണ്ടുകമ്പികള്‍ പുറത്തെടുത്ത് പുതിയ ചരിത്രം സൃഷ്ടിച്ചു.

ബുധനാഴ്ചയാണ് നന്തന്‍കോട്ട് നിര്‍മാണത്തിലിരിക്കുന്ന ഫ്ളാറ്റില്‍നിന്നുവീണ് കമ്പി തുളച്ചിറങ്ങി രാജുദാസിന് ഗുരുതരമായി പരിക്കേറ്റത്. രാജുദാസിന് നടത്തിയ ശസ്ത്രക്രിയ ഏറെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്. ഇടതുകൈയ്ക്കടിയിലൂടെ തുളച്ചിറങ്ങിയ കമ്പി തോളിനുപുറത്തെത്തി വീണ്ടും താടിയെല്ല് തുളച്ച് തലയോട് പൊളിച്ച് പുറത്തുവരുകയായിരുന്നു. ഈ കമ്പി ഊരിമാറ്റുകയെന്നത് ഏറെ ശ്രമകരമായ ജോലിയായിരുന്നു. ജനറല്‍ മെഡിസിന്‍, ന്യൂറോളജി, കാര്‍ഡിയോളജി, അനസ്തേഷ്യ എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്താന്‍ തയ്യാറെടുത്തു നില്‍ക്കുമ്പോഴും അവരെ അലട്ടിയ പ്രധാനപ്രശ്നം തലച്ചോറുതകര്‍ത്ത കമ്പി ഇളക്കിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അമിത രക്തസ്രാവമുണ്ടായി ഓപ്പറേഷന്‍ടേബിളില്‍ വച്ചുതന്നെ രോഗിക്ക് അപായമുണ്ടാകുമോയെന്നായിരുന്നു. ഒടുവില്‍ കൂടിയാലോചനയ്ക്കുശേഷം തോള്‍ഭാഗത്തിനും താടിയെല്ലിനും ഇടയില്‍ അല്‍പ്പം പുറത്തുവന്ന കമ്പി മുറിച്ച് രണ്ടാക്കിമാറ്റി. അതിനുശേഷം ഒരുഭാഗം കൈയ്ക്കടിയിലൂടെയും രണ്ടാമത്തെ ഭാഗം തലയിലൂടെയും ഊരിമാറ്റി. വിചാരിച്ചപോലെ രക്തസ്രാവമുണ്ടായില്ലെന്നത് ഡോക്ടര്‍മാര്‍ക്ക് ധൈര്യംപകര്‍ന്നു.

വയര്‍തുളച്ച് പുറത്തുവന്ന കമ്പി നീക്കംചെയ്യുകയെന്നതായിരുന്നു അടുത്ത വെല്ലുവിളി. ആന്തരികപരിശോധനയില്‍ ചെറുകുടലും വന്‍കുടലും തുളച്ചാണ് കമ്പി പുറത്തുപോയിരിക്കുന്നതെന്ന് മനസ്സിലായി. വയറില്‍ ശസ്ത്രക്രിയ നടത്തി ആ വിടവിലൂടെ കമ്പി പുറത്തെടുക്കുകയായിരുന്നു. പ്രവര്‍ത്തനശേഷി പാടെ നശിച്ച ചെറുകുടലിന്റെ ക്ഷതമേറ്റഭാഗം മുറിച്ചുമാറ്റി ബാക്കിഭാഗം തുന്നിച്ചേര്‍ത്തു. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലാക്കിയ രോഗിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണനിലയിലായിട്ടില്ല. 48 മണിക്കൂര്‍ കഴിഞ്ഞുമാത്രമേ ഇയാളുടെ ആരോഗ്യസ്ഥിതിയെപ്പറ്റി പറയാനാകൂവെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരുടെ ടീമില്‍ ഉള്‍പ്പെട്ട ജനറല്‍ സര്‍ജറി അസിസ്റന്റ് പ്രൊഫസറും ആര്‍എം ഒയുമായ ജോബിജോണ്‍ പറഞ്ഞു.

ജനറല്‍ സര്‍ജറിയില്‍നിന്ന് ഡോ. ജോബിജോണിനൊപ്പം ഡോ. വിദ്യ, ന്യൂറോസര്‍ജറി വിഭാഗം തലവന്‍ ഡോ. കെ എല്‍ സുരേഷ്കുമാര്‍, ഡോ. രാജ്ചന്ദ്രന്‍, കാര്‍ഡിയോ തൊറാസിക് സര്‍ജറിയിലെ ഡോ. സുരേഷ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ചിത്ര, ഡോ. ഹരികുമാര്‍ എന്നിവരും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കി.

deshabhimani news 040311

1 comment:

  1. ബംഗാള്‍ സ്വദേശി രാജുദാസിനെ ആശുപത്രിയിലെത്തിക്കുമ്പോള്‍ കമ്പിയില്‍ കോര്‍ത്തിട്ട പച്ചമാംസംപോലെയായിരുന്നു അവസ്ഥ. വേദനകൊണ്ടുപിടഞ്ഞ രാജുവിന്റെ മുഖത്തേക്കുനോക്കാന്‍പോലും ആര്‍ക്കും കഴിഞ്ഞില്ല. നാലുമണിക്കൂര്‍ നീണ്ട അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഈ പതിനെട്ടുകാരന്റെ ശരീരത്തില്‍നിന്ന് മുക്കാല്‍ മീറ്ററോളം നീളംവരുന്ന രണ്ടുകമ്പികള്‍ പുറത്തെടുത്ത് പുതിയ ചരിത്രം സൃഷ്ടിച്ചു.

    ReplyDelete