Monday, March 14, 2011

കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പ്രവാസി സ്‌നേഹം കാപട്യം:

കോണ്‍ഗ്രസും മുസ്‌ലിം ലീഗും പ്രകടിപ്പിക്കുന്ന പ്രവാസിസ്‌നേഹം കാപട്യമാണെന്ന് സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ ഇ ഇസ്മയില്‍ പറഞ്ഞു. കേരള പ്രവാസി ഫെഡറേഷന്‍ മലപ്പുറം ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണകാലത്തൊന്നും ലക്ഷക്കണക്കായ പ്രവാസികള്‍ക്കായി ഒന്നും ചെയ്യാത്തവരാണ് യു ഡി എഫുകാര്‍. 120 ദിവസത്തിലധികം അവധിയില്‍ വന്ന് നാട്ടില്‍ തങ്ങുന്ന പ്രവാസികളില്‍ നിന്ന് നികുതി ഈടാക്കാനാണ് കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനായി അവര്‍  കൊണ്ടുവന്നിരിക്കുന്ന നിയമം പിന്‍വലിപ്പിക്കാന്‍ പ്രക്ഷോഭം നടത്തേണ്ട അവസ്ഥയിലാണ് പാവപ്പെട്ട പ്രവാസികള്‍.  ഏറെക്കാലത്തെ പ്രവാസജീവിതത്തിനൊടുവില്‍ അവധി സംഘടിപ്പിച്ച് നാട്ടിലെത്തുന്ന പ്രവാസികളുടെ കൈയ്യില്‍ നിന്ന് നികുതിയുടെ പേരില്‍ പിടിച്ചുപറി നടത്താനുള്ള ശ്രമങ്ങള്‍െക്കതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഇസ്മയില്‍ മുന്നറിയിപ്പ് നല്‍കി.

കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി കൊണ്ടുവന്ന നിയമനിര്‍മ്മാണത്തിന്റെ മാതൃകയില്‍ കേന്ദ്രസര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നില്ല. രാജ്യത്ത്  പ്രവാസിമേഖലയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. എന്നാല്‍ കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത്. ലക്ഷക്കണക്കിനു പ്രവാസികള്‍ക്ക്  ക്ഷേമനിധിയും പെന്‍ഷനും ചികിത്സാനുകൂല്യങ്ങളും നടപ്പിലാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. ജില്ലാ പൊലീസ് സൂപ്രണ്ടിനുകീഴില്‍ എന്‍ ആര്‍ ഐ സെല്‍ രൂപീകരിച്ച് പ്രവാസി മലയാളികളുടെ ജീവിതത്തിന് ഭദ്രത നല്‍കി. സാമ്പത്തികമാന്ദ്യകാലത്ത് ജോലിനഷ്ടപ്പെട്ട് നാട്ടിലേക്കുമടങ്ങേണ്ടിവന്നവര്‍ക്കായി വായ്പകള്‍ അനുവദിക്കുകയും ചെയ്തു. പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് മറ്റ് പല സഹയങ്ങളും നല്‍കാന്‍ എല്‍ ഡി എഫ് പദ്ധതിയിട്ടിട്ടുണ്ട്. അന്യരാജ്യങ്ങളില്‍ അപകടത്തില്‍പെടുകയോ ജയിലിലാകുകയോ ചെയ്തവരെ നാട്ടിലെത്തിക്കാന്‍ കേരളം നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങള്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണെന്ന് അദ്ദേഹം  പറഞ്ഞു.  പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കായും എല്‍ ഡി എഫ് തിരിച്ച് അധികാരത്തിലേറേണ്ടത് അത്യാവശ്യമാണ്. പ്രവാസികള്‍ ഒറ്റക്കെട്ടായി എല്‍ ഡി എഫിന്റെ വിജയത്തിന്നായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സമ്മേളനത്തില്‍ കേരള പ്രവാസി ഫെഡറേഷന്‍  ജില്ലാ പ്രസിഡന്റ് പാലോളി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. സി പി ഐ ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. എം റഹ്മത്തുള്ള,  മലപ്പുറം ജില്ലാ സെക്രട്ടറി വി ഉണ്ണികൃഷ്ണന്‍, എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് ടി കെ സുന്ദരന്‍, എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ അബ്ദുസമദ്, എ കെ ജബ്ബാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹരിദാസന്‍ മാസ്റ്റര്‍ സ്വാഗതവും സലാം കാരാട്ടില്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി പാലോളി അബ്ദുറഹിമാന്‍ (പ്രസിഡന്റ്), ഇ പി ബഷീര്‍, ടി കെ ഫസലു റഹ്മാന്‍ (വൈസ് പ്രസിഡണ്ടുമാര്‍), എം കെ പ്രദീപ് (സെക്രട്ടറി) പി ഹരിദാസന്‍ മാസ്റ്റര്‍, സലാം കാരാട്ടില്‍ (ജോ. സെക്രട്ടറിമാര്‍), കെ എന്‍ ഉദയന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ജനയുഗം 140311

1 comment:

  1. കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി കൊണ്ടുവന്ന നിയമനിര്‍മ്മാണത്തിന്റെ മാതൃകയില്‍ കേന്ദ്രസര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നില്ല. രാജ്യത്ത് പ്രവാസിമേഖലയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. എന്നാല്‍ കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത്. ലക്ഷക്കണക്കിനു പ്രവാസികള്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ചികിത്സാനുകൂല്യങ്ങളും നടപ്പിലാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. ജില്ലാ പൊലീസ് സൂപ്രണ്ടിനുകീഴില്‍ എന്‍ ആര്‍ ഐ സെല്‍ രൂപീകരിച്ച് പ്രവാസി മലയാളികളുടെ ജീവിതത്തിന് ഭദ്രത നല്‍കി. സാമ്പത്തികമാന്ദ്യകാലത്ത് ജോലിനഷ്ടപ്പെട്ട് നാട്ടിലേക്കുമടങ്ങേണ്ടിവന്നവര്‍ക്കായി വായ്പകള്‍ അനുവദിക്കുകയും ചെയ്തു. പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് മറ്റ് പല സഹയങ്ങളും നല്‍കാന്‍ എല്‍ ഡി എഫ് പദ്ധതിയിട്ടിട്ടുണ്ട്. അന്യരാജ്യങ്ങളില്‍ അപകടത്തില്‍പെടുകയോ ജയിലിലാകുകയോ ചെയ്തവരെ നാട്ടിലെത്തിക്കാന്‍ കേരളം നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങള്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കായും എല്‍ ഡി എഫ് തിരിച്ച് അധികാരത്തിലേറേണ്ടത് അത്യാവശ്യമാണ്. പ്രവാസികള്‍ ഒറ്റക്കെട്ടായി എല്‍ ഡി എഫിന്റെ വിജയത്തിന്നായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

    ReplyDelete