Saturday, March 12, 2011

വിദേശത്ത് നിരോധിച്ച 67 കീടനാശിനികള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നു: ശരദ് പവാര്‍

എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ടതോ ഉപയോഗം കര്‍ശനമായി നിയന്ത്രിച്ചിട്ടുള്ളതുമായ 67 കീടനാശിനികള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് കേന്ദ്ര കൃഷി മന്ത്രി ശരദ് പവാര്‍. ഇന്നലെ രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും ജീവിതവും ദുരിതത്തിലാഴ്ത്തുന്ന എന്‍ഡോ സള്‍ഫാന്‍ പോലുള്ള 67 കീടനാശിനികളാണ് കാര്‍ഷികാവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ ഇപ്പോഴും ഉപയോഗത്തിലുള്ളത്. എന്‍ഡോസള്‍ഫാന്‍ ഉപയോഗം രാജ്യത്ത് നിരോധിക്കണമെന്ന് കേരളം നിരന്തരമായി ആവശ്യം മുന്നോട്ടുവയ്ക്കുകയും സംസ്ഥാനത്ത് ഇതിന്റെ പലയോഗം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് രാജ്യത്ത് എന്‍ഡോ സള്‍ഫാന്‍ പോലുള്ള 67 കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പവാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.പല വിദേശ രാജ്യങ്ങളിലും ഈ കീടനാശിനികള്‍ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണമോ ഉപയോഗം നിരോധിക്കുകയോ ചെയ്തിട്ടുണ്ടെന്നും പവാര്‍ വ്യക്തമാക്കി.

കാല്‍സ്യം സയനഡ് ഉള്‍പ്പെടെ 27 കീടനാശിനികള്‍ രാജ്യത്ത് നിര്‍മ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ടെന്നും പവാര്‍ പറഞ്ഞു. നിക്കോട്ടിന്‍ സള്‍ഫേറ്റ്, ക്യാപ്റ്റാഫോള്‍ എന്നിവയുടെ ഉപയോഗം രാജ്യത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും കയറ്റുമതിക്കായി അവ നിര്‍മിക്കാന്‍ അനുമതിയുണ്ട്. നാല് കീടനാശിനികള്‍ ഇറക്കുമതി ചെയ്യുന്നതിനും നിര്‍മിക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഏഴ് കീടനാശിനികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചിട്ടുണ്ടെന്നും പവാര്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെ 13 കീടനാശിനികള്‍ രാജ്യത്ത് നിയന്ത്രിതമായി ഉപയോഗിക്കാന്‍ അനുമതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എന്തുകൊണ്ടാണ് വിദേശ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ള കീടനാശിനികള്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതെന്ന ചോദ്യത്തിന് ചില രാജ്യങ്ങളില്‍ ഇവ നിരോധിച്ചിട്ടുണ്ടെങ്കിലും ബ്രസീലിലും ഓസ്‌ട്രേലിയയിലും ഇവയുടെ ഉപയോഗം തുടരുന്നുണ്ടെന്നായിരുന്നു പവാറിന്റെ മറുപടി. ഇവയുടെ ഉപയോഗം സംബന്ധിച്ച് എല്ലാ മുന്‍ കരുതലുകളും എടുത്തിട്ടുണ്ട്. ശാസ്ത്ര വിഭാഗത്തിന്റെയും കര്‍ഷക വിഭാഗത്തിന്റെയും അഭിപ്രായം പരിഗണിച്ച ശേഷമാണ് ഇത്തരത്തിലുള്ള കീടനാശിനികളുടെ ഉപയോഗത്തിന് അനുമതി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനയുഗം 120311

1 comment:

  1. എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ടതോ ഉപയോഗം കര്‍ശനമായി നിയന്ത്രിച്ചിട്ടുള്ളതുമായ 67 കീടനാശിനികള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് കേന്ദ്ര കൃഷി മന്ത്രി ശരദ് പവാര്‍. ഇന്നലെ രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

    ReplyDelete