Saturday, March 12, 2011

കണ്‍സ്യൂമര്‍ഫെഡിന്റെ ആസ്ഥാന മന്ദിരത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഗുണ്ടാവിളയാട്ടം

കൊച്ചി: കണ്‍സ്യൂമര്‍ഫെഡിന്റെ ആസ്ഥാന മന്ദിരത്തിലേക്ക് അതിക്രമിച്ച് കയറിയ യൂത്ത് കോണ്‍ഗ്രസുകാര്‍ എംഡിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത് ജീവനക്കാരെ മര്‍ദ്ദിച്ചു. ഓഫീസില്‍ റീജിയണല്‍ മാനേജര്‍മാരുടെ പ്രതിമാസ അവലോകന യോഗം നടക്കുന്നതിനിടെ വൈകീട്ട് നാലോടെയായിരുന്നു ആക്രമണം. വനിതാ ജീവനക്കാരെ ഉള്‍പ്പെടെ കൈയേറ്റം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഡിക്ക് നേരെയും കൈയേറ്റത്തിന് ശ്രമിച്ചു.

കണ്‍സ്യൂമര്‍ഫെഡിന് നേരെ ഒരുമാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ യൂത്ത് കോണ്‍ഗ്രസ് ആക്രമണമാണിത്. അനധികൃത നിയമനം നടക്കുന്നുവെന്നാരോപിച്ച് ഫെബ്രുവരി 28ന് കണ്‍സ്യൂമര്‍ഫെഡിന്റെ ബോര്‍ഡ് യോഗം നടക്കുന്നതിനിടെ ആലപ്പുഴയില്‍ ഓഫീസ് കൈയേറിയിരുന്നു. ഇന്നലെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കേരള സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍വര്‍ക്കേഴ്‌സ് അസോസിയേഷന്റെ (സിഐടിയു) നേതൃത്വത്തില്‍ ജീവനക്കാര്‍ ഇന്ന് രാവിലെ 11 വരെ സംസ്ഥാന വ്യാപകമായി പണിമുടക്കും.
പതിനഞ്ചോളം യൂത്ത് കോണ്‍ഗ്രസുകാരാണ് മുദ്രാവാക്യം മുഴക്കി കണ്‍സ്യൂമര്‍ഫെഡ് ഓഫീസിലേക്ക് എത്തിയത്. തടയാന്‍ ശ്രമിച്ച ഗേറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഭുവനചന്ദ്രനെ അടിച്ചു. തുടര്‍ന്ന് മന്ദിരത്തിന്റെ ഒന്നാംനിലയിലെ എംഡിയുടെ ഓഫീസിലേക്ക് പാഞ്ഞുകയറി. എംഡി റിജി ജി നായരുടെ കാബിനില്‍ കയറിയ സംഘം ഓഫീസ് ഫയലുകളും കസേരയും എടുത്തെറിഞ്ഞു. ജനാല ചില്ല് അടിച്ചുതകര്‍ത്തു. മേശ വലിച്ച് നീക്കി എംഡിയെ വളഞ്ഞുവച്ചു. ഈ സമയം ഓഫീസില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ ഇടപെട്ടതിനാല്‍ എംഡിക്ക് നേരെ ആക്രമണം തടയാനായി. എന്നാല്‍ ജീവനക്കാരില്‍ പലര്‍ക്കും മര്‍ദ്ദനമേറ്റു. ആക്രണം നടക്കുമ്പോള്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ സൗമ്യ തലചുറ്റി വീണു. ടൈപ്പിസ്റ്റ് ഷീല ബെന്നിക്ക് മര്‍ദ്ദനമേറ്റു. മലപ്പുറത്തെ നീതി സ്‌റ്റോര്‍ മാനേജര്‍ സതീശന്‍, കടവന്ത്ര മദ്യവില്‍പ്പനശാലയിലെ പിയൂസ്, വൈറ്റില മദ്യവില്‍പ്പനശാലയിലെ നവീന്‍ എന്നിവര്‍ക്ക് മര്‍ദ്ദനത്തില്‍ സാരമായ പരിക്കേറ്റു.
ഇവരെയും സെക്യൂരിറ്റി ജീവനക്കാരന്‍ ഭുവനചന്ദ്രനെയും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ഥലത്തെത്തിയ കടവന്ത്ര പൊലീസ് ആക്രമി സംഘത്തെ അറസ്റ്റ് ചെയ്തു. എംഡിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ 12 യൂത്ത് കോണ്‍ഗ്രസുകാരെ കോടതിയില്‍ ഹാജരാക്കി. ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഗാന്ധിനഗര്‍ സ്‌നേഹ നഗറില്‍ സുജിത്(23), കളത്തിപ്പറമ്പില്‍ അനൂപ് ഫ്രാന്‍സിസ്(26), കടവന്ത്ര ചിറമേല്‍ ലിജോ ജോസ്(24), കോന്തുരുത്തി മനയ്ക്കന്‍ ടെന്‍സന്‍ ജോണ്‍(27), ഉദയ കോളനിയില്‍ അജയകുമാര്‍(32), ഗാന്ധിനഗര്‍ പുതുപ്പറമ്പില്‍ ഷാന്‍(23), കൃഷ്ണകുമാര്‍(32), പനമ്പിള്ളി നഗര്‍ പോണ്ടിച്ചേരില്‍ അനു ഫ്രാന്‍സിസ്(24), തോമസ്പുരം കണ്ണാരത്ത് സുരേഷ്ബാബു(32), വടുതല അമ്പലത്തിങ്കല്‍ ആല്‍ബര്‍ട്ട്(35), ചളിക്കവട്ടം നെടുങ്കോട്ടതുണ്ടിയില്‍ പത്മദാസ്(29), കടവന്ത്ര അളിക്കകത്ത് പ്രിജു മോന്‍(23) എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

ജന

1 comment:

  1. കൊച്ചി: കണ്‍സ്യൂമര്‍ഫെഡിന്റെ ആസ്ഥാന മന്ദിരത്തിലേക്ക് അതിക്രമിച്ച് കയറിയ യൂത്ത് കോണ്‍ഗ്രസുകാര്‍ എംഡിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത് ജീവനക്കാരെ മര്‍ദ്ദിച്ചു. ഓഫീസില്‍ റീജിയണല്‍ മാനേജര്‍മാരുടെ പ്രതിമാസ അവലോകന യോഗം നടക്കുന്നതിനിടെ വൈകീട്ട് നാലോടെയായിരുന്നു ആക്രമണം. വനിതാ ജീവനക്കാരെ ഉള്‍പ്പെടെ കൈയേറ്റം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഡിക്ക് നേരെയും കൈയേറ്റത്തിന് ശ്രമിച്ചു.

    ReplyDelete