Sunday, March 6, 2011

ധന വിസ്മയം

മുണ്ടുമുറുക്കാതെ 5വര്‍ഷം

2001ല്‍ എ കെ ആന്റണിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കേരളത്തില്‍ ഉയര്‍ന്നുകേട്ട ഒരു വാചകമുണ്ട്. 'മുണ്ട് മുറുക്കിയുടുക്കുക'. എന്നാല്‍, ആ സര്‍ക്കാരിന്റെ അവസാന നാളിലും സാധാരണക്കാരുടെ സ്ഥിതി ദയനീയമായിതന്നെ തുടര്‍ന്നു. ഇടയ്ക്ക് ആന്റണി മാറി ഉമ്മന്‍ചാണ്ടി വന്നിട്ടും അവസ്ഥയ്ക്ക് ഒരുമാറ്റവും വന്നില്ല.

2006 മെയില്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാനത്തിന്റെ സാമ്പത്തികനില പരിതാപകരമായിരുന്നു. യുഡിഎഫ് ഭരണകാലത്ത് റിസര്‍വ് ബാങ്കില്‍നിന്ന് ഓവര്‍ഡ്രാഫ്റ്റ് തരപ്പെടുത്തിയാണ് ദിവസങ്ങള്‍ തള്ളിനീക്കിയത്. ആ സര്‍ക്കാരിന്റെ ആദ്യവര്‍ഷം 222 ദിവസവും രണ്ടാംവര്‍ഷം 196 ദിവസവും മൂന്നാംവര്‍ഷം 178 ദിവസവും നാലാംവര്‍ഷം 161 ദിവസവും അഞ്ചാംവര്‍ഷം മെയ് ഒന്‍പതുവരെ 80 ദിവസവും സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലായിരുന്നു. ട്രഷറികള്‍ അടഞ്ഞുകിടന്നു. സാമൂഹ്യസുരക്ഷാച്ചെലവും വികസനച്ചെലവും വെട്ടിച്ചുരുക്കിയും നിയമനനിരോധനമേര്‍പ്പെടുത്തിയും ആരോഗ്യ-വിദ്യാഭ്യാസമേഖലകള്‍ക്ക് പണം നല്‍കാതെയും പൊതുമേഖലാസ്ഥാപനങ്ങള്‍ വില്‍പ്പനനടത്തിയും പ്രതിസന്ധി തരണംചെയ്യാനാണ് യുഡിഎഫ് ശ്രമിച്ചത്.

2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ നേരിട്ട പ്രധാന വെല്ലുവിളി ദുര്‍ബലമായ ധനസ്ഥിതി കെട്ടുറപ്പുള്ളതാക്കി സംസ്ഥാനത്തെ സാമ്പത്തികവളര്‍ച്ചയുടെ പാതയില്‍ എത്തിക്കുകയെന്നതായിരുന്നു. മുണ്ടുമുറുക്കിയുടുക്കാന്‍ സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടില്ല. ചെലവു ചുരുക്കി കമ്മി കുറയ്ക്കുന്ന നയം ആദ്യംതന്നെ തള്ളി. ഉയര്‍ന്ന ചെലവ് നേരിടാന്‍ വരുമാനമുയര്‍ത്തുക എന്ന ബദല്‍ മാര്‍ഗമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കില്ലെന്ന പ്രഖ്യാപിതനയം സര്‍ക്കാര്‍ മുറുകെ പിടിച്ചു. സമാനതകളില്ലാത്ത നേട്ടങ്ങളാണ് സാമൂഹ്യ ക്ഷേമരംഗത്ത് ഈ അഞ്ചുവര്‍ഷംകൊണ്ട് കൈവരിച്ചത്. 90 കളുടെ അവസാനം ആരംഭിച്ച കാര്‍ഷിക തകര്‍ച്ചയും ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ സമ്മര്‍ദവുമുണ്ടായിട്ടും വളര്‍ച്ച കൈവരിച്ചു എന്നത് ചെറിയ നേട്ടമല്ല.

സര്‍ക്കാരിന്റെ ധനസ്ഥിതിയില്‍ സുസ്ഥിരത കൈവരിച്ചതാണ് എല്‍ഡിഎഫിന്റെ അഞ്ചുവര്‍ഷത്തെ നേട്ടങ്ങളില്‍ പ്രധാനം. സര്‍ക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നികുതി വരുമാനം വര്‍ധിക്കാന്‍ കാരണം. നികുതി ചോര്‍ച്ചയ്ക്കുള്ള പഴുതുകള്‍ അടച്ചു. തനത് നികുതി വരുമാനത്തില്‍ അഞ്ചുവര്‍ഷംക്കൊണ്ട് 129 ശതമാനം വര്‍ധനയാണ് സംസ്ഥാനം നേടിയത്. നികുതി വരുമാനം 7,000 കോടിയില്‍നിന്ന് 16,000 കോടിയായി ഉയര്‍ന്നു.

നികുതി നിരക്ക് ഉയര്‍ത്തിയല്ല വിഭവസമാഹരണത്തില്‍ നേട്ടം കൈവരിച്ചതെന്നതും ശ്രദ്ധേയമാണ്. മദ്യത്തിന്റെ വില്‍പ്പനനികുതിയും സാമൂഹ്യസുരക്ഷക സെസും മാറ്റി നിര്‍ത്തിയാല്‍ ഒരു നികുതി വര്‍ധനയും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഉണ്ടായില്ല. നികുതി ദാതാക്കളുമായി സൌഹാര്‍ദപൂര്‍ണമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കിയ നൂതന പദ്ധതികള്‍ സഹായകമായി. രണ്ടു ദേശീയ പുരസ്കാരങ്ങളാണ് കേരളത്തിന്റെ കംപ്യൂട്ടര്‍വല്‍കൃതനികുതി സമ്പ്രദായത്തിനു ലഭിച്ചത്. ചെക്ക്പോസ്റുകള്‍ ആധുനികവല്‍ക്കരിക്കുകയും അഴിമതി മുക്തമാക്കുകയും ചെയ്തു. നികുതി കണക്കുകള്‍ കംപ്യൂട്ടര്‍ മുഖാന്തിരം നല്‍കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തി. ഇ- പേയ്മെന്റ്, ഇ- റിട്ടേ എന്നിവയിലൂടെ നികുതി വെട്ടിപ്പിനുള്ള പഴുതുകള്‍ കുറഞ്ഞു. വാണിജ്യനികുതി വകുപ്പിലെ ക്രമക്കേടുകളെ വിട്ടുവീഴ്ചയില്ലാതെ നേരിട്ടു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ മുമ്പില്ലാതിരുന്ന വ്യാപാരി സൌഹൃദാന്തരീക്ഷവും കേരളത്തില്‍ സംജാതമായി. ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റിവല്‍ പോലുള്ള പരിപാടിയുടെ വിജയം ഇതിനു തെളിവാണ്. നികുതിയേതര വരുമാനത്തിലും വന്‍ വര്‍ധന ഉണ്ടാക്കി.

ട്രഷറികള്‍ തുറക്കാത്ത യുഡിഎഫ് കലികാലം

ദിവസങ്ങളോളം അടഞ്ഞുകിടക്കുന്ന ട്രഷറികള്‍, കുടിശ്ശികയായ ക്ഷേമപെന്‍ഷനുകള്‍, ധനകമ്മിയും റവന്യൂകമ്മിയും കുത്തനെ കൂടി സംസ്ഥാനത്തിന് കേന്ദ്രം വായ്പപോലും നിഷേധിക്കുന്ന അവസ്ഥ. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് കേരളത്തിന്റെ സാമ്പത്തികസ്ഥിതി ഇതായിരുന്നു. മാസംതോറും 500 കോടി രൂപയിലേറെ കടമെടുത്തും കേന്ദ്രസഹായം മുന്‍കൂറായി വാങ്ങിയുമാണ് പലപ്പോഴും ട്രഷറികള്‍ തുറന്നുപ്രവര്‍ത്തിച്ചത്. പദ്ധതിയിതര ചെലവുകള്‍ നിയന്ത്രിച്ചും റവന്യൂ വരുമാനം മെച്ചപ്പെടുത്തിയും സംസ്ഥാനത്തിന്റെ ധനസ്ഥിതി ശരിയായ വഴിയില്‍ കൊണ്ടുവരുമെന്ന വാഗ്ദാനം ജലരേഖയായി. പൊതുകടവും റവന്യൂകമ്മിയും ധനകമ്മിയും കുറയ്ക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. പൊതുകടം ഭയാനകമാംവിധം വര്‍ധിച്ചതായി 2004ലെ സാമ്പത്തികാവലോകനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കരാറുകര്‍ക്ക് 1300 കോടിയിലേറെ കുടിശ്ശികയാക്കിയാണ് യുഡിഎഫ് അധികാരമൊഴിഞ്ഞത്. കര്‍ഷകത്തൊഴിലാളി പെന്‍ഷനില്‍ 188 കോടിയും (27 മാസം), കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളില്‍ 78 കോടിയും തൊഴില്‍രഹിതവേതനത്തില്‍ 148 കോടി രൂപയുമായിരുന്നു കുടിശ്ശിക. ഹഡ്കോ, എല്‍ഐസി, എന്‍സിഡിസി എന്നിവയ്ക്കും 1000 കോടിയിലേറെ രൂപ തിരിച്ചടയ്ക്കാന്‍ ബാക്കിവച്ചു.

ധന വിസ്മയം

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ധനമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ആരും തലകുലുക്കി സമ്മതിക്കുന്ന ഒരു കാര്യമുണ്ട്- മികച്ച ധനമാനേജ്മെന്റ്. ദിശാബോധത്തോടെയുള്ള കര്‍മപരിപാടികളിലൂടെയാണ് ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധനേടിയ ധനമാനേജ്മെന്റ് ഡോ. തോമസ് ഐസക് നടപ്പാക്കിയത്. 2009-10ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് മികച്ച ധനമാനേജ്മെന്റിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന വളര്‍ച്ച നിരക്കാണ് കേരളം കൈവരിച്ചത്. അഞ്ചുവര്‍ഷംകൊണ്ട് ഒമ്പതു ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. ഇത് സര്‍വകാല റെക്കോഡാണ്. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഏറ്റവും വളര്‍ച്ചനിരക്കുള്ള സംസ്ഥാനമായി കേരളം മാറും. അടിസ്ഥാനസൌകര്യ വികസനത്തിലും നിക്ഷേപ സൌഹൃദ സാഹചര്യമൊരുക്കുന്നതിലും ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമായി കേരളം മാറി. നികുതിവരുമാനത്തിലും വന്‍ വര്‍ധനയുണ്ടായി. പൊതുകടം കുറഞ്ഞു. ജനങ്ങളെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കാതെയാണ് വിഭവസമാഹരണവും വിനിയോഗവും നടത്തിയത്.

അഞ്ചു വര്‍ഷംമുമ്പ് നികുതിപിരിവ് കുത്തഴിഞ്ഞ നിലയിലായിരുന്നു. യുഡിഎഫ് ഭരണകാലത്ത് റവന്യൂ നികുതിപോലും പിരിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റതോടെ നികുതിപിരിവ് കാര്യക്ഷമമാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ തനതുവരുമാനം 23,198 കോടി രൂപയായി വര്‍ധിച്ചു. അഞ്ചുവര്‍ഷംമുമ്പ് ഇത് 9782 കോടി രൂപമാത്രമായിരുന്നു. റവന്യൂ കമ്മി ഗണ്യമായി കുറയ്ക്കാന്‍ ഇത് സഹായിച്ചു. 2004-05ല്‍ 3.3 ശതമാനമായിരുന്ന കമ്മി 2009-10ല്‍ 1.48 ശതമാനമായി കുറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പൊതുമേഖലയുടെ വാര്‍ഷിക നഷ്ടം 100 കോടി രൂപയായിരുന്നു. എന്നാല്‍, മികച്ച പ്രവര്‍ത്തനത്തിലൂടെ നഷ്ടം നികത്തുക മാത്രമല്ല, 200 കോടി രൂപ ലാഭമുണ്ടാക്കാനും സാധിച്ചു. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും പരമ്പരാഗത വ്യവസായങ്ങള്‍ക്കും മുന്‍ഗണന നല്‍കിയാണ് ധനവകുപ്പ് അഞ്ചു വര്‍ഷവും പ്രവര്‍ത്തിച്ചത്. സമൂഹത്തിന്റെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ക്ഷേമപദ്ധതികളിലൂടെ ആശ്വാസമേകി. മത്സ്യ, കയര്‍, കശുവണ്ടി, കൈത്തറി തൊഴിലാളികള്‍ക്ക് ആശ്വാസപദ്ധതികള്‍ നടപ്പാക്കി. 500 കോടി രൂപയാണ് 2009-10 വര്‍ഷം ഇതിനായി നീക്കിവച്ചത്. കൃഷി, ടൂറിസം, ഐടി തുടങ്ങിയ മേഖലകളിലും വന്‍ വളര്‍ച്ചയുണ്ടായി. സുസ്ഥിര വികസനപദ്ധതികള്‍ക്കായി ഹരിതഫണ്ട്, കാര്‍ഷിക കടാശ്വാസം തുടങ്ങിയവയും ധനവകുപ്പിന്റെ നിസ്തുലമായ നേട്ടങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ വികലവും ജനവിരുദ്ധവുമായ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പൊരുതിയാണ് കേരളം അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ചത്. സംസ്ഥാനത്തിന്റെ വായ്പാ പരിധി ചുരുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ കേരളത്തെ പ്രതികൂലമായി ബാധിച്ചു. വായ്പാസമ്മര്‍ദം നേരിടുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് ഇപ്പോള്‍ കേരളം. നേരത്തെ ആഭ്യന്തരവരുമാനത്തിന്റെ 35 ശതമാനം കടബാധ്യതയുള്ള സംസ്ഥാനങ്ങളെയാണ് വായ്പാസമ്മര്‍ദമുള്ള സംസ്ഥാനങ്ങളായി നിര്‍വചിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ അത് 27 ശതമാനമായി കുറച്ചു. മറ്റ് മാനദണ്ഡങ്ങളും ഇതുപോലെ താഴ്ത്തിയിട്ടുണ്ട്. സാമ്പത്തിക സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലല്ല ഈ മാറ്റങ്ങള്‍. പരമാവധി ദ്രോഹിക്കുക എന്നതുമാത്രമാണ് ഇത്തരം നടപടിയിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശ്യം. ഇങ്ങനെ കേന്ദ്രം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കൂടി അതിജീവിച്ചാണ് സംസ്ഥാനത്ത് ഇന്നുകാണുന്ന പുരോഗതിയും സാമ്പത്തിക സ്ഥിരതയും എല്‍ഡിഎഫിനുണ്ടാക്കാനായത്.

പൂട്ടാത്ത ട്രഷറി

കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ ഒരു ദിവസംപോലും ട്രഷറി ഓവര്‍ഡ്രാഫ്റ്റിലായില്ല. നടപ്പുവര്‍ഷത്തില്‍ ഇതുവരെ ഒരു ദിവസംപോലും റിസര്‍വ് ബാങ്കില്‍നിന്നു കൈവായ്പ വാങ്ങേണ്ടി വന്നിട്ടില്ല. ഏതാണ്ടെല്ലാ വെയ്സ് ആന്‍ഡ് മീന്‍സ് നിയന്ത്രണങ്ങളും വേണ്ടെന്നുവച്ചു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ കേരളത്തില്‍ ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഭൂരിപക്ഷം ദിവസങ്ങളിലും ട്രഷറി ഓവര്‍ഡ്രാഫ്റ്റിലായിരുന്നു എന്നോര്‍ക്കണം.

സര്‍ക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെട്ടതിന്റെ അടിസ്ഥാനകാരണം വരുമാനത്തിലുണ്ടായ വര്‍ധന. നികുതിവരുമാനം 2005-06ല്‍ 7000 കോടി രൂപ ആയിരുന്നത് 2010-11ല്‍ ഏതാണ്ട് 16,000 കോടി രൂപയായി ഉയര്‍ന്നു. യാഥാസ്ഥിതിക ധനനയങ്ങള്‍ക്കു പകരം സംസ്ഥാനത്തിന്റെ ക്ഷേമവികസന ആവശ്യങ്ങള്‍ അടിസ്ഥാനമാക്കിയുളള സമീപനമാണു സ്വീകരിച്ചത്. ഇതിന്റെ ഫലമായി 2001-06 കാലയളവില്‍ സര്‍ക്കാര്‍ ചെലവ് 53 ശതമാനംമാത്രം വര്‍ധിച്ചപ്പോള്‍, ഈ സര്‍ക്കാരിന്റെ കാലത്ത് 100 ശതമാനത്തിലേറെ വര്‍ധിച്ചു. അതായത്, 2005-06ലെ 19,528 കോടി രൂപയില്‍നിന്ന് 2010-11ല്‍ 39,790 കോടി രൂപയായി സര്‍ക്കാര്‍ ചെലവ് ഉയര്‍ന്നു. മൂലധനച്ചെലവിന്റെ കാര്യത്തിലും ഇക്കാലത്ത് ഗുണപരമായ മാറ്റമുണ്ടായി. സര്‍ക്കാരിന്റെ മൊത്തം ചെലവില്‍ 5.65 ശതമാനമായിരുന്ന മൂലധനച്ചെലവ് 12.51 ശതമാനമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള വിഹിതം 6.6 ശതമാനത്തില്‍നിന്ന് എട്ടു ശതമാനമായി. പദ്ധതിച്ചെലവ് 22.0 ശതമാനത്തില്‍നിന്ന് 25.3 ശതമാനമായി. വികസനച്ചെലവ് 53 ശതമാനത്തില്‍നിന്ന് 55 ശതമാനമായി ഉയര്‍ന്നു. സര്‍ക്കാരിന്റെ ചെലവ് ഇരട്ടിയായപ്പോഴും കമ്മി താഴ്ത്തി നിര്‍ത്തുന്നതില്‍ വിജയിച്ചു. 2001-06 കാലയളവില്‍ റവന്യൂവരുമാനത്തിന്റെ 28.5 ശതമാനമായിരുന്ന റവന്യൂ കമ്മി 2006-11-ല്‍ 15.5 ശതമാനമായി താണു. ധനകമ്മിയും ഗണ്യമായി താഴ്ന്നു.

ദേശാഭിമാനി 060311

1 comment:

  1. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ധനമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ആരും തലകുലുക്കി സമ്മതിക്കുന്ന ഒരു കാര്യമുണ്ട്- മികച്ച ധനമാനേജ്മെന്റ്. ദിശാബോധത്തോടെയുള്ള കര്‍മപരിപാടികളിലൂടെയാണ് ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധനേടിയ ധനമാനേജ്മെന്റ് ഡോ. തോമസ് ഐസക് നടപ്പാക്കിയത്. 2009-10ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് മികച്ച ധനമാനേജ്മെന്റിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന വളര്‍ച്ച നിരക്കാണ് കേരളം കൈവരിച്ചത്. അഞ്ചുവര്‍ഷംകൊണ്ട് ഒമ്പതു ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. ഇത് സര്‍വകാല റെക്കോഡാണ്. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഏറ്റവും വളര്‍ച്ചനിരക്കുള്ള സംസ്ഥാനമായി കേരളം മാറും. അടിസ്ഥാനസൌകര്യ വികസനത്തിലും നിക്ഷേപ സൌഹൃദ സാഹചര്യമൊരുക്കുന്നതിലും ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമായി കേരളം മാറി. നികുതിവരുമാനത്തിലും വന്‍ വര്‍ധനയുണ്ടായി. പൊതുകടം കുറഞ്ഞു. ജനങ്ങളെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കാതെയാണ് വിഭവസമാഹരണവും വിനിയോഗവും നടത്തിയത്.

    ReplyDelete