Sunday, March 6, 2011

ലോട്ടറി: പ്രധാനമന്ത്രി ഒറ്റ കത്തുമയച്ചിട്ടില്ല- മുഖ്യമന്ത്രി

അന്യസംസ്ഥാന ലോട്ടറിക്കേസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് താന്‍ നല്‍കിയ കത്തുകള്‍ക്ക് പ്രധാനമന്ത്രി ഒറ്റ മറുപടിപോലും അയച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. പ്രധാനമന്ത്രി മൂന്ന് കത്തയച്ചെന്ന് പ്രചരിപ്പിക്കുന്നവര്‍ അതിലൊരു കത്തിന്റെ കോപ്പിയെങ്കിലും കാണിക്കട്ടെയെന്ന് മുഖ്യമന്ത്രി വെല്ലുവിളിച്ചു. ലോട്ടറിമാഫിയയുടെ സംരക്ഷകരായ കോണ്‍ഗ്രസും പ്രതിപക്ഷവും പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

 പ്രധാനമന്ത്രിയുടെ മറുപടി സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിയെന്നാണ് യുഡിഎഫ് ആരോപണം. പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് മൂന്ന് കത്തയച്ചെന്നാണ് മനോരമ കണ്ടെത്തല്‍. 2010 ഡിസംബര്‍ 23ന് സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കയച്ച കത്തിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ല. ചീഫ് സെക്രട്ടറിക്ക് മറുപടി അയച്ചു എന്നാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞത്. അങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി രേഖാമൂലം അറിയിച്ചു. ഫെബ്രുവരി 28ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് വിളിച്ചന്വേഷിച്ചു. കത്ത് കാണുകപോലും ചെയ്തിട്ടില്ലാത്ത ഏതോ ഒരു ഡയറക്ടര്‍, ജനുവരി 24ന് അയച്ചതെന്നവകാശപ്പെട്ട് രണ്ടു വാചകംമാത്രമുള്ള ഒരു കത്ത് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ഓഫീസിലേക്ക് ഫാക്സ് ചെയ്തു. ഡിസംബര്‍ 29ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് താനയച്ച കത്തിന്റെ മറുപടി എന്നാണ് ഇതില്‍ പറഞ്ഞത്. അങ്ങനെയൊരു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് അയച്ചിട്ടേയില്ല. കത്തിലെ ഒരു വാചകം വിചിത്രമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രിക്കയച്ച കത്തിന് അദ്ദേഹം നല്‍കിയ മറുപടിയുടെ കോപ്പിയും മുഖ്യമന്ത്രിക്ക് അയച്ചുതരാന്‍ നിര്‍ദേശമുണ്ട് എന്നാണത്. ആരാണ് ഇങ്ങനെ നിര്‍ദേശിച്ചതെന്നോ ആഭ്യന്തരമന്ത്രിയുടെ മറുപടി പ്രധാനമന്ത്രി എന്തിന് തനിക്ക് അയക്കുന്നു എന്നോ കത്തില്‍ പറഞ്ഞിട്ടുമില്ല. ഇതേ കത്ത് മാര്‍ച്ച് രണ്ടിന് വീണ്ടും മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് ഫാക്സ് ചെയ്തിട്ടുണ്ട്. ഇതുകൂടി ചേര്‍ത്താണ് മൂന്ന് കത്തയച്ചെന്ന മനോരമയുടെ വാര്‍ത്ത. ഒരിക്കല്‍ക്കൂടി ഫാക്സ് ചെയ്താല്‍ നാലു കത്തയച്ചെന്നാകും ഇക്കൂട്ടര്‍ പറയുക.

സിബിഐ അന്വേഷണകാര്യത്തില്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ അധികാരമുണ്ടായിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രി പറയുന്നതിനനുസരിച്ച് തുള്ളുകയാണ് പ്രധാനമന്ത്രി. പ്രധാനമന്ത്രി അയച്ചതായി പറയുന്ന കത്തിന്റെ കോപ്പി കാണിക്കാന്‍ പ്രതിപക്ഷത്തിനാകുമോ. ഇനിയും നുണ പറഞ്ഞു നടക്കരുതെന്ന് പ്രതിപക്ഷത്തെ മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

സംസ്ഥാനം എഫ്ഐആര്‍ രജിസ്റര്‍ചെയ്താലേ സിബിഐ അന്വേഷിക്കൂ എന്നാണ് കേന്ദ്രന്യായം. വസ്തുത ഇതല്ല. അന്വേഷണത്തിന് ഉത്തരവിടാന്‍ കേന്ദ്രത്തിന് പൂര്‍ണ അധികാരമുണ്ട്. അന്യസംസ്ഥാന ലോട്ടറി നിരോധിക്കണമെന്ന ആവശ്യത്തിന് ചിദംബരം മറുപടി നല്‍കിയിട്ടുമില്ല. സാമ്പത്തിക കുറ്റകൃത്യങ്ങളിലേക്ക് അന്വേഷണം ചെന്നെത്തുമെന്ന് ഭയന്നാണ് സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിടാത്തത്. സിബിഐ അന്വേഷണത്തെ കോണ്‍ഗ്രസ് പേടിക്കുന്നത് ജനങ്ങള്‍ക്ക് മനസ്സിലായതിന്റെ ജാള്യം മറയ്ക്കാനാണ് വി ഡി സതീശന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണമാവശ്യപ്പെട്ട് 2006ല്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജിയില്‍ അന്വേഷണത്തിന് അനുകൂലമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു. ആ കേസില്‍ കക്ഷി ചേരുന്നതിനു പകരം തെരഞ്ഞെടുപ്പടുത്തപ്പോള്‍ മിടുക്കനാകാന്‍ ലക്ഷ്യമിട്ടാണ് സതീശന്‍ കോടതിയിലെത്തിയത്. എല്‍ഡിഎഫ് അധികാരത്തിലിരിക്കുമ്പോള്‍ കേരളത്തെ കൊള്ളയടിക്കാന്‍ അന്യസംസ്ഥാന ലോട്ടറിക്കാരെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോട്ടറി കത്ത്: പ്രധാനമന്ത്രി കാര്യാലയം സംശയനിഴലില്‍


ലോട്ടറിവിഷയത്തില്‍ പ്രധാനമന്ത്രി കാര്യാലയം വ്യാജക്കത്ത് തയ്യാറാക്കിയെന്ന ഗുരുതര ആക്ഷേപമുയരുന്നു. ജനുവരി 24നു മുഖ്യമന്ത്രിക്ക് പിഎംഒ അയച്ചെന്നു പറയപ്പെടുന്ന കത്താണ് സംശയത്തിന്റെ നിഴലിലായത്. കത്തിലെ വസ്തുതാപരമായ പിശകുകളും സാഹചര്യത്തെളിവുകളും കത്ത് വ്യാജനിര്‍മിതമാണെന്ന സംശയം ശക്തിപ്പെടുത്തുന്നു. കത്തിനു പിന്നില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെട്ട ഉന്നതതല ഗൂഢാലോചനയും നടന്നിട്ടുണ്ട്. കത്തുകളുടെ പരമ്പര ഇങ്ങനെ:

2010 നവംബര്‍ 29ന് ആഭ്യന്തരമന്ത്രി പി ചിദംബരത്തിനു മുഖ്യമന്ത്രി ആദ്യ കത്തയച്ചു. രണ്ടു വിഷയമാണ് ഉന്നയിച്ചിരുന്നത്. ഒന്ന്, ലോട്ടറി ചട്ടത്തിലെ ആറാംവകുപ്പു പ്രകാരം ഭുട്ടാന്‍ ലോട്ടറി നിരോധിക്കുക. രണ്ട്, കേരള സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്ന ലോട്ടറി ചട്ടലംഘനങ്ങള്‍ സിബിഐയോ എന്‍ഐഎയോ അന്വേഷിക്കുക. ഈ കത്തിന് കൃത്യം ഒരു മാസത്തിനു ശേഷം ഡിസംബര്‍ 29 നാണ് ചിദംബരം മറുപടി അയച്ചത്. ലോട്ടറി നിരോധനത്തിന് ഒട്ടേറെ നടപടിക്രമമുണ്ടെന്നും വിദേശ മന്ത്രാലയവുമായും വാണിജ്യമന്ത്രാലയവുമായും മറ്റും ബന്ധപ്പെട്ടു വരികയാണെന്നുമായിരുന്നു മറുപടി. ചിദംബരത്തിന്റെ മറുപടി വൈകുന്ന സാഹചര്യത്തില്‍ ഡിസംബര്‍ 23നാണ് നേരിട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചത്. അന്യസംസ്ഥാന ലോട്ടറികള്‍ നടത്തുന്ന തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നും നേരത്തെ ആഭ്യന്തരമന്ത്രിക്കും ഇപ്പോള്‍ പ്രധാനമന്ത്രിക്കും താനയക്കുന്ന കത്തിനെ സംസ്ഥാനത്തിന്റെ അനുമതിയായി കാണണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഈ കത്തിനോട് രണ്ടു മാസത്തോളം പിഎംഒ പ്രതികരിച്ചില്ല.

ലോട്ടറി നിരോധിക്കാനും അന്വേഷണം നടത്താനും കേന്ദ്രം മടിക്കുന്നത് കേരളത്തില്‍ വിവാദമായതോടെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമടക്കമുള്ള യുഡിഎഫ് നേതാക്കള്‍ രഹസ്യമായി ഡല്‍ഹിക്ക് പറന്നു. ഫെബ്രുവരി 26ന് ഇരുവരും പിഎംഒയിലെ ഉന്നതരുമായി ചര്‍ച്ച നടത്തി. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും വിഷയത്തില്‍ ഇടപെട്ടു. രണ്ടുമാസമായിട്ടും അനക്കമില്ലാതിരുന്ന പിഎംഒ പെട്ടെന്ന് ചലിച്ചു. ഫെബ്രുവരി 28നു പ്രധാനമന്ത്രി കാര്യാലയത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫാക്സില്‍ ആദ്യ മറുപടിയെത്തി. മുഖ്യമന്ത്രിയുടെ സെക്രട്ടറി മനോജ് ജോഷിക്ക് പ്രധാനമന്ത്രി കാര്യാലയത്തിലെ ഡയറക്ടര്‍ അമിത് അഗര്‍വാളാണ് രണ്ടുവരി കത്തയച്ചത്. ജനുവരി 24നു മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചിരുന്നെന്നും അതിന്റെ പകര്‍പ്പും ആഭ്യന്തരമന്ത്രി നേരത്തെ അയച്ച മറുപടിയുടെ പകര്‍പ്പും അയക്കുന്നുവെന്നുമായിരുന്നു ഫാക്സ് സന്ദേശത്തിലുണ്ടായിരുന്നത്. ഇതേ കത്തുകള്‍ തന്നെ മാര്‍ച്ച് രണ്ടിനു വീണ്ടും ഫാക്സില്‍ അയച്ചു.

എന്നാല്‍, ജനുവരി 24ന് അയച്ചെന്ന് പിഎംഒ അവകാശപ്പെടുന്ന കത്തില്‍ ഗുരുതരമായ പിശകുണ്ട്. മുഖ്യമന്ത്രി ഡിസംബര്‍ 29നുപ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തിനുള്ള മറുപടിയെന്നാണ് കത്തിന്റെ ആമുഖത്തില്‍ പറയുന്നത്. ഡിസംബര്‍ 29നു മുഖ്യമന്ത്രി ഒരു കത്തും അയച്ചിട്ടില്ല. ഡിസംബര്‍ 23നാണ് അയച്ചിട്ടുള്ളത്. മാത്രമല്ല, ഈ കത്ത് പ്രധാനമന്ത്രിക്കാണ് അയച്ചത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കല്ല. വ്യാജക്കത്ത് തിടുക്കത്തില്‍ തയ്യാറാക്കുന്നതിനിടെ പിശക് സംഭവിച്ചെന്നു കരുതാം. പിഎംഒ തയ്യാറാക്കിയ വ്യാജക്കത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. പിഎംഒ ഡയറക്ടര്‍ ആശിഷ് ഗുപ്തയാണ് കത്ത് തയ്യാറാക്കിയത്. ഇത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കേന്ദ്രത്തിന് അയച്ച എല്ലാ കത്തിനും തെളിവുകള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍, ജനുവരി 24ന് അയച്ചെന്ന് പിഎംഒ അവകാശപ്പെടുന്ന കത്തിനു മാത്രം തെളിവില്ല.
(എം പ്രശാന്ത്)

ലോട്ടറി അന്വേഷണത്തിന് സംസ്ഥാനത്തിന്റെ സമ്മതം മാത്രം മതി

അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ കേരളത്തില്‍ അഞ്ഞൂറോളം കേസ് നിലനില്‍ക്കേ സിബിഐ അന്വേഷണത്തിന് എഫ്ഐആര്‍ വേണമെന്ന കേന്ദ്രനിലപാട് പരിഹാസ്യമാകുന്നു. സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന കേന്ദ്ര നിലപാടും അടിസ്ഥാനരഹിതമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സിബിഐയുടെ രൂപീകരണവും പ്രവര്‍ത്തനവും ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ എസ്റാബ്ളിഷ്മെന്റ് ആക്ട് പ്രകാരമാണ്. കേന്ദ്രം നിര്‍ദേശിക്കുന്ന കേസുകള്‍ മാത്രമാണ് സിബിഐക്ക് അന്വേഷിക്കാനാകുക. വിവിധ സംസ്ഥാനങ്ങളിലെ നിയമലംഘനങ്ങളും കേന്ദ്ര ഉത്തരവു പ്രകാരം സിബിഐക്ക് അന്വേഷിക്കാനാകും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്നു മാത്രം. നിയമത്തിലെ ആറാംവകുപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയെന്നു മാത്രമാണ് നിയമത്തില്‍ പറയുന്നത്. അതല്ലാതെ എഫ്ഐആര്‍ വേണമെന്നോ പ്രത്യേക വിജ്ഞാപനം വേണമെന്നോ ചട്ടമില്ല. 2005ല്‍ സുപ്രധാനമായ ബാലകൃഷ്ണ റെഡ്ഡി- സിബിഐ കേസില്‍ സുപ്രീംകോടതി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സമ്മതമെന്നാല്‍ ഉത്തരവെന്നോ വിജ്ഞാപനമെന്നോ അര്‍ഥമില്ലെന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്

വീണ്ടും മുഖ്യമന്ത്രി കത്ത് നല്‍കി

ലോട്ടറി വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്ക് വീണ്ടും കത്ത് നല്‍കി. നേരിട്ട് കാണാന്‍ അനുമതി ചോദിച്ചെങ്കിലും പ്രധാനമന്ത്രിക്ക് തിരക്കായതിനാല്‍ അവസരം ലഭിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി കത്ത് കൈമാറിയത്. ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റാബ്ളിഷ്മെന്റ് ആക്ടിലെ ആറാം വകുപ്പ് അനുശാസിക്കുന്ന രീതിയില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നതായി കത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് അഞ്ഞൂറിലേറെ എഫ്ഐആര്‍ രജിസ്റര്‍ ചെയ്തതായും കത്തില്‍ പറഞ്ഞു. എഫ്ഐആര്‍ രജിസ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നല്‍കിയ കാര്യം കത്തില്‍ മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. കഴിഞ്ഞ നവംബര്‍ 29ന് കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരത്തിനും ഡിസംബര്‍ 23, ജനുവരി മൂന്നിന് പ്രധാനമന്ത്രിക്കും അയച്ച കത്തുകളുടെ പകര്‍പ്പും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.

ദേശാഭിമാനി 060311

1 comment:

  1. അന്യസംസ്ഥാന ലോട്ടറിക്കേസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് താന്‍ നല്‍കിയ കത്തുകള്‍ക്ക് പ്രധാനമന്ത്രി ഒറ്റ മറുപടിപോലും അയച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. പ്രധാനമന്ത്രി മൂന്ന് കത്തയച്ചെന്ന് പ്രചരിപ്പിക്കുന്നവര്‍ അതിലൊരു കത്തിന്റെ കോപ്പിയെങ്കിലും കാണിക്കട്ടെയെന്ന് മുഖ്യമന്ത്രി വെല്ലുവിളിച്ചു. ലോട്ടറിമാഫിയയുടെ സംരക്ഷകരായ കോണ്‍ഗ്രസും പ്രതിപക്ഷവും പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete