Saturday, March 5, 2011

അടൂര്‍ പ്രകാശ് നല്‍കിയ മുഴുവന്‍ ലൈസന്‍സിലും അഴിമതി

ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഭക്ഷ്യ-സിവില്‍ സപ്ളൈസ് മന്ത്രിയായിരിക്കെ അടൂര്‍ പ്രകാശ് നല്‍കിയ 27 റേഷന്‍ മൊത്ത വ്യാപാര ലൈസന്‍സിലും അഴിമതി നടന്നതായി വിജിലന്‍സിന് വിവരം ലഭിച്ചു. വന്‍കിട വ്യാപാരികളുടെ ബിനാമികളാണ് മിക്കയിടത്തും ലൈസന്‍സ് സമ്പാദിച്ചത്. വിദൂര ജില്ലകളിലുള്ളവര്‍ വ്യാജ റസിഡന്റ്സ് സര്‍ട്ടിഫിക്കറ്റുണ്ടാക്കിയും ലൈസന്‍സ് സ്വന്തമാക്കി. മലബാറിലെ എട്ട് അപേക്ഷകരില്‍ അഞ്ചു പേര്‍ക്കും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഒരാളാണ്. ഓമശ്ശേരി, കണ്ണൂരിലെ ചക്കരക്കല്ല്, മട്ടന്നൂര്‍, വെസ്റ്റ്ഹില്ലിലെ രണ്ട് ലൈസന്‍സികള്‍ എന്നിവയാണിത്. മലപ്പുറം സ്വദേശിയും വന്‍ വ്യാപാരിയുമായ ഇദ്ദേഹത്തിന് മലപ്പുറത്ത് വര്‍ഷങ്ങളായി റേഷന്‍ മൊത്ത വ്യാപാര ബിസിനസ്സുണ്ട്. ഓമശ്ശേരിയിലേതടക്കം അഞ്ച് ലൈസന്‍സും ഈ വ്യാപാരിയുടേതാണെന്നാണ് സൂചന.

ചക്കരക്കല്ലില്‍ ലൈസന്‍സ് ലഭിച്ചത് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി സയ്യിദ് ജെഫ്രിക്കാണ്. മട്ടന്നൂരിലാകട്ടെ 30 കിലോമിറ്റര്‍ അകലെയുള്ള കോടിയേരി സ്വദേശിക്കും. കോഴിക്കോട്ടെ ഓമശ്ശേരിയില്‍ ലൈസന്‍സ് അനുവദിക്കാന്‍ 25 ലക്ഷം രൂപയാണ് കെപിസിസി സെക്രട്ടറിയും റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ പ്രസിഡന്റുമായ എന്‍ കെ അബ്ദുറഹിമാനോടു പോലും മന്ത്രി ചോദിച്ചത്. ഓമശ്ശേരിയുടെ തൊട്ടടുത്ത പഞ്ചായത്തുകാരനായിട്ടും ഇദ്ദേഹത്തിന് നല്‍കാതെ മലപ്പുറം ഊരകം സ്വദേശി കെപി സമീര്‍ നവാസിന് ലൈസന്‍സ് കൊടുത്തു. ലൈസന്‍സ് ലഭിച്ച ശേഷമാണ് സമീര്‍ ഓമശ്ശേരിയില്‍ വാടക വീടെടുത്ത് റേഷന്‍ കാര്‍ഡും മറ്റും സംഘടിപ്പിച്ചത്. ഇക്കാര്യം തെളിവ് സഹിതം വിജിലന്‍സിന് ബോധ്യമായി. പരാതിയുള്ളതിനാല്‍ ഓമശ്ശേരിയിലെ ലൈസന്‍സിന്റെ പിന്നാമ്പുറം മാത്രമേ പൊലീസ് സൂക്ഷ്മമായി അന്വേഷിച്ചിട്ടുള്ളൂ. ഇതിനുപുറമെ മലബാറിലെ എട്ട് ലൈസന്‍സുകളുടേതടക്കം മറ്റിടങ്ങളിലെ പൊതുവിവരവും ശേഖരിച്ചു. മലബാറിലെ മറ്റ് നാലിടത്തുകൂടി വന്‍ ക്രമക്കേട് നടന്നതായാണ് വിവരം.

ഇടുക്കി തുടങ്ങി പല ജില്ലയിലും അഴിമതി നടന്നതായും സൂചന ലഭിച്ചു. റേഷന്‍ ഗോതമ്പും അരിയും മില്ലുകള്‍ക്ക് മറിച്ചുവില്‍ക്കുന്നതിലുള്ള ലാഭമാണ് പലയിടത്തും ബിനാമികളിലൂടെ ഡിപ്പോ ലൈസന്‍സ് സ്വന്തമാക്കാന്‍ വന്‍തോക്കുകളെ പ്രേരിപ്പിക്കുന്നത്. ഓമശ്ശേരിയിലെ ഒറ്റക്കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഏഴ് വര്‍ഷം തടവാണ് മുന്‍മന്ത്രിക്ക് ലഭിക്കുക. 27 ലൈസന്‍സിനെക്കുറിച്ചും വിജിലന്‍സ് അന്വേഷിച്ചിരുന്നെങ്കില്‍ ജയിലില്‍ നിന്നിറങ്ങാന്‍ കഴിയാത്തവിധം അടൂര്‍ പ്രകാശ് കുടുങ്ങിയേനെ.

അടൂര്‍ പ്രകാശിനെ കുടുക്കിയതും കോണ്‍ഗ്രസ് നേതാവ്

അഴിമതിയെന്നു കേട്ടാല്‍ തിളയ്ക്കും ചോര ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ഞരമ്പുകളില്‍. മുന്‍ മന്ത്രി അടൂര്‍ പ്രകാശിനെതിരെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ കേസ് രജിസ്റര്‍ ചെയ്തതോടെ ചോരത്തിളപ്പ് അല്‍പ്പം കൂടിയിട്ടുണ്ട്. ജയിലിലേക്ക് യാത്രയയക്കേണ്ടവരുടെ പട്ടികയില്‍ ഒരാള്‍കൂടി വന്നതിന്റെയാണ്, അല്ലാതെ അഴിമതിയോടു പ്രത്യേകിച്ച് വിരോധമുണ്ടായിട്ടൊന്നുമല്ല, ഈ തിളപ്പ്. ഈ സര്‍ക്കാര്‍ രാഷ്ട്രീയപ്രേരിതമായി കേസെടുത്ത് യുഡിഎഫ് നേതാക്കളെ പീഡിപ്പിക്കുന്നതുകൊണ്ടല്ലേ ഇങ്ങനൊയൊക്കെ? ഇങ്ങനെ കേസെടുക്കുന്ന ഉദ്യോഗസ്ഥരെ വിടില്ല ഞാന്‍ എന്നാണ് പുതിയ ഭീഷണി. അതായത്, 'മൊട കണ്ടാ എടപെടു'മെന്ന്. ഏതോ ഒരു അബ്ദുറഹ്മാന്റെ വ്യാജ പരാതിയാണ് കള്ളക്കേസിന് കാരണമത്രേ. ആരാണപ്പാ ഈ അബ്ദുറഹ്മാന്‍? എന്താണാവോ പരാതി? ഇതേക്കുറിച്ച് രണ്ടാളും കമാന്ന് മിണ്ടിയിട്ടില്ല.

ഇടയ്ക്ക് ചെറിയ ഫ്ളാഷ് ബാക്ക്.

പാമൊലിന്‍ കേസില്‍ അഴിമതി നടന്നെന്ന് ആദ്യം പറഞ്ഞതാരാ? ഇപ്പോഴത്തെ കെപിസിസി വക്താവ് എം എം ഹസ്സന്‍ ചെയര്‍മാനായ നിയമസഭാ കമ്മിറ്റി. ഈ കേസില്‍ ഉമ്മന്‍ചാണ്ടിയും പ്രതിയാണെന്ന് പറഞ്ഞതോ? കേസിലെ പ്രതി ടി എച്ച് മുസ്തഫ. ഐസ്ക്രീം കേസ് വീണ്ടും പൊക്കിവിട്ടതാരാ? കുഞ്ഞാലിക്കുട്ടിയും പിന്നെ റൌഫും. ബാര്‍ലൈസന്‍സ് കേസില്‍ സെല്‍ഫ് ഗോള്‍ അടിച്ചതാരാ? സുധാകരനല്ലാതെ ആര്? ഇനി പഴയകാര്യത്തിലേക്ക് വരാം. അടൂര്‍ പ്രകാശിനെതിരെ നാലഞ്ച് കൊല്ലംമുമ്പ് പരാതി ഉന്നയിച്ചതാരാ? സിപിഐ എമ്മുകാരാണോ? അല്ലേയല്ല. കെപിസിസി മുന്‍ സെക്രട്ടറി എന്‍ കെ അബ്ദുറഹ്മാനാണ് താരം.

ടിയാന്‍ അന്ന് പരാതിയുമായി ആദ്യം സമീപിച്ചത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ, പിന്നെ കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലയെ. രണ്ടു പേരും കൈമലര്‍ത്തി. പരാതിയുടെ കാതല്‍ ഇതാണ്. തനിക്ക് ഓമശേരിയില്‍ റേഷന്‍ മൊത്തവ്യാപാര ഡിപ്പോ വേണം. അതിന് ഭക്ഷ്യമന്ത്രി അടൂര്‍ പ്രകാശും പ്രൈവറ്റ് സെക്രട്ടറി വി രാജുവും കൈക്കൂലി ചോദിച്ചു. നൂറും ഇരുനൂറുമല്ല, രൂപ 25 ലക്ഷം. കോഴ കൊടുക്കാത്തതിനാല്‍ ഡിപ്പോ പിന്നീട് മറ്റൊരാള്‍ക്ക് അനുവദിച്ചെന്നും അബ്ദുറഹ്മാന്‍ പരാതിയില്‍ പറഞ്ഞു. കോഗ്രസ് നേതൃത്വവും മുഖ്യമന്ത്രിയും നടപടി എടുത്തില്ല. ഇതിനിടയില്‍ പരാതി ലോകയുക്തയില്‍ എത്തി. തുടര്‍ന്ന് പി സി സചിത്രന്‍ എന്നയാള്‍ വിജിലന്‍സ് കോടതിയിലും ഹര്‍ജി നല്‍കി. കേസില്‍ സാക്ഷിയായ അബ്ദുറഹ്മാനില്‍നിന്ന് മൊഴിയെടുത്ത കോടതി പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു കണ്ടെത്തി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. യുഡിഎഫ് ഭരണകാലത്താണ് ഇതെല്ലാം നടന്നത്. അന്ന് രജിസ്റര്‍ചെയ്ത കേസില്‍ ഇപ്പോള്‍ അന്വേഷണം പൂര്‍ത്തിയായി. അന്വേഷണത്തിനിടയിലും അബ്ദുറഹ്മാന്‍ പരാതി ആവര്‍ത്തിച്ചു. മുന്‍ മന്ത്രിക്കെതിരെ മൊഴി നല്‍കി. റേഷന്‍ ഡിപ്പോ അനുവദിച്ചത് ക്രമവിരുദ്ധമാണെന്നു കണ്ടെത്തിയതായി കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പറയുന്നു. പരാതി ഉന്നയിച്ച അബ്ദുറഹ്മാനെ കോണ്‍ഗ്രസ് പടിക്കു പുറത്താക്കി.

അതിനുമുമ്പ് കൊച്ചിയില്‍ ചേര്‍ന്ന കെപിസിസി എക്സിക്യൂട്ടീവില്‍ അബ്ദുറഹ്മാന്‍ പൊട്ടിത്തെറിച്ചു- "ഭക്ഷ്യമന്ത്രി അടൂര്‍ പ്രകാശിനെതിരെ എനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്. 39 റേഷന്‍ മൊത്തവ്യാപാര ഡിപ്പോ അനുവദിക്കുന്നതിന് 25 ലക്ഷംരൂപ വീതം കോഴ വാങ്ങി. ഇതിന് ഞാന്‍ തെളിവുനല്‍കാം. പാര്‍ടി രണ്ടു പേരെ അന്വേഷണത്തിനു നിയോഗിക്കണം. ഈ രണ്ടു പേര്‍ അടൂര്‍ പ്രകാശ് പറയുന്ന ആളുകളായിക്കൊള്ളട്ടെ. പരാതി തെറ്റെന്ന് ബോധ്യപ്പെട്ടാല്‍ എന്നെ പാര്‍ടിയില്‍നിന്ന് പുറത്താക്കിക്കൊള്ളൂ. മാത്രമല്ല, അടൂര്‍ പ്രകാശിനെ മുഖ്യമന്ത്രിയാക്കുകയും വേണം.''

ഈ വിവരം വാര്‍ത്തയായപ്പോള്‍ അബ്ദുറഹ്മാന്‍ പുറത്ത്. ഇപ്പോള്‍ അബ്ദുറഹ്മാനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. അതിന് ചെന്നിത്തല പറയുന്ന ന്യായം ഇങ്ങനെ: "പുറത്താക്കിയത് വ്യാജപരാതി നല്‍കിയതിനാല്‍''. അപ്പോള്‍ തിരിച്ചെടുത്തതോ? "തിരിച്ചെടുത്തത് പരാതി പിന്‍വലിച്ചതിനാല്‍.'' എന്നാല്‍, വസ്തുതയോ? അബ്ദുറഹ്മാന്‍ പരാതി പിന്‍വലിച്ചിട്ടില്ല. വിജിലന്‍സ് ചോദിച്ചപ്പോള്‍ അടൂര്‍ പ്രകാശിനെതിരെ തത്ത പറയുംപോലെ മൊഴി നല്‍കുകയുംചെയ്തു. അബ്ദുറഹ്മാന് റേഷന്‍ ഡിപ്പോ നല്‍കാതിരുന്നത് അന്നാട്ടുകാരനല്ലാത്തതുകൊണ്ടാണെന്ന വിചിത്രമായ വാദമുയര്‍ത്തിയാണ് അടൂര്‍ പ്രകാശിനെ ഉമ്മന്‍ചാണ്ടി ന്യായീകരിക്കുന്നത്. അബ്ദുറഹ്മാന്‍ താമസിക്കുന്നത് കോഴിക്കോട് ജില്ലയില്‍ ഓമശേരിയില്‍നിന്ന് വെറും നാലുകിലോമീറ്റര്‍ അകലെ കാരശേരിയില്‍. ഡിപ്പോ അനുവദിച്ചതാകട്ടെ 85 കിലോമീറ്റര്‍ അകലെ മലപ്പുറം ജില്ലക്കാരനും.
(എം രഘുനാഥ്)

കുറ്റപത്രം സമര്‍പ്പിച്ചു

യുഡിഎഫ് മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ളൈസ് മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിനെതിരെ കഴിഞ്ഞ 28 നാണ് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചത്. കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അടൂര്‍ പ്രകാശ്, പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി രാജു, കോഴിക്കോട് ജില്ലാ സപ്ളൈ ഓഫീസറായിരുന്ന ഒ സുബ്രഹ്മണ്യന്‍, താലൂക്ക് സപ്ളൈ ഓഫീസറായിരുന്ന ടി ആര്‍ സഹദേവന്‍, അഴിമതിയിലൂടെ റേഷന്‍ മൊത്തവ്യാപാര ഡിപ്പോ സമ്പാദിച്ച മലപ്പുറം ഊരകം സ്വദേശി കെ പി സമീര്‍ നവാസ് എന്നിവരും പ്രതികളാണ്. കെപിസിസി സെക്രട്ടറിയായിരുന്ന എന്‍ കെ അബ്ദുറഹിമാനാണ് കേസിലെ ഒന്നാം സാക്ഷി.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഭക്ഷ്യ-സിവില്‍ സപ്ളൈസ് മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങിയും ഔദ്യോഗിക പദവി ദുരുപയോഗംചെയ്തും റേഷന്‍ മൊത്തവ്യാപാര ഡിപ്പോ ലൈസന്‍സ് അനുവദിച്ചെന്നാണ് കേസ്. കോഴിക്കോട്ടെ ഓമശേരിയില്‍ ഡിപ്പോ അനുവദിച്ചു കിട്ടാന്‍ എന്‍ കെ അബ്ദുറഹിമാനോട് 25 ലക്ഷം രൂപ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും കൈക്കൂലി ചോദിച്ചു. പണം കൊടുക്കാത്തതിനാല്‍ അര്‍ഹനായ അബ്ദുറഹിമാന്റെ അപേക്ഷ തള്ളി മലപ്പുറം സ്വദേശി സമീര്‍ നവാസിന് ലൈസന്‍സ് അനുവദിക്കുകയായിരുന്നു. സമീറിന് അനുകൂലമായി വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊടുത്തെന്നതാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കുറ്റം. കുറ്റം തെളിഞ്ഞാല്‍ ഏഴുവര്‍ഷംവരെ തടവു ലഭിക്കാവുന്ന കേസാണിത്.

വിജിലന്‍സ് ഉത്തരമേഖലാ ഡിവൈഎസ്പി പി പി ഉണ്ണിക്കൃഷ്ണനാണ് കേസ് അന്വേഷിച്ചത്. ഹൈക്കോടതിയില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അബ്ദുറഹിമാനുതന്നെ കോടതി ലൈസന്‍സ് അനുവദിച്ചിരുന്നു. അടൂര്‍ പ്രകാശിനെതിരെ മുക്കം സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി സി സചിത്രനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. ഈ കേസ് അന്വേഷിക്കാന്‍ ഹൈക്കോടതി വിജിലന്‍സ് ഡയറക്ടറോട് നിര്‍ദേശിക്കുകയായിരുന്നു.

ദേശാഭിമാനി 050311

1 comment:

  1. പാമൊലിന്‍ കേസില്‍ അഴിമതി നടന്നെന്ന് ആദ്യം പറഞ്ഞതാരാ? ഇപ്പോഴത്തെ കെപിസിസി വക്താവ് എം എം ഹസ്സന്‍ ചെയര്‍മാനായ നിയമസഭാ കമ്മിറ്റി. ഈ കേസില്‍ ഉമ്മന്‍ചാണ്ടിയും പ്രതിയാണെന്ന് പറഞ്ഞതോ? കേസിലെ പ്രതി ടി എച്ച് മുസ്തഫ. ഐസ്ക്രീം കേസ് വീണ്ടും പൊക്കിവിട്ടതാരാ? കുഞ്ഞാലിക്കുട്ടിയും പിന്നെ റൌഫും. ബാര്‍ലൈസന്‍സ് കേസില്‍ സെല്‍ഫ് ഗോള്‍ അടിച്ചതാരാ? സുധാകരനല്ലാതെ ആര്? ഇനി പഴയകാര്യത്തിലേക്ക് വരാം. അടൂര്‍ പ്രകാശിനെതിരെ നാലഞ്ച് കൊല്ലംമുമ്പ് പരാതി ഉന്നയിച്ചതാരാ? സിപിഐ എമ്മുകാരാണോ? അല്ലേയല്ല. കെപിസിസി മുന്‍ സെക്രട്ടറി എന്‍ കെ അബ്ദുറഹ്മാനാണ് താരം.

    ReplyDelete