Monday, March 7, 2011

സ്ഥിരപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടി കത്തയച്ചു

താല്‍ക്കാലിക നിയമനം നേടിയവരെ ക്രമംവിട്ട് സ്ഥിരപ്പെടുത്തിയെന്ന് ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ഈ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയതിന്റെ തെളിവ് പുറത്തുവന്നു. സി-ഡിറ്റിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അയച്ച കത്താണ് പുറത്തായത്. ഉമ്മന്‍ചാണ്ടിയും പി സി വിഷ്ണുനാഥ് എംഎല്‍എയുമാണ് നിയമസഭയ്ക്കകത്തും പുറത്തും നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നതിനെ പിന്നീട് രൂക്ഷമായി വിമര്‍ശിച്ചത്.

മിക്ക സ്ഥാപനങ്ങളിലെയും താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. പൊതുതാല്‍പ്പര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ തീരുമാനം എടുത്തപ്പോള്‍ മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങളെ ഉപയോഗിച്ച് സര്‍ക്കാരിനെ വിമര്‍ശിക്കാനാണ് പ്രതിപക്ഷനേതാവ് ശ്രമിച്ചത്.

സി-ഡിറ്റില്‍ 2001ന് ശേഷം കരാര്‍-ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാരെ സീനിയോറിറ്റി അടിസ്ഥാനത്തില്‍ ശമ്പളസ്കെയില്‍ നിശ്ചയിച്ച് സ്ഥിരപ്പെടുത്തണമെന്നാണ് കത്തിലെ ആവശ്യം. സി-ഡിറ്റിന്റെ അടുത്ത എക്സിക്യൂട്ടീവ് യോഗത്തില്‍ ഈ വിഷയം ഉള്‍പ്പെടുത്തി അനുകൂല നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെയും സി-ഡിറ്റിലെ പ്രധാന ട്രേഡ്യൂണിയനുകളുടെയും ആവശ്യം പരിഗണിച്ച് ഫെബ്രുവരി ഒന്നിന് ചേര്‍ന്ന സി-ഡിറ്റ് ഗവേണിങ് ബോഡി യോഗമാണ് 150 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. തീരുമാനമെടുത്തപ്പോഴേക്കും ഉമ്മന്‍ചാണ്ടി ഇതിനെതിരെ രംഗത്തിറങ്ങി. പി സി വിഷ്ണുനാഥും എം മുരളിയും ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ നിയമസഭയ്ക്കകത്തും പുറത്തും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശമുയര്‍ത്തി. മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ 'പിന്‍വാതില്‍ നിയമനം' എന്ന പേരില്‍ പ്രധാന വാര്‍ത്തയാക്കിയതും സി-ഡിറ്റ് ഗവേണിങ് ബോഡി തീരുമാനം ഉയര്‍ത്തിക്കാട്ടിയാണ്.

ദേശാഭിമാനി 070311

1 comment:

  1. താല്‍ക്കാലിക നിയമനം നേടിയവരെ ക്രമംവിട്ട് സ്ഥിരപ്പെടുത്തിയെന്ന് ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ഈ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയതിന്റെ തെളിവ് പുറത്തുവന്നു. സി-ഡിറ്റിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അയച്ച കത്താണ് പുറത്തായത്. ഉമ്മന്‍ചാണ്ടിയും പി സി വിഷ്ണുനാഥ് എംഎല്‍എയുമാണ് നിയമസഭയ്ക്കകത്തും പുറത്തും നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നതിനെ പിന്നീട് രൂക്ഷമായി വിമര്‍ശിച്ചത്.

    മിക്ക സ്ഥാപനങ്ങളിലെയും താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. പൊതുതാല്‍പ്പര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ തീരുമാനം എടുത്തപ്പോള്‍ മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങളെ ഉപയോഗിച്ച് സര്‍ക്കാരിനെ വിമര്‍ശിക്കാനാണ് പ്രതിപക്ഷനേതാവ് ശ്രമിച്ചത്.

    ReplyDelete