Sunday, March 6, 2011

കേരള രക്ഷായാത്ര ഇടുക്കി ജില്ലയിലില്ല ബിജെപിയില്‍ ഭിന്നത രൂക്ഷം

ഇടുക്കി: ബിജെപി ഇടുക്കി ജില്ലാ കമ്മറ്റിയില്‍ ഭിന്നത രൂക്ഷമായതോടെ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ കേരളരക്ഷാ യാത്രയുടെ ജില്ലയിലെ പര്യടനം തുടങ്ങാനായില്ല. പകരമായി ഇന്നലെ അടിമാലിയില്‍ നിന്നും തുടങ്ങേണ്ടിയിരുന്ന കേരളരക്ഷാ ഉപയാത്രയും ഇല്ലാതായി.

ബിജെപി കൊട്ടിഘോഷത്തോടെ ആരംഭിച്ച കേരളരക്ഷാ യാത്രയ്ക്ക് കേരളത്തിലുടനീളം തണുത്ത പ്രതികരണം ലഭിച്ചതിന് പിന്നാലെയാണ് ഇടുക്കി ജില്ലാ പര്യടനം നടത്താനാകാത്ത അവസ്ഥയിലെത്തിയത്. ദീര്‍ഘനാളായി ജില്ലയില്‍ നടന്നുവരുന്ന ഉള്‍പ്പോരുകള്‍ ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

ജില്ലാ പ്രസിഡന്റ് പി പി സാനുവിന്റെയും സെക്രട്ടറി പി എ വേലുക്കുട്ടന്റെയും മുന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാനകമ്മറ്റി അംഗവുമായ ശ്രീനഗരി രാജന്റെയും നേതൃത്വത്തില്‍ പരസ്പരം പോരാടുന്ന ഗ്രൂപ്പുകള്‍ ജില്ലയിലെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ വര്‍ദ്ധിച്ച ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുകയാണ്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിലാണ് ഗ്രൂപ്പുകള്‍ക്കിടയില്‍ അഭിപ്രായഭിന്നത രൂക്ഷമായത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും തങ്ങള്‍ക്ക് താല്പര്യമുള്ളവരെ മത്സരിപ്പിക്കണമെന്നതാണ് ഗ്രൂപ്പുകളുടെ ആവശ്യം.

ബിജെപി നേതൃത്വത്തില്‍ രക്ഷായാത്രയുമായി ബന്ധപ്പെട്ട് വ്യാപകമായ പണപ്പിരിവ് നടത്തിയിരുന്നു. യാത്ര  നടക്കാത്ത സാഹചര്യത്തില്‍ പൊതുജനങ്ങളെ ഇനി അഭിമുഖീകരിക്കുന്നതെങ്ങനെയെന്നുള്ള ആശങ്കയിലാണ് പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുഖംരക്ഷിക്കുന്നതിനായി പ്രാദേശികാടിസ്ഥാനത്തില്‍ തൊടുപുഴയില്‍ നിന്നും മൂലമറ്റംവരെ  യാത്ര നടത്തുന്നതിനുള്ള ആലോചനയിലാണ് ബിജെപിയിലെ ഒരു വിഭാഗം .

ജനയുഗം

1 comment:

  1. ബിജെപി ഇടുക്കി ജില്ലാ കമ്മറ്റിയില്‍ ഭിന്നത രൂക്ഷമായതോടെ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ കേരളരക്ഷാ യാത്രയുടെ ജില്ലയിലെ പര്യടനം തുടങ്ങാനായില്ല. പകരമായി ഇന്നലെ അടിമാലിയില്‍ നിന്നും തുടങ്ങേണ്ടിയിരുന്ന കേരളരക്ഷാ ഉപയാത്രയും ഇല്ലാതായി.

    ReplyDelete