Thursday, March 10, 2011

സിഎസ്ഐ ബുക്ക് സ്റ്റാളിലെ എക്സൈസ് പരിശോധനയില്‍ പ്രതിഷേധിച്ചു

സിഎസ്ഐ ബുക്ക് സ്റ്റാളിലെ എക്സൈസ് പരിശോധനയില്‍ പ്രതിഷേധിച്ചു

പാലാ: മേലുകാവ് സിഎസ്ഐ രൂപതയുടെ ബുക്ക് സ്റ്റാളില്‍ എക്സൈസ് അധികൃതര്‍ പരിശോധന നടത്തിയതില്‍ പ്രതിഷേധിച്ച് രൂപതയുടെ നേതൃത്വത്തില്‍ റാലിയും യോഗവും നടത്തി. രൂപതയിലെ പള്ളികളില്‍ കുര്‍ബാനക്ക് ഉപയോഗിക്കുന്നതിനായി സൂക്ഷിച്ചിരുന്ന വീഞ്ഞ് സ്റ്റാളില്‍ കയറി എക്സൈസ് ഉദ്യോഗസ്ഥന്‍ എടുത്തുകൊണ്ടുപോയ നടപടി സഭയോടുള്ള അവഹേളനമാണെന്ന് ആരോപിച്ചായിരുന്നു വൈദികരും ഭാരവാഹികളും മേലുകാവില്‍ റാലിയും യോഗവും നടത്തിയത്. യോഗം സിഎസ്ഐ മേലുകാവ് ബിഷപ് കെ ജി ദാനിയേല്‍ ഉദ്ഘാടനം ചെയ്തു. സംഭവത്തില്‍ എല്‍ഡിഎഫും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രതിഷേധിച്ചു. രൂപതയുടെ ബുക്ക്സ്റ്റാളില്‍ എക്സൈസ് പരിശോധന നടത്തി വീഞ്ഞ് എടുത്തുകൊണ്ടു പോയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച മേലുകാവില്‍ എത്തിയ പാലാ എക്സൈസ് സിഐ ബുക്ക്സ്റ്റാളില്‍നിന്ന് വീഞ്ഞ് എടുത്തുകൊണ്ടുപോയെന്നാണ് രൂപത അധികൃതര്‍ ആരോപിക്കുന്നത്. യോഗത്തില്‍ റവ. കെ എസ് സ്കറിയ അധ്യക്ഷനായി. ഫാ. കുര്യക്കോസ് നരിതൂക്കില്‍, റവ. ജോസ് ഫിലിപ്പ്, പി എസ് ഈനോസ്, എന്‍കെ ജോണ്‍, അലക്സ് ടി ജോസഫ് എന്നിവര്‍ സംസാരിച്ചു. സഭയ്ക്കോ സ്ഥാപനത്തിനോ എന്തെങ്കിലും അപവാദം സൃഷ്ടിക്കുന്ന ഒരു പ്രവൃത്തിയും എക്സൈസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലന്നും വീഞ്ഞ് എടുത്തുകൊണ്ടുപോയിട്ടില്ലന്നും പാലാ സിഐ അശോക് കുമാര്‍ പറഞ്ഞു. ബുക്ക് സ്റ്റാളിന് സമീപത്തെ ഒരു ബേക്കറിയില്‍ ലഹരികലര്‍ന്ന വീഞ്ഞ് വില്‍പ്പന നടത്തുന്നതായി എക്സൈസ് കമീഷണറേറ്റില്‍ പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ച കോട്ടയത്ത് അസിസ്റ്റന്റ് കമീഷണര്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ലഭിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മേലുകാവില്‍ അന്വേഷണത്തിന് പോയത്. പരാതിയില്‍ പറഞ്ഞ ബേക്കറിയില്‍ അന്വേഷിച്ചപ്പോള്‍ അടുത്തുള്ള ബുക്ക് സ്റ്റാളിലാണ് വില്‍പ്പനയെന്ന് കടയുടമ പറഞ്ഞു. ബുക്ക് സ്റ്റാളില്‍ അന്വേഷിച്ചപ്പോഴാണ് ഇത് രൂപതയുടെ സ്ഥാപനമാണെന്ന് അറിയുന്നത്. ഇവിടെ സൂക്ഷിച്ചിരുന്ന വീഞ്ഞ് ആല്‍ക്കഹോള്‍ ചേര്‍ന്നതല്ലെന്നും രൂപതയിലെ പള്ളികളിലെ ആവശ്യത്തിന് വിതരണം ചെയ്യാനുള്ളതാണെന്നും അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് 45 രൂപ വില നല്‍കിയാണ് ഒരു കുപ്പി വീഞ്ഞ് വാങ്ങിയത്. വീഞ്ഞ് സൂക്ഷിച്ചതുസംബന്ധിച്ച് കേസ് ഒന്നും ഇല്ലെന്ന് സിഐ അറിയിച്ചു.

സിഎസ്ഐ സമുദായത്തെ എല്‍ഡിഎഫിന് എതിരാക്കാനുള്ള നീക്കം

സ്വന്തം ലേഖകന്‍ പാലാ: സഭാസ്ഥാപനത്തില്‍നിന്ന് വീഞ്ഞ് സാമ്പിള്‍ എടുത്തതായുള്ള പ്രചാരണത്തിന് പിന്നില്‍ പാലാ നിയോജക മണ്ഡലത്തില്‍ സിഎസ്ഐ സമുദായത്തെ എല്‍ഡിഎഫിന് എതിരാക്കാനുള്ള യുഡിഎഫ് തന്ത്രം. പാലാ മണ്ഡലത്തില്‍ ഇത്തവണ ഉള്‍പ്പെടുത്തിയ മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകള്‍ സിഎസ്ഐ വിഭാഗത്തിന് മുന്‍തൂക്കമുള്ള മേഖലയാണ്. കാലങ്ങളായി നിഷ്പക്ഷ നിലപാട് സ്വീകരിച്ചുവരുന്ന സഭയെ ഇത്തവണ എല്‍ഡിഎഫിന് എതിരെ തിരിച്ച് വിടാനുള്ള തന്ത്രമാണ് പുതിയ വിവാദത്തിന് പിന്നില്‍.

മേലുകാവിലെ ഒരു ബേക്കറിയില്‍ ലഹരിവീഞ്ഞ് വില്‍ക്കുന്നതായുള്ള എക്സൈസ് കമീഷണറേറ്റില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് എത്തിയപ്പോള്‍ ബേക്കറി ഉടമ പറഞ്ഞാണ് എക്സൈസ് അധികൃതര്‍ സമീപത്തെ ബുക്ക് സ്റ്റാളില്‍ കയറി വിവരം തെരക്കാന്‍ ഇടയായത്. പരാതി വ്യാജമാണെന്ന് മനസിലാക്കി അധികൃതര്‍ മടങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് രൂപത അല്‍മായ സമിതിയിലെ ഒരു വിഭാഗം ചില പത്ര- ദൃശ്യമാധ്യമങ്ങളെ അറിയിച്ച് പെട്ടെന്ന് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഇതിന് പിന്നാലെ കേരള കോണ്‍ഗ്രസ് എം നേതാവ് പി സി ജോര്‍ജ് എംഎല്‍എ, ഇടുക്കി എംപി പി ടി തോമസ് എന്നിവര്‍ പൊടുന്നനെ പ്രസ്താവനകളുമായി എത്തിയതും സംഭവത്തിന് പിന്നിലെ ഗൂഢോദ്ദേശം വെളിപ്പെടുത്തുന്നു.

ചൊവ്വാഴ്ച സിഎസ്ഐ രൂപത കേന്ദ്രത്തില്‍ ചേര്‍ന്ന വൈദികരുടെയും അല്‍മായ ട്രസ്റ്റികളുടെയും യോഗത്തില്‍ ചില പ്രതിനിധികളാണ് പ്രശ്നം ഉന്നയിച്ചത്. ഇതേ തുടര്‍ന്നാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. പരിപാടി കൊഴുപ്പിക്കാന്‍ കോട്ടയത്തുനിന്ന് മനോരമയുടെ ഫോട്ടോഗ്രാഫറും ചാനല്‍ ക്യാമറാമാനും ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരും എത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുക്കാറായപ്പോള്‍ സിഎസ്ഐ വിഭാഗത്തെ എല്‍ഡിഎഫില്‍നിന്ന് അകറ്റാന്‍ ചിലര്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയായേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂവെന്ന് എല്‍ഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് പിന്നിലെ യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരാന്‍ അന്വേഷണം നടത്തണമെന്ന് എക്സൈസ് മന്ത്രി, കമീഷണര്‍ എന്നിവരോട് എല്‍ഡിഎഫ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ദേശാഭിമാനി 090311

1 comment:

  1. മേലുകാവ് സിഎസ്ഐ രൂപതയുടെ ബുക്ക് സ്റ്റാളില്‍ എക്സൈസ് അധികൃതര്‍ പരിശോധന നടത്തിയതില്‍ പ്രതിഷേധിച്ച് രൂപതയുടെ നേതൃത്വത്തില്‍ റാലിയും യോഗവും നടത്തി. രൂപതയിലെ പള്ളികളില്‍ കുര്‍ബാനക്ക് ഉപയോഗിക്കുന്നതിനായി സൂക്ഷിച്ചിരുന്ന വീഞ്ഞ് സ്റ്റാളില്‍ കയറി എക്സൈസ് ഉദ്യോഗസ്ഥന്‍ എടുത്തുകൊണ്ടുപോയ നടപടി സഭയോടുള്ള അവഹേളനമാണെന്ന് ആരോപിച്ചായിരുന്നു വൈദികരും ഭാരവാഹികളും മേലുകാവില്‍ റാലിയും യോഗവും നടത്തിയത്. യോഗം സിഎസ്ഐ മേലുകാവ് ബിഷപ് കെ ജി ദാനിയേല്‍ ഉദ്ഘാടനം ചെയ്തു. സംഭവത്തില്‍ എല്‍ഡിഎഫും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രതിഷേധിച്ചു. രൂപതയുടെ ബുക്ക്സ്റ്റാളില്‍ എക്സൈസ് പരിശോധന നടത്തി വീഞ്ഞ് എടുത്തുകൊണ്ടു പോയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ അറിയിച്ചു.

    ReplyDelete