Thursday, March 10, 2011

പ്രധാനമന്ത്രിയുടെ കപട നാടകം

കേന്ദ്ര വിജിലന്‍സ് കമ്മിഷണറായി പി ജെ തോമസിനെ നിയമിച്ച തീരുമാനം തെറ്റായിപ്പോയെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നുമാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പറഞ്ഞത്. പ്രധാനമന്ത്രിയുടെ കുറ്റസമ്മതത്തോടെ തീരൂന്ന പ്രശ്‌നമല്ല ഇത്. സര്‍ക്കാരിനും ഭരണ വ്യവസ്ഥയ്ക്കാകെയും നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിന്റെ യഥാര്‍ഥ ഉത്തരവാദികളാരൊക്കെയാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അവരെ കണ്ടെത്താനും അവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാനും പ്രധാനമന്ത്രി തയ്യാറാകുമോ എന്നതാണ് ഇനിയുള്ള പ്രശ്‌നം,

പി ജെ തോമസ് പാമോയില്‍ കേസിലെ പ്രതിയാണെന്ന കാര്യം തനിക്കറിയില്ലായിരുന്നൂവെന്നാണ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്. വിജിലന്‍സ് കമ്മിഷന്‍ നിയമമനുസരിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് കേന്ദ്ര വിജിലന്‍സ് കമ്മിഷണറുടെ പേര് നിര്‍ദേശിക്കേണ്ടത്. കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി വിജിലന്‍സ് കമ്മിഷണറെ നിയമിക്കും. 2010 സെപ്തംബര്‍ ഒമ്പതിനാണ് ഈ കമ്മിറ്റിയുടെ യോഗം നടന്നത്. പി ജെ തോമസ് ഉള്‍പ്പടെ മൂന്നു പേരുകളാണ് കമ്മിറ്റിയുടെ പരിഗണനയ്ക്കുവന്നത്. ഇവരെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പേഴ്‌സണല്‍ വകുപ്പാണ് തയ്യാറാക്കി നല്‍കിയത്. പേഴ്‌സണല്‍ വകുപ്പിന്റെ ചുമതല അന്ന് പ്രധാനമന്ത്രിയുടെ കീഴില്‍ സഹമന്ത്രിയായിരുന്ന പൃഥ്വിരാജ് ചൗഹാനായിരുന്നു. ഇപ്പോള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയാണ് പൃഥ്വിരാജ് ചൗഹാന്‍. പി ജെ തോമസ് പാമോയില്‍ കേസിലെ പ്രതിയാണെന്നും കേസ് തീര്‍പ്പായിട്ടില്ലെന്നും പേഴ്‌സണല്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഇല്ലായിരുന്നുവെന്നാണ് പ്രധാനമന്ത്രി വിശദീകരിച്ചത്. കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പാമോയില്‍ കേസിന്റെ കാര്യം ചൂണ്ടിക്കാണിച്ചതായി പ്രധാമന്ത്രി സമ്മതിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവിന്റെ എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് പി ജെ തോമസിന്റെ പേര് വിജിലന്‍സ് കമ്മിഷണര്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. പി ജെ തോമസിനെതിരായ കേസിന്റെ കാര്യം മറച്ചുവച്ച പൃഥ്വിരാജ് ചൗഹാന്റെ നടപടി ഗുരുതരമായ തെറ്റാണ്. പൃഥ്വിരാജ് ചൗഹാനുപുറമേ പ്രധാനമന്ത്രിയുടെ ഓഫീസിലെ മറ്റു ഉന്നതന്‍മാര്‍ക്ക് ഇതില്‍ പങ്കുണ്ടോ? അതേക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിക്ക് സാധ്യതയുണ്ട്. പി ജേ തോമസ് കേസിലെ പ്രതിയാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിട്ടും അത് പരിശോധിക്കാന്‍ പ്രധാനമന്ത്രി എന്തുകൊണ്ടു തയ്യാറായില്ല? പി ജെ തോമസിന്റെ നിയമന കാര്യത്തില്‍ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ മുന്‍കൂട്ടി തീരുമാനമെടുത്തിരുന്നുവെന്നാണ് ഇത് കാണിക്കുന്നത്. അതുകൊണ്ടുതന്നെ താന്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ല.

പി ജെ തോമസിന്റെ നിയമനത്തിനെതിരെ മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് സു്രപിംകോടതിയില്‍ ഇതേക്കുറിച്ച് കേസ് വന്നു. അപ്പോഴെല്ലാം പി ജെ തോമസിന്റെ നിയമനത്തില്‍ ക്രമരഹിതമായി ഒന്നുമില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മറ്റ് ഏതെങ്കിലും തസ്തികപോലെയല്ല, കേന്ദ്ര വിജിലന്‍സ് കമ്മിഷണറുടേത്. അഴിമതി തടയാനുള്ള ഏറ്റവും ശക്തവും ഉന്നതവുമായ പദവിയാണത്. കേന്ദ്രത്തിലെ വിവിധ വകുപ്പ് സെക്രട്ടറിമാര്‍, സി ബി ഐ ഡയറക്ടര്‍ തുടങ്ങിയ ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിയമനം ലഭിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ അംഗീകാരം വേണം. അഴിമതികളെക്കുറിച്ചുള്ള കേസുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും കേന്ദ്ര വിജിലന്‍സ് കമ്മിഷനാണ്. മര്‍മ്മ പ്രധാനമായ ഈ തസ്തികയില്‍ നിയമിക്കപ്പെടുന്നവര്‍ ഒരുതരത്തിലുള്ള ആരോപണങ്ങള്‍ക്കും വിധേയരാകാത്തവരായിരിക്കണമെന്ന് സുപ്രിംകോടതി കേസ് പരിഗണനയ്ക്ക് എടുത്ത ഘട്ടത്തില്‍തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പി ജെ തോമസിനെ ഒഴിവാക്കിക്കൂടെ എന്നുപോലും ഒരു ഘട്ടത്തില്‍ സുപ്രിംകോടതി സര്‍ക്കാരിനോട് ചോദിച്ചതാണ്. അപ്പോഴെല്ലാം പി ജെ തോമസിന്റെ നിയമനത്തെ ന്യായീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. പി ജെ തോമസിന്റെ നിയമനത്തില്‍ പുനര്‍ചിന്തനത്തിനു തയ്യാറല്ല എന്ന നിലപാടില്‍ പ്രധാനമന്ത്രിയും യു പി എ സര്‍ക്കാരും ഉറച്ചുനില്‍ക്കുകയായിരുന്നു.

പി ജെ തോമസിന്റെ നിയമനം സുപ്രിംകോടതി അസാധുവാക്കിയതോടെ നാണംകെട്ട പ്രധാനമന്ത്രിയും യു പി എ സര്‍ക്കാരും ഇപ്പോള്‍ തെറ്റ് ഏറ്റുപറയുന്നത് ഗതിമുട്ടിയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. പ്രധാനമന്ത്രിയുടെ കുറ്റസമ്മതത്തില്‍ ആത്മാര്‍ഥതയുടെ കണികയെങ്കിലുമുണ്ടെങ്കില്‍ പി ജെ തോമസിന്റെ നിയമനത്തിനു പിന്നില്‍ നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തണം. അതിന് ഉത്തരവാദികളായവര്‍ക്ക് എതിരെ നടപടി എടുക്കുകയും ചെയ്യണം.

ജനയുഗം മുഖപ്രസംഗം 100311

1 comment:

  1. കേന്ദ്ര വിജിലന്‍സ് കമ്മിഷണറായി പി ജെ തോമസിനെ നിയമിച്ച തീരുമാനം തെറ്റായിപ്പോയെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നുമാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പറഞ്ഞത്. പ്രധാനമന്ത്രിയുടെ കുറ്റസമ്മതത്തോടെ തീരൂന്ന പ്രശ്‌നമല്ല ഇത്. സര്‍ക്കാരിനും ഭരണ വ്യവസ്ഥയ്ക്കാകെയും നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിന്റെ യഥാര്‍ഥ ഉത്തരവാദികളാരൊക്കെയാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അവരെ കണ്ടെത്താനും അവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാനും പ്രധാനമന്ത്രി തയ്യാറാകുമോ എന്നതാണ് ഇനിയുള്ള പ്രശ്‌നം,

    ReplyDelete