ഇന്ത്യയുടെ തലസ്ഥാനനഗരത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ മുഖ്യമന്ത്രി തന്നെ തന്റെ സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്നു തുറന്നു സമ്മതിക്കുമ്പോള്‍ സ്ഥിതിഗതികള്‍ എത്രമാത്രം വഷളായി കഴിഞ്ഞുവെന്നു വ്യക്തമാക്കുകയാണ്. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടന്ന രണ്ടു കൊലപാതകങ്ങളാണ് തലസ്ഥാനനഗരിയില്‍ സ്ത്രീകളുടെ സുരക്ഷിതത്വം അപകടത്തിലാണെന്ന് വീണ്ടും തെളിയിച്ചത്. കോളജ് വിദ്യാര്‍ഥിയായ രാധിക തന്‍വര്‍ പട്ടാപ്പകല്‍ വെടിയേറ്റു മരിച്ചു. അക്രമിയെ പിടികൂടാന്‍ ഇതുവരെ പൊലീസിനു കഴിഞ്ഞില്ല. മലയാളിയായ വീട്ടമ്മ അന്ന മാമ്മനും ചൊവ്വാഴ്ച കൊല ചെയ്യപ്പെട്ടു. അഭിഭാഷകയായ റിബെക്കാ മാമന്‍ ജോണിന്റെ അമ്മയാണ് അന്ന. കവര്‍ച്ചാസംഘമാണ് അന്നയെ കൊല ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.
ഒരേ ദിവസം നടന്ന ആ രണ്ടു കൊലപാതകങ്ങളാണ് ഡല്‍ഹിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് വികാരം ശക്തിപ്പെട്ടുവെന്നു പറയാന്‍ ഷീലാ ദീക്ഷിതിനെ നിര്‍ബന്ധിതമാക്കിയത്. കൊലപാതകങ്ങള്‍ മാത്രമല്ല സ്ത്രീകള്‍ക്ക് എതിരായ എല്ലാതരം അതിക്രമങ്ങളും ഡല്‍ഹിയില്‍ വര്‍ധിച്ചുവരുന്നു. ഡല്‍ഹിയില്‍ 2009 ല്‍ സ്ത്രീകള്‍ക്കെതിരെ 1975 കുറ്റകൃത്യങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്. 2010 ല്‍ ഇത് 2201 ആയി വര്‍ധിച്ചതായി ഡല്‍ഹി വനിതാ കമ്മിഷന്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 375 ബലാല്‍സംഗക്കേസുകളാണ്. മാനഭംഗം, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തലസ്ഥാനനഗരിയില്‍ പെരുകി വരികയാണ്.
കേന്ദ്ര ഭരണാധികാരികളുടെ മൂക്കിനു താഴെയാണ് സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത സ്ഥിതി നിലനില്‍ക്കുന്നത്. ഡല്‍ഹി സംസ്ഥാനം ഭരിക്കുന്നത് കോണ്‍ഗ്രസാണ്. ക്രമസമാധാനപാലനത്തിന് അതിവിപുലമായ സംവിധാനം ഡല്‍ഹിയിലുണ്ട്. ഭീകരവാദികളുടെ ആക്രമണങ്ങള്‍ നേരിടുന്നതിനായി കേന്ദ്രവും സംസ്ഥാനസര്‍ക്കാരും ഒരുക്കിയ സംവിധാനങ്ങള്‍ ഡല്‍ഹിയെ ഫലത്തില്‍ ഒരു പൊലീസ് ക്യാമ്പാക്കി മാറ്റിയിട്ടുണ്ട്. എന്നിട്ടും കുറ്റകൃത്യങ്ങള്‍ക്ക് ഒരു കുറവുമില്ല. കൊള്ളയും കവര്‍ച്ചയും മോഷണവും കൊലപാതകങ്ങളും നിര്‍ബാധം തുടരുന്നു. കുറ്റകൃത്യങ്ങള്‍ തടയുന്നതിലും കുറ്റവാളികളെ പിടികൂടുന്നതിലും പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ വഴിയൊരുക്കുന്നു. തലസ്ഥാന നഗരിയിലെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ നേരെ ഭരണാധികാരികള്‍ അവലംബിക്കുന്ന നിസംഗ സമീപനമാണ് ഭീതിജനകമായ സ്ഥിതി സൃഷ്ടിച്ചത്.
ഇന്ത്യയിലെ മറ്റു പല വന്‍നഗരങ്ങളിലെയും പോലെ ഡല്‍ഹിയിലും ശക്തമായ അധോലോക സംഘങ്ങളുണ്ട്. മയക്കുമരുന്നു കടത്തു മുതല്‍ പണത്തിനുവേണ്ടി ആളുകളെ തട്ടിക്കൊണ്ടുപോകല്‍ വരെയുളള സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സംഘങ്ങള്‍ ഡല്‍ഹിയിലും സജീവമാണ്. പൊലീസിന്റെ സഹായം ഈ സംഘങ്ങള്‍ക്കു ലഭിക്കുന്നുണ്ട്. പൊലീസ് സേനയില്‍ ഒരു വിഭാഗവും അധോലോക സംഘങ്ങളും രാഷ്ട്രീയ നേതൃത്വത്തില്‍ ചിലരും തമ്മിലുള്ള അവിശുദ്ധ സഖ്യമാണ് പല കുറ്റകൃത്യങ്ങളുടെയും പിന്നിലുള്ളത്. ഈ അവിശുദ്ധ കൂട്ടുകെട്ട് തകര്‍ക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഡല്‍ഹിയില്‍ ഭരണം നടത്തുന്നവര്‍ക്കില്ല.
ഡല്‍ഹി സുരക്ഷിതത്വം നഷ്ടപ്പെട്ട നഗരമായി മാറുന്നത് ഡല്‍ഹി നിവാസികളെ മാത്രം ബാധിക്കുന്ന കാര്യമല്ല. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള പതിനായിരക്കണക്കിനാളുകള്‍ ഡല്‍ഹിയിലുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന ഓരോ അക്രമങ്ങളും രാജ്യവ്യാപകമായി പ്രതികരണങ്ങള്‍ സൃഷ്ടിക്കും. അതോടൊപ്പം ലോകത്തിന്റെ മുമ്പില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുകയും ചെയ്യും.
ജനയുഗം മുഖപ്രസംഗം 110311
ഇന്ത്യയുടെ തലസ്ഥാനനഗരത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ മുഖ്യമന്ത്രി തന്നെ തന്റെ സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്നു തുറന്നു സമ്മതിക്കുമ്പോള്‍ സ്ഥിതിഗതികള്‍ എത്രമാത്രം വഷളായി കഴിഞ്ഞുവെന്നു വ്യക്തമാക്കുകയാണ്.
ReplyDelete