Friday, March 11, 2011

ഭാവിയിലേക്ക് വെളിച്ചം തെളിച്ച സര്‍ക്കാര്‍

താമരശേരി: അന്തിമയങ്ങിയാല്‍ മണ്ണെണ്ണവിളക്കിന്റെ അരണ്ടവെളിച്ചത്തില്‍ പാഠപുസ്തകങ്ങളിലേക്ക് കണ്ണുംനട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു വിഷ്ണുവിന്. മുനിഞ്ഞുകത്തുന്ന മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ മനസ്സുവേദനിച്ച രാത്രികള്‍. എന്നാല്‍ ഇന്നതു മാറി. തെളിഞ്ഞുകത്തുന്ന ബള്‍ബിനു ചുവട്ടിലിരുന്ന് ആ പത്താംക്ളാസുകാരന്‍ രാവേറെയും പുലര്‍ച്ചെയും പഠനത്തില്‍ മുഴുകും. എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ ഉള്ള വീട്ടില്‍ അപേക്ഷിച്ച ഉടന്‍ വൈദ്യുതി കണക്ഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് ഒട്ടും പ്രതീക്ഷിക്കാതെ വിഷ്ണുവിന്റെ വീട്ടില്‍ വെളിച്ചമെത്തിച്ചത്.

"എല്‍ഡിഎഫ് സര്‍ക്കാര്‍ അല്ലായിരുന്നെങ്കില്‍ ഇത്തരമൊരു നേട്ടം സങ്കല്‍പ്പിക്കാന്‍പോലും കഴിയുമായിരുന്നില്ല''. മകന് ലഭിച്ച സൌകര്യമോര്‍ത്ത് അമ്പായത്തോട് മിച്ചഭൂമിയിലെ വി സി രാജന്‍ പറയുന്നു.

കോരങ്ങാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് വിഷ്ണു. അയല്‍ക്കാരും കൂട്ടുകാരുമായ സജിത്, വിപിന്‍, സരിത, സൌമ്യ, ആര്‍ദ്ര എന്നിവരും ആഹ്ളാദപ്രഭയിലാണിപ്പോള്‍. വായിച്ചുപഠിക്കാന്‍ വൈദ്യുതിവെളിച്ചം കിട്ടിയ സന്തോഷം. അമ്പായത്തോട്ടില്‍ പതിനഞ്ചോളം കുടുംബങ്ങള്‍ക്കാണ് നാലുമാസം മുന്‍പ് വൈദ്യുതി ലഭിച്ചത്. 16 വര്‍ഷമായി തുടരുന്ന മണ്ണെണ്ണമണം ഇപ്പോഴും തങ്ങളില്‍നിന്ന് വിട്ടുപോയിട്ടില്ലെന്ന് ഓര്‍ക്കുന്ന വിഷ്ണു ഹൃദയംനിറഞ്ഞ നന്ദിയോടെയാണ് ഈ സര്‍ക്കാരിനെ കാണുന്നത്.

വിഷ്ണുവിന്റെ ഈ സന്തോഷവാക്കുകള്‍ മിച്ചഭൂമിയിലെ സജീവന്റെ മകന്‍ സജിത്തും ബാബുവിന്റെ മകന്‍ വിപിന്‍ബാബുവമെല്ലാം പങ്കിടുന്നു. സുനിയുടെ മകള്‍ സരിതയും വേലായുധന്റെ മകള്‍ സൌമ്യയും ചന്ദ്രന്റെ മകള്‍ ആര്‍ദ്രയുമെല്ലാം ജീവിതത്തിന്റെ ഇരുട്ട്നീക്കി വെളിച്ചംപകര്‍ന്ന സര്‍ക്കാരിന് നന്ദി പ്രകടിപ്പിക്കുകയാണ്. പദ്ധതിയുടെ ആനുകൂല്യം ലഭിച്ച ആയിരക്കണക്കില്‍ ചെറിയ വിഭാഗം മാത്രമാണിവര്‍.

സംസ്ഥാനത്താകെ പതിനയ്യായിരത്തോളം വീടുകളിലാണ് വൈദ്യുതിയെത്തിയത്. ഇതില്‍ രണ്ടായിരത്തിലധികം വീടുകളില്‍ വൈദ്യുതിയെത്തിച്ച് കോഴിക്കോട് ജില്ലയാണ് വന്‍നേട്ടമുണ്ടാക്കിയത്. ആഗസ്തിലാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വീടിന്റെ വയറിങ് നടത്തി ഡി ഡി അടച്ച് അപേക്ഷയോടൊപ്പം സ്കൂളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയാല്‍ ഒരാഴ്ചക്കകം വൈദ്യുതി ലഭ്യമാക്കും. മോഡല്‍ പരീക്ഷയ്ക്കിടെ നിരവധി അപേക്ഷകളാണ് കെഎസ്ഇബി ഓഫീസുകളിലെത്തിയത്. ആറും ഏഴും ഇലക്ട്രിക് പോസ്റ്റുകള്‍ ആവശ്യമായി വരുന്നതാണ് അധികവും. മാസങ്ങള്‍ കാത്തിരുന്ന് കിട്ടേണ്ട വൈദ്യുതി ഉടന്‍ കിട്ടുമ്പോള്‍ പല കുടുംബങ്ങളിലും അമ്പരപ്പാണ്. പോസ്റ്റുകള്‍ ആവശ്യമുള്ള മലയോര മേഖലയിലുള്ളവര്‍ക്കാണ് ഇത് വലിയ അനുഗ്രഹമായത്. താമസം വരുത്താതെ വൈദ്യുതി നല്‍കാന്‍ തയാറായ ബോര്‍ഡ് ജീവനക്കാരും ഈ പദ്ധതിയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. പദ്ധതിയുടെ ഭാഗമായി കെഎസ്ഇബി താമരശേരി സെക്ഷന്‍ ഓഫീസിന് കീഴില്‍മാത്രം 36 പേര്‍ക്ക് വൈദ്യുതി നല്‍കാന്‍ കഴിഞ്ഞതായി അസി. എന്‍ജിനീയര്‍ ഒ പുഷ്പന്‍. പഠന നിലവാരം ഉയര്‍ത്താന്‍ വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാരിന്റെ മറ്റ് ഇടപെടലുകളെപോലെ പ്രസക്തമാണ് എസ്എസ്എല്‍സി വിദ്യാര്‍ഥികളുള്ള വീടുകളില്‍ വൈദ്യുതിയെത്തിച്ച പദ്ധതിയെന്ന് അധ്യാപകരും രക്ഷിതാക്കളും ഒരേ സ്വരത്തില്‍ പറയുന്നു.
(കെ സി സോജിത്)

ജീവിതവീഥിയില്‍ ഗീതയ്ക്ക് താങ്ങായത് കേരള സോപ്സ്

കോഴിക്കോട്: ഭര്‍ത്താവിന്റെ വിയോഗം തളര്‍ത്തിയ മനസില്‍നിന്നും ജീവിതപ്രതിസന്ധിയെ ധൈര്യപൂര്‍വം മറികടക്കാന്‍ കരുത്താര്‍ജിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് എകരൂര്‍ മാങ്കുറ്റി വയലില്‍ എന്‍ കെ ഗീതയെന്ന കുടുംബിനി. ജീവിതവഴിയില്‍ തളര്‍ന്നുപോകുമായിരുന്ന തനിക്കും കുടുംബത്തിനും താങ്ങായത് ഇടതുപക്ഷ സര്‍ക്കാരിന്റെ കരങ്ങളാണെന്ന് ഇവര്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു. കഴിഞ്ഞ എട്ടുമാസമായി ഇവരുടെ സ്വപ്നങ്ങള്‍ക്ക് ജീവന്‍ പകരുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉയര്‍ത്തെഴുന്നേല്‍പ്പിച്ച കേരള സോപ്സ് ആന്‍ഡ് ഓയില്‍ എന്ന പൊതുമേഖലാ സ്ഥാപനമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ കമ്പനിയാണ് ഇന്ന് ഗീത ഉള്‍പ്പെടെ നൂറുകണക്കിന് തൊഴിലാളികള്‍ക്ക് ജീവിതമാര്‍ഗം ഒരുക്കുന്നത്.

കഴിഞ്ഞ ആഗസ്തിലാണ് ഗീതയുടെ ഭര്‍ത്താവും നാടന്‍പാട്ട് കലാകാരനുമായ ബാലകൃഷ്ണന്‍ കരള്‍രോഗ ബാധിതനായി മരണത്തിന് കീഴടങ്ങിയത്. അച്ഛനും അമ്മയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബഭാരം ഈ യുവതിയുടെ ചുമലിലായി. തൊഴില്‍ തേടിയിറങ്ങിയ ഗീതയ്ക്കു മുന്നില്‍ കേരളസോപ്സ് വാതില്‍ തുറന്നു. ഇന്ന് സ്ഥാപനത്തില്‍ സ്വീപ്പര്‍ തസ്തികയില്‍ ജോലിചെയ്യുന്ന ഇവര്‍ നിറഞ്ഞ ആഹ്ളാദത്തിലാണ്. മാന്യമായ വരുമാനംകൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവുന്നെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. അന്താരാഷ്ട്ര ഗുണനിലവാരവും മാര്‍ക്കറ്റിങ് ശൃംഖലയുമുണ്ടായിരുന്ന സ്ഥാപനം സംസ്ഥാന രൂപീകരണത്തിനു മുമ്പുതന്നെ കേരളത്തിന്റെ പേരില്‍ സോപ്പുല്‍പ്പാദിപ്പിച്ച് ദേശാന്തര പ്രശസ്തി നേടിയിരുന്നു. എപതുകളുടെ തുടക്കംവരെ ലാഭത്തില്‍ പ്രവര്‍ത്തിച്ച കമ്പനി കുത്തകകളുടെ കടന്നുകയറ്റത്തോടെയാണ് തകര്‍ച്ചയിലായത്. യുഡിഎഫ് ഭരണത്തില്‍ സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാനാകാത്തവിധം നാശത്തിന്റെ വക്കിലായി. 2002ല്‍ അടച്ചുപൂട്ടി. 2009ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരള സോപ്സിന്റെ തനിമയും പെരുമയും നിലനിര്‍ത്തി പുതിയ യൂണിറ്റ് തുടങ്ങാന്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിനെ ചുമതലപ്പെടുത്തി. 2009 ല്‍ ശിലാസ്ഥാപനം നടത്തിയ യൂണിറ്റ് 2010 ജനുവരി ഒന്നിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നാടിന് സമര്‍പ്പിച്ചു. രാജ്യാന്തര വിപണിയില്‍ ഇടം നേടാനുള്ള തയ്യാറെടുപ്പിലാണ് കേരളസോപ്സ്. ആദ്യ വിദേശ ഓര്‍ഡര്‍ കഴിഞ്ഞമാസം ദുബായിലേക്ക് കയറ്റി അയച്ചു. പുതിയ ഓര്‍ഡറും ലഭിച്ചിട്ടുണ്ട്.

പച്ചമരുന്ന് ശേഖരിക്കുന്നവരുടെ ജീവിതത്തിലും പച്ചപ്പ്

കാഞ്ഞങ്ങാട്: ആയുര്‍വേദ മേഖലയില്‍ പണിയെടുക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ക്ഷേമനിധി അംഗത്വം നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം പച്ചമരുന്ന് ശേഖരിക്കുന്ന തങ്ങളെ പോലുള്ളവരുടെ ജീവിതത്തിന് പച്ചപ്പ് സമ്മാനിക്കുന്നതാണ്- 35 വര്‍ഷമായി പച്ചമരുന്ന് ശേഖരിച്ച് കടകളിലെത്തിക്കുന്ന രാജപുരം വണ്ണാത്തിക്കാനത്തെ എച്ച് രാഘവന്‍ അഭിമാനത്തോടെ പറഞ്ഞു.

വനങ്ങളിലും മുള്‍ക്കാടുകളിലും പുഴയോരങ്ങളിലും ജീവന്‍ പണയപ്പെടുത്തി അത്യപൂര്‍വ പച്ചമരുന്നുകള്‍ ശേഖരിക്കുന്നവരുള്‍പ്പെടെയുള്ളവര്‍ക്ക് കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റ് തൊഴിലാളി ക്ഷേമനിധിയിലാണ് അംഗത്വം നല്‍കുന്നത്. പച്ചമരുന്ന് വിതരണക്കാര്‍, ആയുര്‍വേദ ഔഷധ നിര്‍മാണ കമ്പനിയിലെ തൊഴിലാളികള്‍, ആയുര്‍വേദ ഷോപ്പുകളിലും മൊത്തവിതരണ ഏജന്‍സികളിലും പണിയെടുക്കുന്നവര്‍, തെറാപ്പിസ്റ്റുകള്‍, ക്ളിനിക്കുകള്‍, ആയുര്‍വേദ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പദ്ധതിയുടെ അനുകൂല്യം ലഭിക്കും.

ജോലിക്കിടയില്‍ ഇഴജന്തുക്കളുടെയും കാട്ടുമൃഗങ്ങളുടെയും ആക്രമണം നേരിട്ട് പച്ചമരുന്ന് ശേഖരിക്കുന്നവര്‍ക്ക് ഇതോടെ നിര്‍ഭയമായി പണിയെടുക്കാനുള്ള ആത്മവിശ്വാസമാണ് സര്‍ക്കാര്‍ പകര്‍ന്നു നല്‍കിയത്. പരമ്പാരഗത ആയുര്‍വേദ മേഖലയെ സംരക്ഷിക്കാന്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ ആയുര്‍വേദ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്കും സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തിയ പ്രഖ്യാപനം ഈ മേഖലയിലുള്ളവര്‍ക്ക് ജീവിത സുരക്ഷിതത്വമാണ് നല്‍കിയതെന്ന് പാരമ്പര്യ വൈദ്യഫെഡറേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റ് മൈക്കിള്‍ രവീന്ദ്രന്‍ ചരകന്‍ വൈദ്യരും പറഞ്ഞു.

കള്ള് ചെത്ത്തൊഴിലാളികള്‍ക്ക് താങ്ങായി ക്ഷേമനിധി പെന്‍ക്ഷന്‍ വര്‍ധന

കള്ള് ചെത്ത്തൊഴിലാളികള്‍ക്ക് വാര്‍ധക്യത്തില്‍ താങ്ങായി ക്ഷേമനിധി പെന്‍ഷന്‍ വര്‍ധന. എല്‍ഡിഎഫ് സര്‍ക്കാരാണ് 150ത് രൂപ ഉണ്ടായിരുന്ന പെന്‍ഷന്‍ 500 രൂപയായി ഉയര്‍ത്തിയത്. ഇപ്പോള്‍ അറുപത് വയസിനുശേഷം ജോലിയില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് നിലവിലുള്ള അഞ്ഞൂറ് രൂപയില്‍ നിന്നും സര്‍വീസിനനുസരിച്ചും തുക വര്‍ധിപ്പിച്ചിട്ടുണ്ട്. ചെത്ത് തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കുമുള്ള സ്കോളര്‍ഷിപ്പാനുകൂല്യം അന്‍പത് ശതമാനമാക്കി ഉയര്‍ത്തി. കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധിയംഗങ്ങള്‍ക്ക് അഞ്ച് രൂപമുടക്കിയാല്‍ ആരോഗ്യസുരക്ഷ കാര്‍ഡും ഇനി ലഭിക്കും. ക്ഷേമനിധി ഓഫീസില്‍ നിന്നും 2010 ജനുവരി മുതല്‍ ബാങ്കുവഴി ക്ഷേമനിധി പെന്‍ഷന്‍ ലഭിക്കും. ഇപ്പോള്‍ മൂന്ന് മാസം കൂടുമ്പോള്‍ 1500 രൂപ വീതമാണ് പെന്‍ഷന്‍.

പെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹരായവര്‍ ലൈഫ്സ് സര്‍ട്ടിഫിക്കറ്റ് എല്ലാ വര്‍ഷവും ഹാജരാക്കണം. ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസുകളില്‍ നിന്നോ അതതിടങ്ങളിലെ എംഎല്‍എമാരോ എംപിമാരോ ആണ് സാക്ഷ്യപ്പെടുത്തിയ ലൈഫ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

ദേശാഭിമാനി 110311

1 comment:

  1. അന്തിമയങ്ങിയാല്‍ മണ്ണെണ്ണവിളക്കിന്റെ അരണ്ടവെളിച്ചത്തില്‍ പാഠപുസ്തകങ്ങളിലേക്ക് കണ്ണുംനട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു വിഷ്ണുവിന്. മുനിഞ്ഞുകത്തുന്ന മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ മനസ്സുവേദനിച്ച രാത്രികള്‍. എന്നാല്‍ ഇന്നതു മാറി. തെളിഞ്ഞുകത്തുന്ന ബള്‍ബിനു ചുവട്ടിലിരുന്ന് ആ പത്താംക്ളാസുകാരന്‍ രാവേറെയും പുലര്‍ച്ചെയും പഠനത്തില്‍ മുഴുകും. എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ ഉള്ള വീട്ടില്‍ അപേക്ഷിച്ച ഉടന്‍ വൈദ്യുതി കണക്ഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് ഒട്ടും പ്രതീക്ഷിക്കാതെ വിഷ്ണുവിന്റെ വീട്ടില്‍ വെളിച്ചമെത്തിച്ചത്.

    "എല്‍ഡിഎഫ് സര്‍ക്കാര്‍ അല്ലായിരുന്നെങ്കില്‍ ഇത്തരമൊരു നേട്ടം സങ്കല്‍പ്പിക്കാന്‍പോലും കഴിയുമായിരുന്നില്ല''. മകന് ലഭിച്ച സൌകര്യമോര്‍ത്ത് അമ്പായത്തോട് മിച്ചഭൂമിയിലെ വി സി രാജന്‍ പറയുന്നു.

    ReplyDelete