Sunday, March 13, 2011

ഉമ്മന്‍ചാണ്ടി നടത്തുന്നത് ദുഷ്പ്രചരണം

കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തെക്കുറിച്ച് കേന്ദ്രമന്ത്രിയും പ്രധാനമന്ത്രിയും ആവര്‍ത്തിച്ച് പ്രശംസിച്ചിട്ടും കേരളത്തിലെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി നടത്തുന്നത് ദുഷ്പ്രചരണമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞു

കേന്ദ്രം എ പി എല്‍ വിഭാഗത്തിന് മാര്‍ച്ച് മാസത്തില്‍ അനുവദിച്ച 36056 മെട്രിക് ടണ്‍ അരിയില്‍ 5836 മെട്രിക് ടണ്‍ മാത്രമാണ് എടുത്തിട്ടുള്ളതെന്ന അദ്ദേഹത്തിന്റെ ആരോപണം വസ്തുതാവിരുദ്ധമാണ്. അനുവദിച്ച അരി സംസ്ഥാനം എടുക്കുന്നതിന് പ്രത്യേക കാലാവധി എഫ് സി ഐ അനുവദിച്ചിട്ടുണ്ട്. ഈ തീയതിക്കുള്ളില്‍ ഘട്ടം ഘട്ടമായി എഫ് സി ഐയില്‍ നിന്നും അരി വിട്ടെടുക്കുകയാണ് നടപടിക്രമം. ഉമ്മന്‍ചാണ്ടി ഉന്നയിച്ചിട്ടുള്ള ആരോപണം അനുവദിച്ച അരി പൂര്‍ണമായും ഒറ്റത്തവണയായി എടുത്തിട്ടില്ലെന്നാണ്. യു ഡി എഫിന്റെ 2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ 1.5 ശതമാനം മുതല്‍ 4.6 ശതമാനം റേഷന്‍ വിഹിതമാണ് എടുത്തിട്ടുള്ളത്. എന്നാല്‍ 2006 മുതല്‍ 2011 വരെ ബി പി എല്ലിന് അനുവദിച്ച അരി 100 ശതമാനം എടുത്തിട്ടുണ്ട്. എ പി എലിന് അനുവദിച്ച അരി ഗണ്യമായി വെട്ടിക്കുറച്ചു. 8.90 രൂപ നിരക്കിലുള്ള അരി പൂര്‍ണമായും എടുത്തിട്ടുണ്ട്. എന്നാല്‍ ഇതേ ഇനത്തിലുള്ള അരി 12.70 രൂപ മുതല്‍ 16 രൂപ വരെയുള്ള ഉയര്‍ന്ന നിരക്കിലാണ് കേന്ദ്രം കേരളത്തിനു നല്‍കിയത്. വില വര്‍ധിപ്പിച്ചു നല്‍കിയ അരിയും സംസ്ഥാനം എടുത്തിട്ടുണ്ട്.

ഇപ്പോഴും പ്രതിപക്ഷ നേതാവ് ജനങ്ങളോട് വ്യക്തമാക്കേണ്ടകാര്യം പറയാതെയാണ് ദുഷ്പ്രചരണം നടത്തുന്നത്. എ പി എല്ലിനു അനുവദിച്ചിരുന്ന 8.90 രൂപ നിരക്കിലുള്ള 1,13,000 മെട്രിക് ടണ്‍ അരി വെട്ടിക്കുറച്ച് 36056 മെട്രിക് ടണ്‍ അരി മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. 77,000 മെട്രിക് ടണ്‍ അരി ഇനിയും പുനഃസ്ഥാപിക്കേണ്ടതായിട്ടുണ്ട്. ഈ വെട്ടിക്കുറവ് പുനസ്ഥാപിക്കണമെന്ന ആവര്‍ത്തിച്ചുള്ള സംസ്ഥാനത്തിന്റെ അഭ്യര്‍ഥന കേന്ദ്രം അംഗീകരിച്ചില്ല. എന്നാല്‍ അരിവില 12.70 രൂപ മുതല്‍ 16 രൂപവരെ വര്‍ധിപ്പിച്ചാണ് കേന്ദ്രം അനുവദിക്കുന്നത്. എന്തുകൊണ്ടാണ് കേന്ദ്രം വെട്ടിക്കുറച്ച 6.90 രൂപ നിരക്കിലുള്ള അരിവിഹിതം പുനഃസ്ഥാപിക്കാത്തത്? വിലക്കയറ്റം തടയാന്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ സഹായിക്കുന്ന നിലപാടാണോ കേന്ദ്രം സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം. രണ്ട് രൂപ നിരക്കില്‍ കേരളത്തിലെ അരി വിതരണം തടസ്സപ്പെടുത്താന്‍ കോണ്‍ഗ്രസ് ഇടപെട്ടില്ല എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കല്ലുവെച്ച നുണയാണ്. കോണ്‍ഗ്രസിന്റെ ഒരു എം എല്‍ എ രണ്ട് രൂപ നിരക്കില്‍ അരി വിതരണം നിര്‍ത്തിവയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് രേഖാമൂലം ഹര്‍ജി നല്‍കിയത് നിഷേധിക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയുമോ എന്ന് ചന്ദ്രപ്പന്‍ ചോദിച്ചു.

ജനയുഗം 130311

1 comment:

  1. ഇപ്പോഴും പ്രതിപക്ഷ നേതാവ് ജനങ്ങളോട് വ്യക്തമാക്കേണ്ടകാര്യം പറയാതെയാണ് ദുഷ്പ്രചരണം നടത്തുന്നത്. എ പി എല്ലിനു അനുവദിച്ചിരുന്ന 8.90 രൂപ നിരക്കിലുള്ള 1,13,000 മെട്രിക് ടണ്‍ അരി വെട്ടിക്കുറച്ച് 36056 മെട്രിക് ടണ്‍ അരി മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. 77,000 മെട്രിക് ടണ്‍ അരി ഇനിയും പുനഃസ്ഥാപിക്കേണ്ടതായിട്ടുണ്ട്. ഈ വെട്ടിക്കുറവ് പുനസ്ഥാപിക്കണമെന്ന ആവര്‍ത്തിച്ചുള്ള സംസ്ഥാനത്തിന്റെ അഭ്യര്‍ഥന കേന്ദ്രം അംഗീകരിച്ചില്ല. എന്നാല്‍ അരിവില 12.70 രൂപ മുതല്‍ 16 രൂപവരെ വര്‍ധിപ്പിച്ചാണ് കേന്ദ്രം അനുവദിക്കുന്നത്. എന്തുകൊണ്ടാണ് കേന്ദ്രം വെട്ടിക്കുറച്ച 6.90 രൂപ നിരക്കിലുള്ള അരിവിഹിതം പുനഃസ്ഥാപിക്കാത്തത്? വിലക്കയറ്റം തടയാന്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ സഹായിക്കുന്ന നിലപാടാണോ കേന്ദ്രം സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം. രണ്ട് രൂപ നിരക്കില്‍ കേരളത്തിലെ അരി വിതരണം തടസ്സപ്പെടുത്താന്‍ കോണ്‍ഗ്രസ് ഇടപെട്ടില്ല എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കല്ലുവെച്ച നുണയാണ്. കോണ്‍ഗ്രസിന്റെ ഒരു എം എല്‍ എ രണ്ട് രൂപ നിരക്കില്‍ അരി വിതരണം നിര്‍ത്തിവയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് രേഖാമൂലം ഹര്‍ജി നല്‍കിയത് നിഷേധിക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയുമോ എന്ന് ചന്ദ്രപ്പന്‍ ചോദിച്ചു.

    ReplyDelete