Saturday, March 5, 2011

മനസ്സ് മാറാതെ നാദാപുരം

കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോരങ്ങള്‍ ഉള്‍പ്പെടുന്ന കാര്‍ഷിക മേഖലയാണ് നാദാപുരം. ജന്മിത്തത്തിനും സാമൂഹ്യ അനീതികള്‍ക്കുമെതിരെ എണ്ണമറ്റ പോരാട്ടങ്ങള്‍ നടന്ന നാട്. എന്നും ഹൃദയപക്ഷത്ത് നിലയുറച്ച് മാറ്റമില്ലാത്ത മനസ്സും മണ്ണും മണ്ഡലത്തിന്റെ പ്രത്യേകതയാണ്. നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തിലും നാദാപുരത്തിന് ഘടനാപരമായ വ്യത്യാസമൊന്നുമുണ്ടായില്ല. പൊതു മേഖലയിലെ വ്യവസായ സംരംഭങ്ങള്‍ മണ്ഡലത്തിന് അന്യമായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. വളയം പൂങ്കുളത്ത് ബാംബൂ കോര്‍പറേഷന്റെ മുള ഫാക്ടറി യാഥാര്‍ഥ്യമായി. ആകാശവലുപ്പമുള്ള സ്വപ്നപദ്ധതി 250 കോടിയുടെ 'മെഡിസിറ്റി'ക്ക് അരീക്കരക്കുന്നില്‍ ചിറക് മുളച്ചു. സംസ്ഥാനത്തിന്റെ വൈദ്യുതി ഉല്‍പ്പാദന ഭൂപടത്തിലും നാദാപുരം സ്ഥാനം ഉറപ്പിച്ചു. മൂന്ന് ചെറുകിട വൈദ്യുത പദ്ധതികളില്‍ ഒന്നായ പൂഴിത്തോടില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് തുടങ്ങി.

കാവിലുംപാറ, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ, വാണിമേല്‍, വളയം, ചെക്യാട്, തൂണേരി, നാദാപുരം, എടച്ചേരി പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് നാദാപുരം നിയമസഭാ മണ്ഡലം. മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളില്‍ ആറിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫുമാണ് ഭരിക്കുന്നത്. ചെക്യാട്, നാദാപുരം, വാണിമേല്‍ പഞ്ചായത്തുകള്‍ക്ക് പുറമെ തൂണേരി പഞ്ചായത്ത് ഭരണം ഇത്തവണ യുഡിഎഫ് നേടി. ഒടുവിലത്തെ കണക്കനുസരിച്ച് 1,77,204 പേരാണ് വോട്ടര്‍മാര്‍. സംസ്ഥാനത്ത് വലതുപക്ഷ തരംഗങ്ങള്‍ ഉണ്ടായ നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം നാദാപുരത്ത് ഇടതുപക്ഷത്തിന്റെ ഗ്രാഫ് ഉയര്‍ന്നുതന്നെയായിരുന്നു.

2010ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നിലെത്തിയെങ്കിലും ഒടുവില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ലീഡ് കുത്തനെ ഉയര്‍ന്നു. 160 ബൂത്തുകളില്‍നിന്ന് ഒമ്പതിനായിരത്തില്‍പ്പരം വോട്ടിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നിലെത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് മന്ത്രി ബിനോയ് വിശ്വം തെരഞ്ഞെടുക്കപ്പെട്ടത്. 1,25,912 പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 17,449 വോട്ടിന്റെ ഭൂരിപക്ഷം ബിനോയ് വിശ്വം നേടി. 6350 വോട്ടാണ് 2006ല്‍ മണ്ഡലത്തില്‍ ബിജെപി നേടിയത്.

നാദാപുരത്തിന്റെ വികസനത്തിന് ശിലയിട്ടത് ആദ്യ എംഎല്‍എയും സിപിഐ എം നേതാവുമായ സി എച്ച് കണാരനായിരുന്നു. അറുപതു മുതല്‍ അറുപത്തിനാലുവരെ കാസര്‍കോട് സ്വദേശിയും ലീഗ് നേതാവുമായ ഹമീദലി ഷംനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചതൊഴിച്ചാല്‍ പിന്നീട് ഒരിക്കലും യുഡിഎഫ് ജയം അറിഞ്ഞിട്ടില്ല. 65ല്‍ സി എച്ച് കണാരന്‍ വീണ്ടും എംഎല്‍എയായി. 67ല്‍ ഇ വി കുമാരനും പിന്നീട് സിപിഐയിലെ എം കുമാരന്‍ മാസ്റ്ററും നിന്ന് വിജയിച്ചു. 77ല്‍ കാന്തലോട്ട് കുഞ്ഞമ്പു വിജയക്കൊടി പറത്തി. യുഡിഎഫിന്റെ കടുത്ത അപവാദ പ്രചാരണങ്ങളെ അതിജീവിച്ച് കെ ജി അടിയോടിയെ പരാജയപ്പെടുത്തി സിപിഐ നേതാവും ബാര്‍ബര്‍ തൊഴിലാളിയുമായ കെ ടി കണാരന്‍ എപതില്‍ ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ട കാത്തു. 87 മുതല്‍ 2001വരെ സത്യന്‍ മൊകേരി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2001ലെ തെരഞ്ഞെടുപ്പില്‍ 6193 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിനോയ് വിശ്വം മണ്ഡലത്തില്‍നിന്ന് കന്നി വിജയം നേടിയത്. 508 കോടിയുടെ വികസനം നാദാപുരത്തിന് നേടിക്കൊടുത്തതിന്റെ ചാരിതാര്‍ഥ്യത്തിലാണ് എല്‍ഡിഎഫ്.
(കെ കെ ശ്രീജിത്)

deshabhimani 050311

1 comment:

  1. സംസ്ഥാനത്ത് വലതുപക്ഷ തരംഗങ്ങള്‍ ഉണ്ടായ നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം നാദാപുരത്ത് ഇടതുപക്ഷത്തിന്റെ ഗ്രാഫ് ഉയര്‍ന്നുതന്നെയായിരുന്നു.

    ReplyDelete