Saturday, March 5, 2011

പ്രചാരണത്തിനിടയിലെ വീഴ്ചയും നമ്പാടന്‍ 'കട്‌ലറ്റും'

പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ വീണ് പരിക്കേറ്റ് ആശുപത്രിയിലായതിന്റെ അങ്കലാപ്പ് ഇപ്പോഴും മാറിയിട്ടില്ല. പഞ്ചായത്തുതുടങ്ങി പാര്‍ലമെന്റിലേക്കുവരെ മത്സരിച്ചിട്ടുള്ള എനിക്കത് തെരഞ്ഞെടുപ്പു പോരാട്ടങ്ങളിലെ മറക്കാനാകാത്ത അനുഭവം.

1987ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് രംഗം. സിറ്റിങ് എംഎല്‍എയായ ഞാന്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ സിപിഐ എം സ്വതന്ത്ര സ്ഥാനാര്‍ഥി. വോട്ടെടുപ്പിന് ഒരാഴ്ചമാത്രം. കാട്ടൂര്‍ പഞ്ചായത്തിലെ ഇല്ലാക്കാട് കോളനിയില്‍ പ്രചാരണം കഴിഞ്ഞു രാത്രി എട്ടോടെ മടങ്ങിവരികയായിരുന്നു. രണ്ടാള്‍ താഴ്ചയുള്ള കൊക്കയിലേക്കു മറിഞ്ഞുവീണു. വീഴ്ചയില്‍ ഇടതു കൈ ഒടിഞ്ഞു. ഒരു കാലിന് നടക്കാന്‍ കഴിയാത്തവിധം പരിക്ക്. അപകടം മുന്നണി പ്രവര്‍ത്തകരെ വല്ലാതെ വേദനിപ്പിച്ചു. എന്നാല്‍, യുഡിഎഫുകാര്‍ അത് രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കാന്‍ ശ്രമിച്ചു. കള്ളു കുടിച്ച് വീണെന്നായിരുന്നു പ്രചാരണം. അത് ഏശുന്നില്ലെന്നു കണ്ടപ്പോള്‍ ചുവടുമാറ്റി; നമ്പാടന്‍ ജയിച്ചാലും പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നായി പിന്നെ. പിറ്റേന്ന് ഇ എം എസ് ആശുപത്രിയില്‍ എത്തി. മാഷ് ഒന്നും പേടിക്കേണ്ടെന്ന് ആശ്വസിപ്പിച്ചു. കമ്യൂണിസ്റ് വിരോധത്തിന് പേരുകേട്ടയാളാണെങ്കിലും തൃശൂര്‍ ആര്‍ച്ച് ബിഷപ് ജോസഫ് കുണ്ടുകുളം തിരുമേനിയും ആശുപ്രതിയിലെത്തി. ആ ദിവസങ്ങള്‍ എനിക്ക് വല്ലാത്ത ടെന്‍ഷന്‍ നിറഞ്ഞതായിരുന്നു. എങ്കിലും ആത്മവിശ്വാസം കൈവിടാതെ പ്രവര്‍ത്തനമെല്ലാം സഖാക്കളെ ഏല്‍പ്പിച്ച് ഞാന്‍ ദിവസങ്ങള്‍ ആകാംക്ഷയോടെ തള്ളി നീക്കി'.

ഒരുദിവസം എന്നെ കാണാന്‍ ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ഇറച്ചിവെട്ടുകാര്‍ വന്നു. മാഷ് പ്രചാരണത്തിന് ഇല്ലെങ്കിലും പേടിക്കേണ്ട.മാഷ്ടെ 'കട്‌ലറ്റ്' ഉണ്ടാക്കി ഞങ്ങള്‍ നാടാകെ സ്ഥാപിക്കും. ഇതുകേട്ട് ഞാന്‍ ശരിക്കും ഞെട്ടി. പിന്നീടാണ് മനസ്സിലായത് അവര്‍ ഉദ്ദേശിച്ചത് കട്ടൌട്ടാണെന്ന്.

എന്തായാലും തെരഞ്ഞെടുപ്പില്‍ 12,000 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പ്ളാസ്ററിട്ട കൈയുമായാണ് സത്യപ്രതിജ്ഞ ചെയ്ത് നായനാര്‍ മന്ത്രിസഭയില്‍ ഭവനനിര്‍മാണമന്ത്രിയുമായി. എട്ടു തവണയാണ് നിയമസഭയിലേക്ക് മത്സരിച്ചത്. കൊടകരയില്‍നിന്ന് രണ്ടു തവണ കുതിര ചിഹ്നത്തിലും ഇരിങ്ങാലക്കുടയില്‍നിന്ന് നാലുതവണ സൈക്കിള്‍ ചിഹ്നത്തിലും മത്സരിച്ചു വിജയിച്ചു. രണ്ടു തവണ തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. 2004ല്‍ ആദ്യമായി സിപിഐ എം ചിഹ്നമായ 'ചുറ്റിക അരിവാള്‍ നക്ഷത്ര'ത്തില്‍ ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍ മുകുന്ദപുരം മണ്ഡലം എനിക്കു നല്‍കിയ ഭൂരിപക്ഷം 1,18,000.

ദേശാഭിമാനി 050311

1 comment:

  1. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് രംഗം. സിറ്റിങ് എംഎല്‍എയായ ഞാന്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ സിപിഐ എം സ്വതന്ത്ര സ്ഥാനാര്‍ഥി. വോട്ടെടുപ്പിന് ഒരാഴ്ചമാത്രം. കാട്ടൂര്‍ പഞ്ചായത്തിലെ ഇല്ലാക്കാട് കോളനിയില്‍ പ്രചാരണം കഴിഞ്ഞു രാത്രി എട്ടോടെ മടങ്ങിവരികയായിരുന്നു. രണ്ടാള്‍ താഴ്ചയുള്ള കൊക്കയിലേക്കു മറിഞ്ഞുവീണു. വീഴ്ചയില്‍ ഇടതു കൈ ഒടിഞ്ഞു. ഒരു കാലിന് നടക്കാന്‍ കഴിയാത്തവിധം പരിക്ക്. അപകടം മുന്നണി പ്രവര്‍ത്തകരെ വല്ലാതെ വേദനിപ്പിച്ചു. എന്നാല്‍, യുഡിഎഫുകാര്‍ അത് രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കാന്‍ ശ്രമിച്ചു. കള്ളു കുടിച്ച് വീണെന്നായിരുന്നു പ്രചാരണം. അത് ഏശുന്നില്ലെന്നു കണ്ടപ്പോള്‍ ചുവടുമാറ്റി; നമ്പാടന്‍ ജയിച്ചാലും പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നായി പിന്നെ.

    ReplyDelete