Thursday, March 10, 2011

ഗൗരിയമ്മ ഇറങ്ങിപ്പോയി; മാണിയും ഇടയുന്നു

അഞ്ച് സീറ്റെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളിയതിനെത്തുടര്‍ന്ന് ജെ എസ് എസ് സീറ്റ് വിഭജന ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോയി. 22 സീറ്റ് ചോദിച്ച കേരള കോണ്‍ഗ്രസിന് (എം)  13 സീറ്റേ നല്‍കാനാവൂ എന്ന് കോണ്‍ഗ്രസ് അറിയിച്ചതിനെത്തുടര്‍ന്ന്  കെ എം മാണിയും ഇടയുന്നു. യു ഡി എഫിന്റെ സീറ്റ് വിഭജന ചര്‍ച്ച ദിവസങ്ങള്‍ കഴിയുന്തോറും സങ്കീര്‍ണമാകുന്നു.

ഘടകകക്ഷികളുമായി ഇന്നലെ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചര്‍ച്ചകള്‍ മിക്കതും അലസി. കേരള കോണ്‍ഗ്രസ് (എം), ജെ എസ് എസ് എന്നീ കക്ഷികളുടെ അവകാശവാദങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. ആ നിലപാട് ഉഭയകക്ഷി ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് ആവര്‍ത്തിച്ചതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 11 സീറ്റില്‍ മത്സരിച്ച മാണി കോണ്‍ഗ്രസ് ഇത്തവണ 22 സീറ്റാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്ന് രാത്രി നടന്ന രണ്ടാംവട്ട ചര്‍ച്ചയില്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന 22 സീറ്റുകളുടെ പട്ടിക കോണ്‍ഗ്രസ് നേതൃത്വത്തിന് ചര്‍ച്ചയ്ക്കിടെ കൈമാറിയിട്ടുണ്ട്. പാല, പൂഞ്ഞാര്‍, ഇടുക്കി, തിരുവനന്തപുരം, ചങ്ങനാശ്ശേരി, കോതമംഗലം, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, തൊടുപുഴ, റാന്നി, തിരുവല്ല, പുനലൂര്‍, കുട്ടനാട്, അങ്കമാലി, മൂവാറ്റുപുഴ, പേരാവൂര്‍, ചാലക്കുടി, മണ്ണാര്‍ക്കാട്, പേരാമ്പ്ര, കാഞ്ഞങ്ങാട്, തിരുവമ്പാടി, എറണാകുളം എന്നീ സീറ്റുകളാണ് മാണി ആവശ്യപ്പെട്ടത്. തൊടുപുഴ ഉള്‍പ്പെടെ പല സീറ്റുകളും കോണ്‍ഗ്രസിന്റെ സീറ്റുകളാണ്. ലീഗ് മത്സരിക്കുന്ന മണ്ണാര്‍ക്കാട് സീറ്റും വേണമെന്നാണ് മാണിയുടെ അവകാശവാദം. മാണി ഗ്രൂപ്പുമായുള്ള സീറ്റ് തര്‍ക്കം എങ്ങിനെ പരിഹരിക്കും എന്ന് കോണ്‍ഗ്രസിനും നിശ്ചയമില്ല.

സീറ്റുവിഭജന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ആശാവഹമായ പ്രതികരണമുണ്ടാകാത്ത സാഹചര്യത്തില്‍ നാളെ കോട്ടയത്ത് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ കേരള കോണ്‍ഗ്രസ് ഭാവി പരിപാടികള്‍ തീരുമാനിക്കും. 22 സീറ്റുകള്‍ ആവശ്യപ്പെട്ട സ്ഥാനത്ത് പതിമൂന്നു സീറ്റുകളില്‍ കൂടുതല്‍ നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഇത് പാര്‍ട്ടിയെ അപമാനിക്കുന്നതിനു തുല്യമാണെന്നും ഇന്നലെ രാത്രി ചേര്‍ന്ന കേരള കോണ്‍ഗ്രസ് നേതൃയോഗം വിലയിരുത്തി. ലയനത്തോടെ പാര്‍ട്ടിക്കുണ്ടായ വളര്‍ച്ച അംഗീകരിക്കാന്‍ തയ്യാറാവാത്ത കോണ്‍ഗ്രസ് നിലപാടിലെ അതൃപ്തിയും യോഗത്തില്‍ ഉയര്‍ന്നു.

അഞ്ച് സീറ്റെന്ന ആവശ്യത്തിന്‍മേല്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ജെ എസ് എസ് നേതൃത്വം കോണ്‍ഗ്രസിനെ അറിയിച്ചിരിക്കുന്നത്. പരമാവധി മൂന്ന് സീറ്റ് നല്‍കാമെന്നാണ് കോണ്‍ഗ്രസിന്റെ വാദം. ഇതിനെ തുടര്‍ന്ന് ചര്‍ച്ച അലസിപ്പിരിയുകയായിരുന്നു. നാളെ ആലപ്പുഴയില്‍ ചേരുന്ന സംസ്ഥാന സെന്റര്‍ യോഗത്തിനുശേഷം ഭാവി പരിപാടി തീരുമാനിക്കുമെന്ന ഭീഷണിയും ഗൗരിയമ്മ മുഴക്കിയിട്ടുണ്ട്.

ചേര്‍ത്തല, തിരുവനന്തപുരം, അടൂര്‍ അല്ലെങ്കില്‍ മാവേലിക്കര, കരുനാഗുപ്പള്ളി അല്ലെങ്കില്‍ ചാത്തന്നൂര്‍, കൊടുങ്ങല്ലൂര്‍ എന്നീ സീറ്റുകളാണ് ജെ എസ് എസ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമായി കോണ്‍ഗ്രസ് നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. നാല് സീറ്റെന്ന ജേക്കബിന്റെ അവകാശവാദം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. കോണ്‍ഗ്രസുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തിയതായി മുസ്‌ലിംലീഗ് നേതൃത്വം അറിയിച്ചു. എന്നാല്‍ സീറ്റുകളുടെ എണ്ണവും ഏതൊക്കെയാണ് സീറ്റുകള്‍ എന്നതിനെക്കുറിച്ചും ഇപ്പോള്‍ പറയാനാവില്ലെന്ന വിചിത്രമായ മറുപടിയാണ് പി കെ കുഞ്ഞാലിക്കുട്ടി നല്‍കിയത്.

സി എം പിയെ മൂന്ന് സീറ്റുകള്‍ നല്‍കി കോണ്‍ഗ്രസ് ഒതുക്കി. എം വി രാഘവന് മത്സരിക്കാന്‍ അഴീക്കോട് സീറ്റ് നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് സി എം പിയെ ഒതുക്കിയത്.

സോഷ്യലിസ്റ്റ് ജനത, ആര്‍ എസ് പി (ബി) തുടങ്ങിയ കക്ഷികളുമായും സീറ്റ് ധാരണയില്‍ എത്തിയിട്ടില്ല. ഘടകകക്ഷികളുടെ അവകാശവാദം കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മാരത്തോണ്‍ ചര്‍ച്ചകള്‍ തുടരുമ്പോഴും സീറ്റ് വിഭജനം സുഗമമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന ഉറപ്പ് കോണ്‍ഗ്രസിനില്ല.
(കെ എസ് അരുണ്‍)

ജനയുഗം 100311

1 comment:

  1. അഞ്ച് സീറ്റെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളിയതിനെത്തുടര്‍ന്ന് ജെ എസ് എസ് സീറ്റ് വിഭജന ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോയി. 22 സീറ്റ് ചോദിച്ച കേരള കോണ്‍ഗ്രസിന് (എം) 13 സീറ്റേ നല്‍കാനാവൂ എന്ന് കോണ്‍ഗ്രസ് അറിയിച്ചതിനെത്തുടര്‍ന്ന് കെ എം മാണിയും ഇടയുന്നു. യു ഡി എഫിന്റെ സീറ്റ് വിഭജന ചര്‍ച്ച ദിവസങ്ങള്‍ കഴിയുന്തോറും സങ്കീര്‍ണമാകുന്നു.

    ReplyDelete