Wednesday, March 9, 2011

ഉന്നതവിദ്യാഭ്യാസം ഒരു വിഭാഗം സമ്പന്നരുടേതായി മാറുന്നു

ഉന്നതവിദ്യാഭ്യാസം ഒരു വിഭാഗം സമ്പന്നരുടേതായി മാറുകയാണെന്ന് മഹാത്മാഗാന്ധി സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സിലര്‍ ഡോ. രാജന്‍ വര്‍ഗീസ് പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നടപ്പാക്കിയ സാമ്പത്തികപരിഷ്കരണങ്ങളാണ് ഈ മാറ്റത്തിന് വഴിയൊരുക്കിയത്. ഇപ്പോള്‍ പൊതുസ്വകാര്യപങ്കാളിത്ത വ്യവസ്ഥ ഉന്നതപഠനമേഖലയിലും ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങളാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്. പൊതുവിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉപയോഗിച്ച് സ്വകാര്യസംരംഭകര്‍ ലാഭമെടുക്കുന്ന ഏര്‍പ്പാടായി മാറും. വിദ്യാഭ്യാസരംഗത്ത് സാധാരണക്കാര്‍ക്ക് നീതിനിഷേധിക്കപ്പെടുകയും ചെയ്യും. അഖിലേന്ത്യാ യൂണിവേഴ്സിറ്റി എംപ്ളോയീസ് കോണ്‍ഫെഡറേഷന്‍ കണ്ണൂര്‍ സര്‍വകലാശാല ക്യാമ്പസില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസം ദേശീയസമ്പത്തോ കച്ചവടച്ചരക്കോ എന്ന വിഷയത്തിലുള്ള ദേശീയ സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചുള്ള പഴയസങ്കല്‍പ്പങ്ങള്‍ക്കും മാറ്റം വരുകയാണ്. മക്കളില്‍ നിന്നും വന്‍സാമ്പത്തിക പ്രയോജനം ലഭിക്കുമെന്ന തോന്നല്‍ രക്ഷിതാക്കള്‍ക്കുമുണ്ടായി. സാങ്കേതികവിദ്യാഭ്യാസത്തിന്റെ മേഖലയില്‍ പുതിയ വിപണി തുറക്കാനും ഇത് ഇടയാക്കി. പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യുന്നതു പോലെ വിദ്യാഭ്യാസമേഖലയെയും വില്‍പ്പനക്ക് വെക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് അഖിലേന്ത്യ ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി ആന്‍ഡ് കോളേജ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് പ്രൊഫ. ജയിംസ് വില്യം പറഞ്ഞു.ലോകബാങ്കിന്റെ അജണ്ടയാണ് ജനവിരുദ്ധനയങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കുന്നത്. വേദാന്തം അടക്കമുള്ളവ പഠനവിഷയമാക്കാനും ശ്രമിക്കുന്നു. വിദ്യാഭ്യാസത്തിന്റെ അജണ്ട നിശ്ചയിക്കുന്നത് രാജ്യത്തെ വ്യാപാരശക്തികളാണെന്നും അദ്ദേഹം പറഞ്ഞു. നല്ല മനുഷ്യരെ രൂപപ്പെടുത്തുന്നത് എന്ന് നാം വിചാരിച്ചിരുന്ന വിദ്യാഭ്യാസം അടിമുടി മാറ്റാനുള്ള പ്രക്രിയയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി വി ശിവദാസന്‍ പറഞ്ഞു. ഇത്തരത്തിലുള്ള ആറു ബില്ലുകളാണ് പാര്‍ലമെന്റിന്റെ പരിഗണനയിലുള്ളതെന്നും ശിവദാസന്‍ ചൂണ്ടിക്കാട്ടി.

ഉച്ചയ്ക്കു ശേഷം ജീവനക്കാര്‍; സര്‍വകലാശാല സംവിധാനത്തിലെ അവിഭാജ്യഘടകം എന്ന വിഷയം കോഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ എം ബി സജ്ജന്‍ അവതരിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റ് സുരേഷ് ചന്ദ്ര മിസ്റ, ദക്ഷിണമേഖലാ സെക്രട്ടറി വി സ്റ്റാലിന്‍, കോഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ സുനില്‍കുമാര്‍, കണ്ണുര്‍ സര്‍വകലാശാല സെനറ്റ് അംഗം പി ജയരാജന്‍, കണ്ണൂര്‍ സര്‍വകലാശാല എംപ്ളോയീസ് യൂണിയന്‍ പ്രസിഡന്റ് കെ പി സുധീര്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

രാവിലെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പി കെ മൈക്കിള്‍ തരകന്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ സംസ്കാരത്തിനും മൂല്യങ്ങള്‍ക്കും അപചയം സംഭവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, ചികിത്സ, ദൈവവിശ്വാസം എന്നിവ കച്ചവടവല്‍ക്കരിച്ചുകഴിഞ്ഞു. സംസ്കാരരഹിതമായ അവസ്ഥയിലേക്കാണ് ഇതു നയിക്കുന്നത്. വര്‍ഗീയത, ഭാഷാതീവ്രവാദം തുടങ്ങി നിരവധി ഭീഷണികള്‍ നിലനില്‍ക്കുന്ന രാജ്യത്തിന് വിദ്യാഭ്യാസത്തിന്റെ കച്ചവടവല്‍ക്കരണവും വിനയാകും. വിലപേശി വാങ്ങാനും വില്‍ക്കാനും കഴിയുന്നതായി വിദ്യാഭ്യാസരംഗം മാറുന്നത് ആശാസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ബി എസ് ഹോട്ട അധ്യക്ഷനായി. പ്രൊ. വൈസ് ചാന്‍സിലര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയനിര്‍വാഹകസമിതി അംഗം പിസിഎച്ച് ശശിധരന്‍ സ്വാഗതം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കോണ്‍ഫെഡറേഷന്‍ ദേശീയനിര്‍വാഹകസമിതിയോഗം ബുധനാഴ്ച സമാപിക്കും.

ദേശാഭിമാനി 090311 കണ്ണൂര്‍ ജില്ലാ വാര്‍ത്ത

1 comment:

  1. ഉന്നതവിദ്യാഭ്യാസം ഒരു വിഭാഗം സമ്പന്നരുടേതായി മാറുകയാണെന്ന് മഹാത്മാഗാന്ധി സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സിലര്‍ ഡോ. രാജന്‍ വര്‍ഗീസ് പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നടപ്പാക്കിയ സാമ്പത്തികപരിഷ്കരണങ്ങളാണ് ഈ മാറ്റത്തിന് വഴിയൊരുക്കിയത്. ഇപ്പോള്‍ പൊതുസ്വകാര്യപങ്കാളിത്ത വ്യവസ്ഥ ഉന്നതപഠനമേഖലയിലും ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങളാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്. പൊതുവിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉപയോഗിച്ച് സ്വകാര്യസംരംഭകര്‍ ലാഭമെടുക്കുന്ന ഏര്‍പ്പാടായി മാറും. വിദ്യാഭ്യാസരംഗത്ത് സാധാരണക്കാര്‍ക്ക് നീതിനിഷേധിക്കപ്പെടുകയും ചെയ്യും. അഖിലേന്ത്യാ യൂണിവേഴ്സിറ്റി എംപ്ളോയീസ് കോണ്‍ഫെഡറേഷന്‍ കണ്ണൂര്‍ സര്‍വകലാശാല ക്യാമ്പസില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസം ദേശീയസമ്പത്തോ കച്ചവടച്ചരക്കോ എന്ന വിഷയത്തിലുള്ള ദേശീയ സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete