Friday, March 11, 2011

കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വില്‍ക്കും

കൊച്ചി കപ്പല്‍ശാലയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി ജി കെ വാസന്‍. രാജ്യസഭയില്‍ കെ വി പി രാമചന്ദ്ര റാവുവിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യ രാജ്യസഭയെ അറിയിച്ചത്. കപ്പല്‍ശാലയുടെ ഓഹരി വില്‍ക്കില്ലെന്നാണ് കേന്ദ്ര മന്ത്രി ആന്റണി അടക്കമുള്ളവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഇതിനു വിരുദ്ധമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍.

കൊച്ചി കപ്പല്‍ശാലയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ മന്ത്രാലയം തീരുമാനമെടുത്തിട്ടുണ്ട്. എന്നാല്‍ ഇത് എന്ന് വേണമെന്നും എത്ര ഓഹരികള്‍ വിറ്റഴിക്കണമെന്നതും സബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. എന്നൂര്‍ പോര്‍ട്ടിന്റെ ഓഹരികളും ഇത്തരത്തില്‍ വിറ്റഴിക്കാന്‍ മന്ത്രാലയം തീരുമാനമെടുത്തതായി മന്ത്രി പറഞ്ഞു. വരുന്ന സാമ്പത്തിക വര്‍ഷം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 40000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി വ്യക്തമാക്കിയിരുന്നു.

നിലവിലുള്ള പോര്‍ട്ട് ട്രസ്റ്റുകളുടെ ഓഹരി വിറ്റഴിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങള്‍ നീക്കാന്‍ ഇവയെ കമ്പനീസ് ആക്ട് പ്രകാരം കമ്പനികളാക്കി മാറ്റുമെന്നും മന്ത്രി മറ്റൊരു ചോദ്യത്തിന് മറുപടി നല്‍കി. മൂംബൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റിനെ ഇത്തരത്തില്‍ കമ്പനിയാക്കി മാറ്റാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. രാജ്യത്തെ 15 തുറമുഖങ്ങള്‍ 3952.75 കോടി രൂപ ചെലവില്‍ സര്‍ക്കാര്‍ വികസിപ്പിച്ചുവരികയാണെന്നും 665 കോടി രൂപ ചെലവിട്ട് മൂന്ന് തുറമുഖങ്ങള്‍കൂടി സര്‍ക്കാര്‍ വികസിപ്പിക്കാന്‍ തീരുമാനമെടുത്തതായും മന്ത്രി മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

രാജ്യത്തെ ആദ്യ അന്താരാഷ്ട്ര കണ്ടെയിനര്‍ ടെര്‍മിനലാണ് കൊച്ചിയില്‍ സ്ഥാപിച്ചിരിക്കുന്നത്. വന്‍കിട കപ്പലുകളെ ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ളതാണ് ഈ ടെര്‍മിനല്‍. കൊച്ചില്‍ പോര്‍ട്ട് ട്രസ്റ്റും ഇന്ത്യ ഗേറ്റ്‌വേ ടെര്‍മിനല്‍ പ്രൈവറ്റ് ലിമിറ്റഡുമായുള്ള കരാര്‍ പ്രകാരം ഘട്ടം ഘട്ടമായാകും ഇതിന്റെ വികസനമെന്നും മന്ത്രി മറ്റൊരു ചോദ്യത്തിന് മറുപടി നല്‍കി.
(റെജി കുര്യന്‍)

ജനയുഗം 110311

1 comment:

  1. കപ്പല്‍ശാലയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി ജി കെ വാസന്‍. രാജ്യസഭയില്‍ കെ വി പി രാമചന്ദ്ര റാവുവിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യ രാജ്യസഭയെ അറിയിച്ചത്. കപ്പല്‍ശാലയുടെ ഓഹരി വില്‍ക്കില്ലെന്നാണ് കേന്ദ്ര മന്ത്രി ആന്റണി അടക്കമുള്ളവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഇതിനു വിരുദ്ധമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍.

    ReplyDelete