Wednesday, March 9, 2011

റൂട്ട് മാര്‍ച്ച് പൊലീസ് മാന്വല്‍പ്രകാരം

പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയ്നികള്‍ റൂട്ട് മാര്‍ച്ച് നടത്തിയത് പരിശീലനം സംബന്ധിച്ച് '92ല്‍ പുറപ്പെടുവിച്ച മാന്വലിലെ വ്യവസ്ഥപ്രകാരം. പരിശീലനകാലത്ത് മൂന്നുഘട്ടങ്ങളിലായി 86 കിലോമീറ്റര്‍ റൂട്ട് മാര്‍ച്ച് നടത്തണമെന്നാണ് മാന്വലില്‍ പറയുന്നത്. 2005ല്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ റൂട്ട് മാര്‍ച്ചിന്റെ ദൂരം 105 കിലോ മീറ്ററായി വര്‍ധിപ്പിച്ചു. റൂട്ട് മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ ധരിക്കേണ്ട വസ്ത്രം, ഷൂസ് തുടങ്ങിയവസംബന്ധിച്ചും മാന്വലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉപയോഗിക്കുന്ന ഷൂസേ ധരിക്കാവൂവെന്നാണ് വ്യവസ്ഥ. നടക്കുമ്പോള്‍ കാല്‍ പൊട്ടി പരിക്കേല്‍ക്കാതിരിക്കാനാണിത്. മാര്‍ച്ചിനിടെ കടകളില്‍നിന്ന് ഒന്നും വാങ്ങി കഴിക്കരുതെന്നും കൈവശം കരുതിയിട്ടുള്ള വെള്ളംമാത്രമേ കുടിക്കാവൂവെന്നും മാന്വലിലുണ്ട്. പരിശീലനത്തിന്റെ ആദ്യഘട്ടത്തില്‍ 12 കിലോമീറ്റര്‍ റൂട്ട് മാര്‍ച്ച് നടത്തണമെന്നാണ് വ്യവസ്ഥ. രണ്ടാംഘട്ടത്തില്‍ ഇത് 24 കിലോമീറ്ററായും മൂന്നാംഘട്ടത്തില്‍ 50 കിലോമീറ്ററായും നിജപ്പെടുത്തിയിട്ടുണ്ട്. '92ലാണ് സായുധ ബറ്റാലിയന്‍ ട്രെയ്നിങ് മാന്വല്‍ പുറത്തിറക്കിയത്. പൊലീസ് സേനയിലെ എല്ലാ അംഗങ്ങളും പരിശീലനകാലത്ത് റൂട്ട് മാര്‍ച്ച് നടത്തിയിരിക്കണമെന്നാണ് മാന്വലില്‍ പറയുന്നത്. ഇതിന് അനുബന്ധമായാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. റൂട്ട് മാര്‍ച്ചിനുശേഷം നിശ്ചിത സമയം വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും അനുവദിച്ചിട്ടുണ്ട്.

അതേസമയം, റൂട്ട് മാര്‍ച്ചിന്റെ പേരില്‍ പൊലീസ് ട്രെയ്നികളെ പീഡിപ്പിച്ചെന്ന് വരുത്താന്‍ മനോരമ പത്രം നടത്തുന്ന ശ്രമം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് വ്യക്തമായി. എസ്എപി ക്യാമ്പില്‍നിന്ന് റൂട്ട് മാര്‍ച്ച് നടത്തി നെയ്യാര്‍ഡാമില്‍ എത്തിയ ട്രെയ്നികള്‍ വിശ്രമിക്കുന്ന ചിത്രമാണ് ചൊവ്വാഴ്ച മനോരമ പ്രസിദ്ധീകരിച്ചത്. ഇവരുടെ കാല്‍ പൊട്ടിയെന്നാണ് കണ്ടെത്തല്‍. എസ്എപി ക്യാമ്പില്‍ മാസങ്ങളായി ഷൂസും മറ്റും ധരിച്ച് കായികപരിശീലനം നടത്തിയവരാണ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തത്. ഇവരുടെ കാല്‍ നടന്ന് പൊട്ടിയതിനെതുടര്‍ന്ന് എല്ലാവരും തളര്‍ന്നുപോയെന്ന വാദം വിചിത്രമാണെന്ന് സേനയിലുള്ളവര്‍തന്നെ പറഞ്ഞു. കഠിനമായ പരിശീലനം സിദ്ധിച്ചവര്‍ മാര്‍ച്ചുചെയ്താല്‍ കാല്‍ പൊട്ടി തളര്‍ന്നുപോകുമെന്നാണ് മനോരമയുടെ വ്യാഖ്യാനം. ഏത് പ്രതികൂലസാഹചര്യവും നേരിടാന്‍ സന്നദ്ധരായി പൊലീസില്‍ ചേര്‍ന്നവരെ റൂട്ട് മാര്‍ച്ചിനുപോലും കൊള്ളാത്തവരാണെന്ന് വരുത്താനാണ് മനോരമയുടെ ശ്രമം.

അതേസമയം, മാന്വലിലെ വ്യവസ്ഥയ്ക്കുവിരുദ്ധമായി റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തവരെ പീഡിപ്പിച്ചോയെന്ന് അന്വേഷിക്കാന്‍ എഡിജിപി (ബറ്റാലിയന്‍) വേണുഗോപാല്‍ കെ നായരെ ചുമതലപ്പെടുത്തി. പൊലീസ് പരിശീലനത്തില്‍ കാലാനുസൃതമായി മാറ്റംവരുത്തേണ്ടതുണ്ടോയെന്നതുസംബന്ധിച്ചും ശുപാര്‍ശ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരം ഡിജിപി ജേക്കബ് പുന്നൂസാണ് ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കിയത്. പൊലീസ് ട്രെയ്നികളെ പീഡിപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റിസ് എന്‍ ദിനകര്‍ സ്വമേധയാ കേസെടുത്തു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം 18നകം വിശദീകരണം നല്‍കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി.

ദേശാ‍ഭിമാനി 090311

1 comment:

  1. റൂട്ട് മാര്‍ച്ചിന്റെ പേരില്‍ പൊലീസ് ട്രെയ്നികളെ പീഡിപ്പിച്ചെന്ന് വരുത്താന്‍ മനോരമ പത്രം നടത്തുന്ന ശ്രമം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് വ്യക്തമായി. എസ്എപി ക്യാമ്പില്‍നിന്ന് റൂട്ട് മാര്‍ച്ച് നടത്തി നെയ്യാര്‍ഡാമില്‍ എത്തിയ ട്രെയ്നികള്‍ വിശ്രമിക്കുന്ന ചിത്രമാണ് ചൊവ്വാഴ്ച മനോരമ പ്രസിദ്ധീകരിച്ചത്. ഇവരുടെ കാല്‍ പൊട്ടിയെന്നാണ് കണ്ടെത്തല്‍. എസ്എപി ക്യാമ്പില്‍ മാസങ്ങളായി ഷൂസും മറ്റും ധരിച്ച് കായികപരിശീലനം നടത്തിയവരാണ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തത്. ഇവരുടെ കാല്‍ നടന്ന് പൊട്ടിയതിനെതുടര്‍ന്ന് എല്ലാവരും തളര്‍ന്നുപോയെന്ന വാദം വിചിത്രമാണെന്ന് സേനയിലുള്ളവര്‍തന്നെ പറഞ്ഞു. കഠിനമായ പരിശീലനം സിദ്ധിച്ചവര്‍ മാര്‍ച്ചുചെയ്താല്‍ കാല്‍ പൊട്ടി തളര്‍ന്നുപോകുമെന്നാണ് മനോരമയുടെ വ്യാഖ്യാനം. ഏത് പ്രതികൂലസാഹചര്യവും നേരിടാന്‍ സന്നദ്ധരായി പൊലീസില്‍ ചേര്‍ന്നവരെ റൂട്ട് മാര്‍ച്ചിനുപോലും കൊള്ളാത്തവരാണെന്ന് വരുത്താനാണ് മനോരമയുടെ ശ്രമം.

    ReplyDelete