Sunday, March 13, 2011

കൊച്ചിയില്‍ സുഗമയാത്ര

വന്‍നഗരങ്ങള്‍മാത്രം കേട്ട്പരിചയിച്ച ലേഡീസ് ഓണ്‍ലി ബസിലെ യാത്ര ഇന്ന് കൊച്ചിയിലെ സ്ത്രീകള്‍ക്ക് സ്വന്തമാണ്. ലേഡീസ് ഒണ്‍ലി മാത്രമല്ല 40 വര്‍ഷത്തിനുശേഷം എറണാകുളത്തിന് ഡബിള്‍ ഡക്കര്‍, സ്വകാര്യബസുകള്‍ പണിമുടക്കിയാല്‍ നട്ടംതിരിയുന്ന നഗരവാസികള്‍ക്കാശ്വാസമായി തിരുകൊച്ചി സിറ്റി സര്‍വീസ്, ആഢംബരയാത്രയേകാന്‍ എ സി ലോ ഫ്‌ളോറും സെമി ലോ ഫ്‌ളോറും .അഞ്ചുവര്‍ഷത്തിനിടയില്‍ സംസ്ഥാന ഗതാഗതവകുപ്പ് കൊച്ചി നഗരത്തിന് അനുവദിച്ച കെ എസ് ആര്‍ ടി സിയുടെ വിവിധ സര്‍വീസുകള്‍ നഗരവാസികളുടെ യാത്രാക്ലേശം തെല്ലൊന്നുമല്ല പരിഹരിച്ചത്.

നഗരത്തിലെ പതിറ്റാണ്ടുകള്‍ നീണ്ട സ്വകാര്യബസ് സര്‍വീസിന്റെ കുത്തക തകര്‍ത്താണ് കെ എസ് ആര്‍ ടി സിയുടെ സിറ്റി സര്‍വീസായ തിരുകൊച്ചി ആരംഭിച്ചത്. സ്വകാര്യബസുടമകളില്‍നിന്നുണ്ടായ നിരവധി തടസങ്ങളും എതിര്‍പ്പുകളും അവഗണിച്ചാണ് സര്‍ക്കാര്‍ കൊച്ചിയില്‍ സിറ്റി സര്‍വീസ് ആരംഭിച്ചത്. ആകെ 50 ബസുകളാണ് സിറ്റി സര്‍വീസിനായുള്ളത്. എറണാകുളം ഡിപ്പോയില്‍നിന്ന് 32 ബസുകളും ആലുവ ഡിപ്പോയില്‍നിന്ന് 18 ബസുകളും. ഈ ബസുകളെല്ലാംതന്നെ നഗരകേന്ദ്രങ്ങളിലൂടെയാണ് കടന്നുപോകുന്നതും. പ്രധാന റൂട്ടുകളിലൂടെ അരമണിക്കൂര്‍ ഇടവേളകളില്‍ തിരുകൊച്ചി സര്‍വീസ് നടത്തുന്നത് സാധാരണക്കാരായ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനമായി. ഗോശ്രീപാലത്തിലൂടെ 20 തിരുകൊച്ചി ബസുകള്‍ അനുവദിക്കാനായത് എല്‍ ഡി എഫ് സര്‍ക്കാരിന്റെ മികച്ച നേട്ടങ്ങളിലൊന്നാണ്. വര്‍ഷങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യമായിരുന്നു ഗോശ്രീപാലം വഴിയുള്ള ബസ് സര്‍വീസ്.

അടിക്കടിയുണ്ടാകുന്ന സ്വകാര്യ ബസ് സമരം സൃഷ്ടിച്ചിരുന്ന ബുദ്ധിമുട്ടുകളില്‍നിന്ന് നഗരവാസികള്‍ക്ക് മോചനമേകാന്‍ തിരുകൊച്ചിക്ക് കഴിഞ്ഞു. വന്‍കിട കമ്പനികളില്‍ ജോലിചെയ്യുന്നവര്‍ മുതല്‍ സാധാരണക്കാരിയായ വീട്ടമ്മവരെ ആഗ്രഹിക്കുന്ന സുരക്ഷിതമായൊരു ബസ് യാത്ര. ഒരിക്കല്‍ സ്വപ്‌നംമാത്രമായിരുന്ന ലേഡീസ് ഒണ്‍ലി ബസ് സര്‍വീസ് കൊച്ചിക്കു സമ്മാനിച്ചത് ഇടതുസര്‍ക്കാരാണ്. കൊച്ചിയില്‍ വിവിധ മേഖലകളിലായി ആയിരക്കണക്കിന് സ്ത്രീകള്‍ ജോലിക്കുപോകുന്നതിനും വരുന്നതിനും ആശ്രയിക്കുന്നത് ബസ് സര്‍വീസിനെയാണ്്. സ്ത്രീകള്‍ക്കു മാത്രമായി കെ എസ് ആര്‍ ടി സി തുടങ്ങിയ ലേഡീസ് ഒണ്‍ലിയെക്കുറിച്ച് നഗരത്തിലെ സ്ത്രീകള്‍ക്ക് പറയാന്‍ നല്ലതുമാത്രമേയുള്ളൂ. ആദ്യഘട്ടമായി രണ്ട് ലേഡീസ് ഒണ്‍ലി ബസുകളാണ് അനുവദിച്ചത്. രാവിലെ 8.40ന് പുറപ്പെട്ട് വൈകിട്ട് 6.30ന് സര്‍വീസ് അവസാനിപ്പിക്കുന്ന രീതിയിലാണ് ബസുകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.

ദിനംപ്രതി വളരുന്ന നഗരത്തിന് ആഢംബരയാത്രാനുഭവവുമായാണ്എ സി ലോ ഫ്‌ളോര്‍ നഗരത്തിലെത്തിയത്. തിരക്കുനിറഞ്ഞ നഗരത്തിലൂെടയുള്ള സുഖശീതളയാത്ര ജനങ്ങള്‍ക്ക് പുതിയൊരനുഭവമായിരുന്നു. 33 എ സി ലോ ഫ്‌ളോര്‍ ബസുകളാണ് കൊച്ചിയില്‍ സര്‍വീസ് നടത്തുന്നത്. 10 രൂപയാണ് മിനിമം ചാര്‍ജ്. സെമി ലോ ഫ്‌ളോര്‍ നോണ്‍ എ സി ബസുകളും യാത്രക്ലേശത്തിന് വലിയൊരു പരിഹാരമായി. 23 സെമി ലോ ഫ്‌ളോര്‍ ബസുകളാണ് നഗരത്തില്‍ സര്‍വീസ് നടത്തുന്നത്.

കൊച്ചിയില്‍ 40 വര്‍ഷങ്ങള്‍ക്കുശേഷമെത്തിയ ഡബിള്‍ ഡക്കര്‍ ബസ് ജനങ്ങള്‍ക്കേകിയത് പുതിയൊരു യാത്രാനുഭവമായിരുന്നു. 75 പേര്‍ക്ക് യാത്രചെയ്യാവുന്ന ഒരു ഡബിള്‍ ഡക്കറാണ്

ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്. ഡബിള്‍ഡക്കറിന്റെ ഉയരം കണക്കിലെടുത്ത് നഗരത്തിലൂടെയുള്ള സര്‍വീസ് ഒഴിവാക്കി അങ്കമാലിയില്‍നിന്ന് വൈറ്റിലവഴി തോപ്പുംപടിവരെയും തോപ്പുംപടി-കളമശ്ശേരി സര്‍വീസുമാണുള്ളത്. കോതമംഗലം, മൂവാറ്റുപുഴ, പിറവം തുടങ്ങി ജില്ലയുടെ ഉള്‍പ്രദേശങ്ങിലേക്ക് എ സി ലോ ഫ്‌ളോര്‍ ബസുകള്‍ വ്യാപിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞത് പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമായി.

അഞ്ചുവര്‍ഷത്തിനിടയില്‍ കൊച്ചിയില്‍ ആരംഭിച്ച സര്‍വീസുകളെല്ലാം ലാഭത്തിലാണെന്ന് കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥര്‍ പറയുന്നു.  തിരുകൊച്ചിയും ചുരുങ്ങിയദിവസംകൊണ്ടുതന്നെ ഡബിള്‍ഡക്കറും കെ എസ് ആര്‍ ടി സിക്ക് നല്ല വരുമാനമാണ് നേടിക്കൊടുത്തത്. ലേഡീസ് ഒണ്‍ലിയും തിരുകൊച്ചിയും ലോ ഫ്‌ളോറുമെല്ലാം ജനങ്ങള്‍ക്ക് കെ എസ് ആര്‍ ടി സിയെക്കുറിച്ചുണ്ടായ തെറ്റിദ്ധാരണ മാറ്റി. കെ എസ് ആര്‍ ടി സിക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിച്ചെന്നും  ഉദ്യോഗസ്ഥര്‍ പറയുന്നു.
(പി എസ് രശ്മി)

ജനയുഗം 130311

1 comment:

  1. വന്‍നഗരങ്ങള്‍മാത്രം കേട്ട്പരിചയിച്ച ലേഡീസ് ഓണ്‍ലി ബസിലെ യാത്ര ഇന്ന് കൊച്ചിയിലെ സ്ത്രീകള്‍ക്ക് സ്വന്തമാണ്. ലേഡീസ് ഒണ്‍ലി മാത്രമല്ല 40 വര്‍ഷത്തിനുശേഷം എറണാകുളത്തിന് ഡബിള്‍ ഡക്കര്‍, സ്വകാര്യബസുകള്‍ പണിമുടക്കിയാല്‍ നട്ടംതിരിയുന്ന നഗരവാസികള്‍ക്കാശ്വാസമായി തിരുകൊച്ചി സിറ്റി സര്‍വീസ്, ആഢംബരയാത്രയേകാന്‍ എ സി ലോ ഫ്‌ളോറും സെമി ലോ ഫ്‌ളോറും .അഞ്ചുവര്‍ഷത്തിനിടയില്‍ സംസ്ഥാന ഗതാഗതവകുപ്പ് കൊച്ചി നഗരത്തിന് അനുവദിച്ച കെ എസ് ആര്‍ ടി സിയുടെ വിവിധ സര്‍വീസുകള്‍ നഗരവാസികളുടെ യാത്രാക്ലേശം തെല്ലൊന്നുമല്ല പരിഹരിച്ചത്.

    ReplyDelete