Tuesday, March 8, 2011

തെളിയുന്നത് ലീഗിന്റെ കച്ചവടമുഖം

കുഞ്ഞാലിക്കുട്ടിക്ക് 'ഗുഡ് സര്‍ട്ടിഫിക്കറ്റ്' തെളിയുന്നത് ലീഗിന്റെ കച്ചവടമുഖം

കോഴിക്കോട്: ഒടുവില്‍ മുസ്ളിംലീഗ് പ്രഖ്യാപിച്ചു, നിയമസഭാ തെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി പാര്‍ടിയെ നയിക്കുമെന്ന്. ലീഗിനെ നയിക്കാന്‍ സര്‍വഥാ യോഗ്യന്‍ കുഞ്ഞാലിക്കുട്ടിയാണെന്ന് അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദാണ് വെളിപ്പെടുത്തിയത്. പെണ്‍‌വാണിഭക്കേസില്‍ ആരോപണം നേരിടുന്ന സംസ്ഥാന ജനറല്‍സെക്രട്ടറിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിലൂടെ അഴിമതിയും ധാര്‍മികതയുമൊന്നും വിഷയമല്ലെന്നാണ് ലീഗ് പ്രഖ്യാപനം. കളങ്കിതരും ആരോപണവിധേയരും മാറിനില്‍ക്കണമെന്നത് കോണ്‍ഗ്രസില്‍ സജീവ ചര്‍ച്ചയായിരിക്കെയാണ് കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കുമെന്ന പരസ്യപ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

പണവും അധികാരവും സ്വാധീനവുമുപയോഗിച്ച് പെണ്‍‌വാണിഭക്കേസ് അട്ടിമറിച്ചതായാണ് കുഞ്ഞാലിക്കുട്ടിയെക്കുറിച്ചുണ്ടായ വെളിപ്പെടുത്തല്‍. ജനാധിപത്യ മൂല്യങ്ങള്‍ക്കും സംസ്കാരത്തിനും മാനക്കേടുണ്ടാക്കിയ സംഭവമായാണ് ജനാധിപത്യ -രാഷ്ട്രീയ സമൂഹമാകെ ഇതിനെ വിലയിരുത്തിയത്. ലീഗിനകത്തും ഒരുപാട് നേതാക്കള്‍ കുഞ്ഞാലിക്കുട്ടി പാര്‍ടിക്ക് കളങ്കമാണെന്ന വിശ്വാസത്തിലാണ്. എം കെ മുനീറും ടി എ അഹമ്മദ്കബീറും കെ എം ഷാജിയുമടക്കമുള്ള നേതാക്കള്‍ കുഞ്ഞാലിക്കുട്ടി മാറിനില്‍ക്കണമെന്ന അഭിപ്രായക്കാരായിരുന്നു. ആദര്‍ശവും തെളിമയാര്‍ന്ന നിലപാടുംവഴി രാഷ്ട്രീയ എതിരാളികളുടെപോലും ആദരവാര്‍ജിച്ചവരായിരുന്നു മുന്‍കാലങ്ങളില്‍ ലീഗിനെ നയിച്ചത്. എന്നാല്‍ പണത്തിനുമുകളില്‍ യാതൊരു ആദര്‍ശമഹിമയുമില്ലെന്ന് വിളംബരം ചെയ്ത് കച്ചവട രാഷ്ട്രീയമുഖം ആവര്‍ത്തിച്ചിരിക്കയാണീ കക്ഷി. സദാചാരത്തിന് പ്രാമുഖ്യം കല്‍പ്പിക്കുന്ന ഇസ്ളാംസമുദായ സംഘടനകളടക്കം ഈ പ്രശ്നത്തില്‍ മാന്യമായ പ്രതികരണവും സമീപനവുമാണ് ലീഗ് നേതൃത്വത്തില്‍നിന്ന് പ്രതീക്ഷിച്ചിരുന്നത്.

2006ലെ പരാജയത്തില്‍നിന്ന് പാര്‍ടി പാഠമുള്‍ക്കൊണ്ടിട്ടില്ലെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം തെളിയിക്കുന്നതെന്നാണ് ഇ കെ വിഭാഗം സുന്നികളുടെ യുവജനവിഭാഗത്തിന്റെ നിരീക്ഷണം. അതിനിടെ കളങ്കിതര്‍ വേണ്ടെന്ന് ചര്‍ച്ചചെയ്ത കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നതും ആശയക്കുഴപ്പത്തിലാക്കുന്നതുമാണ് ലീഗ് തീരുമാനം. കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ഇ അഹമ്മദ് കോണ്‍ഗ്രസിനെതിരെ കൂട്ടത്തില്‍ ഒളിയമ്പ് എയ്യുകയുമുണ്ടായി. ലീഗില്‍ കളങ്കിതരില്ലെന്നാണ് അഹമ്മദ് പറഞ്ഞത്. കളങ്കിതര്‍ വേണ്ടെന്ന് പറഞ്ഞ കോണ്‍ഗ്രസിലാണ് അത്തരക്കാരുള്ളതെന്നാണ് അഹമ്മദ് പറയാതെ പറഞ്ഞിരിക്കുന്നത്.

അതേസമയം കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം യുഡിഎഫിന്റെ സാധ്യതകളെ ബാധിക്കുമെന്ന ആശങ്ക കോണ്‍ഗ്രസില്‍ പരന്നിട്ടുണ്ട്. കെപിസിസി നിര്‍വാഹകസമിതിയില്‍ ഇക്കാര്യം ഉന്നയിച്ച വി എം സുധീരനും മറ്റും ഇനിയെന്ത് നിലപാട് സ്വീകരിക്കുമെന്നതും ചര്‍ച്ചയാകും. 2004-ല്‍ കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെപിസിസി നിര്‍വാഹകസമിതിയില്‍നിന്ന് സുധീരന്‍ രാജിവെച്ചിരുന്നു. കളങ്കിതര്‍ പാടില്ലെന്ന് കെപിസിസിയില്‍ ആവശ്യപ്പെട്ട സുധീരനടക്കമുള്ളവര്‍ ലീഗ് നിലപാടിനെതിരെ പ്രതികരിക്കാന്‍ ആര്‍ജവം കാട്ടുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. കോണ്‍ഗ്രസ് നിലപാടിനെ ഭയക്കുന്നില്ലെന്നതിനാലാണ് അഹമ്മദ് കുഞ്ഞാലിക്കുട്ടി ലീഗിനെ നയിക്കുമെന്ന് കെപിസിസി പ്രസിഡന്റിനെ മുന്നിലിരുത്തി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പതിവുപോലെ ലീഗിന് മുന്നില്‍ വായടയ്ക്കുമെന്നാണ് വിലയിരുത്തല്‍. സുധീരനടക്കമുള്ള 'ആദര്‍ശധീര'ന്മാരും മാളത്തിലൊളിക്കുമെന്ന് ലീഗുകാര്‍ കരുതുന്നു.
(പി വി ജീജോ)

തുറന്ന പോരിന് തയ്യാറെടുത്ത് മുനീര്‍

മലപ്പുറം: ഒടുവില്‍ മുസ്ളിംലീഗില്‍ എം കെ മുനീര്‍ തുറന്ന പോരിനൊരുങ്ങുന്നു. തനിക്കെതിരെ ആഞ്ഞടിക്കാന്‍ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുത്ത മനോരമ ചാനലില്‍ തന്നെയാണ് മുനീര്‍, ലീഗിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ് പ്രഖ്യാപിച്ചത്. ലീഗിനെ നയിക്കാന്‍ പ്രാപ്തനാണെന്ന് വെളിപ്പെടുത്തുക വഴി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കും വ്യക്തമായ സന്ദേശമാണ് മുനീര്‍ നല്‍കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് കുഞ്ഞാലിക്കുട്ടി മാറിനില്‍ക്കണമെന്ന് മുനീര്‍ നേരത്തെ ആവശ്യപ്പെട്ടതാണ്. പാണക്കാട് തങ്ങള്‍ അങ്ങനെയൊരു തീരുമാനമെടുത്താല്‍ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ് മുനീറിന്റെ നിലപാട്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഐസ്ക്രീം പാര്‍ലര്‍ കേസില്‍ അന്വേഷണം തുടരുമെന്നും മുനീര്‍ പ്രഖ്യാപിക്കുന്നു. നിഷ്പക്ഷമായ അന്വേഷണമാകും നടക്കുകയെന്നും കൂട്ടിച്ചേര്‍ക്കുന്നു. ഈ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് സാരം.

കുഞ്ഞാലിക്കുട്ടി നടത്തിയ ആരോപണങ്ങള്‍ മുനീര്‍ അക്കമിട്ട് നിഷേധിക്കുന്നു. ഐസ്ക്രീം കേസിലെ വെളിപ്പെടുത്തലുകള്‍ ഇന്ത്യാവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്യരുതെന്ന് പാണക്കാട് തങ്ങള്‍ മുനീറിനോട് ആവശ്യപ്പെട്ടിരുന്നതായി കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം മുനീര്‍ നിഷേധിച്ചു. മാത്രമല്ല ഇക്കാര്യത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തില്‍ വ്യക്തതയില്ലെന്നും മുനീര്‍ പറഞ്ഞുവെക്കുന്നു. തന്റെ ബന്ധു കെ എ റൌഫ് ക്രിമിനലാണെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തോടും മുനീറിന് യോജിപ്പില്ല. കോഴിക്കോട്ട് നടന്ന ലീഗ് റാലിയില്‍ കുഞ്ഞാലിക്കുട്ടി നയിക്കുമെന്ന് ഇ അഹമ്മദ് പറഞ്ഞെങ്കിലും അത് പാര്‍ടിയുടെ അന്തിമ തീരുമാനമല്ലെന്നാണ് മുനീറിന്റെ വിശദീകരണം. കുഞ്ഞാലിക്കുട്ടി മത്സരിക്കുമോയെന്ന കാര്യത്തില്‍ തിങ്കളാഴ്ചയും തീരുമാനമായിട്ടില്ല. എന്തു ചെയ്യണമെന്ന ആശയക്കുഴപ്പം ഇപ്പോഴും തുടരുകയാണ്. അതിനിടെ കുഞ്ഞാലിക്കുട്ടി മാറിനില്‍ക്കുകയാണ് നല്ലതെന്ന അഭിപ്രായം കോണ്‍ഗ്രസിലും ശക്തമായിട്ടുണ്ട്.

മലപ്പുറത്ത് ലീഗിന് കീഴടങ്ങില്ലെന്ന് കോണ്‍ഗ്രസ് നേതൃയോഗം

മലപ്പുറം: ജില്ലയിലെ പുതുതായി രൂപീകരിച്ച നാല് നിയമസഭാ മണ്ഡലത്തില്‍ രണ്ടെണ്ണം വേണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് തിങ്കളാഴ്ച ചേര്‍ന്ന ജില്ലാ കോണ്‍ഗ്രസ് നേതൃയോഗത്തിന്റെ തീരുമാനം. ഇക്കാര്യം കെപിസിസിയെയും അറിയിച്ചിട്ടുണ്ട്. മുമ്പത്തെപ്പോലെ ലീഗിന് വഴങ്ങിക്കൊടുക്കേണ്ടെന്ന് എല്ലാവരും പ്രതികരിച്ചു. ആര്യാടന്‍ മുഹമ്മദടക്കമുള്ള നേതാക്കള്‍ കടുത്ത ഭാഷയിലാണ് ലീഗിനെ വിമര്‍ശിച്ചത്.

തവനൂര്‍, വള്ളിക്കുന്ന്, ഏറനാട്, വേങ്ങര എന്നിവയാണ് ജില്ലയിലെ പുതിയ മണ്ഡലങ്ങള്‍. ഇതില്‍ തവനൂരും വള്ളിക്കുന്നുമാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. മലപ്പുറം ജില്ലക്ക് പുറത്ത് കോണ്‍ഗ്രസിനാണ് സീറ്റ് കുറയുന്നതെന്നും അതിനാല്‍ നാലില്‍ രണ്ട് സീറ്റെന്നത് രാഷ്ട്രീയ മര്യാദയാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. തവനൂര്‍ നല്‍കാമെന്നാണ് ലീഗ് പറയുന്നത്. എന്നാല്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള തവനൂരുകൊണ്ട് തൃപ്തിപ്പെടാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. വള്ളിക്കുന്ന് മണ്ഡലം വിട്ടുകൊടുത്തുകൊണ്ടുള്ള ഒത്തുതീര്‍പ്പിന് ലീഗും തയ്യാറല്ല. ഗ്രൂപ്പിസം മുറുകിയ വള്ളിക്കുന്നില്‍ കോണ്‍ഗ്രസിന് സീറ്റ് നല്‍കുന്നത് ആത്മഹത്യാപരമാണെന്നാണ് ലീഗ് നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും കോണ്‍ഗ്രസ് പിന്തള്ളപ്പെട്ട കാര്യവും ലീഗ് ചൂണ്ടിക്കാട്ടുന്നു.

ലീഗ് ലയന സമ്മേളനം പാളി


തലശേരി: മുസ്ളിംലീഗ് കോഴിക്കോട് സംഘടിപ്പിച്ച ലയനസമ്മേളനം പാളി. ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ മുന്‍നിരനേതാക്കളും ഭൂരിഭാഗം പ്രവര്‍ത്തകരും സമ്മേളനത്തിനെത്തിയില്ല. ഐഎന്‍എല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട പി എം എ സലാം എംഎല്‍എ, മുന്‍ട്രഷറര്‍ ഡോ. അമീന്‍, മുന്‍ അഖിലേന്ത്യാ സെക്രട്ടറി സിറാജ് സേട്ട് തുടങ്ങിയവരാണ് ലീഗില്‍ ചേര്‍ന്നത്. ലീഗില്‍ ചേരാന്‍ മാസങ്ങളായി കാത്തുനില്‍ക്കുകയായിരുന്നു ഇവര്‍. പ്രതീക്ഷയോടെ സമ്മേളനം സംഘടിപ്പിച്ച മുസ്ളിംലീഗ് നേതൃത്വം ഇപ്പോള്‍ നിരാശയിലാണ്. അണികളില്ലാത്ത ചില നേതാക്കളെ കിട്ടിയതുകൊണ്ട് വലിയപ്രയോജനമില്ലെന്ന പക്ഷക്കാരാണ് ലീഗിലെ ഒരുവിഭാഗം. എന്നാല്‍ ഐസ്ക്രീം കേസില്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുനില്‍ക്കുമ്പോള്‍ മൂന്നാളെ കിട്ടിയതുതന്നെ വലിയനേട്ടമാണെന്ന മട്ടിലാണ് ലീഗ്.

ഐഎന്‍എല്ലിനെ ലീഗിന്റെ തൊഴുത്തില്‍ എത്തിക്കാന്‍ ഏതാനും മാസമായി പാടുപെടുന്നവരാണ് ഇപ്പോള്‍ ലയനത്തിന് മുന്‍കൈയെടുത്തവര്‍. എന്നാല്‍ വിചാരിച്ചതുപോലെ പാര്‍ടിയെ പൂര്‍ണമായും ലീഗിലെത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ഇബ്രാഹിം സുലൈമാന്‍സേട്ടിന്റെയും ശിഹാബ്തങ്ങളുടെയും അന്ത്യാഭിലാഷമാണ് ലയനമെന്ന വാദം ശുദ്ധ അസംബന്ധമാണെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍ പറഞ്ഞു. സുലൈമാന്‍സേട്ട് അന്തരിക്കുന്നതിന് മൂന്നുദിവസം മുമ്പ് തയ്യാറാക്കിയ രേഖ ഇതിന്റെ തെളിവാണ്. സംസ്ഥാന സമ്മേളനത്തില്‍ സേട്ടിന്റെ മകനാണ് മുസ്ളിംലീഗിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ആ രേഖ അവതരിപ്പിച്ചത്. ഇതെല്ലാം മറന്നാണ് ചിലര്‍ നുണക്കഥ പ്രചരിപ്പിക്കുന്നതെന്നും പുതിയവളപ്പില്‍ പറഞ്ഞു.

deshabhimani 080311

1 comment:

  1. ഒടുവില്‍ മുസ്ളിംലീഗ് പ്രഖ്യാപിച്ചു, നിയമസഭാ തെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി പാര്‍ടിയെ നയിക്കുമെന്ന്. ലീഗിനെ നയിക്കാന്‍ സര്‍വഥാ യോഗ്യന്‍ കുഞ്ഞാലിക്കുട്ടിയാണെന്ന് അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദാണ് വെളിപ്പെടുത്തിയത്. പെണ്‍‌വാണിഭക്കേസില്‍ ആരോപണം നേരിടുന്ന സംസ്ഥാന ജനറല്‍സെക്രട്ടറിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിലൂടെ അഴിമതിയും ധാര്‍മികതയുമൊന്നും വിഷയമല്ലെന്നാണ് ലീഗ് പ്രഖ്യാപനം. കളങ്കിതരും ആരോപണവിധേയരും മാറിനില്‍ക്കണമെന്നത് കോണ്‍ഗ്രസില്‍ സജീവ ചര്‍ച്ചയായിരിക്കെയാണ് കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കുമെന്ന പരസ്യപ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

    ReplyDelete