Tuesday, March 8, 2011

മെഡിക്കല്‍ പ്രവേശനത്തിന് ഇനി ഒറ്റപ്പരീക്ഷ

ന്യൂഡല്‍ഹി: എംബിബിഎസ്-എംഡി കോഴ്സുകള്‍ക്ക് ദേശീയതലത്തില്‍ ഒരൊറ്റ പൊതുപ്രവേശന പരീക്ഷ നടത്താന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. വരുന്ന അക്കാദമിക് വര്‍ഷം തന്നെ ഏക പരീക്ഷാസംവിധാനം കൊണ്ടുവരണം. ഏക പരീക്ഷ സര്‍ക്കാര്‍ കോളേജുകള്‍ക്കും സ്വകാര്യ കോളേജുകള്‍ക്കും ഒരേപോലെ ബാധകമായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റിസുമാരായ ആര്‍ വി രവീന്ദ്രന്‍, എ കെ പട്നായിക് എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ഏക പ്രവേശനപരീക്ഷയെന്ന തീരുമാനത്തിന് അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് മെഡിക്കല്‍ കൌണ്‍‌സില്‍ ഓഫ് ഇന്ത്യ (എംസിഐ) സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ന്യൂനപക്ഷ പദവിയുള്ള കോളേജുകളിലടക്കം രാജ്യത്തെ എല്ലാ സ്വകാര്യ-സര്‍ക്കാര്‍ കോളേജിലും പ്രവേശനത്തിനായി തങ്ങളുടെ മേല്‍നോട്ടത്തില്‍ ഏക പരീക്ഷയെന്ന നിര്‍ദേശത്തോടെ കഴിഞ്ഞവര്‍ഷം എംസിഐ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എംസിഐയുടെ നടത്തിപ്പിനായി കേന്ദ്രം നിയോഗിച്ച വിദഗ്ധസമിതിയായിരുന്നു വിജ്ഞാപനത്തിനു പിന്നില്‍. എന്നാല്‍, തമിഴ്നാട് അടക്കം ചില സംസ്ഥാനങ്ങളും സ്വകാര്യ- ന്യൂനപക്ഷ മാനേജ്മെന്റുകളും എതിര്‍പ്പുമായി രംഗത്തുവന്നതോടെ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ട് വിജ്ഞാപനം പിന്‍വലിപ്പിച്ചു. വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം മതി അന്തിമ തീരുമാനമെന്നും കേന്ദ്രം നിര്‍ദേശിച്ചു. തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ എംസിഐ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

വിജ്ഞാപനവുമായി മുന്നോട്ടുനീങ്ങാന്‍ എംസിഐക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. വിജ്ഞാപനത്തിലെ നിര്‍ദേശങ്ങളോട് എതിര്‍പ്പുള്ളവര്‍ക്ക് കോടതിയെ സമീപിക്കാം. എംസിഐ നിയമപരമായി സ്ഥാപിതമായ സമിതിയാണ്. ചട്ടങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരുന്നതിന് അവര്‍ക്ക് കോടതിയുടെ അനുമതി വേണ്ട- സുപ്രീംകോടതി പറഞ്ഞു. വിജ്ഞാപനത്തിന് എതിരായ ഹര്‍ജിയില്‍ വിശദമായ വാദത്തിനും സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍, മാനേജ്മെന്റുകള്‍ തുടങ്ങി എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടതുണ്ട്. കോടതി ഹര്‍ജി പരിഗണിക്കുന്നത് ചട്ടങ്ങള്‍ നടപ്പാക്കുന്നതിന് എംസിഐക്ക് തടസ്സമാകില്ല. നിയമപരമായി ഏതു വിജ്ഞാപനവും എംസിഐക്ക് കൊണ്ടുവരാം- കോടതി പറഞ്ഞു. സുപ്രീംകോടതി വിധിയെ എംസിഐ നടത്തിപ്പുസമിതി അംഗങ്ങളായ ഡോ. ദേവിഷെട്ടിയും ഡോ. എസ് കെ സരിനും സ്വാഗതംചെയ്തു. മെഡിക്കല്‍ പ്രവേശനത്തിന് പത്തിലേറെ പൊതുപരീക്ഷ എഴുതേണ്ട ബുദ്ധിമുട്ട് വിദ്യാര്‍ഥികള്‍ക്ക് ഒഴിവാകും. സമര്‍ദവും കുറയും- ഡോ. ദേവിഷെട്ടി പറഞ്ഞു. എന്നാല്‍, വരുന്ന അക്കാദമിക് വര്‍ഷത്തില്‍ തന്നെ ഏക പരീക്ഷയെന്ന നിര്‍ദേശം എങ്ങനെ നടപ്പാകുമെന്ന ആശങ്കയുണ്ട്. പല മെഡിക്കല്‍ കോളേജും പ്രവേശന നടപടി ആരംഭിച്ചിരുന്നു. പല കോളേജിലും അപേക്ഷ സ്വീകരിക്കലും കഴിഞ്ഞു.

deshabhimani 080311

1 comment:

  1. എംബിബിഎസ്-എംഡി കോഴ്സുകള്‍ക്ക് ദേശീയതലത്തില്‍ ഒരൊറ്റ പൊതുപ്രവേശന പരീക്ഷ നടത്താന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. വരുന്ന അക്കാദമിക് വര്‍ഷം തന്നെ ഏക പരീക്ഷാസംവിധാനം കൊണ്ടുവരണം. ഏക പരീക്ഷ സര്‍ക്കാര്‍ കോളേജുകള്‍ക്കും സ്വകാര്യ കോളേജുകള്‍ക്കും ഒരേപോലെ ബാധകമായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റിസുമാരായ ആര്‍ വി രവീന്ദ്രന്‍, എ കെ പട്നായിക് എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ഏക പ്രവേശനപരീക്ഷയെന്ന തീരുമാനത്തിന് അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് മെഡിക്കല്‍ കൌണ്‍‌സില്‍ ഓഫ് ഇന്ത്യ (എംസിഐ) സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് തീരുമാനം.

    ReplyDelete