പൂരങ്ങളുടെയും സാംസ്കാരികപ്പെരുമയുടെയും നാടായ തൃശൂര്‍ ജില്ല ഇക്കുറിയും ഇടതുപക്ഷത്തിന് ശക്തിപകരുമെന്ന ഉറച്ച നിലപാടിലാണ്. അഴീക്കോടന്റെയും സര്‍ദാറിന്റെയും രക്തസാക്ഷിത്വംകൊണ്ട് ചുവന്ന മണ്ണിന്റെ വീര പാരമ്പര്യം നെഞ്ചേറ്റുന്ന വരാണ് തൃശൂര്‍ ജില്ലക്കാര്‍. തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂര്‍, കയ്പമംഗലം, ഇരിങ്ങാലക്കുട, നാട്ടിക, മണലൂര്‍, ഗുരുവായൂര്‍, കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര എന്നീ 13 മണ്ഡലമാണ് ജില്ലയില്‍. കഴിഞ്ഞതവണ 14 മണ്ഡലമായിരുന്നു.
കെ കരുണാകരന്റെ പേരിനൊപ്പം അറിയപ്പെട്ടിരുന്ന മാള ചരിത്രമായപ്പോള്‍ ചേര്‍പ്പ്, കൊടകര മണ്ഡലങ്ങള്‍ പേരുമാറി. ചേലക്കരയ്ക്കു പുറമേ നാട്ടികയും സംവരണമണ്ഡലമായി. 2006ലെ തെരഞ്ഞെടുപ്പില്‍ 14ല്‍ 11ഉം ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ചു. മണ്ഡലങ്ങളുടെ ഘടനാമാറ്റവും ഒരുലക്ഷത്തില്‍പ്പരം വോട്ടര്‍മാര്‍ വര്‍ധിച്ചതും ഇടതുപക്ഷത്തിന് ഗുണകരമാകുമെന്ന് കണക്കാക്കുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ജില്ലയിലെ ആറുനിയമസഭാമണ്ഡലത്തില്‍ എല്‍ഡിഎഫ് ലീഡ് നേടി. മണലൂരില്‍ 16 വോട്ട് മാത്രമായിരുന്നു വ്യത്യാസം. യുഡിഎഫ് പ്രതിനിധീകരിക്കുന്ന നാട്ടികയിലും ഇരിങ്ങാലക്കുടയിലും പഞ്ചായത്തു തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വന്‍ ലീഡ് നേടിയത് ഈ മണ്ഡലങ്ങള്‍ രാഷ്ട്രീയമായി മാറുന്നുവെന്നതിന്റെ സൂചനയാണ്. ജില്ലയില്‍ മൊത്തം വോട്ടര്‍മാര്‍ 22,23,695 ആണ്. 11,71,535 സ്ത്രീകളും 10,52,160 പുരുഷന്മാരും. അതിര്‍ത്തിമാറാത്ത ഏകമണ്ഡലം സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ പ്രതിനിധാനം ചെയ്യുന്ന ചേലക്കരയാണ്. കുന്നംകുളം, തൃശൂര്‍ മണ്ഡലങ്ങളിലെ ആറുപഞ്ചായത്ത് പുനര്‍നിര്‍ണയത്തില്‍ പുതിയ വടക്കാഞ്ചേരിയിലേക്കുവന്നു.
2004ലെ ഉപതെരഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡന്റായിരുന്ന കെ മുരളീധരന്റെ മന്ത്രിക്കസേര തെറിപ്പിച്ച് എല്‍ഡിഎഫ് അട്ടിമറിവിജയം നേടിയ ഈ മണ്ഡലത്തിന്റെ ഘടനയില്‍ സാരമായ മാറ്റം വന്നു. വടക്കാഞ്ചേരി മണ്ഡലത്തിലുണ്ടായിരുന്ന അഞ്ചുപഞ്ചായത്ത് പുതിയ കുന്നംകുളം മണ്ഡലത്തിലാണ്. 2006ലെ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫ് റെക്കോഡ് ഭൂരിപക്ഷം ആഘോഷിച്ച മണ്ഡലമാണിത്. നാട്ടിക മണ്ഡലത്തിലുണ്ടായിരുന്ന ഒരു പഞ്ചായത്ത് കൂടിച്ചേര്‍ന്നതൊഴിച്ചാല്‍ രണ്ടു നഗരസഭയും വിഖ്യാതമായ ക്ഷേത്രനഗരവും ഉള്‍പ്പെടുന്ന ഗുരുവായൂര്‍ മണ്ഡലത്തില്‍ പുനര്‍നിര്‍ണയത്തില്‍ കാര്യമായ മാറ്റമില്ല. ഇക്കുറി ഇല്ലാതായ ചേര്‍പ്പ് മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തും നാട്ടികയിലെ മൂന്നു പഞ്ചായത്തും മണലൂരിലെ ഒരു പഞ്ചായത്തും കൂടിച്ചേര്‍ന്നതാണ് പുതിയ നാട്ടിക മണ്ഡലം. മണപ്പുറത്തിന്റെ പഴയ കമ്യൂണിസ്റ് പാരമ്പര്യം തിരിച്ചെടുക്കാനുള്ള ആവേശത്തിലാണ് മാറിയ നാട്ടിക.
1957ല്‍ വിദ്യാഭ്യാസമന്ത്രിയായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയെ വിജയിപ്പിച്ച പാരമ്പര്യമുള്ള മണലൂര്‍ ഇക്കുറി പത്തുപഞ്ചായത്തുമായി വലുപ്പത്തില്‍ മുന്നിട്ടുനില്‍ക്കുന്നു. പഴയ കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തും പഴയ നാട്ടികയിലെ രണ്ടു പഞ്ചായത്തും ഉള്‍പ്പെടുത്തിയാണ് തീരദേശമണ്ഡലമായ കയ്പമംഗലത്തിന്റെ പിറവി. മാള മണ്ഡലത്തിലെ ആറു പഞ്ചായത്തും കൊടുങ്ങല്ലൂര്‍ നഗരസഭയും ഉള്‍പ്പെടുന്നതാണ് കൊടുങ്ങല്ലൂര്‍ മണ്ഡലം. മാളയിലുണ്ടായിരുന്ന ഒരു പഞ്ചായത്തുകൂടി ഉള്‍പ്പെടുന്നതാണ് ഇരിങ്ങാലക്കുട. പഴയ കൊടകര മണ്ഡലത്തിലെ കൊടകര പഞ്ചായത്ത് ഒഴികെയുള്ള പ്രദേശങ്ങള്‍ക്കൊപ്പം പുതുതായി രണ്ടു പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തിയുള്ളതാണ് പുതിയ പുതുക്കാട്. ലോക്സഭ, പഞ്ചായത്തു തെരഞ്ഞെടുപ്പുകളില്‍ ഇവിടെ എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. സംസ്ഥാനത്തുതന്നെ ഭൂവിസ്തൃതിയില്‍ മുന്നിട്ടുനില്‍ക്കുന്ന ചാലക്കുടിയിലാണ് കൊടകര പഞ്ചായത്ത് കൂട്ടിചേര്‍ത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കുത്തക തകര്‍ത്ത് സിപിഐ എം വിജയിച്ച മണ്ഡലമാണിത്. മലയോരമണ്ഡലമായ ഒല്ലൂര്‍ ഇക്കുറി തൃശൂര്‍ കോര്‍പറേഷനിലെ എതാനും ഡിവഷനുകള്‍കൂടി ഉള്‍ക്കൊള്ളിച്ച് വികസിപ്പിച്ചു. ഭൂവിസ്തൃതിയില്‍ ഏറ്റവും ചെറുതായി മാറിയ തൃശൂര്‍ മണ്ഡലം നഗര പ്രദേശം മാത്രമുള്‍ക്കൊള്ളുന്നതാണ്.
deshabhimani 120311
No comments:
Post a Comment