അത്യാധുനിക മുഖവുമായി അത്യാഹിതവിഭാഗം
കോഴിക്കോട്: അപകടങ്ങളും ദുരന്തങ്ങളും സംഭവിച്ചാല്‍ മലബാര്‍ ആശ്രയിക്കുന്ന പ്രധാന കേന്ദ്രമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം. വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിന് രോഗികളാണ് ദിനംപ്രതി ഇവിടെ ചികിത്സതേടിയെത്തുന്നത്. ഇവരില്‍ വലിയൊരു വിഭാഗവും മരണത്തെ മുഖാമുഖം കാണുന്നവരാണ്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് എന്ത് മാറ്റമുണ്ടായി എന്നറിയാന്‍ ഇവിടം ഒരു തവണ സന്ദര്‍ശിച്ചാല്‍ മതി. അഞ്ചുവര്‍ഷം മുമ്പ് മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയിലായിരുന്നു അത്യാഹിത വിഭാഗം. പൊട്ടിപ്പൊളിഞ്ഞ നിലങ്ങള്‍, ഒടിഞ്ഞുതൂങ്ങിയ കട്ടിലുകള്‍, വൃത്തിഹീനമായ അന്തരീക്ഷം, ശസ്ത്രക്രിയക്കും രോഗനിര്‍ണയത്തിനും ആവശ്യമായ അത്യാധുനിക ഉപകരണങ്ങളുടെ അഭാവം, മരുന്നുകളുടെ ലഭ്യതക്കുറവ്... ഇല്ലായ്മകളുടെ പട്ടിക ഇനിയും നീളും.
ആരോഗ്യ പരിചരണരംഗത്ത് മലബാറിന്റെ ജീവനാഡിയായ ഈ ആരോഗ്യനികേതനം അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ സ്വന്തമാക്കിയ നേട്ടം ആരെയും വിസ്മയിപ്പിക്കും. മെഡിക്കല്‍കോളേജിന്റെ സമസ്ത മേഖലയിലും വികസനത്തിന്റെ വെളിച്ചമെത്തിക്കാന്‍ സാധിച്ചു. രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നിന്നുതിരിയാന്‍ ഇടമില്ലാതെ വീര്‍പ്പുമുട്ടുകയായിരുന്നു അത്യാഹിത വിഭാഗം. 98 ലക്ഷം രൂപ ചെലവിട്ട് അറ്റകുറ്റപ്പണി നടത്തിയാണ് ഇവിടം വിപുലീകരിച്ചത്. രോഗികളെ ലാബ്, എക്സറേ തുടങ്ങിയ വിവിധ പരിശോധനകള്‍ക്കായി ഇടുങ്ങിയ വരാന്തയിലൂടെയായിരുന്ന കൊണ്ടുപോയിരുന്നത്. ഒരു സ്ട്രെക്ചറിന് കഷ്ടിച്ച് കടന്നുപോകാവുന്ന വഴികളില്‍ രോഗികളുടെ ആശ്രിതരും മറ്റും തടിച്ചുകൂടുന്നതോടെ ചികിത്സതന്നെ അപ്രാപ്യമായിരുന്നു.
നവീകരണം പൂര്‍ത്തിയായതോടെ ഈ അവസ്ഥക്ക് മാറ്റംവന്നു. നിലവിലുള്ള വരാന്തകള്‍ പൊളിച്ച് വീതികൂട്ടിയാണ് വര്‍ഷങ്ങളായുള്ള ഈ ദുരിതത്തിന് അറുതിവരുത്തിയത്. നിലം മാര്‍ബിള്‍ വിരിച്ച് മനോഹരമാക്കി. പുരുഷന്മാരുടെയും സ്ത്രീകളുടെയും നിരീക്ഷണ വാര്‍ഡുകള്‍ നവീകരിച്ചു. പത്തു പേരെപ്പോലും കിടത്താനാകാത്ത ഒബ്സര്‍വേഷന്‍ റൂം വിപുലപ്പെടുത്തി. ഓര്‍ത്തോ, സര്‍ജറി, മെഡിസിന്‍ എന്നീ വിഭാഗങ്ങള്‍ക്ക് ആവശ്യമായ സ്ഥലം ഒരുക്കാന്‍ നവീകരണംകൊണ്ട് സാധിച്ചു. അത്യാഹിത വിഭാഗത്തോട് ചേര്‍ന്ന് ഫാര്‍മസിയെന്ന ആവശ്യവും നിറവേറ്റപ്പെട്ടു. അപകടങ്ങള്‍പറ്റി എത്തുന്നവര്‍ക്കുപോലും അത്യാവശ്യത്തിനുള്ള മരുന്ന് നല്‍കാനാവാത്ത അവസ്ഥയാണ് നിലനിന്നിരുന്നത്. രോഗികളുടെ ആശ്രിതര്‍ മരുന്നുമായി എത്തുന്നതുവരെ ഡോക്ടര്‍മാര്‍ ചികിത്സ നിര്‍ത്തിവെക്കേണ്ട അവസ്ഥവരെ ഉണ്ടായിട്ടുണ്ട്. അത്യാഹിത വിഭാഗത്തോട് ചേര്‍ന്ന് രക്ത ശേഖരണ കേന്ദ്രവും ആരംഭിച്ചു. പുതുമോടിയണിഞ്ഞ അത്യാഹിത വിഭാഗം മെഡിക്കല്‍കോളേജിന്റെ മാറിയ മുഖമാണ് വിളിച്ചോതുന്നത്.
ആരോഗ്യരംഗം പച്ചപിടിപ്പിച്ച സര്‍ക്കാര്‍
ഒഞ്ചിയം: 'സര്‍വീസ് ജീവിതത്തിനിടെ ആരോഗ്യമേഖലയില്‍ ഇത്രയധികം പുരോഗതി കൈവരിച്ച ഒരു കാലം സംസ്ഥാനത്ത് മുമ്പുണ്ടായിട്ടില്ല'. 30 വര്‍ഷത്തെ സേവനത്തിന് ശേഷം 31 ന് ഓര്‍ക്കാട്ടേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്ന് വിരമിക്കുന്ന ലേഡി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുഷമ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് ഫലപ്രദമായി ചികിത്സ ലഭ്യമാക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച ഈ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് അഞ്ച് വര്‍ഷത്തെ മാറ്റം മറയില്ലാതെ വിവരിക്കുമ്പോള്‍ തികഞ്ഞ സംതൃപ്തി.
'ഇവിടെ ഒ പിയില്‍ നാനൂറിലേറെ രോഗികളാണ് എത്തുന്നത്. നേരത്തെ മനുഷ്യര്‍ തിരിഞ്ഞുനോക്കാത്ത ഇടമായിരുന്നു സര്‍ക്കാരാശുപത്രി. ഇപ്പോള്‍ നല്ല ചികിത്സ, യഥേഷ്ടം മരുന്നും. ടെസ്റ്റുകളും ഫിസിയോതെറാപ്പിയടക്കമുള്ള മറ്റു സൌകര്യങ്ങളും. പണ്ടൊക്കെയാണെങ്കില്‍ ആശുപത്രിയില്‍ വരുന്നവര്‍ ജീവനക്കാരുമായി എപ്പോഴും ശണ്ഠകൂടും. അവര്‍ക്ക് സൌകര്യം കുറയുമ്പോള്‍ ജീവനക്കാരോടായിരിക്കും കലി. പാവപ്പെട്ട സ്ത്രീകള്‍ക്ക് ആരോഗ്യ രംഗത്ത് ഏറെ ഗുണം ലഭിച്ചു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ നന്നായി അറിയുന്ന അധ്യാപികയെ തന്നെ ആരോഗ്യമന്ത്രിയായി ലഭിച്ചതാണ് നമ്മുടെ ഭാഗ്യം.'
ദേശീയ കുടുംബക്ഷേമ പ്രവര്‍ത്തകയ്ക്കുള്ള 1994 ലെ സംസ്ഥാന അവാര്‍ഡ്, 2009 ലെ മികച്ച നഴ്സിനുള്ള സംസ്ഥാന അവാര്‍ഡ്, 2003 ല്‍ ഡങ്കിപ്പനിക്കെതിരെ ഗ്രാമീണ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം. സുഷമയെ തേടി എത്തിയ അംഗീകാരങ്ങള്‍ ഏറെയാണ്. ഫ്ളോറന്‍സ് നൈറ്റിംഗേല്‍ ദേശീയ പുരസ്കാരത്തിന് സംസ്ഥാന സര്‍ക്കാര്‍ സുഷമയെ ശുപാര്‍ശ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ സുഷമക്ക് ആദ്യ നിയമനം 1981 ല്‍ വളയം പ്രൈമറി ഹെല്‍ത്ത് സെന്ററിലായിരുന്നു. 24 വര്‍ഷം വടകര താലൂക്ക് ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചു. ഗ്രാമീണ മേഖലയില്‍ ആരോഗ്യ രംഗത്ത് അഞ്ച് വര്‍ഷത്തെ കാലയളവില്‍ വലിയ തോതിലുള്ള ബോധവല്‍ക്കരണം നടന്നതായി സുഷമ പറഞ്ഞു. ഭര്‍ത്താവിനും മകനോടുമൊപ്പം വടകരയിലാണ് താമസം.
(സജീവന്‍ ചോറോട്)
സ്റ്റുഡന്റ്സ് ഹെല്‍ത്ത് ക്ളിനിക്ക് തുടങ്ങി
പേരാമ്പ്ര: പൊതുവിദ്യാലയങ്ങള്‍ക്ക് മാതൃകയായി നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്റ്റുഡന്റ്സ് ഹെല്‍ത്ത് ക്ളിനിക്ക് പ്രവര്‍ത്തനം തുടങ്ങി. വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതില്‍ ശാരീരിക മാനസികാരോഗ്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പ്രാഥമികസേവനം ഉറപ്പുവരുത്തുന്നതിന് ജൂനിയര്‍ റെഡ്ക്രോസാണ് ക്ളിനിക്കിന് രൂപം നല്‍കിയത്. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ എല്ലാവിധ സൌകര്യങ്ങളും ഒരുക്കിയ ക്ളിനിക്കില്‍ നാല് കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സര്‍വീസിലുള്ള ഒരു നേഴ്സിന്റെ സേവനം സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഒരു സ്പെഷ്യല്‍ ടീച്ചറും ക്ളിനിക്കിലുണ്ട്. ആഴ്ചയിലൊരിക്കല്‍ പരിശോധനക്ക് സര്‍ക്കാര്‍ ഡോക്ടറുണ്ടാവും. ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് കൌണ്‍സലിങ് സൌകര്യവും ഇവിടെയുണ്ട്. രോഗികള്‍ക്കാവശ്യമായ വാട്ടര്‍ബെഡുകളും ക്ളിനിക്കില്‍ ലഭ്യമാണ്. സൌജന്യമായി വീല്‍ചെയറുകള്‍ നല്‍കുന്നതിനും പദ്ധതിയുണ്ട്.
ക്ളിനിക്കിലേക്കാവശ്യമായ ഉപകരണങ്ങളെല്ലാം വിവിധ സ്ഥാപനങ്ങള്‍ സംഭാവന ചെയ്തതാണ്. അവധിദിവസങ്ങളില്‍ ക്ളിനിക്കിന്റെ സേവനം പൊതുജനങ്ങള്‍ക്കുകൂടി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍.
ദേശാഭിമാനി 120311
അപകടങ്ങളും ദുരന്തങ്ങളും സംഭവിച്ചാല്‍ മലബാര്‍ ആശ്രയിക്കുന്ന പ്രധാന കേന്ദ്രമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം. വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിന് രോഗികളാണ് ദിനംപ്രതി ഇവിടെ ചികിത്സതേടിയെത്തുന്നത്. ഇവരില്‍ വലിയൊരു വിഭാഗവും മരണത്തെ മുഖാമുഖം കാണുന്നവരാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് എന്ത് മാറ്റമുണ്ടായി എന്നറിയാന്‍ ഇവിടം ഒരു തവണ സന്ദര്‍ശിച്ചാല്‍ മതി.
ReplyDelete