Wednesday, March 9, 2011

ചിഹ്നം ചതിച്ചു, വിജയം തെറിച്ചു

ചിഹ്നം അപഹരിച്ച അറുനൂറില്‍പ്പരം വോട്ടുകള്‍ വിജയം അപഹരിച്ച അനുഭവം മറക്കാനാവില്ല. തെരഞ്ഞെടുപ്പില്‍ ജയിച്ചു, വേട്ടെണ്ണിയപ്പോള്‍ തോറ്റു. ഇതായിരുന്നു അവസ്ഥ. തോറ്റത് വെറും 121 വോട്ടിന്. പാഴായിപ്പോയതോ അറനൂറില്‍പരം വോട്ടുകളും.

1967ല്‍ ഇ എം എസ് നയിച്ച സപ്തകക്ഷി മുന്നണിയില്‍ ഫാദര്‍ വടക്കന്റെ കര്‍ഷക തൊഴിലാളി പാര്‍ടി (കെടിപി) സ്ഥാനാര്‍ഥിയായി മണലൂര്‍ മണ്ഡലത്തിലാണ് ഞാന്‍ മത്സരിച്ചത്. പ്രധാന എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ അക്കാലത്തെ പ്രമുഖ നേതാവ് എന്‍ ഐ ദേവസ്സിക്കുട്ടി. വോട്ടെണ്ണിത്തീരുംവരെ എനിക്കോ മുന്നണിപ്രവര്‍ത്തകര്‍ക്കോ വിജയത്തില്‍ സംശയമുണ്ടായിരുന്നില്ല. 121 വോട്ടിന് ഞാന്‍ തോറ്റു. ലോക്സഭ തെരഞ്ഞെടുപ്പും ഒപ്പമുണ്ടായിരുന്നു. എനിക്ക് വിനയായതും അതുതന്നെ. സോഷ്യലിസ്റ് നേതാവ് സി ജി ജനാര്‍ദനന്‍ മണലൂര്‍ ഉള്‍പ്പെടുന്ന തൃശൂര്‍സീറ്റില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. 'തുലാസ്' തന്നെയായിരുന്നു സി ജി ജനാര്‍ദനന്റെയും ചിഹ്നം. അന്ന് നിയമസഭ, ലോക്സഭ ബാലറ്റ് പേപ്പറുകള്‍ ഒന്നിച്ചാണ് വോട്ടര്‍മാര്‍ക്ക് നല്‍കിയത്. വോട്ടു ചെയ്യാന്‍ ശരിക്കും അറിയാത്ത കുറെ വോട്ടര്‍മാര്‍ എനിക്കാണെന്ന് കരുതി സ്വതന്ത്രനായ സി ജി ജനാര്‍ദനന് 'തുലാസ്' ചിഹ്നത്തില്‍ വോട്ടുചെയ്യുകയായിരുന്നു. ഇടതുപക്ഷത്തെ ലോക്സഭ സ്ഥാനാര്‍ഥി സി ജനാര്‍ദനന്‍ അരിവാളും കതിരും ചിഹ്നത്തിലാണ് മത്സരിച്ചത്. വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോഴാണ് എനിക്ക് കിട്ടേണ്ട അറുനൂറില്‍ പരം വോട്ടുകള്‍ ഇങ്ങനെ ലോക്സഭ സ്വതന്ത്രസ്ഥാനാര്‍ഥിയുടെ തുലാസ് കൊണ്ടുപോയതായി മനസിലായത്.

ഈ തെരഞ്ഞെടുപ്പില്‍ രണ്ട് കെടിപി പ്രതിനിധികള്‍ വിജയിച്ചു. ബി വെല്ലിങ്ടണ്‍ ഇ എം എസ് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയുമായി. 1965ല്‍ ഒല്ലൂര്‍ മണ്ഡലത്തിലായിരുന്നു കന്നിയങ്കം. ത്രികോണ മത്സരത്തില്‍ സിപിഐ എം വിജയിച്ചു. എനിക്ക് മൂവായിരത്തോളം വോട്ട് കിട്ടി. 1970ല്‍ മാളയില്‍ സാക്ഷാല്‍ കെ കരുണാകരനെ സിപിഐ എം പിന്തുണയോടെ നേരിട്ടു. ജയിച്ച കരുണാകരന്റെ ഭൂരിപക്ഷം എണ്ണായിരത്തില്‍ പരം വോട്ട് മാത്രം. പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടിയില്ലെന്ന്് കോണ്‍ഗ്രസും വിലയിരുത്തി. എഴുപതുകളോടെ കെടിപി പ്രവര്‍ത്തനക്ഷമമല്ലാതായതോടെ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു.
(തയ്യാറാക്കിയത്: വി എം രാധാകൃഷ്ണന്‍)

ദേശാഭിമാനി 090311

1 comment:

  1. ചിഹ്നം അപഹരിച്ച അറുനൂറില്‍പ്പരം വോട്ടുകള്‍ വിജയം അപഹരിച്ച അനുഭവം മറക്കാനാവില്ല. തെരഞ്ഞെടുപ്പില്‍ ജയിച്ചു, വേട്ടെണ്ണിയപ്പോള്‍ തോറ്റു. ഇതായിരുന്നു അവസ്ഥ. തോറ്റത് വെറും 121 വോട്ടിന്. പാഴായിപ്പോയതോ അറനൂറില്‍പരം വോട്ടുകളും.

    ReplyDelete