Saturday, March 26, 2011

മാതൃഭൂമിയും മാന്യതയും അഥവാ മോരും മുതിരയും

ലാവ്ലിന്‍ കേസില്‍ വ്യാഴാഴ്ച കൊച്ചിയിലെ സിബിഐ കോടതി പരിഗണിച്ച ഒരു ഹര്‍ജിയുമായി ബന്ധപ്പെട്ട വാര്‍ത്ത എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. പല കോടതികളുടെ താക്കീത് പലവട്ടം ലഭിച്ച ക്രൈം നന്ദകുമാറിന്റേതാണ് ഹര്‍ജി. നേരത്തെ ചുമതലയിലുണ്ടായിരുന്ന ഒരു അന്വേഷണ ഉദ്യോഗസ്ഥനെ തിരികെ കൊണ്ടുവരണമെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ തുടരന്വേഷണം വേണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. പിന്നെ മുമ്പ് ആരോപിച്ചതും അന്വേഷണ ഏജന്‍സികള്‍ തള്ളിക്കളഞ്ഞതുമായ കുറെ ആരോപണങ്ങളുടെ തനിയാവര്‍ത്തനവും. ഹര്‍ജിക്കാരന്റെ ആവശ്യങ്ങള്‍ ഒരോന്നായി എടുത്ത് വിശദീകരിച്ച്, അവ അപ്പാടെ അര്‍ഥശൂന്യമായതിനാല്‍ നിരാകരിക്കണമെന്നാണ് സിബിഐ കോടതി മുമ്പാകെ ആവശ്യപ്പെട്ടത്.

എന്നാല്‍, വ്യാഴാഴ്ച രാവിലെമുതല്‍ ചാനലുകളും പിറ്റേന്നത്തെ പത്രങ്ങളും എഴുതിയിരിക്കുന്നത് കണ്ടാല്‍ സത്യം മനസ്സിലാക്കുന്നവരുടെ കണ്ണുതള്ളും. 'പിണറായിയുടെ പണമിടപാടുകളും അന്വേഷിക്കുന്നു: സിബിഐ' എന്നാണ് മാതൃഭൂമിയുടെ ഭാഷ്യം. ചില ചാനലുകള്‍ പറഞ്ഞു: 'കാര്‍ത്തികേയനെതിരെ തെളിവില്ല' എന്ന് സിബിഐ അറിയിച്ചു എന്ന്. ലാവ്ലിന്‍ കേസില്‍ സിബിഐ വ്യക്തമായി കോടതിയില്‍ പറഞ്ഞത്, പിണറായി വിജയന്‍ എന്തെങ്കിലും സാമ്പത്തികനേട്ടമുണ്ടാക്കിയതായി ഒരു തെളിവുമില്ല എന്നാണ്. പിണറായി എന്ന രാഷ്ട്രീയ നേതാവിന്റെ രക്തം ദാഹിക്കുന്നവര്‍ക്ക് അതു പോരല്ലോ. വിജിലന്‍സും പിന്നീട് സിബിഐയും അന്വേഷിക്കുന്ന ഘട്ടത്തിലൊന്നും ഇല്ലാതിരുന്ന ദീപക്കുമാറിനെ പൊക്കിപ്പിടിച്ച് തുടരന്വേഷണം ആവശ്യപ്പെട്ടത് കേസുമായി ബന്ധപ്പെട്ട് പുകമറ തുടര്‍ന്നും സൃഷ്ടിക്കാനാണ്. തുടരന്വേഷണം നടക്കുന്നത് കോടതി നിര്‍ദേശപ്രകാരമാണ്. അതിന് കാരണമാകട്ടെ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി കാര്‍ത്തികേയനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതാണ് താനും. ഇടപാടുകാലയളവിലെ മന്ത്രിയെന്ന നിലയില്‍ പിണറായിയെ പ്രതി ചേര്‍ക്കുമ്പോള്‍ കാര്‍ത്തികേയനെ എങ്ങനെ ഒഴിവാക്കാനാകും എന്നാണ് കോടതി ചോദിച്ചത്. അങ്ങനെ ആരംഭിച്ച തുടരന്വേഷണത്തില്‍ എല്ലാ കാര്യങ്ങളും പരിശോധിക്കപ്പെടും എന്ന സിബിഐയുടെ പരാമര്‍ശത്തെയാണ് ചാനലുകളും പത്രങ്ങളും ഇഷ്ടപ്പടി വ്യാഖ്യാനിച്ചുകളഞ്ഞത്.

നന്ദകുമാറിന്റെ ഹര്‍ജി തള്ളിക്കളയണമെന്ന് സിബിഐ ആവശ്യപ്പെട്ടു എന്നാണ് യഥാര്‍ഥ വാര്‍ത്ത. അതല്ലെങ്കില്‍, 'നന്ദകുമാറിന്റെ ആവശ്യം നിലനില്‍ക്കുന്നതല്ല: സിബിഐ' എന്നും പറയാം. അതിലപ്പുറം കോടതിയില്‍ ഒന്നുമുണ്ടായിട്ടില്ല. പക്ഷേ, തെരഞ്ഞെടുപ്പു കാലമല്ലേ- ഇരിക്കട്ടെ ഒരുലാവലിനും എന്ന് ചാനലുകള്‍ കരുതി. മാതൃഭൂമി ഏറ്റുപാടി. (ഇനി അത് ഇംഗ്ളീഷ് പിടികിട്ടാഞ്ഞതിന്റെ കുഴപ്പമാണോ ആവോ.) പരാതിക്കാരന്റെ പല വാദമുഖങ്ങളും പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന സിബിഐ വ്യക്തമാക്കിയതായി വാര്‍ത്തക്കുള്ളില്‍ തുറന്നുപറയാന്‍ മനോരമ തയ്യാറായി. എന്നാല്‍, തുടരന്വേഷണം കാര്‍ത്തികേയനെതിരെയാണ് എന്ന വസ്തുത മറച്ചുവച്ച് പിണാറയിയെ വീണ്ടും വീണ്ടും തലക്കെട്ടില്‍ പ്രതിഷ്ഠിക്കാനുള്ള ദുഷ്ടബുദ്ധി മാതൃഭൂമി കൈവിട്ടില്ല. വീരന്റെ പാര്‍ടിയെ കോണ്‍ഗ്രസ് അരുക്കാക്കിയിട്ടും വീരഭൂമിയുടെ ശൌര്യം കുറഞ്ഞില്ല. മാധ്യമപ്രവര്‍ത്തനവും മാന്യതയും ഒത്തുപോകണമെന്നുള്ളവര്‍ക്കല്ലേ വേവലാതി വേണ്ടൂ.

ദേശാഭിമാനി 260311

1 comment:

  1. ലാവ്ലിന്‍ കേസില്‍ വ്യാഴാഴ്ച കൊച്ചിയിലെ സിബിഐ കോടതി പരിഗണിച്ച ഒരു ഹര്‍ജിയുമായി ബന്ധപ്പെട്ട വാര്‍ത്ത എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. പല കോടതികളുടെ താക്കീത് പലവട്ടം ലഭിച്ച ക്രൈം നന്ദകുമാറിന്റേതാണ് ഹര്‍ജി. നേരത്തെ ചുമതലയിലുണ്ടായിരുന്ന ഒരു അന്വേഷണ ഉദ്യോഗസ്ഥനെ തിരികെ കൊണ്ടുവരണമെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ തുടരന്വേഷണം വേണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. പിന്നെ മുമ്പ് ആരോപിച്ചതും അന്വേഷണ ഏജന്‍സികള്‍ തള്ളിക്കളഞ്ഞതുമായ കുറെ ആരോപണങ്ങളുടെ തനിയാവര്‍ത്തനവും. ഹര്‍ജിക്കാരന്റെ ആവശ്യങ്ങള്‍ ഒരോന്നായി എടുത്ത് വിശദീകരിച്ച്, അവ അപ്പാടെ അര്‍ഥശൂന്യമായതിനാല്‍ നിരാകരിക്കണമെന്നാണ് സിബിഐ കോടതി മുമ്പാകെ ആവശ്യപ്പെട്ടത്.

    ReplyDelete