Thursday, March 3, 2011

മലപ്പുറം: ഇനി പ്രചാരണ ചൂട്

നാലുപതിറ്റാണ്ടിനിടയില്‍ ഏറ്റവുമധികം വികസനം കാഴചവച്ച അഞ്ച് വര്‍ഷത്തിന്റെ അനുഭവവുമായി മലപ്പുറം ജില്ല നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക്. മുസ്ളിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ വിവാദങ്ങളുടെ കൊടുങ്കാറ്റുയരുന്ന അന്തരീക്ഷത്തിലാകും ഇത്തവണത്തെയും തെരഞ്ഞെടുപ്പ്. തദ്ദേശതെരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസവുമായി തെരഞ്ഞെടുപ്പിനെ നേരിടാമെന്ന് കരുതിയ യുഡിഎഫ് കടുത്ത പ്രതിസന്ധിയിലാണ്. ജില്ലയുടെ വികസനവും യുഡിഎഫിന്റെ ജീര്‍ണതയുമാകും തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കുപ്രചാരണവുമായി ലീഗും കോണ്‍ഗ്രസും നില്‍ക്കുമ്പോഴാണ് ഐസ്ക്രീം കേസിലെ പുതിയ വെളിപ്പെടുത്തലുണ്ടായത്. ഈ ഞെട്ടലില്‍നിന്ന് യുഡിഎഫ് ഇതുവരെ മോചിതമായിട്ടില്ല.

വികസനമുന്നേറ്റ ജാഥയോടെ ആവേശത്തിലായ എല്‍ഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അലിഗഡ് സര്‍വകലാശാലാ ക്യാമ്പസ്, പൊന്നാനി തുറമുഖം, ചമ്രവട്ടം പദ്ധതി തുടങ്ങി ഒരിക്കലും നടക്കില്ലെന്ന് കരുതിയ പദ്ധതികള്‍ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലുണ്ടായ വികസനത്തിന് സമാനതകളില്ല.

മണ്ഡലം പുനര്‍നിര്‍ണയത്തോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മണ്ഡലങ്ങള്‍ ഉള്ള ജില്ലയാണ് മലപ്പുറം. 16 മണ്ഡലങ്ങള്‍. ഏറനാട്, വേങ്ങര, വള്ളിക്കുന്ന്, തവനൂര്‍ എന്നിവയാണ് പുതുതായി രൂപീകരിച്ചത്. കുറ്റിപ്പുറം ചെറിയ വ്യത്യാസത്തോടുകൂടി കോട്ടക്കല്‍ മണ്ഡലമായി പേരുമാറ്റി. കൊണ്ടോട്ടി, നിലമ്പൂര്‍, വണ്ടൂര്‍ (എസ്സി), മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, പൊന്നാനി എന്നിവയുടെ അതിര്‍ത്തികളിലും നേരിയ മാറ്റം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏഴും എല്‍ഡിഎഫിന് അഞ്ചും എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. കുറ്റിപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, പൊന്നാനി, മങ്കട എന്നിവയിലാണ് എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ചത്. മങ്കട എംഎല്‍എ ഈയിടെ നിയമസഭാംഗത്വം രാജിവച്ചു. കഴിഞ്ഞതവണ ചരിത്ര മുന്നേറ്റമാണ് എല്‍ഡിഎഫ് നടത്തിയത്. 2001ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് മാത്രമാണ് എല്‍ഡിഎഫ് നേടിയത്. കുറ്റിപ്പുറത്ത് മുസ്ളിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും മങ്കടയില്‍ എം കെ മുനീറും തിരൂരില്‍ ഇ ടി മുഹമ്മദ് ബഷീറും കടപുഴകിവീണു.

ജില്ലയില്‍ അന്തിമ വോട്ടര്‍പട്ടികയില്‍ സര്‍വീസ് വോട്ടര്‍മാരടക്കം 25,30,521 വോട്ടര്‍മാരുണ്ട്. ജനറല്‍ വോട്ടര്‍പട്ടികയില്‍ 25,28,925 പേരാണുള്ളത്. പുരുഷന്മാര്‍ 12,27,888. വനിതകള്‍ 13,01,037. സര്‍വീസ് വോട്ടര്‍മാര്‍ 1596 പേരുണ്ട്. ഇതില്‍ 1073 പേര്‍ പുരുഷന്മാരും 523 പേര്‍ വനിതകളുമാണ്. കൂടുതല്‍ സ്ത്രീ വോട്ടര്‍മാരും പുരുഷ വോട്ടര്‍മാരുമുള്ളത് വണ്ടൂരിലാണ്. യഥാക്രമം 93,403 ഉം 86,229ഉം. കുറവ് സ്ത്രീ വോട്ടര്‍മാരുള്ളത് വേങ്ങരയിലും. 70,261. ഏറ്റവും കുറവ് പുരുഷ വോട്ടര്‍മാരുള്ള താനൂരില്‍ 65,738 പേരുണ്ട്.

എല്‍ഡിഎഫ് തെരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമാണെന്ന് കണ്‍വീനര്‍ വി ഉണ്ണികൃഷ്ണനും സിപിഐ എം ജില്ലാ സെക്രട്ടറി കെ ഉമ്മര്‍ മാസ്റ്ററും പറഞ്ഞു. അനുകൂല അന്തരീക്ഷമാണുള്ളത്. വികസനമുന്നേറ്റ ജാഥയിലെ വന്‍ ജനപങ്കാളിത്തം യുഡിഎഫിനെ അമ്പരപ്പിച്ചു. സ്ത്രീകളുടെ സാന്നിധ്യം പ്രത്യേകം പരാമര്‍ശിക്കാതെവയ്യെന്ന് ഇരുവരും പറഞ്ഞു. ജില്ല യുഡിഎഫ് തൂത്തുവാരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി കെ അബ്ദുറബ്ബ് പറഞ്ഞു. കഴിഞ്ഞതവണത്തേത് ഒറ്റപ്പെട്ട സംഭവമാണ്. ആ തോല്‍വി ഇത്തവണ ആവര്‍ത്തിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.


ലീഗ് മണ്ഡലം 'ഏറ്റെടുത്തു' ; വള്ളിക്കുന്നില്‍ പോര് തുടങ്ങി

തിരൂരങ്ങാടി: തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങുംമുമ്പെ ജില്ലയില്‍ യുഡിഎഫ് പോര് തുടങ്ങി. മുന്നണിയില്‍ സീറ്റ് വിഭജനവും ചര്‍ച്ചയും തുടങ്ങുന്നതിനുമുമ്പേ വള്ളിക്കുന്ന് മണ്ഡലം 'സ്വയം ഏറ്റെടുത്ത' ലീഗ് നടപടി കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. മണ്ഡലത്തിനായി കോണ്‍ഗ്രസ് ഉയര്‍ത്തുന്ന അവകാശവാദം വകവയ്ക്കാതെയാണ് ലീഗുകാര്‍ പലയിടത്തും കോണിക്ക് വോട്ട് തേടി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. 'വള്ളിക്കുന്ന് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കോണി അടയാളത്തില്‍ വോട്ട് രേഖപ്പെടുത്തുക' എന്നെഴുതിയ ബോര്‍ഡുകളാണ് മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ഉയര്‍ന്നത്. പുതുതായി രൂപീകരിച്ച നാല് മണ്ഡലങ്ങളില്‍ വള്ളിക്കുന്നും തവനൂരും ലഭിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യം. വള്ളിക്കുന്നിലേക്ക് അഞ്ച് പേരുടെ സാധ്യതാലിസ്റ്റും തയ്യാറായി. തിരൂര്‍, തിരൂരങ്ങാടി താലൂക്കില്‍ കോണ്‍ഗ്രസിന് മത്സരത്തിന് ഒരു സീറ്റുപോലും ലഭിക്കാത്തതിനാല്‍ വള്ളിക്കുന്ന് നിര്‍ബന്ധമായും ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിന് തടയിടാനാണ് ലീഗ് കാലേക്കൂട്ടി പ്രചാരണം തുടങ്ങിയത്.

മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും ലീഗും കോണ്‍ഗ്രസും സ്വരച്ചേര്‍ച്ചയിലല്ല. മൂന്നിയൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേരിട്ട് ഏറ്റുമുട്ടിയിരുന്നു. അന്ന് തകര്‍ന്ന യുഡിഎഫ് സംവിധാനം ഇതുവരെ വിളക്കിച്ചേര്‍ക്കാനായിട്ടില്ല. ജില്ലാനേതൃത്വം ഇടപെട്ടെങ്കിലും യോഗംപോലും ചേരാനായില്ല. അബ്ദുല്‍ഖാദര്‍, എം എ ഖാദര്‍ എന്നിവര്‍ നേരത്തെതന്നെ ലീഗില്‍ സ്ഥാനാര്‍ഥി മോഹികളായി രംഗത്തുണ്ട്. കെ എം ഷാജിയുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. യു കെ ഭാസി, കെ പി അബ്ദുല്‍മജീദ്, വി വി പ്രകാശ്, ഒ പി മൊയ്തീന്‍ തുടങ്ങിയവരുടെ പടതന്നെ കോണ്‍ഗ്രസില്‍ വള്ളിക്കുന്നില്‍ സ്ഥാനാര്‍ഥി മോഹികളായുണ്ട്. ഏകപക്ഷീയമായ മണ്ഡലം 'ഏറ്റെടുത്ത' ലീഗ് നടപടി കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ജില്ലയിലെ മണ്ഡലങ്ങള്‍ ആര്‍ക്കൊക്കെയാണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് ഇ മുഹമ്മദ്കുഞ്ഞി 'ദേശാഭിമാനി'യോട് പറഞ്ഞു. ഏകപക്ഷിയമായി ചിലര്‍ പ്രചാരണം തുടങ്ങിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.


ജില്ലയില്‍ 370 കോടി രൂപയുടെ വൈദ്യുതി പദ്ധതി നടപ്പാക്കി: മന്ത്രി ബാലന്‍

മേലാറ്റൂര്‍: ജില്ലയില്‍ മാത്രം 370 കോടി രൂപ വൈദ്യുതി മേഖലയില്‍ ചെലവഴിച്ചതായി മന്ത്രി എ കെ ബാലന്‍ പറഞ്ഞു. പട്ടിക്കാട് ചുങ്കത്ത് പെരിന്തല്‍മണ്ണ മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനവും പട്ടിക്കാട് ചുങ്കത്ത് അനുവദിച്ച പുതിയ വൈദ്യുതി സെക്ഷന്‍ ഓഫീസിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചുവര്‍ഷമായി ചാര്‍ജ് വര്‍ധിപ്പിക്കാതെ മുന്‍ഗണനാക്രമത്തില്‍ വൈദ്യുതി നല്‍കിക്കൊണ്ടിരിക്കയാണെന്നും ഇതുകാരണം പൂട്ടിക്കിടന്ന വ്യവസായങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണയടക്കം 84 അസംബ്ളി മണ്ഡലങ്ങള്‍ പൂര്‍ണമായും വൈദ്യുതീകരിച്ചു. അടുത്തമാസത്തിനുള്ളില്‍ ഇത് നൂറാകും. ആറുമാസംകൂടി കിട്ടുകയാണെങ്കില്‍ 140 മണ്ഡലവും വൈദ്യുതീകരിക്കാന്‍ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ 27,379 ഉപഭോക്താക്കളുള്ള മേലാറ്റൂര്‍ സെക്ഷന്‍ ഓഫീസ് വിഭജിച്ചാണ് പട്ടിക്കാട് സെക്ഷന്‍ ഓഫീസ് രൂപവല്‍ക്കരിച്ചത്. കീഴാറ്റൂര്‍, വെട്ടത്തൂര്‍ പഞ്ചായത്തുകള്‍ പൂര്‍ണമായും ആനക്കയം, അങ്ങാടിപ്പുറം പഞ്ചായത്തുകള്‍ ഭാഗികമായും ഓഫീസിന്റെ പരിധിയില്‍ വരും. പട്ടിക്കാട് ചുങ്കത്ത് പഴയ പോസ്റ്റ്ഓഫീസ് കെട്ടിടത്തിലാണ് സെക്ഷന്‍ ഓഫീസ്.

ദേശാഭിമാനി 030311

1 comment:

  1. നാലുപതിറ്റാണ്ടിനിടയില്‍ ഏറ്റവുമധികം വികസനം കാഴചവച്ച അഞ്ച് വര്‍ഷത്തിന്റെ അനുഭവവുമായി മലപ്പുറം ജില്ല നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക്. മുസ്ളിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ വിവാദങ്ങളുടെ കൊടുങ്കാറ്റുയരുന്ന അന്തരീക്ഷത്തിലാകും ഇത്തവണത്തെയും തെരഞ്ഞെടുപ്പ്. തദ്ദേശതെരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസവുമായി തെരഞ്ഞെടുപ്പിനെ നേരിടാമെന്ന് കരുതിയ യുഡിഎഫ് കടുത്ത പ്രതിസന്ധിയിലാണ്. ജില്ലയുടെ വികസനവും യുഡിഎഫിന്റെ ജീര്‍ണതയുമാകും തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കുപ്രചാരണവുമായി ലീഗും കോണ്‍ഗ്രസും നില്‍ക്കുമ്പോഴാണ് ഐസ്ക്രീം കേസിലെ പുതിയ വെളിപ്പെടുത്തലുണ്ടായത്. ഈ ഞെട്ടലില്‍നിന്ന് യുഡിഎഫ് ഇതുവരെ മോചിതമായിട്ടില്ല.

    ReplyDelete