Thursday, March 3, 2011

കോടതി നടപടിയില്ലാത്തത് വിമര്‍ശനാര്‍ഹം- സെബാസ്റ്റ്യന്‍പോള്‍

കോടതിവിധിയെ വിമര്‍ശിച്ചതിന് എം വി ജയരാജനെതിരെ നടപടിക്കുമുതിര്‍ന്ന കോടതി റൌഫിന്റെയും കെ സുധാകരന്റെയും വെളിപ്പെടുത്തലില്‍ നടപടിക്കു മുതിരാത്തത് വിമര്‍ശനാര്‍ഹമാണെന്ന് ഡോ. സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു. രാഷ്ട്രീയ ജീര്‍ണതയ്ക്കെതിരെ വൈറ്റില ജങ്ഷനില്‍ സംഘടിപ്പിച്ച ജാഗ്രതാ സായാഹ്നത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തെറ്റുതിരുത്താന്‍ ഉത്തരവാദിത്തമുള്ള ലെജിസ്ലേച്ചറും എക്സിക്യൂട്ടീവും ജുഡീഷ്യറിയും നിരന്തരം കോട്ടങ്ങളുണ്ടാക്കുകയാണ്. പരസ്പരം തെറ്റുതിരുത്തേണ്ടവര്‍ തെറ്റുകാരാകുമ്പോള്‍ ജനങ്ങള്‍ക്ക് ഈ സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടമാകുന്നു. ഈ വിശ്വാസത്തകര്‍ച്ച അപകടകരമാണ്. ജനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പൊരുതേണ്ട രാഷ്ട്രീയപാര്‍ടികള്‍ ആന്തരികമായി ജീര്‍ണിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ അന്ത്യമാണ് കുറിക്കുന്നത്. ജനങ്ങളോടുള്ള പ്രതിബദ്ധത രാഷ്ട്രീയപാര്‍ടികള്‍ക്ക് നഷ്ടമാകുന്നതിന്റെ അപകടം തിരിച്ചറിയണം. മന്ത്രിയായിരുന്നപ്പോള്‍ ഉയര്‍ന്ന ലൈംഗികാരോപണം മായ്ച്ചുകളയാന്‍ ബന്ധുവിനെ വഴിവിട്ടു സഹായിക്കുകവഴി കുഞ്ഞാലിക്കുട്ടി നടത്തിയത് ഭരണഘടനയനുസരിച്ചുള്ള പ്രതിജ്ഞയുടെ ലംഘനംകൂടിയാണ്. കുഞ്ഞാലിക്കുട്ടി കുറ്റവിമുക്തി നേടിയതെങ്ങനെയാണെന്ന് റൌഫും കെ സി പീറ്ററും വെളിപ്പെടുത്തിയിട്ടുണ്ട്. ആര്‍ ബാലകൃഷ്ണപിള്ളയുടെ ജയില്‍വാസം അദ്ദേഹം ഉള്‍പ്പെട്ട കേസിന്റെ സ്വാഭാവിക പരിണാമം മാത്രമാണ്. എല്‍ഡിഎഫ് കെട്ടിച്ചമച്ചതാണ് കേസെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. കുറ്റവാളിക്ക് വീരോചിത സ്വീകരണം നല്‍കുന്ന കാഴ്ചയാണ് നാം കാണുന്നത്. അതേ വേദിയിലാണ് ജുഡീഷ്യറി വിലയ്ക്കെടുക്കപ്പെട്ടുവെന്ന ആരോപണവും ഉയര്‍ന്നത്. ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട പാര്‍ലമെന്റ് അംഗംതന്നെ ജഡ്ജി പണം വാങ്ങിയെന്നു വെളിപ്പെടുത്തിയത് കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 030311

1 comment:

  1. കോടതിവിധിയെ വിമര്‍ശിച്ചതിന് എം വി ജയരാജനെതിരെ നടപടിക്കുമുതിര്‍ന്ന കോടതി റൌഫിന്റെയും കെ സുധാകരന്റെയും വെളിപ്പെടുത്തലില്‍ നടപടിക്കു മുതിരാത്തത് വിമര്‍ശനാര്‍ഹമാണെന്ന് ഡോ. സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു.

    ReplyDelete