പിള്ളയുടെ റിവ്യൂഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ഇടമലയാര്‍ അഴിമതിക്കേസിലെ ശിക്ഷക്കെതിരെ കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയും മാണി കേരള നേതാവ് പി കെ സജീവും സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ എം രാമഭദ്രന്‍നായരുടെ പുനഃപരിശോധനാ ഹര്‍ജി വ്യാഴാഴ്ച തുറന്നകോടതിയില്‍ പരിഗണിക്കും. ഇടമലയാര്‍കേസില്‍ പിള്ളയ്ക്കും കൂട്ടര്‍ക്കും ശിക്ഷ വിധിച്ച ജസ്റിസുമാരായ പി സദാശിവം, ബി എസ് ചൌഹാന്‍ എന്നിവരടങ്ങിയ ബെഞ്ച് തന്നെയാണ് പുനഃപരിശോധനാ ഹര്‍ജിയും പരിഗണിച്ചത്. പിള്ളയുടെയും സജീവിന്റെയും ഹര്‍ജികള്‍ ജഡ്ജിമാരുടെ മുമ്പിലെത്തി മിനിറ്റുകള്‍ക്കകം ഉത്തരവ് വന്നു. പുനഃപരിശോധനാ ഹര്‍ജിക്കൊപ്പം, ശിക്ഷ സ്റ്റേ ചെയ്യണമെന്നും തുറന്നകോടതിയില്‍ വാദംകേള്‍ക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് പ്രത്യേക അപേക്ഷയും ഇരുവരും സമര്‍പ്പിച്ചിരുന്നു. ഈ രണ്ട് അപേക്ഷയും കോടതി തള്ളി. ശരീരം തളര്‍ന്ന് കിടക്കുന്ന രാമഭദ്രന്‍നായരുടെ ഹര്‍ജി, തുറന്ന കോടതിയില്‍ വാദംകേട്ട ശേഷം തീര്‍പ്പുകല്‍പ്പിക്കാനും കോടതി തീരുമാനിച്ചു. രാമഭദ്രന്‍നായരെ ജയിലിലേക്ക് കൊണ്ടുപോകാനായി ഉദ്യോഗസ്ഥര്‍ മുമ്പ് വീട്ടിലെത്തിയിരുന്നെങ്കിലും തളര്‍ന്നുകിടക്കുന്ന അവസ്ഥയില്‍ ശിക്ഷ നടപ്പാക്കാനാവാതെ മടങ്ങുകയായിരുന്നു. വീട് ജയിലായി കണക്കാക്കി ശിക്ഷാകാലാവധി പൂര്‍ത്തിയാക്കുകയെന്ന നിര്‍ദേശമാകും കോടതി മുന്നോട്ടുവയ്ക്കുകയെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഇടമലയാര്‍ കേസില്‍ പിള്ളയടക്കമുള്ള പ്രതികളെ ഒരുവര്‍ഷം കഠിനതടവിനാണ് ഫെബ്രുവരി പത്തിന് സുപ്രീംകോടതി ശിക്ഷിച്ചത്. പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധി റദ്ദാക്കിയായിരുന്നു തീരുമാനം. കോടതിവിധിയില്‍ ഏറെ പാകപ്പിഴകളുണ്ടെന്ന് പറഞ്ഞ് ഫെബ്രുവരി 19നാണ് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്. താന്‍ അന്യായ തടങ്കലിലാണെന്ന് അവകാശപ്പെട്ട് ഹേബിയസ്കോര്‍പ്പസ് ഹര്‍ജിയും പിള്ള സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച ഈ ഹര്‍ജി പരിഗണിക്കും. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ഇടതുപക്ഷ സര്‍ക്കാരും ഗൂഢാലോചന നടത്തി കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് വിധി സമ്പാദിച്ചതെന്ന ആരോപണം റിവ്യൂഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. സുപ്രീംകോടതി വിധിയില്‍ വസ്തുതാപരവും നിയമപരവും ഭരണഘടനാപരവുമായ ഒട്ടേറെ പിഴവുകളുണ്ടെന്നും പിള്ള ആരോപിച്ചു. വിധി വന്നതു മുതല്‍ കോടതിയെ കുറ്റപ്പെടുത്തുകയെന്ന സമീപനമാണ് പിള്ളയും യുഡിഎഫ് നേതാക്കളും സ്വീകരിച്ചത്.
(എം പ്രശാന്ത്)
പിള്ളയ്ക്ക് മുന്നില്‍ ഇനി പരിഹാരഹര്‍ജി മാത്രം
ന്യൂഡല്‍ഹി: പുനഃപരിശോധനാ ഹര്‍ജികൂടി സുപ്രീംകോടതി തള്ളിയതോടെ ബാലകൃഷ്ണപിള്ളയ്ക്ക് മുന്നില്‍ ശേഷിക്കുന്നത് പരിഹാരഹര്‍ജി (ക്യൂറേറ്റീവ് പെറ്റീഷന്‍)}മാത്രം. ഇടമലയാര്‍ കേസില്‍ വിധി പറഞ്ഞ രണ്ട് ജഡ്ജിമാര്‍ക്കു പുറമെ രണ്ട് ജഡ്ജിമാര്‍കൂടി ചേര്‍ന്നാകും പരിഹാരഹര്‍ജി പരിഗണിക്കുക. തുറന്ന കോടതിയില്‍ വാദമുണ്ടാകില്ല. പുനഃപരിശോധനാ ഹര്‍ജിയുടെ കാര്യത്തിലെന്നപോലെ ജഡ്ജിമാരുടെ ചേമ്പറിലാകും ഹര്‍ജി പരിഗണിക്കുന്നത്. ഒരു സീനിയര്‍ അഭിഭാഷകന്റെ ശുപാര്‍ശയോടു കൂടി വേണം പരിഹാരഹര്‍ജി നല്‍കാന്‍. പുനപരിശോധന ഹര്‍ജി തള്ളിയസാഹചര്യത്തില്‍ പരിഹാര ഹര്‍ജി നല്‍കുന്നതുകൊണ്ടും പ്രയോജനമില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.
താന്‍ അന്യായത്തടങ്കലിലാണെന്ന് പറഞ്ഞ് പിള്ള സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് റിട്ട് അടുത്ത തിങ്കളാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. തുറന്ന കോടതിയിലാകും ഇത് പരിഗണിക്കുക. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയോട് കോടതി സ്വീകരിക്കുന്ന സമീപനംകൂടി അറിഞ്ഞശേഷമായിരിക്കും പരിഹാര ഹര്‍ജിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. നിയമവഴിയിലുള്ള ശ്രമങ്ങള്‍ അടഞ്ഞുകഴിഞ്ഞാല്‍ ശിക്ഷ ഇളവ് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കുകമാത്രമാണ് പിള്ളയ്ക്കുള്ള മാര്‍ഗം. സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചുവേണം ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍.
ഇടമലയാര്‍ കേസ്: രാമഭദ്രന്‍നായര്‍ക്ക് ശിക്ഷയില്ല
ന്യൂഡല്‍ഹി: ഇടമലയാര്‍ കേസിലെ ആറാം പ്രതി എസ് രാമഭദ്രന്‍നായരെ തടവുശിക്ഷയില്‍നിന്ന് സുപ്രിം കോടതി ഒഴിവാക്കി. കെ എസ് ഇ ബി മുന്‍ ചെയര്‍മാനാണ് രാമഭദ്രന്‍ നായര്‍. കേസില്‍ കുറ്റക്കാരനാണെന്ന വിധിയും ഒരു വര്‍ഷം കഠിന തടവ് എന്ന വിധിയും നിലനില്‍ക്കുമെന്നും സുപ്രിം കോടതി വ്യക്തമാക്കി.
മറവിരോഗം ബാധിച്ചു ശരീരമാകെ തളര്‍ന്നു കിടപ്പിലായ ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ റിവ്യൂഹര്‍ജി പരിഗണിച്ചുകൊണ്ടാണ് രാമഭദ്രന്‍നായരുടെ ശിക്ഷ കോടതി റദ്ദാക്കിയത്. രാമഭദ്രന്‍നായരുടെ ആരോഗ്യാവസ്ഥ വ്യക്തമാക്കി ഭാര്യ മായ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയുമാണ് രാമഭദ്രന്‍ നായര്‍ക്കു വിധിച്ചിരുന്നത്.
deshabhimani/janayugam news
പുനഃപരിശോധനാ ഹര്‍ജികൂടി സുപ്രീംകോടതി തള്ളിയതോടെ ബാലകൃഷ്ണപിള്ളയ്ക്ക് മുന്നില്‍ ശേഷിക്കുന്നത് പരിഹാരഹര്‍ജി (ക്യൂറേറ്റീവ് പെറ്റീഷന്‍)}മാത്രം.
ReplyDelete