Thursday, March 10, 2011

കലിക്കറ്റ് സര്‍വകലാശാല ജീവനക്കാരിക്ക് മര്‍ദനം: കെ.എസ്.യു പ്രസിഡന്റ് അറസ്റ്റില്‍

തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാല വനിതാ അസിസ്റ്റന്റ് രജിസ്ട്രാറെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ കെ.എസ്.യു നേതാവ് അറസ്റ്റിലായി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് റിയാസ് മുക്കോളിയെയാണ് വനിതാ അതിക്രമവിരുദ്ധ നിയമപ്രകാരം തേഞ്ഞിപ്പലം എസ്ഐ നടരാജന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ബുധനാഴ്ച പകല്‍ 12.30ഓടെ യൂണിവേഴ്സിറ്റി ബസ് സ്റ്റോപ്പ് പരിസരത്തുവെച്ചായിരുന്നു അറസ്റ്റ്. റിയാസിനെ പൊലീസ് പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. മികച്ച സംഘടനാ പ്രവര്‍ത്തകനുള്ള കെ.എസ്.യു അവാര്‍ഡ് റിയാസിന് നല്‍കാനിരിക്കെയാണ് അറസ്റ്റുണ്ടായത്. അറസ്റ്റിനെ തുടര്‍ന്ന് യൂണിവേഴ്സിറ്റിയില്‍ കോണ്‍ഗ്രസ് ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന അവാര്‍ഡുദാന പരിപാടി റദ്ദാക്കി.

സര്‍വകലാശാല പ്ളാനിങ് ആന്‍ഡ് ഡെവലപ്മെന്റ് വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ വി ശോഭനയെ ഫെബ്രുവരി മൂന്നിന് രാത്രി 9.45ന് റിയാസിന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് വീട്ടില്‍ കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. അക്രമത്തില്‍ മകന്‍ അതുല്‍വിജയനും പരിക്കേറ്റിരുന്നു. കെ.എസ്.യു ജില്ലാ പ്രസിഡന്റായ റിയാസാണ് കേസിലെ ഒന്നാംപ്രതി. പൊലീസ് റിയാസിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മറ്റ് പ്രതികള്‍ കോടതിയില്‍നിന്ന് നേരത്തെ ജാമ്യംനേടി. നിയമത്തെയും പൊലീസിനെയും വെല്ലുവിളിച്ച് നടക്കുന്നതിനിടെയാണ് റിയാസ് പിടിയിലായത്.

എന്‍ജിനീയറിങ് കോളേജ് അക്രമം: എസ്എഫ്ഐ പ്രകടനം നടത്തി

മാനന്തവാടി: ഗവ.എന്‍ജിനീയറിങ് കോളേജില്‍ നിരന്തരം നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഞായറാഴ്ച രാത്രി ഹോസ്റ്റലില്‍ കയറി ആക്രമണം ആരംഭിച്ച കെ.എസ്.യു എം.എസ്.എഫ് സംഘം എസ്എഫ്ഐ പ്രവര്‍ത്തകരെ നിരന്തരം ആക്രമിക്കുകയാണ്. ബുധനാഴ്ച സിപിഐഎം നേതാക്കളെ ആക്രമിക്കാനും ശ്രമിച്ചിരുന്നു. കോളേജില്‍ നടക്കുന്ന ആക്രമണങ്ങളെ വെള്ള പൂശാനാണ് യുഡിഎഫ് നേതാക്കള്‍ ശ്രമിക്കുന്നത്. പത്ത് വര്‍ഷമായി പ്രവര്‍ത്തനം ആരംഭിച്ച എന്‍ജിനീയറിങ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നിരന്തരം വേട്ടയാടപ്പെടുകയാണ്. സര്‍വകക്ഷിയോഗം ചേര്‍ന്ന് സമാധാനം ഉറപ്പാക്കാന്‍ എടുത്ത തീരുമാനം കെ.എസ്.യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ അട്ടിമറിക്കുകയായിരുന്നു. പ്രകടനത്തിന് ശേഷം ചേര്‍ന്ന യോഗം ഡിവൈഎഫ്ഐ ബ്ളോക്ക് സെക്രട്ടറി എന്‍ ജെ ഷജിത്ത് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം പി സജോ അധ്യക്ഷനായി. സെക്രട്ടറി സനു രാജപ്പന്‍, എം പ്രവീണ്‍, കെ ആര്‍ ജിതിന്‍, പി ജി അനൂപ് എന്നിവര്‍ സംസാരിച്ചു.

deshabhimani 100311

1 comment:

  1. കലിക്കറ്റ് സര്‍വകലാശാല വനിതാ അസിസ്റ്റന്റ് രജിസ്ട്രാറെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ കെ.എസ്.യു നേതാവ് അറസ്റ്റിലായി.

    ReplyDelete