Saturday, March 5, 2011

വടക്കിന്റെ അഭിമാനമായി തുളു അക്കാദമി

വടക്കിന്റെ അഭിമാനമായി തുളു അക്കാദമി

കാസര്‍കോട്: ഇരുപത്തിയഞ്ച് ലക്ഷത്തോളം വരുന്ന തുളു ജനതയുടെ അഭിമാനസ്തംഭമായി മാറിയ കേരള തുളു അക്കാദമിക്കെതിരെയുള്ള ബിജെപിയുടെ നുണപ്രചാരണം തിരിഞ്ഞുകുത്തുന്നു. കന്നഡ- തുളു സമൂഹത്തിനിടയില്‍ എല്‍ഡിഎഫിനുണ്ടായ മുന്നേറ്റത്തില്‍ വിറളിപൂണ്ടാണ് ബിജെപിയുടെ മഞ്ചേശ്വരം മണ്ഡലത്തിലെ നിയുക്ത സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ ഉണ്ടയില്ലാ വെടി. ഇതിനെതിരെ തുളു സമൂഹത്തിനിടയില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ ബിജെപിയിലെ ഒരു വിഭാഗം തന്നെ സുരേന്ദ്രനെതിരെ തിരിഞ്ഞിരിക്കുകയാണ്. കൈവിട്ട കളിയാണ് നടത്തുന്നതെന്ന പരിഭ്രാന്തിയിലാണ് ബിജെപി നേതൃത്വം. അവഗണന എന്ന പേരില്‍ ഭാഷാ ന്യൂനപക്ഷ വികാരം ഇളക്കിവിട്ട് കാലങ്ങളായി ബിജെപി നടത്തുന്ന രാഷ്ട്രീയക്കളി ഇത്തവണ ഫലിക്കില്ലെന്ന ഭീതിയില്‍നിന്നാണ് കെ സുരേന്ദ്രന്റെ അപവാദ പ്രചാരണം.

തങ്ങളുടെ ഉറച്ച വോട്ട് ബാങ്കുകളെന്ന് ബിജെപി അവകാശപ്പെടാറുള്ള കന്നഡ, തുളു ഭാഷാ ന്യൂനപക്ഷ മേഖലയില്‍ ഇത്തവണ എല്‍ഡിഎഫിന് അനുകൂലമായ തരംഗമാണുള്ളത്. ഇത് ബിജെപിയുടെ ഉറക്കം കെടുത്തുന്നു. സി എച്ച് കുഞ്ഞമ്പു എംഎല്‍എയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഹൊസങ്കടിയിലെ കേരള തുളു അക്കാദമിയും കുമ്പളയിലെ പാര്‍ത്ഥസുബ്ബ യക്ഷഗാന കലാകേന്ദ്രവും മറ്റു ക്ഷേമപദ്ധതികളും ഭാഷാ ന്യൂനപക്ഷ മേഖലയില്‍ എല്‍ഡിഎഫിനുണ്ടാക്കിയ സ്വാധീനശക്തി എതിരാളികള്‍ക്ക് ബാലികേറാമലയാണ്. ഇതാണ് അപവാദ പ്രചാരണം നടത്തി ആശയക്കുഴപ്പമുണ്ടാക്കി നേട്ടമുണ്ടാക്കാമോ എന്ന് നോക്കുന്നത്. തുടക്കം മുതലേ തുളു അക്കാദമിയെ എതിര്‍ത്ത ബിജെപിയിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്. ഭാഷാ ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്ന വ്യാജേന കര്‍ണാടകയില്‍നിന്നും മറ്റും സഹായം കൈപ്പറ്റി ഗീര്‍വാണം അടിച്ചിരുന്നവരാണ് ഇവര്‍.

തുളുജനതയുടെ സംസ്കൃതിയും ഭാഷയും അന്യംനിന്നു പോകാതെ സംരക്ഷിക്കാനും വളര്‍ത്താനും ലക്ഷ്യമിട്ടാണ് 2007ല്‍ ഹൊസങ്കടി ആസ്ഥാനമായി എല്‍ഡിഎഫ് സര്‍ക്കാര്‍ തുളു അക്കാദമി സ്ഥാപിച്ചത്. അക്കാദമിക്ക് സര്‍ക്കാര്‍ 30 ലക്ഷം രൂപ അനുവദിച്ചു. ആസ്ഥാന മന്ദിരം പണിയാനായി മീഞ്ച പഞ്ചായത്തിലെ കടമ്പാറില്‍ ഒരു ഏക്കര്‍ ഭൂമിയും അനുവദിച്ചു. തുളു മ്യൂസിയം, ലൈബ്രറി, ഗവേഷണ കേന്ദ്രം, ഓഡിറ്റോറിയം എന്നിവ ഉള്‍പ്പെടെയുള്ള ബൃഹത് പദ്ധതിയാണ് ഇവിടെ നടപ്പാക്കുക. ഇതിന് കേരള, കര്‍ണാടക സര്‍ക്കാരുകളുടെ സഹായത്തോടെ രണ്ടര കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. കാസര്‍കോട്, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളില്‍ നടന്ന തുളു ഉത്സവങ്ങളില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. പൈവളിഗെയില്‍ കാല്‍ ലക്ഷത്തോളം പേര്‍ പങ്കെടുത്ത ദേശീയ തുളു ഉത്സവം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് ഉദ്ഘാടനം ചെയ്തത്. കര്‍ണാടകത്തിലെ ബിജെപിയുടെ പ്രമുഖ നേതാവും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ വി എസ് ആചാര്യ മുഖ്യാതിഥിയായി പങ്കെടുത്ത് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് സഹായവാഗ്ദാനം ചെയ്തു

തുളുനാടിന്റെ തനത് കലയായ യക്ഷഗാനത്തിന് സ്വപ്ന സദൃശ്യമായ പരിഗണനയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത്. യക്ഷഗാന കുലപതിയായ പാര്‍ത്ഥസുബ്ബയുടെ പേരില്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കുമ്പളയില്‍ യക്ഷഗാന കലാ ക്ഷേത്രം സ്ഥാപിച്ചു. 52 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഭുജങ്കാവിലെ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാവുന്നു. ഇത്രയുംകാലം ഭാഷാ ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്ന വ്യാജേന വിലസിയിരുന്ന തങ്ങളുടെ പുറംപൂച്ച് പുറത്തായതോടെ ബിജെപി പരിഭ്രാന്തിയിലാണ്. ഇത് മറയ്ക്കാനാണ് അസംബന്ധ പ്രചാരണവുമായി ഇറങ്ങിയത്. എന്നാല്‍ ഇതൊന്നും കൊണ്ട് മറയ്ക്കാനാകുന്നതല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ തുളു ജനതക്ക് നടപ്പാക്കിയ പദ്ധതികളുടെ സൂര്യശോഭ.

ദേശാഭിമാനി 050311

1 comment:

  1. ഇരുപത്തിയഞ്ച് ലക്ഷത്തോളം വരുന്ന തുളു ജനതയുടെ അഭിമാനസ്തംഭമായി മാറിയ കേരള തുളു അക്കാദമിക്കെതിരെയുള്ള ബിജെപിയുടെ നുണപ്രചാരണം തിരിഞ്ഞുകുത്തുന്നു. കന്നഡ- തുളു സമൂഹത്തിനിടയില്‍ എല്‍ഡിഎഫിനുണ്ടായ മുന്നേറ്റത്തില്‍ വിറളിപൂണ്ടാണ് ബിജെപിയുടെ മഞ്ചേശ്വരം മണ്ഡലത്തിലെ നിയുക്ത സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ ഉണ്ടയില്ലാ വെടി. ഇതിനെതിരെ തുളു സമൂഹത്തിനിടയില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ ബിജെപിയിലെ ഒരു വിഭാഗം തന്നെ സുരേന്ദ്രനെതിരെ തിരിഞ്ഞിരിക്കുകയാണ്. കൈവിട്ട കളിയാണ് നടത്തുന്നതെന്ന പരിഭ്രാന്തിയിലാണ് ബിജെപി നേതൃത്വം. അവഗണന എന്ന പേരില്‍ ഭാഷാ ന്യൂനപക്ഷ വികാരം ഇളക്കിവിട്ട് കാലങ്ങളായി ബിജെപി നടത്തുന്ന രാഷ്ട്രീയക്കളി ഇത്തവണ ഫലിക്കില്ലെന്ന ഭീതിയില്‍നിന്നാണ് കെ സുരേന്ദ്രന്റെ അപവാദ പ്രചാരണം.

    ReplyDelete