Thursday, March 3, 2011

പുനര്‍ജന്മത്തിലും ജോസഫേട്ടന്‍ പേപ്പര്‍മില്ലിലുണ്ട്

പുനലൂര്‍: തകര്‍ച്ചയുടെ കൂപ്പുകുത്തലില്‍ നിന്ന് മോചിതമായി കൂറ്റന്‍ പള്‍പ്പറുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങുമ്പോഴും യന്ത്രങ്ങളുടെ കാവലാളായി എണ്‍പതുകാരനായ കെആര്‍ ജോസഫ് എന്ന ജോസഫേട്ടന്‍ പുനലൂര്‍ പേപ്പര്‍മില്ലിലുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുന്‍പേ, എ ആന്‍ഡ് എഫ് ഹാര്‍വി എന്ന സായിപ്പിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ 1945ലാണ് ജോസഫ് പേപ്പര്‍മില്ലില്‍ ടര്‍ണര്‍ ആയി ജോലിക്കെത്തുന്നത്. കമ്പനി അടച്ചുപൂട്ടുന്നതിന് രണ്ടുവര്‍ഷം മുന്‍പ്, 1985ല്‍ കമ്പനിയില്‍ നിന്ന് വിരമിച്ചു. പക്ഷേ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ 2010 ആഗസ്റ്റ് 20ന് മന്ത്രി മുല്ലക്കര രത്‌നാകരന്റെ പക്കല്‍ നിന്നാണ് ജോസഫേട്ടന്‍ ഏറ്റുവാങ്ങിയത്.

ഇപ്പോള്‍ കമ്പനി തുറന്നു് പ്രവര്‍ത്തിപ്പിക്കുമ്പോഴും ജോസഫേട്ടനില്ലെങ്കില്‍ യന്ത്രം പണിമുടക്കും. എച്ച്എംടി നിര്‍മ്മിച്ച എല്‍45 എന്ന ലെയ്ത്ത് മെഷീനില്‍ ഈ 80കാരന്റെ കൈകള്‍ ചലിക്കുമ്പോള്‍ യന്ത്രങ്ങള്‍ വീണ്ടും ചെറിയൊരു ശബ്ദത്തോടെ ഓടിത്തുടങ്ങും. കൂറ്റന്‍ പള്‍പ്പറുകളുടേയും മറ്റും കേടാവുന്ന ഭാഗങ്ങള്‍      ലെയ്ത്തിലെ യന്ത്രങ്ങളില്‍ അദ്ദേഹം പുനഃസൃഷ്ടിക്കുകയാണ് പതിവ്. 1970-ല്‍ എച്ച്എംടി പേപ്പര്‍മില്ലില്‍ സ്ഥാപിച്ച ഈ ലെയ്ത്തും ഒരുത്ഭുതപ്രതിഭാസമാണ്. ഇതുപോലൊരു ലെയ്ത്ത് മറ്റെങ്ങുമില്ല.   മുന്‍ ജീവനക്കാരായ ജോണ്‍, ചെറിയാന്‍, നിക്കോളാസ് എന്നിവരും സഹപ്രവര്‍ത്തകരായി ലെയ്ത്ത് വര്‍ക്ക്‌ഷോപ്പിലുണ്ട്.

പേപ്പര്‍മില്ലിലെ കഴിഞ്ഞുപോയ നാളുകള്‍ ഇപ്പോഴും മനസ്സില്‍ നിറയുന്നു. വിവാഹവിപണിയില്‍ പോലും പേപ്പര്‍മില്ലിലെ ജോലി അന്ന് വളരെ ആകര്‍ഷണീയമായിരുന്നു. ഗള്‍ഫിലെ അഞ്ചക്കശമ്പളക്കാരേക്കാള്‍ ഡിമാന്റായിരുന്നു അന്ന്. അന്ന് നാടിന്റെ വിപണിയെ നിയന്ത്രിച്ചിരുന്നത് പേപ്പര്‍മില്ലിലെയും പാര്‍വതിമില്ലിലെയും തൊഴിലാളികളുടെ ശമ്പളമായിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂറ്റന്‍ പേപ്പര്‍റോളുമായി പോകുന്ന നാഷണല്‍ പെര്‍മിറ്റ് ലോറികളുടെ ഇരമ്പം ജോസഫേട്ടന്റെ കാതില്‍ ഇപ്പോഴും മുഴങ്ങുന്നു. മില്ലിലെ സൈറണായിരുന്നു നാടിന്റെ സമയസൂചിക. ഒരു നൂറ്റാണ്ടുകാലം പുനലൂരിന്റെ പര്യായമായിരുന്നു പേപ്പര്‍മില്ലും തൂക്കുപാലവും. പേപ്പര്‍മില്‍ കാന്റീനിലെ ഭക്ഷ്യവിഭവങ്ങളുടെ സ്വാദ് ഇപ്പോഴും ജോസഫേട്ടന്റെ നാവിലുണ്ട്. ചായയ്ക്ക് ഏഴ് പൈസയായിരുന്നു, ഒരു ഇഢലിക്ക് നാലുപൈസയും.

രണ്ടായിരത്തോളം തൊഴിലാളികള്‍ മൂന്ന് ഷിഫ്റ്റില്‍ പണിയെടുത്തിരുന്നു. കല്ലടയാറിന്റെ തീരത്തുകൂടി കാട്ടാനക്കൂട്ടം ഇറങ്ങിവരുന്നതും അദ്ദേഹത്തിന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്.മക്കളും കൊച്ചുമക്കളുമായി കുടുംബബജീവിതം നയിക്കുമ്പോഴും ജോസഫേട്ടന്റെ മനസ് നിറയെ പേപ്പര്‍മില്ലാണ്. അടഞ്ഞുകിടക്കുമ്പോഴും ദിവസത്തില്‍ ഒരിക്കലെങ്കിലും കമ്പനിപ്പടിക്കല്‍ വന്നിട്ടേ മടങ്ങുമായിരുന്നുള്ളു.

ലെയ്ത്ത് യന്ത്രങ്ങളില്‍ പ്രകാശം പൊട്ടിവിരിയുമ്പോള്‍ ജോസഫേട്ടന്റെ മനസ്സിലും പൂത്തിരികള്‍ ഉയരുന്നു. മില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ നടപടിയെടുത്ത ഇടതുപക്ഷ സര്‍ക്കാരിനെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന് നൂറ് നാവ്. ദൈവത്തിനൊപ്പം സര്‍ക്കാരിനും ഈ എണ്‍പതുകാരന്‍ നന്ദി പറയുന്നു.

ജനയുഗം 030311

1 comment:

  1. ലെയ്ത്ത് യന്ത്രങ്ങളില്‍ പ്രകാശം പൊട്ടിവിരിയുമ്പോള്‍ ജോസഫേട്ടന്റെ മനസ്സിലും പൂത്തിരികള്‍ ഉയരുന്നു. മില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ നടപടിയെടുത്ത ഇടതുപക്ഷ സര്‍ക്കാരിനെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന് നൂറ് നാവ്. ദൈവത്തിനൊപ്പം സര്‍ക്കാരിനും ഈ എണ്‍പതുകാരന്‍ നന്ദി പറയുന്നു.

    ReplyDelete