കൊച്ചി കപ്പല്‍നിര്‍മാണശാലയുടെ ഓഹരികള്‍ സ്വകാര്യ കുത്തകകള്‍ക്ക് വില്‍ക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സംസ്ഥാനത്തിനു നേരെയുള്ള വെല്ലുവിളിയും പൊതുമേഖലയെ തകര്‍ക്കാനുള്ള ജനവിരുദ്ധ നയത്തിന്റെ ഭാഗവുമാണ്. കൊച്ചി കപ്പല്‍ശാലയുടെ ഓഹരികള്‍ ഘട്ടം ഘട്ടമായി വിറ്റഴിക്കുമെന്നാണ് കേന്ദ്ര ഷിപ്പിംഗ് മന്ത്രി ജി കെ വാസന്‍ രാജ്യസഭയില്‍ ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞത്.
ഇതിനുമുമ്പും കൊച്ചി കപ്പല്‍ശാലയുടെ ഓഹരികള്‍ കുത്തകകള്‍ക്ക് കൈമാറാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുളള സര്‍ക്കാര്‍ തുനിഞ്ഞിരുന്നു. അന്ന് കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ എം പിമാര്‍ പാര്‍ലമെന്റിനുള്ളില്‍ കടുത്ത പ്രതിഷേധമുയര്‍ത്തി. സംസ്ഥാന വ്യാപകമായി കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരായ ജനരോഷം വളര്‍ന്നുവരികയും ചെയ്തിരുന്നു.
സാഹചര്യങ്ങള്‍ അനുകൂലമല്ലെന്നു കണ്ടപ്പോള്‍ കേന്ദ്രമന്ത്രി എ കെ ആന്റണി കേരളത്തില്‍ വന്ന് പരസ്യപ്രസ്താവന നടത്തി പറഞ്ഞത് കൊച്ചി കപ്പല്‍ശാലയുടെ ഓഹരികള്‍ വിറ്റഴിക്കുകയില്ലെന്നാണ്. ആന്റണി ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പില്‍ കഴമ്പില്ലായിരുന്നുവെന്നാണ് ജി കെ വാസന്റെ ഇപ്പോഴത്തെ പ്രസ്താവന തെളിയിക്കുന്നത്. ആന്റണിയുടെ പ്രസ്താവന ആത്മാര്‍ഥതയും സത്യസന്ധതയും നിറഞ്ഞതാണെങ്കില്‍ വാസന്റെ പ്രസ്താവനയോടുള്ള തന്റെ നിലപാട് വ്യക്തമാക്കുവാന്‍ ആന്റണി മുന്നോട്ടുവരണം. തുറമുഖങ്ങളുടെയും കപ്പല്‍ശാലകളുടെയും ഓഹരി വിറ്റഴിക്കുക എന്നത് ജി കെ വാസന്‍ എന്ന മന്ത്രിയുടെയോ ഏതെങ്കിലും ഒരു മന്ത്രാലയത്തിന്റെയോ മാത്രം നിലപാടല്ല. അതുകൊണ്ടു തന്നെ ഈ തീരുമാനം എ കെ ആന്റണി അറിയാത്ത ഒന്നായിരിക്കുകയില്ലെന്ന് വ്യക്തമാണ്. ഓഹരി വിറ്റഴിക്കല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും നയമാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ആവശ്യമില്ലെന്നും അതിന്റെ നടത്തിപ്പ് ജോലിയില്‍ നിന്ന് സര്‍ക്കാരും സര്‍ക്കാരുമായി ബന്ധപ്പെട്ടവരും മാറിനിന്ന് കുത്തകകള്‍ക്ക് കൈമാറണമെന്നുമാണ് അവരുടെ ദീര്‍ഘകാലമായുള്ള നിലപാട്.
ഇക്കാര്യത്തില്‍ മുഖ്യ പ്രതിപക്ഷകക്ഷിയായ ബി ജെ പിയുടെ നിലപാടും ഭിന്നമല്ല. അവര്‍ അധികാരത്തിലിരുന്നപ്പോള്‍ ഓഹരി വിറ്റഴിക്കല്‍ മന്ത്രാലയവും ഓഹരി വിറ്റഴിക്കല്‍ മന്ത്രിയെയും സൃഷ്ടിച്ചിരുന്നു.
വരുന്ന സാമ്പത്തികവര്‍ഷം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 40,000 കോടി രൂപയുടെ ധനസമാഹരണമാണ് ലക്ഷ്യമിടുന്നതെന്നാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി ബജറ്റിലൂടെ പ്രഖ്യാപിച്ചത്. കൊച്ചി കപ്പല്‍നിര്‍മാണശാല മാത്രമല്ല, രാജ്യത്തെ ഇതര കപ്പല്‍ശാലകളും തുറമുഖങ്ങളും ഇതേമാതിരിയില്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ജി കെ വാസന്റെ മറുപടി വ്യക്തമാക്കുന്നു. നിലവിലുള്ള നിയമങ്ങള്‍ സാങ്കേതികമായി അതിനു തടസ്സമാണെങ്കില്‍ ഓഹരി വിറ്റഴിക്കുവാന്‍ കഴിയുന്ന നിലയില്‍ നിയമം പരിഷ്‌കരിക്കുമെന്നുകൂടി വാസന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നവരത്‌നങ്ങളായ വ്യവസായങ്ങള്‍ പോലും യു പി എ സര്‍ക്കാര്‍ വിറ്റഴിക്കുന്ന തിരക്കിലാണ്. ആഗോള സാമ്പത്തിക മാന്ദ്യം ലോകത്തെ ഗ്രസിച്ച സന്ദര്‍ഭത്തില്‍ ഇന്ത്യ പിടിച്ചുനിന്നത് പൊതുമേഖലയുടെ അടിത്തറയില്‍ നിന്നതുകൊണ്ടാണ്. ബാങ്കിംഗ് - ഇന്‍ഷുറന്‍സ് രംഗത്തെ പൊതുമേഖലയുടെ മികച്ച സാന്നിധ്യം സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചുവെന്ന് പ്രസ്താവിക്കുവാന്‍ മന്‍മോഹന്‍സിംഗും ചിദംബരവും നിര്‍ബന്ധിതമായിരുന്നു. എന്നാല്‍ അനുഭവങ്ങളില്‍ നിന്ന് കാര്യം പഠിച്ചെങ്കിലും അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ശരിയായ തിരുത്തല്‍ നടപടികള്‍ക്ക് തങ്ങള്‍ ഒരുക്കമല്ലെന്നാണ് കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും ശഠിക്കുന്നത്.
കൊച്ചി കപ്പല്‍നിര്‍മാണശാല കേരളം പൊരുതി നേടിയതാണ്. പി കെ വി അടക്കമുള്ള കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ എം പിമാരും മറ്റും ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിച്ചിരുന്നു. കേരളത്തിലെ സുപ്രധാനമായ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നാണ് കൊച്ചിയിലെ കപ്പല്‍നിര്‍മാണശാല. അത് സ്വകാര്യവല്‍ക്കരിക്കുവാനുള്ള നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുവാന്‍ വന്‍ ജനകീയ പ്രതിഷേധം വളര്‍ന്നുവരണം. പൊതുമേഖലാ സ്ഥാപനങ്ങള്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും എന്നതിന് ഇന്ന് രാജ്യത്തിന് മാതൃകയാണ് കേരളം. ആ കേരളത്തിലെ പ്രധാന കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തെ വിറ്റഴിക്കുവാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറുക തന്നെ വേണം.
ജനയുഗം മുഖപ്രസംഗം 120311
കൊച്ചി കപ്പല്‍നിര്‍മാണശാലയുടെ ഓഹരികള്‍ സ്വകാര്യ കുത്തകകള്‍ക്ക് വില്‍ക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സംസ്ഥാനത്തിനു നേരെയുള്ള വെല്ലുവിളിയും പൊതുമേഖലയെ തകര്‍ക്കാനുള്ള ജനവിരുദ്ധ നയത്തിന്റെ ഭാഗവുമാണ്. കൊച്ചി കപ്പല്‍ശാലയുടെ ഓഹരികള്‍ ഘട്ടം ഘട്ടമായി വിറ്റഴിക്കുമെന്നാണ് കേന്ദ്ര ഷിപ്പിംഗ് മന്ത്രി ജി കെ വാസന്‍ രാജ്യസഭയില്‍ ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞത്.
ReplyDeleteഇതിനുമുമ്പും കൊച്ചി കപ്പല്‍ശാലയുടെ ഓഹരികള്‍ കുത്തകകള്‍ക്ക് കൈമാറാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുളള സര്‍ക്കാര്‍ തുനിഞ്ഞിരുന്നു. അന്ന് കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ എം പിമാര്‍ പാര്‍ലമെന്റിനുള്ളില്‍ കടുത്ത പ്രതിഷേധമുയര്‍ത്തി. സംസ്ഥാന വ്യാപകമായി കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരായ ജനരോഷം വളര്‍ന്നുവരികയും ചെയ്തിരുന്നു.