Sunday, March 6, 2011

മാനം കൊടുത്തും മമതയോട് ഒട്ടിനില്‍ക്കാന്‍ കോണ്‍ഗ്രസ്

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്ത് അപമാനം സഹിച്ചും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനോട് ഒട്ടിനില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. മമത കനിഞ്ഞു നല്‍കുന്ന സീറ്റുകള്‍ വാങ്ങി ഏതു വിധത്തിലും സഖ്യം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന നിയമസഭയിലെ 294 സീറ്റില്‍ 40 എണ്ണം മാത്രമേ കോണ്‍ഗ്രസിനു നല്‍കൂ എന്നാണ് മമത നല്‍കുന്ന സൂചന. ബംഗാള്‍ പി സി സിക്ക് ഇതില്‍ കനത്ത അമര്‍ഷവുമുണ്ട്. എന്നാല്‍ ഒരു വിധത്തിലും മമതയെ പിണക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.

സംസ്ഥാന നേതൃത്വത്തിന്റെയും ബംഗാളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും വികാരം പാടേ തള്ളിയാണ് മമതയുടെ പിന്നില്‍ ജൂനിയര്‍ പങ്കാളിയാവാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ഏതു വിധത്തിലും ഇടതു മുന്നണിയെ തോല്‍പ്പിക്കുയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇതിനു വേണ്ടി പാര്‍ട്ടി നാണം കെട്ടാലും വേണ്ടില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്.

നാല്‍പ്പതു സീറ്റു മാത്രമേ നല്‍കൂ എന്ന തൃണമൂല്‍ നിലപാടിനെതിരെ പി സി സി അധ്യക്ഷന്‍ മനസ് ഭൂയാന്‍ രംഗത്തുവന്നിട്ടുണ്ട്. 294ല്‍ മൂന്നിലൊന്ന് സീറ്റ് വേണമെന്നാണ് പി സി സിയുടെ ആവശ്യം. എന്നാല്‍ പി സി സിയുമായി ചര്‍ച്ചയ്ക്കു പോലും തയ്യാറല്ലാത്ത തൃണമൂല്‍ നേതൃത്വം കാര്യങ്ങളെല്ലാം ഹൈക്കമാന്‍ഡിനോട് സംസാരിച്ചുകൊള്ളാം എന്ന നിലപാടിലാണ്. തൃണമൂലിന്റെ ധിക്കാരപൂര്‍വമായ നടപടികള്‍ സഹിച്ച് സഖ്യം തുടരേണ്ടതില്ലെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലും സമാനമായ നിലപാടു തന്നെയാണ് തൃണമൂല്‍ കോണ്‍ഗ്രസിനോട് സ്വീകരിച്ചത്. 42ല്‍ 14 സീറ്റാണ് തൃണമൂല്‍ കോണ്‍ഗ്രസിനു നല്‍കിയത്. ഇതു വന്‍ തര്‍ക്കത്തിനു വഴിവച്ചെങ്കിലും ഒടുവില്‍ കോണ്‍ഗ്രസ് കീഴടങ്ങുകയായിരുന്നു. ഇത്തവണ തര്‍ക്കത്തിനു നില്‍കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് പി സി സിക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.

സീറ്റുവിഭജനം മാത്രമല്ല, പ്രചാരണ വിഷയങ്ങള്‍ തീരുമാനിക്കുന്നതിലും തൃണമൂലിനായിരിക്കും മേല്‍ക്കൈയെന്നു മമത സൂചന നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഭരണം മാത്രം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന മമത പരമാവധി സീറ്റുകളില്‍ തൃണമൂല്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രതിപക്ഷത്തിരുന്നാല്‍ പോലും എണ്ണത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍നിന്നു വെല്ലുവിളി ഉണ്ടാവാതിരിക്കാന്‍ ഉദ്ദേശിച്ചുള്ള നീക്കങ്ങളാണ് മമത നടത്തുന്നത്.

തമിഴ്‌നാട്ടില്‍ ഡി എം കെയോട് സ്വീകരിക്കുന്നതില്‍നിന്ന് വിരുദ്ധമായ നിലപാടാണ് കോണ്‍ഗ്രസിന് മമതയോടുള്ളത്. ഡി എം കെയുമായുള്ള സീറ്റുചര്‍ച്ചയില്‍ അയഞ്ഞ നിലപാടു വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. ഇതിനെത്തുടര്‍ന്ന് സീറ്റു ചര്‍ച്ച പലവട്ടം നടത്തിയെങ്കിലും സഖ്യത്തിന് തീരുമാനത്തിലെത്താന്‍ ആയിട്ടുമില്ല.

ജനയുഗം 060311

1 comment:

  1. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്ത് അപമാനം സഹിച്ചും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനോട് ഒട്ടിനില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. മമത കനിഞ്ഞു നല്‍കുന്ന സീറ്റുകള്‍ വാങ്ങി ഏതു വിധത്തിലും സഖ്യം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന നിയമസഭയിലെ 294 സീറ്റില്‍ 40 എണ്ണം മാത്രമേ കോണ്‍ഗ്രസിനു നല്‍കൂ എന്നാണ് മമത നല്‍കുന്ന സൂചന. ബംഗാള്‍ പി സി സിക്ക് ഇതില്‍ കനത്ത അമര്‍ഷവുമുണ്ട്. എന്നാല്‍ ഒരു വിധത്തിലും മമതയെ പിണക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.

    ReplyDelete