Sunday, March 6, 2011

രാഷ്ട്രീയ ഉപജാപത്തിന്റെ അര്‍ജുന വഴികള്‍

മധ്യപ്രദേശിന്റെ കെ കരുണാകരന്‍. മലയാളത്തില്‍ ചിന്തിക്കുമ്പോള്‍ ഒരുപക്ഷേ, അര്‍ജുന്‍ സിംഗിനെ ഏറ്റവും നന്നായി വിശേഷിപ്പിക്കാനാവുക ഇങ്ങനെയാവും. കരുണാകരനെപ്പോലെ അധികാരത്തിന്റെ സുഖശീതളിമയിലേയ്ക്ക് നീണ്ടുപോവുന്ന പ്രായോഗിക രാഷ്ട്രീയത്തിന്റെ വഴികളായിരുന്നു അര്‍ജുന്‍ സിംഗിന്റേതും. കരുണാകരനെപ്പോലെ തന്നെ അത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഗിരിശൃംഗങ്ങളിലേയ്ക്ക് തളിര്‍ത്തുകയറുകയും അവസാനകാലത്ത് കരിഞ്ഞുണങ്ങുകയും ചെയ്തു. ഇടക്കാലത്ത് മധ്യേന്ത്യയുടെ സ്വന്തം കോണ്‍ഗ്രസ് പാര്‍ട്ടിക്കു രൂപം കൊടുത്ത അര്‍ജുന്‍ സിംഗ് അധികം വൈകാതെ മാതൃസംഘടനയിലേയ്ക്ക് തിരിച്ചെത്തി അവിടെയും കരുണാകരനു കൈകൊടുത്തു. ഉപജാപങ്ങളും വിവാദങ്ങളും കൊണ്ട് സംഭവബഹുലമായിരുന്നു, അര്‍ജുന്‍ സിംഗിന്റെ രാഷ്ട്രീയജീവിതം.

സജീവമായ രാഷ്ട്രീയ പരിസരത്തില്‍ വളര്‍ന്ന അര്‍ജുന്‍ സിംഗ് ബാല്യം മുതലേ കോണ്‍ഗ്രസിനോട് ആഭിമുഖം പുലര്‍ത്തുകയും പാര്‍ട്ടി നേതൃനിരയിലെത്തിയ ശേഷം നെഹ്‌റു കുടുംബത്തോട് അടുപ്പം പുലര്‍ത്തുകയും ചെയ്തു. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും അടുക്കള കാബിനറ്റുകളില്‍ സജീവമായിരുന്നു സിംഗ്. രാജീവിന്റെ മരണത്തിനു ശേഷമാണ് അര്‍ജുന്‍ സിംഗിന്റെ രാഷ്ട്രീയ ഗ്രാഫ് താഴേക്കുപതിക്കാന്‍ തുടങ്ങിയതും.

രാജീവ് ഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് നേതൃനിരയിലേയ്ക്കു വരണമെന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭ്യര്‍ഥന സോണിയാ ഗാന്ധി തള്ളിയപ്പോള്‍ പ്രധാനമന്ത്രിപദത്തിലേയ്ക്കു പരിഗണിക്കപ്പെട്ടവരുടെ മുന്‍ നിരയിലുണ്ടായിരുന്നു അര്‍ജുന്‍ സിംഗ്. ജ്യോതിഷികളുടെ 'രാജയോഗ'ത്തില്‍ എന്നും വിശ്വസിച്ചിരുന്ന അര്‍ജുന്‍ സിംഗ് പ്രധാനമന്ത്രി പദത്തിനുവേണ്ടി നടത്തിയ ചരടുവലികളും രഹസ്യമല്ല. അന്ന് അര്‍ജുന്‍ സിംഗും ശരദ് പവാറും തമ്മില്‍ പ്രധാനമന്ത്രിയാവാന്‍ നടത്തിയ എലിയും പൂച്ചയും കളിയാണ്, റിട്ടയര്‍മെന്റ് ജീവിതത്തിലേക്ക് കാലെടുത്തുവച്ചിരുന്ന പി വി നരസിംഹ റാവുവിന് അപ്രതീക്ഷിത അവസരം തുറന്നത്. അന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കിംഗ് മേക്കറായിരുന്ന കരുണാകരനും റാവുവിന്റെ സ്ഥാനാരോഹണത്തില്‍ വലിയ പങ്കു വഹിച്ചു. പ്രധാനമന്ത്രിപദം കപ്പിനും ചുണ്ടിനുമിടയില്‍ കൈവിട്ട സിംഗ് റാവു സര്‍ക്കാരിലിരുന്നുകൊണ്ടുതന്നെ റാവുവിനെതിരെ നിരന്തര നീക്കങ്ങള്‍ നടത്തി. അന്നു രാഷ്ട്രീയത്തില്‍ പിച്ചവച്ചു തുടങ്ങിയിരുന്ന സോണിയയായിരുന്നു സിംഗിന്റെ തുറുപ്പുചീട്ട്. ഉപജാപത്തില്‍ അര്‍ജുന്‍ സിംഗിനെ (കരുണാകരനെപ്പോലും) ബഹുദൂരം പിന്നിലാക്കിയ നരസിംഹ റാവു കാലം തികച്ചുഭരിച്ചത് പിന്നീടുള്ള ചരിത്രം.

ബാബരി മസ്ജിന്റെ തകര്‍ച്ചയോടെയാണ് അര്‍ജുന്‍ സിംഗ് റാവിവിനെതിരായ നീക്കങ്ങള്‍ ശക്തമാക്കിയത്. നെഹ്‌റു കുടുംബത്തിന്റെ മതേതര മുഖച്ഛായ വീണ്ടെടുക്കാന്‍ റാവുവിനെ നീക്കണമെന്ന് സിംഗ് ഒളിഞ്ഞും തെളിഞ്ഞും പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. സോണിയ മറ നീക്കി രംഗത്തുവരാതിരുന്നതും പാര്‍ട്ടി റാവുവിനൊപ്പം നിന്നതും സിംഗിന് തിരിച്ചടിയായി. ഇതോടെയാണ് അര്‍ജുന്‍ സിംഗ് കോണ്‍ഗ്രസ് വിട്ട് തിവാരിയോടൊപ്പം ഇന്ദിരാ കോണ്‍ഗ്രസ് (തിവാരി) ഉണ്ടാക്കിയത്. ഇന്ദിരാ കോണ്‍ഗ്രസിന്റെ ബാനറില്‍ ഒരുവട്ടം പാര്‍ലമെന്റിലേയ്ക്കു ജയിച്ചുകയറിയ സിംഗിന് അടുത്തതവണ അടിപതറി. അധികാരത്തിന്റെ രാഷ്ട്രീയത്തില്‍ മാത്രം വിശ്വസിച്ചിരുന്ന സിംഗ് കോണ്‍ഗ്രസിന്റെ തണലിലേയ്ക്ക് തിരിച്ചെത്തിയത് അങ്ങനെയാണ്. അപ്പോഴേയ്ക്കും സോണിയ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെത്തിയതോടെ അര്‍ജുന്‍ സിംഗ് വീണ്ടും പരിഗണിക്കപ്പെട്ടു. പാര്‍ട്ടിവിട്ട ചെറുകാലയളവു കൊണ്ട് മധ്യപ്രദേശിലെ അര്‍ജുന്‍ സിംഗിന്റെ ശക്തിദുര്‍ഗങ്ങളില്‍ പാര്‍ട്ടിയിലെ എതിരാളി ദിഗ്‌വിജയ് സിംഗ് കടന്നുകയറിയിരുന്നു. ഇതിനെത്തുടര്‍ന്ന് രാജ്യസഭാ സീറ്റു നല്‍കിയാണ് സോണിയ സിംഗിനെ സന്തോഷിപ്പിച്ചത്.

അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ട നീണ്ട ഇടവേളയ്ക്കു ശേഷം 2004ല്‍ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ ഭരണം പിടിച്ചപ്പോള്‍ അര്‍ജുന്‍ സിംഗ് പഴയ സ്വപ്നം പൊടിതട്ടിയെടുത്തതും രഹസ്യമല്ല. സോണിയയ്ക്കു പിന്നില്‍ പ്രഭാവമൊന്നുമില്ലാത്ത നേതാക്കളുടെ കൂടാരമായിരുന്നു അന്നു കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെ ഇക്കുറി നറുക്കുവീഴുമെന്ന് സിംഗ് കരുതിക്കാണണം.

എന്നാല്‍ കോണ്‍ഗ്രസ് അപ്പോഴേയ്ക്കും ഏറെ മാറിപ്പോയിരുന്നു. പ്രതാപികളായ കാരണവന്മാരുടെ കാലത്തുനിന്ന് അത് മാനേജര്‍മാരുടെ കാലത്തെത്തിയിരുന്നു. ബ്യൂറോക്രാറ്റിക് പ്രതിഛായയുള്ള മന്‍മോഹന്‍ സിംഗിനെയാണ് സോണിയ പ്രധാനമന്ത്രിയായി നിയോഗിച്ചത്. മന്‍മോഹനു കീഴില്‍ തന്റെ പഴയ മനുഷ്യവിഭവ ശേഷി വകുപ്പു നോക്കിനടത്താനായിരുന്നു അര്‍ജുന്‍ സിംഗിന് നിയോഗം. മനുഷ്യവിഭവ ശേഷി വകുപ്പു മന്ത്രിയെന്ന നിലയില്‍ ഒ ബി സി സംവരണസിദ്ധാന്തമുയര്‍ത്തി അര്‍ജുന്‍ മന്‍മോഹന് കൊടുത്ത തലവേദന ചില്ലറയല്ല.

മൂന്നു തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു അര്‍ജുന്‍ സിംഗ്. ഭോപ്പാല്‍ ദുരന്തസമയത്തും അര്‍ജുനായിരുന്നു മുഖ്യമന്ത്രി. യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍നിന്നുള്ള വിഷപ്പുക ശ്വസിച്ച് ജനങ്ങള്‍ പിടഞ്ഞുവീഴുമ്പോള്‍ കര്‍വാദാം കൊട്ടാരത്തിലേയ്ക്ക് രക്ഷപ്പെട്ടുപോവുകയാണ് അര്‍ജുന്‍ സിംഗ് ചെയ്തതെന്ന് പിന്നീട് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അടിയന്തര ഭരണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ അന്നു മുഖ്യമന്ത്രിയുണ്ടായിരുന്നില്ലത്രേ. ഭോപ്പാല്‍ കേസിലെ മുഖ്യപ്രതി വാറന്‍ ആന്‍ഡേഴ്‌സനെ വിട്ടയച്ചത് അര്‍ജുന്‍ സിംഗിന്റെ നിര്‍ദേശപ്രകാരമായിരുന്നെന്നും പിന്നീട് വ്യക്തമാക്കപ്പെട്ടു. കേന്ദ്രസര്‍ക്കാരിലെ ഒരു  ഉന്നതന്‍ അര്‍ജുന്‍ സിംഗിനെ വിളിച്ചെന്നും ഇതിനെത്തുടര്‍ന്ന് ആന്‍ഡേഴ്‌സനെ വിടാന്‍ സിംഗ് നിര്‍ദേശം നല്‍കിയെന്നുമായിരുന്നു വാര്‍ത്തകള്‍. ആ ഉന്നതന്‍ ആരെന്ന് സിംഗ് വെളിപ്പെടുത്തിയില്ല, വര്‍ഷങ്ങളോളം. അതു നരസിംഹ റാവു ആയിരുന്നെന്ന് ഭോപ്പാല്‍ കോടതി വിധി പുറത്തുവന്ന ശേഷം സിംഗ് പറഞ്ഞു. രാജീവ് ഗാന്ധിയെക്കുറിച്ചും ചില സൂചനകള്‍ നല്‍കിയ അര്‍ജുന്‍ സിംഗ് അവസാനകാലത്ത് കോണ്‍ഗ്രസിനെ, ഒരു വെളിപ്പെടുത്തലിന്റെ മുള്‍മുനയില്‍ നിര്‍ത്തി. കഴിഞ്ഞ വര്‍ഷം ഭോപ്പാല്‍ ദുരന്തത്തെക്കുറിച്ചുള്ള ചര്‍ച്ച നടക്കുമ്പോള്‍ സിംഗ് വീല്‍ച്ചെയറില്‍ രാജ്യസഭയിലെത്തി. രാജീവിനെക്കുറിച്ച് ഒന്നും പറയാതെ അര്‍ജുന്‍ സിംഗ് പ്രസംഗിച്ചുതീരുംവരെ നെരിപ്പോടിലായിരുന്നു അന്നു കോണ്‍ഗ്രസ് പാര്‍ട്ടി.

പി ആര്‍ ഷിജു ജനയുഗം 060311

1 comment:

  1. മധ്യപ്രദേശിന്റെ കെ കരുണാകരന്‍. മലയാളത്തില്‍ ചിന്തിക്കുമ്പോള്‍ ഒരുപക്ഷേ, അര്‍ജുന്‍ സിംഗിനെ ഏറ്റവും നന്നായി വിശേഷിപ്പിക്കാനാവുക ഇങ്ങനെയാവും. കരുണാകരനെപ്പോലെ അധികാരത്തിന്റെ സുഖശീതളിമയിലേയ്ക്ക് നീണ്ടുപോവുന്ന പ്രായോഗിക രാഷ്ട്രീയത്തിന്റെ വഴികളായിരുന്നു അര്‍ജുന്‍ സിംഗിന്റേതും. കരുണാകരനെപ്പോലെ തന്നെ അത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഗിരിശൃംഗങ്ങളിലേയ്ക്ക് തളിര്‍ത്തുകയറുകയും അവസാനകാലത്ത് കരിഞ്ഞുണങ്ങുകയും ചെയ്തു. ഇടക്കാലത്ത് മധ്യേന്ത്യയുടെ സ്വന്തം കോണ്‍ഗ്രസ് പാര്‍ട്ടിക്കു രൂപം കൊടുത്ത അര്‍ജുന്‍ സിംഗ് അധികം വൈകാതെ മാതൃസംഘടനയിലേയ്ക്ക് തിരിച്ചെത്തി അവിടെയും കരുണാകരനു കൈകൊടുത്തു. ഉപജാപങ്ങളും വിവാദങ്ങളും കൊണ്ട് സംഭവബഹുലമായിരുന്നു, അര്‍ജുന്‍ സിംഗിന്റെ രാഷ്ട്രീയജീവിതം.

    ReplyDelete