Sunday, March 6, 2011

യൂറോപ്യന്‍ സമ്മര്‍ദത്തിനു വഴങ്ങിയാല്‍ മരുന്നുവില കുത്തനെ ഉയരും

ആരോഗ്യപരിചരണമേഖലയില്‍ യൂറോപ്പിലെ ഔഷധക്കമ്പനികളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച്  കര്‍ശനവ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമെന്ന യുറോപ്യന്‍ യൂണിയന്റെ സമ്മര്‍ദങ്ങള്‍ക്ക് ഇന്ത്യവഴങ്ങിയാല്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന പല മരുന്നുകളുടെയും വില ക്രമാതീതമായി വര്‍ധിക്കും.  ഏകീകരണംസംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിന്റെ (ഐ സി എച്ച്)നിലവാരങ്ങളുമായി ഇന്ത്യന്‍ ഔഷധക്കമ്പനികള്‍ യോജിച്ചുപോകണമെന്നാണ് യൂറോപ്യന്‍ യൂണിയ(ഇ യു)ന്റെ നിലപാട്. ഈ നിലവാരങ്ങള്‍ സമ്പൂര്‍ണമായും പാലിക്കുക ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സാധ്യമല്ലെന്ന് നമ്മുടെ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെന്നത് മറ്റൊരു വസ്തുത.

ഐ സി എച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നത് യൂറോപ്പിലെ വന്‍കമ്പനികളെ മാത്രമേ സഹായിക്കൂ എന്ന് ഇന്ത്യന്‍ ഔഷധനിര്‍മാണ വ്യവസായവൃത്തങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഈ നിര്‍ദേശങ്ങളിലെ പരീക്ഷണപ്പരിശോധനകള്‍ക്ക് വേണ്ടിവരുന്ന ചെലവ് ചെറുകിട കമ്പനികളെ സംബന്ധിച്ചിടത്തോളം വളര്‍ച്ചയ്ക്ക് വിഘാതമാവും. ഔഷധോല്‍പന്നങ്ങള്‍, ചികിത്സോപകരണങ്ങള്‍, സൗന്ദര്യസംവര്‍ധക വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളും നടപടിക്രമങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും സുതാര്യമാണെന്ന് ഉറപ്പുവരുത്തണമെന്നും തല്‍പരകക്ഷികളുമായുള്ള കൂടിയാലോചനകള്‍ക്കുശേഷമാണ് അവയ്ക്ക് രൂപം നല്‍കേണ്ടതെന്നുമാണ് യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയോട് ആവശ്യപ്പെടുന്നത്.

 ഇപ്പോള്‍ നടക്കുന്ന ഇന്ത്യ - യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്രവ്യാപാരക്കരാറി (എഫ് ടി എ) ന്റെ ഭാഗമായുള്ള ചില നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ ആരോഗ്യ പരിചരണ മേഖലയില്‍ ഇന്ത്യ ഒട്ടേറെ അന്താരാഷ്ട്ര നിലവാരങ്ങള്‍ക്കും  നിയന്ത്രണസമ്പ്രദായങ്ങള്‍ക്കും  വഴങ്ങേണ്ടി വരും. ചികിത്സോപകരങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ആഗോള ഏകീകരണ കര്‍മ്മ സമിതിയുടെ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന ഇ യു കൂടിയാലോചകരുടെ  അഭ്യര്‍ഥന തന്നെ  ഉദാഹരണം. ഈ കര്‍മ്മസമിതിയുടെ ചില നിര്‍ദേശങ്ങളിലുള്ള വിയോജിപ്പിനെത്തുടര്‍ന്ന് ഇന്ത്യയും മറ്റു ഏഷ്യന്‍ രാജ്യങ്ങളും സ്വന്തം ഏകീകൃത മാര്‍ഗനിര്‍ദേശങ്ങള്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് യൂറോപ്യന്‍ യൂണിയന്റെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

തത്വത്തില്‍ ആഗോള ഏകീകരണ കര്‍മ്മസമിതിയുടെ മാനദണ്ഡങ്ങളുമായി യോജിച്ചുപോകുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നത്.  അന്ധമായി ഈ മാനദണ്ഡങ്ങള്‍ കൈക്കൊള്ളുന്നത് നമ്മെയല്ല, ആഗോള ബഹുരാഷ്ട്ര ചികിത്സോപകരണനിര്‍മ്മാതാക്കളെ മാത്രമാണ് സഹായിക്കുക എന്നാണ് ഇന്ത്യന്‍ ചികിത്സോപകരണ വ്യവസായ സമിതിയുടെ കോ ഓര്‍ഡിനേറ്റര്‍ രാജീവ് നാഥ് പറഞ്ഞത്.

ഉല്‍പ്പന്നങ്ങളില്‍ പതിക്കുന്ന ലേബലുകളുടെ കാര്യത്തില്‍ ആഗോള ഏകീകരണ കര്‍മ്മസമിതിയുടെ വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള കര്‍മ്മസമിതിയുടെ വ്യവസ്ഥയനുസരിച്ചാണെങ്കില്‍ ഉല്‍പ്പാദിപ്പിച്ച രാജ്യമെന്ന വേര്‍തിരിവ് പോലും ഇല്ലാതെ അത്തരം ഉല്‍പ്പന്നങ്ങള്‍ ലോകത്തിന്റെ ഏതു ഭാഗത്തേക്കും അയയ്ക്കാന്‍ കഴിയും.  നമ്മുടെ നിയമമനുസരിച്ച്, ഉല്‍പ്പന്നം ഏതു രാജ്യത്തുണ്ടാക്കിയതാണെന്ന് ലേബലില്‍ വ്യക്തമാക്കണം. ചെലവ് കുറഞ്ഞ സ്ഥലങ്ങളില്‍ നിന്നുണ്ടാക്കിയ  ബ്രാന്‍ഡ് ചെയ്ത ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ കൊണ്ടുവന്ന് തള്ളി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ മത്സരക്ഷമമല്ലാതാക്കുന്നതിനുള്ള കമ്പനികളുടെ ശ്രമങ്ങള്‍ക്ക് ഇത് തടയിടുമെന്നും അദ്ദേഹം വിശദീകരിച്ചു.

ജനയുഗം 060311

1 comment:

  1. ആരോഗ്യപരിചരണമേഖലയില്‍ യൂറോപ്പിലെ ഔഷധക്കമ്പനികളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കര്‍ശനവ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമെന്ന യുറോപ്യന്‍ യൂണിയന്റെ സമ്മര്‍ദങ്ങള്‍ക്ക് ഇന്ത്യവഴങ്ങിയാല്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന പല മരുന്നുകളുടെയും വില ക്രമാതീതമായി വര്‍ധിക്കും. ഏകീകരണംസംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിന്റെ (ഐ സി എച്ച്)നിലവാരങ്ങളുമായി ഇന്ത്യന്‍ ഔഷധക്കമ്പനികള്‍ യോജിച്ചുപോകണമെന്നാണ് യൂറോപ്യന്‍ യൂണിയ(ഇ യു)ന്റെ നിലപാട്. ഈ നിലവാരങ്ങള്‍ സമ്പൂര്‍ണമായും പാലിക്കുക ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സാധ്യമല്ലെന്ന് നമ്മുടെ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെന്നത് മറ്റൊരു വസ്തുത.

    ReplyDelete