Sunday, March 6, 2011

പീരുമേട് സിപിഎം സ്കൂളിലെ വിജയം; സര്‍ക്കാര്‍ വിരുദ്ധ പ്രചാരകര്‍ക്ക് മറുപടി

എല്‍ഡിഎഫ് സര്‍ക്കാര്‍ പഞ്ചായത്തുകളെ ഉപയോഗിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൈപ്പിടിയിലൊതുക്കി തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് പ്രചാരണം നടത്തിയ യുഡിഎഫിനും ചില മാധ്യമങ്ങള്‍ക്കുമുള്ള മറുപടിയാണ് പീരുമേട് സിപിഎം ഗവണ്‍മെന്റ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ മുന്നേറ്റം. കഴിഞ്ഞതവണ എല്‍ഡിഎഫ് അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഈ സ്കൂളിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു.

2006ല്‍ വിജയശതമാനം കുറവായതിനാല്‍ 'ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ദത്തെടുത്ത ജില്ലയിലെ നാല് സ്കൂളിലൊന്നായിരുന്നു ഇത്.സര്‍ക്കാരും പീരുമേട് പഞ്ചായത്ത് ഭരണ സമിതിയും നടത്തിയ ഇടപെടലിലൂടെ ജില്ലയിലെയും സംസ്ഥാനത്തെയും മികച്ച വിജയം നേടിയ സ്കൂളുകളുടെ പട്ടികയിലേക്ക് സ്കൂളിനെ എത്തിച്ച് മോഡല്‍ സ്കൂള്‍ പദവി കരസ്ഥമാക്കാനുമായി. എസ്എസ്എല്‍സി പരീക്ഷയില്‍ 2006ല്‍ 21ശതമാനം പേരാണ് സിപിഎം സ്കൂളില്‍ നിന്നും വിജയിച്ചത്. ഇടപെടലിനെ തുടര്‍ന്ന് 2007ല്‍ വിജയം 81 ശതമാനമായി . 2008ല്‍ ഇത് 95 ശതമാനമായി. 2009ല്‍ പരീക്ഷയെഴുതിയ കുട്ടികളില്‍ 98 ശതമാനം പേരും വിജയംകണ്ടു. 2010ലും ഇതാവര്‍ത്തിച്ചു. ഇത്തവണ 100 ശതമാനം വിജയമുറപ്പിക്കാനാണ് സ്കൂള്‍ അധികൃതരുടെ നീക്കം.

2005ല്‍ പീരുമേട് പഞ്ചായത്തില്‍ അധികാരത്തില്‍ വന്ന ആര്‍ തിലകന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഭരണസമിതി സ്കൂളിലെ വിദ്യാഭ്യാസ നിലവാരവും വിജയശതമാനവും ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്കാണ് വഹിച്ചത്. 1924ല്‍ ആരംഭിച്ച സ്കൂളിനെ 1952ലാണ് ഹൈസ്കൂളായി പ്രഖ്യാപിച്ചത്. 1975 ഈ സ്കൂളില്‍ നിന്നും ഒരു കുട്ടി പോലും എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം കണ്ടില്ല. പരാജയത്തിന്റെ ചരിത്രം മാത്രംകൈമുതലായുണ്ടായിരുന്ന സ്കൂളിന് 2009ല്‍ മോഡല്‍ സ്കൂള്‍ പദവി ലഭിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റേയും പീരുമേട് പഞ്ചായത്ത് ഭരണസമിതിയുടേയും വിദ്യാഭ്യാസരംഗത്തെ ഇടപെടല്‍ മൂലമായിരുന്നു. ഇതിന്റെ ഭാഗമായി സ്കൂളിന് വിദ്യാഭ്യാസ മന്ത്രി എം എ ബേബിയില്‍ നിന്ന് അനുമോദനപത്രവും ലഭിച്ചു.

സിപിഎം സ്കൂളിലെ കുട്ടികളില്‍ 95 ശതമാനവും തേയില തോട്ടംതൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. പ്രതിസന്ധിയിലായ ആര്‍ബിടി, എവിജി തുടങ്ങിയ തേയില തോട്ടങ്ങളിലെ തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണിവര്‍. തോട്ടം പ്രതിസന്ധി വേളയില്‍ പട്ടിണിയും ദാരിദ്യ്രവും മൂലം കുട്ടികള്‍ പഠനം ഉപേക്ഷിക്കുന്നത് തടയാനും പഞ്ചായത്തിനായി. സായാഹ്ന പഠന കൂട്ടങ്ങള്‍, അയല്‍പക്ക പഠനകൂട്ടം, രാത്രികാല പഠനം, മാതാപിതാക്കള്‍ക്കായി ബോധവല്‍ക്കരണം എന്നിവയും പഞ്ചായത്തിന്റെ മുന്‍കൈയ്യില്‍ നടത്തി. സംസ്ഥാനത്തെയും ജില്ലയിലെയും മികച്ചസ്കൂളുകളിലൊന്നാക്കാന്‍ പഞ്ചായത്തിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞതായും സ്കൂളുകളെ എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കുന്നെന്ന യുഡിഎഫിന്റേയും മാധ്യമങ്ങളുടെയും പ്രചാരണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് സിപിഎം സ്കൂളിന്റെ ഉയര്‍ച്ചയെന്നും മുന്‍പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തിലകന്‍ പറഞ്ഞു.

deshabhimani 060311

2 comments:

  1. എല്‍ഡിഎഫ് സര്‍ക്കാര്‍ പഞ്ചായത്തുകളെ ഉപയോഗിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൈപ്പിടിയിലൊതുക്കി തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് പ്രചാരണം നടത്തിയ യുഡിഎഫിനും ചില മാധ്യമങ്ങള്‍ക്കുമുള്ള മറുപടിയാണ് പീരുമേട് സിപിഎം ഗവണ്‍മെന്റ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ മുന്നേറ്റം. കഴിഞ്ഞതവണ എല്‍ഡിഎഫ് അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഈ സ്കൂളിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു.

    ReplyDelete
  2. അഭിനന്ദനങ്ങള്‍ എല്ലാര്‍ക്കും!

    ReplyDelete