Sunday, March 6, 2011

അരൂര്‍, ഉടുമ്പന്‍‌ചോല, തൃക്കാക്കര

അടിപതറാതെ ഇടതുവേരുകളില്‍ ചുവടുറച്ച്

അരൂര്‍: രൂപീകൃതമായതിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷത്തിലും ഇടതുപക്ഷത്തോടൊപ്പം നിലനിന്ന മണ്ഡലമാണ് അരൂര്‍. രണ്ട് പ്രാവശ്യം മാത്രമാണ് മണ്ഡലം ഇടതുപക്ഷത്തെ കൈവിട്ടത്. ഇവിടെ നിന്ന് സ്ഥിരമായി മത്സരിച്ചുപോന്നിരുന്നത് കെ ആര്‍ ഗൗരിയമ്മയായിരുന്നു. എന്നാല്‍ 1977ല്‍ പി എസ് ശ്രീനിവാസനും പിന്നീട് 2006ല്‍ അഡ്വ. എ എം ആരിഫ് ഗൗരിയമ്മയെ പരാജയപ്പെടുത്തിയതും ചരിത്രം. ഇടതുപക്ഷത്തുനിന്നും പോയ ഗൗരിയമ്മ സ്വന്തം പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പ് ഗോദയിലെത്തിയെങ്കിലും ഒരു തവണ മാത്രമാണ് വിജയിക്കാനായത്. യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കാന്‍ കിണഞ്ഞ് ശ്രമിച്ചിട്ടുണ്ടെങ്കിലും ഇടതുപക്ഷത്തെ അരൂര്‍ നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ കൈവിട്ടിട്ടില്ല. ഇതിന് പ്രധാന കാരണം ഇവിടുത്തെ ശക്തമായ ഇടതുപക്ഷ വേരോട്ടം തന്നെയാണ്.

വിപ്ലവഭൂമികള്‍ അരൂര്‍ മണ്ഡലത്തിന്റെ ഭാഗമാണ്. വയലാര്‍, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ എന്നീ എട്ട് പഞ്ചായത്തുകള്‍ ചേര്‍ന്നതായിരുന്നു പഴയ അരൂര്‍ നിയോജകമണ്ഡലം. ഈ പഞ്ചായത്തുകളെല്ലാം തന്നെ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു. പുനര്‍നിര്‍ണയം നടത്തിയപ്പോള്‍ തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍, അരൂക്കുറ്റി, പാണാവള്ളി, പള്ളിപ്പുറം, പെരുമ്പളം, തൈക്കാട്ടുശ്ശേരി എന്നീ പഞ്ചായത്തുകള്‍ അടങ്ങിയതായി പുതിയ അരൂര്‍ മണ്ഡലം. ആകെ വോട്ടര്‍മാരുടെ എണ്ണം 1,72,3342.ഇതില്‍ 85,6055 പേര്‍ പുരുഷന്‍മാരാണ്. 86,737 സ്ത്രീ വോട്ടര്‍മാരുണ്ട്. ആകെ പത്ത് പഞ്ചായത്തുകളിലായി 163 വാര്‍ഡുകളാണുള്ളത്.  വേമ്പനാട് കായലിന്റെ ഇരുകരകളിലായി സ്ഥിതിചെയ്യുന്ന ഈ മണ്ഡലത്തില്‍ ഭൂരിഭാഗം മേഖലകളിലും മത്സ്യതൊഴിലാളികളാണ് അധിവസിക്കുന്നത്.
(കെ സതീശന്‍)

എല്‍ഡിഎഫ് വിജയഗാഥ തുടരാന്‍ ഉടുമ്പന്‍ചോല

കട്ടപ്പന: എല്‍ഡിഎഫ് ഭരണത്തിന്‍കീഴില്‍ പശ്ചാത്തല വികസനത്തില്‍ വന്‍നേട്ടം കൈവരിച്ച ഉടുമ്പന്‍ചോല മണ്ഡലത്തിന് പുനര്‍നിര്‍ണയത്തില്‍ മൂന്ന് പഞ്ചായത്തുകളാണ് കുറവുവന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 13 പഞ്ചായത്തുകളുണ്ടായിരുന്ന മണ്ഡലത്തിലിപ്പോള്‍ പത്ത് പഞ്ചായത്തുകളാണുള്ളത്.

ശാന്തന്‍പാറ, സേനാപതി, രാജകുമാരി, രാജാക്കാട്, ഇരട്ടയാര്‍, വണ്ടന്‍മേട്, പാമ്പാടുംപാറ, നെടുങ്കണ്ടം, കരുണാപുരം, ഉടുമ്പന്‍ചോല എന്നീ പത്ത് പഞ്ചായത്തുകളാണ് ഇപ്പോള്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പുനര്‍നിര്‍ണ്ണയത്തില്‍ മണ്ഡലത്തില്‍ നിന്ന് നാലെണ്ണം കുറയുകയും ഒന്നു കൂട്ടിച്ചേര്‍ക്കപ്പെടുകയുമാണ് ചെയ്തത്. കാഞ്ചിയാര്‍, ചിന്നക്കനാല്‍, ചക്കുപള്ളം, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളാണ് പുനക്രമീകരണത്തില്‍ നഷ്ടമായത്. കാഞ്ചിയാര്‍ ഇടുക്കിയിലേക്ക് മാറ്റപ്പെട്ടപ്പോള്‍ രാജാക്കാട് തിരികെ ലഭിച്ചു.
എല്‍ഡിഎഫിലെ കെ കെ ജയചന്ദ്രനാണ് നിലവില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2006ല്‍ ഡിഐസിയിലെ ഇബ്രാഹിംകുട്ടി കല്ലാറിനെ 19698 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് എല്‍ ഡി എഫ് ഇവിടെ  കരുത്ത് തെളിയിച്ചത്. നിലവിലെ കണക്കനുസരിച്ച് ആകെയുള്ള 152085 വോട്ടര്‍മാരില്‍ 76228 പേര്‍ പുരുഷന്‍മാരും 75857 പേര്‍ സ്ത്രീകളുമാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനേക്കാള്‍ 4622 വോട്ടര്‍മാരുടെ വര്‍ദ്ധനയാണുള്ളത്.

കുടിയേറ്റകര്‍ഷകര്‍ക്ക് പൂര്‍ണ്ണാവകാശത്തോടെയുള്ള പട്ടയം ലഭ്യമാക്കിയ സിപിഐ നേതാവ് കെ ടി ജേക്കബ്ബ് ആശാനാണ് 1965 ല്‍ മണ്ഡലരൂപീകരണത്തിനുശേഷം ഇവിടെ നിന്നും ആദ്യമായി വിജയിച്ചത്. 1747 വോട്ടിന്റെ ഭൂരിപക്ഷം അടുത്ത തെരഞ്ഞെടുപ്പ് നടന്ന 1967 ല്‍ 9064 ആയി കുത്തനെ ഉയര്‍ത്തി. പിന്നീട് മൂന്ന് വട്ടം യുഡിഎഫ് അധികാരം കയ്യാളി.

എന്നാല്‍ 1982 ല്‍ എം ജിനദേവന്‍ മണ്ഡലം തിരിച്ചുപിടിച്ചു. 1987 ല്‍ യുഡിഎഫിലെ മാത്യു സ്റ്റീഫനും 91 ലും 96 ലും ഇ എം അഗസ്തിയും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചവരാണ്. തുടര്‍ന്ന് 2001 ലും 2006 ലും മണ്ഡലം എല്‍ഡിഎഫിനെ വരിച്ചു. 2006 ല്‍ ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 19,648 വോട്ടിനാണ് കെ കെ ജയചന്ദ്രന്‍ ഇവിടെ നിന്നും വിജയിച്ചത്.

തോട്ടംതൊഴിലാളികളും കുടിയേറ്റകര്‍ഷകരും ഭൂരിപക്ഷമായ ഉടുമ്പന്‍ചോലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളാണ് സജീവചര്‍ച്ചയാകുന്നത്. മുന്‍ യുഡിഎഫ് ഭരണകാലത്ത് സുപ്രീംകോടതിയില്‍ സങ്കീര്‍ണ്ണമായി കിടന്ന കേസില്‍ കര്‍ഷകര്‍ക്ക് അനുകൂലമായി വിധി നേടി ഭൂമിസംബന്ധമായ നിയമങ്ങളില്‍ വേണ്ട ഭേദഗതി വരുത്തിയാണ് കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം യാഥാര്‍ത്ഥ്യമാക്കിയത്.  റോഡ് വികസനത്തില്‍ മണ്ഡലം കൈവരിച്ച വന്‍ പുരോഗതി, കുമളി-മൂന്നാര്‍ റോഡ്, നെടുങ്കണ്ടം മിനി സിവില്‍സ്റ്റേഷന്‍, മിനി സ്റ്റേഡിയം, നഴ്‌സിംഗ് സ്‌കൂള്‍, പുരാവസ്തു പഠനകേന്ദ്രം, ഐഎച്ച്ആര്‍ഡി സെന്റര്‍ തുടങ്ങിയ നിരവധിയായ നേട്ടങ്ങള്‍ എല്‍ഡിഎഫിന് കരുത്താകും.

കേരളത്തിന്റെ ഐടി ഹബ്ബായി മാറിയ തൃക്കാക്കര

കൊച്ചി: പുതിയതായി രൂപംകൊണ്ട നിയമസഭാ മണ്ഡലങ്ങളില്‍ ഏറെ ശ്രദ്ധനേടുന്ന മണ്ഡലമാണ് തൃക്കാക്കര. കേരളം മുഴുവന്‍ ചര്‍ച്ചചെയ്യുംചെയ്യപ്പെടുന്ന വികസനസ്വപ്‌നമായ സ്മാര്‍ട്ട്‌സിറ്റിയുടെ തട്ടകം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത്തവണയും ഒരുപോലെ കേരളം ചര്‍ച്ചചെയ്യുന്ന സ്മാര്‍ട്ട്‌സിറ്റിയുടെ മണ്ണില്‍ കന്നിപോരാട്ടമാണ്. വികസനത്തിന്റെ രാഷ്ട്രീയം ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വാഗ്ദാനങ്ങളുടെ സഫലീകരണത്തിന്റെ ഓരോ ഘട്ടത്തില്‍ സാക്ഷിയാണ് ഈ ഐടി ഹബ്ബ്.

കേരളത്തിന്റെ ഐടിസ്വപ്‌നമായ സ്മാര്‍ട്ട്‌സിറ്റി പദ്ധതിക്ക് സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് തുടക്കംകുറിക്കാന്‍കഴിഞ്ഞതും ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ട വികസനത്തിന് ആരംഭംകുറിച്ചതുമെല്ലാം  ഇടതുമുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങളാണ്. സംസ്ഥാനത്തിന് കൈവിട്ടുപോകുമെന്ന് വിചാരിച്ചിരുന്ന ഇന്‍ഫോപാര്‍ക്കിന്റെ വന്‍കുതിപ്പിന് കളമൊരുക്കിയത്. ഇടതുമുന്നണിയുടെ സന്ദര്‍ഭോചിതമായ ഇടപെടലുകളാണ് മറ്റൊരു ഐടി അധിഷ്ഠിത പദ്ധതിയായ സൈബര്‍സിറ്റി പദ്ധതിയും വരുന്നത്. തൃക്കാക്കര മണ്ഡലത്തിന്റെ പരിധിയിലാണ് ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ കരാറില്‍ ഒപ്പിടാന്‍കഴിഞ്ഞത്. ഇടതുമുന്നണിയുടെ പ്രതിഛായ മണ്ഡലത്തില്‍ ഏറെ വര്‍ധിപ്പിച്ചിരിക്കുകയാണ്.

ജില്ലാആസ്ഥാനമായ കലക്ടറേറ്റ് സ്ഥിതിചെയ്യുന്ന തൃക്കാക്കര മണ്ഡലം പഴയ തൃപ്പൂണിത്തുറ വിഭജിച്ച് രൂപംകൊണ്ടതാണ്. തൃക്കാക്കര നഗരസഭയ്‌ക്കൊപ്പം കൊച്ചിന്‍ കോര്‍പ്പറേഷന്റെ 16 ഡിവിഷനുകള്‍കൂടി അടങ്ങിയതാണ് പുതിയ മണ്ഡലം. നേരത്തെ തൃപ്പുണിത്തുറ മണ്ഡലത്തിലായിരുന്ന ചേരാനല്ലൂര്‍ പഞ്ചായത്ത് തൃക്കാക്കരയില്‍നിന്ന് വേര്‍പ്പെടുത്തപ്പെട്ടതോടെ നഗരസഭാ ഡിവിഷനുകള്‍ അടങ്ങുന്ന മണ്ഡലമെന്ന പ്രത്യേകതകൂടി തൃക്കാക്കര നേടുകയാണ്. തൃക്കാക്കര നഗരസഭയിലെ 43 വാര്‍ഡുകളും കൊച്ചി കോര്‍പ്പറേഷന്റെ 31, 33, 34 ഡിവിഷനുകളും 36 മുതല്‍ 51 വരെയുള്ള ഡിവിഷനുകളുമാണ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. ഇടപ്പള്ളി, പാലാരിവട്ടം, വെണ്ണല, പൊന്നുരുന്നി, കടവന്ത്ര, വൈറ്റില എന്നീ പ്രധാനപ്പെട്ട കോര്‍പ്പറേഷന്‍ മേഖലകള്‍ വരുന്നതോടെ മണ്ഡലത്തിന്റെ ചിത്രം വിപുലമാകുകയാണ്. സാധാരണക്കാര്‍ക്കൊപ്പം രാജ്യത്തിന്റെ പലഭാഗങ്ങളില്‍നിന്നായി ചേക്കേറിയ പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവര്‍ മണ്ഡലത്തിലെ നിര്‍ണായകഘടകങ്ങളാണ്.ആകെയുള്ള 157456 വോട്ടര്‍മാരില്‍ സ്ത്രീവോട്ടര്‍മാരാണ് കൂടുതല്‍. 80346 സ്ത്രീവോട്ടര്‍മാരും 77110 പുരുഷവോട്ടര്‍മാരും മണ്ഡലത്തിന്റെ ഭാഗധേയം നിശ്ചയിക്കാനുണ്ട്.

യുഡിഎഫിന് മേല്‍കൈ ഉണ്ടായിരുന്ന പ്രദേശങ്ങളുടെ രാഷ്ട്രീയാവസ്ഥയ്ക്കു മണ്ഡലപുനര്‍നിര്‍ണയം വന്നതോടെ മാറ്റംവന്നിരിക്കുകയാണ്. ഇതാണ് യുഡിഎഫിനെ ഏറെ ഭയപ്പെടുത്തുന്നത്. തൃപ്പൂണിത്തുറ നിയമസഭാമണ്ഡലത്തിന്റെ ഭാഗമായിരുന്നപ്പോള്‍ തൃക്കാക്കര മണ്ഡലത്തിലുണ്ടായിരുന്ന ഡിവിഷനുകള്‍ക്ക് പുനര്‍വിഭജനത്തില്‍ രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. ഇതില്‍ 18 ഡിവിഷനുകളില്‍ ഭൂരിപക്ഷവും കഴിഞ്ഞ 30 വര്‍ഷമായി ഇടതുപക്ഷത്തിന് മേല്‍കൈയുള്ളതാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി തൃക്കാക്കര ഗ്രാമപഞ്ചായത്ത് ഭരിച്ചുവന്നതും ഇടതുമുന്നണിയാണ്. അതുകൊണ്ടുതന്നെ ഇടതുമുന്നണി സര്‍ക്കാരിന്റെ ഐടിമേഖലയിലെ വികസനങ്ങള്‍ക്കൊപ്പം അടിസ്ഥാനസൗകര്യങ്ങളുടെ വികസനങ്ങളും ഇടതുസ്ഥാനാര്‍ഥികള്‍ക്ക് അനുകൂലസാഹചര്യമൊരുക്കുകയാണ്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് നേടാനായ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും നേടാന്‍കഴിയുമെന്നാണ് പൊതുവെ വിലയിരുത്തല്‍.

ജനയുഗം 060311

1 comment:

  1. രൂപീകൃതമായതിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷത്തിലും ഇടതുപക്ഷത്തോടൊപ്പം നിലനിന്ന മണ്ഡലമാണ് അരൂര്‍. രണ്ട് പ്രാവശ്യം മാത്രമാണ് മണ്ഡലം ഇടതുപക്ഷത്തെ കൈവിട്ടത്. ഇവിടെ നിന്ന് സ്ഥിരമായി മത്സരിച്ചുപോന്നിരുന്നത് കെ ആര്‍ ഗൗരിയമ്മയായിരുന്നു. എന്നാല്‍ 1977ല്‍ പി എസ് ശ്രീനിവാസനും പിന്നീട് 2006ല്‍ അഡ്വ. എ എം ആരിഫ് ഗൗരിയമ്മയെ പരാജയപ്പെടുത്തിയതും ചരിത്രം. ഇടതുപക്ഷത്തുനിന്നും പോയ ഗൗരിയമ്മ സ്വന്തം പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പ് ഗോദയിലെത്തിയെങ്കിലും ഒരു തവണ മാത്രമാണ് വിജയിക്കാനായത്. യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കാന്‍ കിണഞ്ഞ് ശ്രമിച്ചിട്ടുണ്ടെങ്കിലും ഇടതുപക്ഷത്തെ അരൂര്‍ നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ കൈവിട്ടിട്ടില്ല. ഇതിന് പ്രധാന കാരണം ഇവിടുത്തെ ശക്തമായ ഇടതുപക്ഷ വേരോട്ടം തന്നെയാണ്.

    ReplyDelete