Thursday, March 10, 2011

കാഞ്ഞിരപ്പള്ളിയുടെ വികസനം ജനങ്ങള്‍ വിലയിരുത്തട്ടെ

"അഞ്ചു വര്‍ഷം മണ്ഡലത്തില്‍ നടപ്പാക്കിയ കാര്യങ്ങളാണ് വിലയിരുത്തലിനായി ഞാന്‍ ജനങ്ങള്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്നത്. ചിലര്‍ 50 വര്‍ഷത്തെ ചരിത്രമെടുത്ത് തന്റെ നേട്ടമെന്ന് പറയുന്നതു പോലെയല്ലിത്.'' കാഞ്ഞിരപ്പള്ളിയില്‍ മാറ്റത്തിന്റെ മണിമുഴക്കിയ അല്‍ഫോന്‍സ് കണ്ണന്താനം കോട്ടയം പ്രസ്ക്ളബ് സംഘടിപ്പിച്ച 'ജനവിധി-2011' ല്‍ മനസ് തുറന്നു.

കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വികസന നേട്ടങ്ങളിലേക്ക് കണ്ണോടിക്കുന്നവര്‍ക്ക് കണ്ണന്താനത്തിന്റെ വാക്കുകളിലെ സത്യസന്ധത മനസിലാവും. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് എന്ന രാജകീയ പദവി ഉപേക്ഷിച്ച് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയ കണ്ണന്താനത്തിന് എന്തുപറ്റിയെന്ന് ചോദിച്ചവരുണ്ട്. അവരോട് കണ്ണന്താനത്തിന് ഇപ്പോള്‍ ഒന്നേ പറയാനുള്ളൂ.

"എന്റെ മണ്ഡലത്തിലേക്ക് വരൂ. അസാധ്യമായി ഒന്നുമില്ലെന്ന് ഞാന്‍ പറഞ്ഞത് വെറുതെയല്ല. മനസുവച്ചാല്‍ വികസനം ഉറപ്പ്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് എന്റെ മണ്ഡലം. ഐഎഎസ് രാജിവച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങിയത് ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. എന്നെ എങ്ങനെ വിനിയോഗിക്കണമെന്ന് ഞാന്‍ ഇപ്പോള്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന് അറിയാം.''

കാഞ്ഞിരപ്പള്ളിയുടെ ഓരോ തരി മണലിലും തന്റെ ആത്മാവുണ്ടെന്ന് കണ്ണന്താനം പറയുന്നതുംപറഞ്ഞവരുടെ സംസ്കാരം അത്രക്കേ ഉള്ളൂ. താന്‍ സ്ഥാനാര്‍ഥിയാണോയെന്ന് ഇപ്പോള്‍ പറയാനാവില്ല. പൂഞ്ഞാറില്‍ മത്സരിക്കാന്‍ കഴിഞ്ഞാല്‍ അവിടത്തെ ജനങ്ങള്‍ക്ക് അടിമത്തത്തില്‍നിന്ന് മോചനം നല്‍കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ട്. അവിടെ ഇപ്പാള്‍ രാജാവും പ്രജകളും മാത്രമാണുള്ളത്. താന്‍ കോട്ടയം കലക്ടറായിരുന്നപ്പോഴത്തെ അതേ അവസ്ഥയിലാണ് ഇപ്പോഴും പൂഞ്ഞാറും ഈരാറ്റുപേട്ടയും. 20 വര്‍ഷം പിന്നിട്ടിട്ടും പൂഞ്ഞാറില്‍ ഒരു മാറ്റവും സംഭവിച്ചില്ല. കാഞ്ഞിരപ്പള്ളിയിലേതു പോലെ സിവില്‍സ്റ്റേഷനും കോടതിസമുച്ചയവുമെല്ലാം അവിടെയും ആവശ്യമാണ്. 

ശബരിപാത അട്ടിമറിക്കാന്‍ ശ്രമിച്ചത് പി സി ജോര്‍ജാണെന്ന് കണ്ണന്താനം വീണ്ടും ആവര്‍ത്തിച്ചു. രാഷ്ട്രീയത്തിലാണെങ്കിലും കുറേയെങ്കിലും സത്യം പറയാന്‍തയ്യാറാകണമെന്നും കണ്ണന്താനംപറഞ്ഞു. കണ്ണന്താനം തന്റെ കണക്കുപുസ്തകവും ജനങ്ങള്‍ക്കു മുന്നില്‍ തുറന്നിടുന്നു. "എന്നെക്കുറിച്ച് ചിലര്‍ തെറ്റായ പലതും പ്രചരിപ്പിക്കുന്നുണ്ട്. സ്വത്ത് സംബന്ധിച്ചും മറ്റും. സ്വന്തം പേരിലും മകന്റെ പേരിലുള്ളതും ഉള്‍പ്പെടെയുള്ള സ്വത്തുവിവരം ഞാന്‍ മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ ഒരുക്കമാണ്. എംഎല്‍എ ആയ ശേഷം ഒരിഞ്ചു സ്ഥലം പോലും വാങ്ങിയിട്ടില്ല. ഏഴുകിലോ ഭാരം കുറയുകയും ബാങ്ക് ബാലന്‍സ് ശോഷിക്കുകയുമാണ് ചെയ്തത്. വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നവരെ ജനങ്ങള്‍ മനസിലാക്കുന്നുണ്ട്. പക്ഷെ ലാളിത്യം കൊണ്ട് ജനങ്ങളുടെ മനസ് കീഴടക്കാനാണ് എന്റെ ശ്രമം.''അത് വിജയിക്കുമെന്ന് കണ്ണന്താനത്തിന് ഉറപ്പ്.

വൈദ്യുതി രംഗത്തും നേട്ടം

കാഞ്ഞിരപ്പള്ളി: വൈദ്യുതി അന്യമായിരുന്ന രണ്ടായിത്തോളം കുടുംബങ്ങള്‍ ഇപ്പോള്‍ നിറ സംതൃപ്തിയിലാണ്. മണ്ഡലത്തിലെ 1857 ഗുണഭോക്താക്കളുടെ വീടുകളിലാണ് സര്‍വചെലവും വഹിച്ച് പുതുതായി വൈദ്യുതി എത്തിച്ചത്. സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമെന്ന ഖ്യാതിയും കാഞ്ഞിരപ്പള്ളിക്ക് ഇതിലൂടെ സ്വന്തമായി. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആരംഭിച്ച കാഞ്ഞിരപ്പള്ളി വൈദ്യുതി സബ്സ്റ്റേഷനെ 66 കെ വിയില്‍ നിന്ന് 110 ആക്കാന്‍ നടപടി സ്വീകരിച്ചു. 8.55 കോടിയാണ് ഇതിന് വിനിയോഗിക്കുന്നത്. എരുമേലി 110 കെ വി സബ്സ്റ്റേഷന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. 4.77 കോടിയുടെ പദ്ധതിയാണിത്. പള്ളം- കാഞ്ഞിരപ്പള്ളി 220 കെ വി സബ്സ്റ്റേഷന്് 60 കോടിയുമാണ് വിനിയോഗിക്കുന്നത്. മണിമലയില്‍ പുതുതായി 33 കെ വി സബ്സ്റ്റേഷന്‍ ആരംഭിക്കാനായതും നേട്ടം തന്നെ. മണ്ഡലത്തില്‍ പുതുതായി 97 ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചത് വോള്‍ട്ടേജ്ക്ഷാമത്തിനും പരിഹാരമായി. പുതുതായി 109.35 കിലോമീറ്റര്‍ 11 കെ വി ലൈനും വലിച്ചു. വൈദ്യുതി പ്രസരണരംഗത്ത് ആകെ 99.6 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ പൂര്‍ത്തിയാവുന്നത്.

427 ദിവസം കൊണ്ടൊരു സിവില്‍ സ്റ്റേഷന്‍


ഇക്ബാല്‍ ഇല്ലത്തുപറമ്പില്‍ കാഞ്ഞിരപ്പള്ളി: മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കാന്‍ പത്തുവര്‍ഷം വേണ്ട, വെറും 427 ദിവസം മാത്രം മതിയെന്ന് കാഞ്ഞിരപ്പള്ളിക്കാര്‍ക്ക് മനസിലാക്കിക്കൊടുത്തത് അല്‍ഫോന്‍സ് കണ്ണന്താനമാണ്. കാഞ്ഞിരപ്പള്ളിയില്‍ മിനി സിവില്‍സ്റ്റേഷന്‍ പൂര്‍ത്തിയാവുമ്പോള്‍ ഇതിനു വേണ്ടി മുന്‍പ് യുഡിഎഫ് സ്ഥാപിച്ച രണ്ടു തറക്കല്ലുകള്‍ അവിടെ അനാഥമായി കിടപ്പുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയനീക്കമായിരുന്നു ആദ്യത്തെ തറക്കല്ലിടല്‍. അതുനടന്നത് 1991ല്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഒന്നും സംഭവിച്ചില്ല. അടുത്ത തെരഞ്ഞെടുപ്പ് വന്നു. 1996ല്‍ വീണ്ടും തറക്കല്ലിട്ടു. ശാപമോക്ഷമില്ലാതെ വെയിലും മഴയുമേറ്റ് കിടക്കാനായിരുന്നു അതിനും യോഗം. യുഡിഎഫിലെ റവന്യൂമന്ത്രിയും മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയും തമ്മിലുള്ള തര്‍ക്കമാണ് പദ്ധതി തടസ്സപ്പെടാന്‍ കാരണമായത്.

2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ ഈ ദുര്‍വിധി മാറി. കാഞ്ഞിരപ്പള്ളിയെക്കുറിച്ച് വിശദമായി പഠിച്ച എംഎല്‍എ, സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കേന്ദ്രീകൃതമായ സംവിധാനമില്ലാത്തത് പോരായ്മയായി കണ്ടു. അപ്പോഴാണ് മുന്‍പ് മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ രണ്ട് തറക്കല്ലുകള്‍ സ്ഥാപിച്ചിട്ടും നടക്കാതെ പോയത് ശ്രദ്ധയില്‍പ്പെട്ടത്. കാഞ്ഞിരപ്പള്ളിക്കാരുടെ നടക്കാതെ പോയ സ്വപ്നം നടപ്പാക്കാനുള്ള പ്രയത്നം ആരംഭിച്ചു. അങ്ങനെ ദേശീയപാതയോരത്ത് താലൂക്ക് ഓഫീസ് വളപ്പില്‍ എട്ടു കോടി ചെലവഴിച്ച് അഞ്ചു നിലകളിലായി മിനി സിവില്‍ സ്റ്റേഷന്‍ മന്ദിരം ഉയര്‍ന്നു. അതോടെ താലൂക്കിന്റെ വിവിധയിടങ്ങളില്‍ ചിന്നിച്ചിതറി കിടന്ന 25 സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കൂരയ്ക്ക്് കീഴിലായി. 730 ദിവസം കൊണ്ടായിരുന്നു മന്ദിരം പൂര്‍ത്തീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ വികസനകാര്യത്തില്‍ ഓവര്‍സ്പീഡ് വേണമെന്ന് നിര്‍ബന്ധമുള്ള കണ്ണന്താനം അങ്ങനെ വിടാന്‍ ഒരുക്കമല്ലായിരുന്നു. നിര്‍മാണസ്ഥലത്ത് കൌണ്ട്ഡൌണ്‍ ബോര്‍ഡ് സ്ഥാപിച്ചു. ഓരോ ദിവസവും എണ്ണി നിര്‍മാണപുരോഗതി വിലയിരുത്തി. മണ്ഡലത്തിലുള്ള ദിവസങ്ങളില്‍ മൂന്നു നേരവും നിര്‍മാണത്തിന് മേല്‍നോട്ടവും നിര്‍ദേശവും നല്‍കി എംഎല്‍എ കൂടെനിന്നു. ഒടുവില്‍ 427 ദിവസം പിന്നിട്ടപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ ഏറ്റവും മനോഹരസൌധമായി മിനി സിവില്‍സ്റ്റേഷന്‍ തലയുയര്‍ത്തി നിന്നു. കെട്ടിടത്തിന്റെ പ്ളാന്‍ തയ്യാറാക്കിയതിലും എംഎല്‍എയുടെ കരവിരുതുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ ലിഫ്റ്റുള്ള ആദ്യകെട്ടിടമെന്ന ബഹുമതിയും ഈ മന്ദിരത്തിന് സ്വന്തം.

സ്കൂളുകള്‍ക്ക് കെട്ടിടവും പഠിക്കാന്‍ കംപ്യൂട്ടറും


കാഞ്ഞിരപ്പള്ളി: കംപ്യൂട്ടറും പ്രിന്ററും യുപിഎസും ഇല്ലാത്ത സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ കാണാനാവില്ല. നിയോജകമണ്ഡലത്തിലെ സ്കൂളുകളില്‍ സമ്പൂര്‍ണ കംപ്യൂട്ടര്‍വല്‍ക്കരണം നടത്താനും മുന്‍ പ്രവേശനപരീക്ഷാ കമീഷണര്‍ കൂടിയായ എംഎല്‍എക്ക്് കഴിഞ്ഞു. ആവശ്യപ്പെട്ട സ്കൂളുകള്‍ക്ക് എല്‍സിഡി പ്രൊജക്ടര്‍, ലാപ്ടോപ്പ് എന്നിവയും നല്‍കി. ഇതിനായി ആകെ 22.63 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. പനമറ്റം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ കെട്ടിടനിര്‍മാണത്തിന് രണ്ടു കോടി യാണ് വിനിയോഗിച്ചു. ഇടക്കുന്നം ഗവണ്‍മെന്റ് എച്ച്എസ്എസ്, മുരിക്കുംവയല്‍ ഗവണ്‍മെന്റ് വിഎച്ച്എസ്എസ് എന്നിവയ്ക്ക് 50 ലക്ഷം രൂപ വീതവും അനുവദിച്ചു. പത്ത് സ്കൂളുകള്‍ക്കാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിച്ചത്. ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പിന്നോക്കമായിരുന്ന കാഞ്ഞിരപ്പള്ളിയില്‍ ഐഎച്ച്ആര്‍ഡി കോളേജ് ആരംഭിച്ചതും ഇക്കാലയളവിലാണ്.

ദേശാഭിമാനി 100311

1 comment:

  1. "അഞ്ചു വര്‍ഷം മണ്ഡലത്തില്‍ നടപ്പാക്കിയ കാര്യങ്ങളാണ് വിലയിരുത്തലിനായി ഞാന്‍ ജനങ്ങള്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്നത്. ചിലര്‍ 50 വര്‍ഷത്തെ ചരിത്രമെടുത്ത് തന്റെ നേട്ടമെന്ന് പറയുന്നതു പോലെയല്ലിത്.'' കാഞ്ഞിരപ്പള്ളിയില്‍ മാറ്റത്തിന്റെ മണിമുഴക്കിയ അല്‍ഫോന്‍സ് കണ്ണന്താനം കോട്ടയം പ്രസ്ക്ളബ് സംഘടിപ്പിച്ച 'ജനവിധി-2011' ല്‍ മനസ് തുറന്നു.

    ReplyDelete