Tuesday, March 8, 2011

കള്ളപ്പണക്കാരുടെ സാമ്രാജ്യമോ?

ധനശക്തിയാണ് രാജ്യത്തിന്റെ സമുന്നത ഭരണതലത്തില്‍ ആധിപത്യം വഹിക്കുന്നത്. തെരഞ്ഞെടുപ്പ് ജയിക്കാനും അതിനായി വോട്ടര്‍മാരെ പാട്ടിലാക്കാനും മാധ്യമങ്ങളെ സ്വാധീനിക്കാനും പാര്‍ലമെന്റില്‍ കൃത്രിമ ഭൂരിപക്ഷമുണ്ടാക്കാനും നോട്ടുകൂമ്പാരങ്ങള്‍ വിനിയോഗിക്കപ്പെടുന്ന അവസ്ഥയെ ജനാധിപത്യമെന്ന് വിളിക്കാനാവില്ല. ഇന്ത്യാ രാജ്യത്ത് ഇന്ന് തെരഞ്ഞെടുപ്പുകളിലും മന്ത്രിസഭാ രൂപീകരണത്തിലും നയനിര്‍മാണത്തിലും ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയിക്കുന്നതിലും മാധ്യമങ്ങളുടെ അഭിപ്രായ രൂപീകരണത്തിലുമെല്ലാം പണമാണ് ആധിപത്യശക്തി എന്നത് സംശയത്തിനിടയില്ലാത്തവിധം തെളിയിക്കപ്പെട്ട കാലമാണിത്. അതിന്റെ മറുവശമാണ് സങ്കല്‍പ്പിക്കാനാവാത്ത വിധം പടര്‍ന്നുപന്തലിക്കുന്ന അഴിമതി. കള്ളപ്പണത്തിന്റെ വ്യാപനം എത്ര വലുതാണെന്ന് ആര്‍ക്കും തിട്ടപ്പെടുത്താനാവാത്ത സ്ഥിതിയാണ്. ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപത്തെക്കുറിച്ച് പല കണക്കുകളും വന്നിട്ടുണ്ട്. എന്തായാലും ഇന്നാട്ടിലെ പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും പാര്‍പ്പിട പ്രശ്നവും പരിഹരിക്കാന്‍ പറ്റുന്നത്രയും തുക സ്വിസ് ബാങ്കുകളുള്‍പ്പെടെ വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ അനധികൃതമായി നിക്ഷേപിച്ചിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല.

വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരെ കസ്റഡിയിലെടുത്ത് ചോദ്യംചെയ്യാന്‍ ആരാണ് തടസ്സമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് കഴിഞ്ഞ ദിവസം സുപ്രീംകോടതി ചോദിച്ചത്. പുണെയിലെ പന്തയക്കുതിരക്കച്ചവടക്കാരന്‍ ഹസന്‍ അലി ഖാനടക്കമുള്ളവരെ പിടികൂടാതെ യഥേഷ്ടം മേയാന്‍ വിടുന്ന കേന്ദ്രസര്‍ക്കാരിനെ നോക്കിയാണ് പരമോന്നത കോടതി ഈ ചോദ്യമുന്നയിച്ചത്. ഹസന്‍ അലിക്ക് വിദേശ ബാങ്കുകളില്‍ 40,000 കോടിയോളം രൂപയുടെ കള്ളപ്പണ നിക്ഷേപമുള്ളതായാണ് കണ്ടെത്തിയത്. 50,000 കോടി രൂപയുടെ നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പ് അയാള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് നാല്‍പ്പതിനായിരം കോടി രൂപ പിഴ ചുമത്തിയതായും വാര്‍ത്ത വന്നു. മിന്നല്‍വേഗത്തില്‍ ശതകോടീശ്വരനായി മാറിയ ഈ ദുരൂഹബിസിനസുകാരനെ ചുറ്റിപ്പറ്റി അനധികൃത പാസ്പോര്‍ട്ട് കൈവശം വച്ചതുള്‍പ്പെടെ നിരവധി ആരോപണങ്ങളാണുയര്‍ന്നത്. എന്നാല്‍, ഭരണത്തിന്റെ തണലില്‍ അയാളെ സുരക്ഷിതമായി ഒളിപ്പിക്കാനാണ് യുപിഎ സര്‍ക്കാര്‍ തയ്യാറായത്. സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഏറ്റവുമൊടുവില്‍ ഹസന്‍ അലിയെ കസ്റഡിയിലെടുത്ത വാര്‍ത്ത വന്നിട്ടുണ്ട്. എന്നാല്‍, രാജ്യത്തെ വിവിധ അന്വേഷണ ഏജന്‍സികളുടെ നോട്ടപ്പുള്ളിയും വിദേശശക്തികളുടെ സഹായത്തോടെ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക് പണം മുടക്കുന്നു എന്ന് കരുതുന്നയാളുമായ ഹസനെ എന്തിന് ഇത്രകാലം സ്വച്ഛന്ദം വിഹരിക്കാന്‍ വിട്ടു എന്നതിന് യുപിഎ നേതൃത്വം ഉത്തരം നല്‍കിയേ മതിയാകൂ.

എത്ര മോശപ്പെട്ട കാര്യങ്ങളാണ് ഈ രാജ്യത്ത് നടക്കുന്നതെന്നാണ് സുപ്രീംകോടതി ചോദിച്ചിരുന്നത്. ചെറിയ കുറ്റം ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുമ്പോഴും വന്‍കിടക്കാര്‍ക്കെതിരെ ഒരുനടപടിയും സ്വീകരിക്കാത്തതിലെ നൈരാശ്യവും മറച്ചുവച്ചില്ല. ഹസന്‍ അലി ഖാന്‍ ഇന്ത്യയില്‍തന്നെ ഉണ്ടെന്നും കേന്ദ്രം ആവശ്യമായ നടപടി എടുത്തുവരികയാണെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ പറഞ്ഞത് പരിഹാസത്തോടെയാണ് കോടതി കണ്ടത്. വിദേശ ബാങ്കുകളിലുള്ള ലക്ഷക്കണക്കിന് കോടികളുടെ കള്ളപ്പണ നിക്ഷേപം തിരിച്ചുപിടിക്കണമെന്ന ആവശ്യത്തോട് മുഖംതിരിഞ്ഞു നില്‍ക്കുന്ന; ആരൊക്കെയാണ് നിക്ഷേപകര്‍ എന്ന് കണ്ടുപിടിക്കാന്‍ വിമുഖത കാട്ടുന്ന യുപിഎ സര്‍ക്കാരില്‍നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിട്ട് കാര്യമില്ല.

ഹസന്‍ അലിയെപ്പോലുള്ള കള്ളപ്പണ-ഹവാലക്കാരും മണികുമാര്‍ സുബ്ബയെപ്പോലുള്ള ലോട്ടറി രാജാക്കന്മാരും വന്‍കിടനികുതിവെട്ടിപ്പുകാരുമാണ് യുപിഎയുടെ അഴിമതിരാജിന്റെ സ്വാഭാവിക സഖ്യശക്തികള്‍. ഉയര്‍ന്ന തോതില്‍ നികുതി അടയ്ക്കാന്‍ ശേഷിയുള്ള ധനികരെയും സമ്പന്ന വിഭാഗങ്ങളെയും ഒഴിവാക്കി ജനസംഖ്യയിലെ മഹാഭൂരിപക്ഷത്തിനുമേലും പരോക്ഷനികുതികള്‍ അടിച്ചേല്‍പ്പിക്കുന്നതാണ് യുപിഎയുടെ നയം. ഇന്നുള്ള മൊത്തം നികുതിവരുമാനത്തിന്റെ 86 ശതമാനവും അതാണ്. പ്രത്യക്ഷ-കോര്‍പറേറ്റ് നികുതിയിനങ്ങളില്‍മാത്രം രണ്ടു ലക്ഷം കോടിയിലേറെ രൂപ പിരിച്ചെടുക്കാനുണ്ട്. കോര്‍പറേറ്റുകളും ബിസിനസ് ഹൌസുകളും കുടിശ്ശികയാക്കിയിട്ടുള്ള ബാങ്കിങ് സംവിധാനത്തിലെ കിട്ടാക്കടം മറ്റൊരു ഹിമാലയന്‍ തട്ടിപ്പാണ്. എല്ലാംകൊണ്ടും നികുതിവെട്ടിപ്പുകാരുടെയും കുഴല്‍പ്പണക്കാരുടെയും അഴിമതിക്കാരുടെയും ലോട്ടറിത്തട്ടിപ്പുകാരുടെയും ഫെഡറേഷനായി കേന്ദ്രഭരണ സംവിധാനത്തെ യുപിഎ മാറ്റിയിരിക്കുന്നു. കള്ളപ്പണത്തിനെതിരെ ഇക്കൊല്ലത്തെ ബജറ്റില്‍ ശക്തമായ നടപടികളുണ്ടാകുമെന്ന് വീമ്പിളക്കിയിരുന്നുവെങ്കിലും നാമമാത്രവും നിഷ്പ്രയോജനകരവുമായ പ്രഖ്യാപനമേ ഉണ്ടായുള്ളൂ.

നികുതി കുറച്ചുമാത്രം ഈടാക്കുന്ന വിദേശ രാജ്യങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള കണക്കില്‍പ്പെടാത്ത ഭീമന്‍ തുകകള്‍ ഉള്‍പ്പെടെ സമ്പദ്ഘടനയിലെ വമ്പിച്ച കള്ളപ്പണശേഖരത്തെ പുറത്തുകൊണ്ടുവരുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുതന്നെ ആകണം. നിയമവിരുദ്ധമായി വിദേശത്തേക്ക് ഒഴുക്കിയ ഈ നാടിന്റെ പണം തിരികെ എത്തിക്കണം. രാജ്യത്തിന്റെ വിദേശ കടബാധ്യതയായ 23,000 കോടി ഡോളറിന്റെ രണ്ടിരട്ടിയിലധികമുണ്ടാകും ഈ തുക എന്നാണ് കണക്കാക്കപ്പെടുന്നത്. നിയമ സംവിധാനങ്ങളുടെ മൂക്കിന്‍തുമ്പില്‍ കള്ളപ്പണ സാമ്രാജ്യം കെട്ടിപ്പൊക്കിയ ഹസന്‍ അലിയെ ഒന്നുതൊടാന്‍പോലും സുപ്രീം കോടതിയുടെ ഉഗ്രശാസനം വേണ്ടിവന്നുവെങ്കില്‍, കള്ളപ്പണക്കാരെയും ഹവാലക്കാരെയും നികുതിവെട്ടിപ്പുകാരെയും യുപിഎ സര്‍ക്കാര്‍ സ്വമേധയാ നിയന്ത്രിക്കുമെന്ന് കരുതാനാവില്ല. അതിനായി ജനകീയ പ്രക്ഷോഭം ഉയരേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 080311

2 comments:

  1. ധനശക്തിയാണ് രാജ്യത്തിന്റെ സമുന്നത ഭരണതലത്തില്‍ ആധിപത്യം വഹിക്കുന്നത്. തെരഞ്ഞെടുപ്പ് ജയിക്കാനും അതിനായി വോട്ടര്‍മാരെ പാട്ടിലാക്കാനും മാധ്യമങ്ങളെ സ്വാധീനിക്കാനും പാര്‍ലമെന്റില്‍ കൃത്രിമ ഭൂരിപക്ഷമുണ്ടാക്കാനും നോട്ടുകൂമ്പാരങ്ങള്‍ വിനിയോഗിക്കപ്പെടുന്ന അവസ്ഥയെ ജനാധിപത്യമെന്ന് വിളിക്കാനാവില്ല. ഇന്ത്യാ രാജ്യത്ത് ഇന്ന് തെരഞ്ഞെടുപ്പുകളിലും മന്ത്രിസഭാ രൂപീകരണത്തിലും നയനിര്‍മാണത്തിലും ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയിക്കുന്നതിലും മാധ്യമങ്ങളുടെ അഭിപ്രായ രൂപീകരണത്തിലുമെല്ലാം പണമാണ് ആധിപത്യശക്തി എന്നത് സംശയത്തിനിടയില്ലാത്തവിധം തെളിയിക്കപ്പെട്ട കാലമാണിത്. അതിന്റെ മറുവശമാണ് സങ്കല്‍പ്പിക്കാനാവാത്ത വിധം പടര്‍ന്നുപന്തലിക്കുന്ന അഴിമതി. കള്ളപ്പണത്തിന്റെ വ്യാപനം എത്ര വലുതാണെന്ന് ആര്‍ക്കും തിട്ടപ്പെടുത്താനാവാത്ത സ്ഥിതിയാണ്. ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപത്തെക്കുറിച്ച് പല കണക്കുകളും വന്നിട്ടുണ്ട്. എന്തായാലും ഇന്നാട്ടിലെ പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും പാര്‍പ്പിട പ്രശ്നവും പരിഹരിക്കാന്‍ പറ്റുന്നത്രയും തുക സ്വിസ് ബാങ്കുകളുള്‍പ്പെടെ വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ അനധികൃതമായി നിക്ഷേപിച്ചിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല.

    ReplyDelete
  2. ഇന്ത്യയിലെ കള്ളപ്പണക്കാരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള ഹസന്‍ അലി ഖാനെതിരെ ഭീകരപ്രവര്‍ത്തനമടക്കമുള്ള കുറ്റങ്ങള്‍ ചുമത്താന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. വ്യാജ പാസ്പോര്‍ട്ടുകള്‍ കൈവശംവച്ചതിന് അലിഖാനെതിരെ എടുത്ത കേസുകള്‍ സിബിഐക്ക് വിടാനാകുമോയെന്ന് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ആയുധകടത്തുകാരുമായും ഭീകരസംഘങ്ങളുമായും അലിഖാന് ബന്ധമുണ്ടെന്ന ആക്ഷേപങ്ങള്‍ ഗൌരവത്തില്‍ പരിശോധിക്കണമെന്ന് ജസ്റിസുമാരായ ബി സുദര്‍ശന്‍ റെഡ്ഡി, എസ് എസ് നിജ്ജാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വാസ്തവമെങ്കില്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മറ്റ് കടുത്ത വകുപ്പുകള്‍ പ്രകാരവും കേസെടുത്ത് അന്വേഷിക്കണം. വ്യാജ പാസ്പോര്‍ട്ട് കേസില്‍ ഖാനെതിരായ അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നത്. ഗുരുതര വിഷയമായിട്ടും അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. കേസന്വേഷിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ നാലു ഉദ്യോഗസ്ഥരെ പാതിവഴിയില്‍ സ്ഥലം മാറ്റിയത് എന്തിനെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം- കോടതി ആവശ്യപ്പെട്ടു.

    എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ ഡെപ്യൂട്ടേഷനിലായിരുന്ന ഉദ്യോഗസ്ഥരെയാണ് മാറ്റിയതെന്ന് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം വിശദീകരിച്ചു. ഇതു ദുരുദ്ദേശ്യത്തോടെയല്ലെന്നും വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി ഉദ്യോഗസ്ഥരെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞു. ഹസന്‍ അലിഖാന്റെ ജീവന് ഭീഷണിയുണ്ടാകാമെന്ന് ഹര്‍ജിക്കാരനായ മുതിര്‍ന്ന അഭിഭാഷകന്‍ രാംജെത്മലാനിക്കു വേണ്ടി ഹാജരായ അനില്‍ ദിവാന്‍ പറഞ്ഞു. കള്ളപ്പണത്തിന് പിന്നിലെ അധികാരകേന്ദ്രങ്ങളെക്കുറിച്ച് ഹസന് വിവരമുണ്ടാകുമെന്ന് തീര്‍ച്ചയാണ്. ഗാസിയാബാദിലെ പിഎഫ് കുംഭകോണ കേസില്‍ പ്രധാനപ്രതിയായ അശുതോഷ് അസ്താനയെ പിന്നീട് ജയിലില്‍ കൊല്ലപ്പെട്ട നിലയിലാണ് കണ്ടത്. ഇത്തരം കാര്യങ്ങള്‍ കോടതി പരിഗണിക്കണം- അനില്‍ ദിവാന്‍ ചൂണ്ടിക്കാട്ടി. കള്ളപ്പണക്കേസില്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുദ്രവച്ച കവറില്‍ കോടതിക്ക് സമര്‍പ്പിച്ചു. അലിഖാനെ കഴിഞ്ഞ ദിവസം അറസ്റുചെയ്ത വിവരവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കേസ് 18ന് പരിഗണിക്കുന്നതിനായി കോടതി മാറ്റി. അതിനിടെ, ചൊവ്വാഴ്ച മുംബൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ഹസന്‍ അലിഖാനെ ഒരുദിവസത്തേക്ക് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു.

    ReplyDelete