Thursday, March 3, 2011

പുതിയ മണ്ഡലത്തില്‍ ചുവടുറപ്പിച്ച് എല്‍ഡിഎഫ്

കോഴിക്കോട്: ആദ്യ നിയമസഭാംഗത്തെ തെരഞ്ഞെടുത്ത് കേരള നിയമസഭയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് എലത്തൂര്‍. നഗരവും ഗ്രാമവും ഇഴചേര്‍ന്നുകിടക്കുന്ന നിയമസഭാ മണ്ഡലം. കോരപ്പുഴയെ തഴുകി തീരദേശം മുതല്‍ മലയോരംവരെ സവിശേഷമായ ഭൂവിഭാഗങ്ങളുള്ളതാണ് ഈ പുതിയ നിയോജകമണ്ഡലം. ജില്ലയിലെ മൂന്നു മണ്ഡലങ്ങള്‍ ചേര്‍ന്നാണ് 13-ാമത്തെ പുതിയ ജനപ്രതിനിധിക്കായുള്ള തട്ടകം, എലത്തൂര്‍ രൂപീകൃതമായത്. ബാലുശേരി, കൊടുവള്ളി, കുന്നമംഗലം മണ്ഡലങ്ങളിലെ പ്രദേശങ്ങളാണ് എലത്തൂരിലുള്ളത്. ബാലുശേരിയുടെ ഭാഗമായിരുന്ന എലത്തൂര്‍ (ഇപ്പോള്‍ കോഴിക്കോട് കോര്‍പറേഷനിലെ 1, 2, 3, 4, 5, 75 വാര്‍ഡുകള്‍) തലക്കുളത്തൂര്‍, നന്മണ്ട, കുന്നമംഗലത്തെ കുരുവട്ടൂര്‍, കൊടുവള്ളിയിലെ ചേളന്നൂര്‍, കക്കോടി, കാക്കൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ നിയമസഭാമണ്ഡലം.

കഴിഞ്ഞ തവണ ബാലുശേരിയും കൊടുവള്ളിയും ഇടതുപക്ഷത്തോടൊപ്പമായിരുന്നു. ഒടുവിലെ കണക്ക് പ്രകാരം 1,60,570 വോട്ടര്‍മാരാണ് ആദ്യ എംഎല്‍എ യെ തെരഞ്ഞെടുക്കാന്‍ ബൂത്തിലെത്തുക. ഇടതുപക്ഷത്തിനോട് മറയില്ലാത്ത മണ്ഡലം- എലത്തൂരിന്റെ രാഷ്ട്രീയാഭിമുഖ്യം പരിശോധിച്ചാല്‍ വ്യക്തമാകുന്നതിതാണ്. കടപുഴക്കങ്ങളും കാറ്റുവീഴ്ചയുമുണ്ടായ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലടക്കം എലത്തൂരിന്റെ മനവും നിറവും ചുകന്നു തന്നെയിരുന്നു. പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലാകട്ടെ അത് കൂടുതല്‍ ചുകന്നു തുടുത്തു. ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 55,048 വോട്ട്കിട്ടി. യുഡിഎഫിന് 47,312ഉം ബിജെപിക്ക് 14,119 വോട്ടും. 7736 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് കരസ്ഥമാക്കിയത്.

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ കോര്‍പറേഷനിലേക്ക് എലത്തൂരില്‍നിന്നുള്ള ആറില്‍ അഞ്ച് ഡിവിഷനിലും എല്‍ഡിഎഫ് വിജയിച്ചു. കുരുവട്ടൂര്‍, കക്കോടി, തലക്കുളത്തൂര്‍, നന്മണ്ട പഞ്ചായത്തുകളിലും ഇടതുമുന്നണി അധികാരത്തില്‍ വന്നു. ചേളന്നൂരിലും കാക്കൂരിലും മാത്രമേ യുഡിഎഫിന് ജയിക്കാനായുള്ളു. എ കെ ശശീന്ദ്രന്‍, പി ടി എ റഹീം, യു സി രാമന്‍ എന്നിവരായിരുന്നു ബാലുശേരി, കൊടുവള്ളി, കുന്നമംഗലം മണ്ഡലങ്ങളെ പ്രതിനിധീകരിച്ചത്. ബാലുശേരിയിലും കൊടുവള്ളിയിലും ശശീന്ദ്രനും റഹീമും എണ്ണമറ്റ വികസനപദ്ധതികളാണ് നടപ്പാക്കിയത്. എംഎല്‍എ എന്ന നിലയില്‍ യു സി രാമന്റെ സംഭാവനയായി കുരുവട്ടൂരില്‍ യാതൊരു നേട്ടവും എടുത്തുകാട്ടാനുമില്ല.
(പിവി ജീജോ)

ദേശാഭിമാനി 030311

1 comment:

  1. ആദ്യ നിയമസഭാംഗത്തെ തെരഞ്ഞെടുത്ത് കേരള നിയമസഭയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് എലത്തൂര്‍. നഗരവും ഗ്രാമവും ഇഴചേര്‍ന്നുകിടക്കുന്ന നിയമസഭാ മണ്ഡലം. കോരപ്പുഴയെ തഴുകി തീരദേശം മുതല്‍ മലയോരംവരെ സവിശേഷമായ ഭൂവിഭാഗങ്ങളുള്ളതാണ് ഈ പുതിയ നിയോജകമണ്ഡലം. ജില്ലയിലെ മൂന്നു മണ്ഡലങ്ങള്‍ ചേര്‍ന്നാണ് 13-ാമത്തെ പുതിയ ജനപ്രതിനിധിക്കായുള്ള തട്ടകം, എലത്തൂര്‍ രൂപീകൃതമായത്. ബാലുശേരി, കൊടുവള്ളി, കുന്നമംഗലം മണ്ഡലങ്ങളിലെ പ്രദേശങ്ങളാണ് എലത്തൂരിലുള്ളത്. ബാലുശേരിയുടെ ഭാഗമായിരുന്ന എലത്തൂര്‍ (ഇപ്പോള്‍ കോഴിക്കോട് കോര്‍പറേഷനിലെ 1, 2, 3, 4, 5, 75 വാര്‍ഡുകള്‍) തലക്കുളത്തൂര്‍, നന്മണ്ട, കുന്നമംഗലത്തെ കുരുവട്ടൂര്‍, കൊടുവള്ളിയിലെ ചേളന്നൂര്‍, കക്കോടി, കാക്കൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ നിയമസഭാമണ്ഡലം.

    ReplyDelete