Sunday, March 6, 2011

വേദനിക്കുന്ന മനസ്സുകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സംഘടന

കേരളത്തിലെ കലാസാംസ്‌കാരിക രംഗത്ത് മുപ്പത്തിയാറു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന യുവകലാസാഹിതി പുരോഗമന വീക്ഷണമുള്ള എഴുത്തുകാരുടേയും കലാകാരന്‍മാരുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടേയും പൊതുവേദിയാണ്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകാലം കലാസാംസ്‌കാരിക പരിസ്ഥിതി രംഗത്ത് ഇടമുറിയാത്ത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മലയാണ്മയുടെ അവിഭാജ്യ യുവകലാസാഹിതിക്ക് കഴിഞ്ഞിട്ടുണ്ട്. കലാകാരനും എഴുത്തുകാരനും സമൂഹത്തോട് പ്രതിബദ്ധതയുണ്ടെന്ന് വിശ്വസിക്കുന്ന പ്രസ്ഥാനമാണ് യുവകലാസാഹിതി. സാര്‍വ്വലൗകിക സ്‌നേഹത്തിന്റെ സന്ദേശമാണത് പ്രകാശിപ്പിക്കുന്നത്. വേദനിക്കുന്ന മനസുകളോടുളള ഐക്യദാര്‍ഢ്യമാണ് അതിന്റെ ഉള്‍ക്കരുത്ത്. ഏകതയുടെ ദാര്‍ശനിക രശ്മികള്‍ ഉദയം കൊള്ളുന്ന മനസുകളില്‍ ജാതി-മത-വര്‍ഗീയ ശൈഥില്യങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും സ്ഥാനമില്ലെന്ന് യുവകലാസാഹിതി കരുതുന്നു. നവോത്ഥാന ചിന്തകളുടെ കാവലാളുകളായ യുവകലാസാഹിതി പ്രവര്‍ത്തകര്‍ മനുഷ്യരക്തം കൊണ്ട് അധികാരമുറപ്പിക്കുന്ന ആഗോള ഭീകരതക്കെതിരെയാണ് വിരല്‍ ചൂണ്ടുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഗാഢമായ പാരസ്പര്യത്തെ വിനയപൂര്‍വം തിരിച്ചറിയുകയും സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്ക് സംഘശക്തി പകരാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. ഒരുമയും സ്‌നേഹവും ഐക്യവും കടലാസിലുറങ്ങേണ്ട അക്ഷരവിന്യാസമല്ലെന്ന കാഴ്ചപ്പാട് യുവകലാസാഹിതി ഉയര്‍ത്തിപ്പിടിക്കുന്നു.

യുവകലാസാഹിതിയുടെ പതിനാലാം സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി പാലക്കാട്ട് വെച്ച് നടക്കുകയാണ്. യുവകലാസാഹിതി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയും ദീര്‍ഘകാലം സംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന എന്‍ സി മമ്മൂട്ടി മാസ്റ്ററുടെ സ്മരണ ഉയര്‍ത്തിയാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.

പിന്തിരിപ്പന്‍ ശക്തികളുടെ ആക്രമണങ്ങളില്‍ നിന്ന് മനുഷ്യസംസ്‌കാരത്തെ കാത്തു രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തെ സാഹിത്യമഹാരഥന്മാര്‍ ഒത്തു ചേര്‍ന്ന 1935ലെ പാരീസ് സമ്മേളനത്തിന്റെ പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് അഖിലേന്ത്യാതലത്തിലും സംസ്ഥാനതലത്തിലും പുരോഗമന സാഹിത്യ സംഘടന രൂപം കൊള്ളുന്നത്. 1936 ഏപ്രില്‍ 10ന് മുന്‍ഷി പ്രേംചന്ദിന്റെ അധ്യക്ഷതയില്‍ ലക്‌നൗവില്‍ നടന്ന പ്രഥമ അഖിലേന്ത്യാ പുരോഗമന സാഹിത്യ സമ്മേളനം ഭാരത സ്വാതന്ത്ര്യത്തിനും സോഷ്യലിസത്തിനും സമത്വസുന്ദരമായ ഭാവിക്കും വേണ്ടി പ്രയത്‌നിക്കുവാന്‍ ജനതയെ ആഹ്വാനം ചെയ്തു. പുരോഗമനവാദികളായ എഴുത്തുകാരെല്ലാം ഒരേ ലക്ഷ്യത്തോടെ മുന്നോട്ടു പോകാന്‍ പ്രതിജ്ഞയെടുത്ത ആ സമ്മേളനം ഇന്ത്യയിലെ സാംസ്‌കാരിക രംഗത്ത് പുതിയൊരു ദിശാബോധം നല്‍കുന്നതായിരുന്നു. മലയാള സാഹിത്യകാരന്മാരെ പ്രതിനിധീകരിച്ച് എഴുത്തുകാരനും മാര്‍ക്‌സിയന്‍ ചിന്തകനുമായ കെ. ദാമോദരനാണ് പങ്കെടുത്തത്. 1937 ഏപ്രില്‍ 20ന് തൃശൂരില്‍ ചേര്‍ന്ന കേരളത്തിലെ പുരോഗമനവാദികളായ എഴുത്തുകാരുടെ യോഗം ജീവല്‍സാഹിത്യ സംഘത്തിന് രൂപം നല്‍കി. 1944ഓടുകൂടി ജീവല്‍സാഹിത്യസംഘം നിര്‍ജീവമാവുകയും അഖില കേരള പുരോഗമന സാഹിത്യ സംഘടന പുനര്‍ജ്ജനിക്കുകയും ചെയ്തു. സ്വാതന്ത്ര്യപ്രാപ്തിയോടു കൂടി രാഷ്ട്രീയ ചേരിതിരിവുകള്‍ സംഘടനയെ ബാധിച്ചു. ആശയപരമായ സംഘട്ടനങ്ങള്‍ മൂര്‍ധന്യത്തിലെത്തിയതോടു കൂടി അഖില കേരള പുരോഗമന സാഹിത്യ സംഘടന 1952ല്‍ നിശ്ചലമായി. പലരും ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലകൊണ്ടു.

1961 സെപ്റ്റംബര്‍ 17ന് പുരോഗമന സാഹിത്യകാരന്മാരും കമ്മ്യൂണിസ്റ്റ് സാഹിത്യകാരന്മാരും കോഴിക്കോട് ടൗണ്‍ ഹാളില്‍ സമ്മേളിച്ച് കേരള സാഹിത്യ സമിതി രൂപീകരിച്ചു. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം കേരള സാഹിത്യ സമിതി നിര്‍ജീവമായി. ജീവല്‍സാഹിത്യ സംഘവും പുരോഗമന സാഹിത്യ പ്രസ്ഥാനവും കൊളുത്തി വെച്ച ആശയസംവാദത്തിന്റെയും കലാപ്രവര്‍ത്തനത്തിന്റേയും അലയൊലി കേരളീയ ജീവിതത്തില്‍ നിലനിന്നു പോന്നു.

1975ലാണ് യുവകലാസാഹിതിയുടെ ഉദയം. കേരളത്തിലെ സാംസ്‌കാരിക മണ്ഡലത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുകയും ആശയപരമായ സംവാദങ്ങള്‍ കൊണ്ട് സമ്പന്നമാക്കുകയും ചെയ്ത ജീവല്‍സാഹിത്യ സംഘത്തിന്റേയോ പുരോഗമന സാഹിത്യ സംഘത്തിന്റേയോ യാന്ത്രികമായ തുടര്‍ച്ചയോ പുനരുജ്ജീവനമോ അല്ല യുവകലാസാഹിതി. എന്നാല്‍ പുരോഗമന സാഹിത്യ പ്രസ്ഥാനത്തെ പ്രചോദിപ്പിക്കുയും പ്രവര്‍ത്തിപ്പിക്കുയും ചെയ്ത ആശയങ്ങള്‍ യുവകലാസാഹിതിക്ക് രൂപം കൊടുക്കുന്നതിനും ഒരു ജനകീയ കലാ സാംസ്‌കാരിക പ്രസ്ഥാനമാക്കുന്നതിനും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

കേരളത്തിലെ രാഷ്ട്രീയ ചരിത്രം മാറ്റിക്കുറിക്കുകയും മലയാള നാടകവേദിക്ക് വിപ്ലവത്തിന്റെ തിരി കൊളുത്തുകയും ചെയ്ത കായംകുളത്തെ കെപിഎസിയുടെ ആസ്ഥാനത്താണ് യുവകലാസാഹിതി പിറവിയെടുത്തത്. ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷന്‍ - ഇപ്റ്റയുടെ കേരള ഘടകമായിരുന്ന കെപിഎ സിയുടെ രജതജൂബിലി ആഘോഷവേളയായ 1975 മാര്‍ച്ച് 15ന് കെപിഎസിയില്‍ നടന്ന യുവകലാസാഹിതി രൂപീകരണ യോഗത്തില്‍ കാമ്പിശേരി കരുണാകരനായിരുന്നു അധ്യക്ഷന്‍. തോപ്പില്‍ ഭാസി, കെ. കേശവന്‍ പോറ്റി, വയലാര്‍ രാമവര്‍മ്മ, സി. ഉണ്ണിരാജ, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, രാമു കാര്യാട്ട്, പ്രൊഫ. ഒ എന്‍ വി കുറുപ്പ്, എസ് എല്‍ പുരം സദാനന്ദന്‍, പ്രൊഫ. തിരുനെല്ലൂര്‍ കരുണാകരന്‍, കണിയാപുരം രാമചന്ദ്രന്‍, രാജഗോപാലന്‍ നായര്‍, കെപിഎസി സുലോചന, തെങ്ങമം ബാലകൃഷ്ണന്‍, ഡോ. പുതുശേരി രാമചന്ദ്രന്‍, കെ ടി മുഹമ്മദ്, എം ഗോപി, ജി. കാര്‍ത്തികേയന്‍, കുമരകം ശങ്കുണ്ണി മേനോന്‍, ആര്യാട് ഗോപി, ഡോ. മോഹന്‍ദാസ്, സി. ആര്‍ രാമചന്ദ്രന്‍, ടി വി ബാലന്‍ തുടങ്ങിയ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും കെപിഎസിയിലെ കലാകാരന്മാരും യോഗത്തില്‍ സന്നിഹിതരായിരുന്നു. എന്നും കലയ്ക്കും സാഹിത്യത്തിനുമാണ് യുവത്വമെന്ന മുഖവുരേയാടെയാണ് എഴുത്തുകാരുടേയും കലാകാരന്മാരുടേയും ഈ കൂട്ടായ്മക്ക് 'യുവകലാസാഹിതി' എന്ന പേര്‍ കണിയാപുരം രാമചന്ദ്രന്‍ നിര്‍ദേശിച്ചത്. അന്നത്തെ ശ്രദ്ധേയമായ മലയാള ചലച്ചിത്രത്തിലെ നായകനടനെന്ന പ്രശസ്തി നേടിയ ഡോ. മോഹന്‍ദാസ് പ്രസിഡന്റും ജനയുഗം പത്രാധിപസമിതിയംഗം സി ആര്‍ രാമചന്ദ്രന്‍ ജനറല്‍ സെക്രട്ടറിയുമായാണ് ആദ്യത്തെ സംസ്ഥാന ഘടകം നിലവില്‍ വന്നത്.

1984ല്‍ യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന മലയാളത്തിന്റെ പ്രിയങ്കരനായ നോവലിസ്റ്റ് സി രാധാകൃഷ്ണന്‍ കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക് നയിച്ച സമാധാന പദയാത്ര കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ പുതിയൊരു അനുഭവമായിരുന്നു. മാനവരാശിക്ക് ശാന്തിമുദ്രയായി പിക്കാസോ വരച്ചു നല്‍കിയ ഒലിവ് ഇല കൊത്തിപ്പറക്കുന്ന നീലാകാശത്തെ വെള്ളരിപ്രാവിനെ ആലേഖനം ചെയ്ത പതാക വാനിലുയര്‍ത്തി 'ഇനിയൊരു യുദ്ധം വേണ്ട, ലോകസമാധാനം നീണാള്‍ വാഴട്ടെ' എന്ന ബാനറുമായി എഴുത്തുകാരും കലാകാരന്മാരും നടന്നു നീങ്ങിയപ്പോള്‍ കേരളീയ സമൂഹം ആവേശപൂര്‍വമാണ് സ്വീകരിച്ചത്.

1988ല്‍ തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടേക്ക് സി. രാധാകൃഷ്ണനും മാടമ്പ് കുഞ്ഞുകുട്ടനും നയിച്ച സമാധാന സാംസ്‌കാരികജാഥയും 1999 ജനുവരി 1ന് ഡോ. വള്ളിക്കാവ് മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര സ്വദേശാഭിമാനി സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച് കാസര്‍കോട്ട് സമാപിച്ച സാംസ്‌കാരിക യാത്രയും ഭാഷയെ സ്‌നേഹിക്കുക, പ്രകൃതിയെ സംരക്ഷിക്കുക, അധിനിവേശത്തെ ചെറുക്കുക എന്ന സന്ദേശവുമായി 2008 ഏപ്രില്‍ 26 മുതല്‍ മെയ് 6 വരെ സംസ്ഥാന പ്രസിഡന്റ് പി. കെ. ഗോപി നയിച്ച സാംസ്‌കാരികയാത്രയും കേരളീയജനത ഏറ്റുവാങ്ങിയ സാംസ്‌കാരിക മുന്നേറ്റങ്ങളായിരുന്നു.

1984ല്‍ മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ജന്മദേശമായ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ നടത്തിയ മോയിന്‍കുട്ടി വൈദ്യര്‍ അനുസ്മരണ സെമിനാറും അതിനോടനുബന്ധിച്ച് 'മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക പ്രഭാഷണങ്ങള്‍' എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്തു. മോയിന്‍കുട്ടി വൈദ്യരെക്കുറിച്ച് മലയാളത്തിലെ ആദ്യ പുസ്തകമായിരുന്നു അത്.

ഡോ. മോഹന്‍ദാസ്, സി. രാധാകൃഷ്ണന്‍ എന്നിവര്‍ക്കു ശേഷം മാടമ്പ് കുഞ്ഞുകുട്ടന്‍, ഡോ. ടി.പി. സുകുമാരന്‍, പെരുമ്പുഴ ഗോപാലകൃഷ്ണന്‍, ഡോ. വള്ളിക്കാവ് മോഹന്‍ദാസ് എന്നിവര്‍ സംസ്ഥാന അധ്യക്ഷ സ്ഥാനം അലങ്കരിച്ചപ്പോള്‍ പറക്കോട് എന്‍ ആര്‍ കുറുപ്പ്, പ്രൊഫ. ആര്‍ വിശ്വനാഥന്‍ നായര്‍, എന്‍ സി മമ്മൂട്ടി, ടി വി ബാലന്‍ എന്നിവര്‍ സാഹിതിയെ മുന്നോട്ടു നയിച്ചു.  പ്രൊഫ. ഒ എന്‍ വി കുറുപ്പ് രക്ഷാധികാരിയും നാംവീര്‍ സിംഗ് പ്രസിഡന്റും ഡോ. കമലാ പ്രസാദ് ജനറല്‍ സെക്രട്ടറിയുമായി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷനില്‍ കേരളത്തില്‍ നിന്ന് അഫിലിയേഷനുള്ള ഏക സംഘടനയാണ് യുവകലാസാഹിതി.

യുവകലാസാഹിതിയുടെ വഴിത്താരയെ ധന്യമാക്കി കാലയവനികക്കുള്ളില്‍ മറഞ്ഞ ഡോ. ടി.പി. സുകുമാരന്‍, മണലില്‍ ജി. നാരായണപിള്ള, തിരുനെല്ലൂര്‍ കരുണാകരന്‍, കെടാമംഗലം സദാനന്ദന്‍, കെ എ ചന്ദ്രഹാസന്‍, കൊളാടി ഗോവിന്ദന്‍കുട്ടി, പവനന്‍, ആര്യാട് ഗോപി, കാര്‍ത്തികേയന്‍ പടിയത്ത്, എഴുമംഗലം കരുണാകരന്‍, പി.ആര്‍. കര്‍മ്മചന്ദ്രന്‍, അജയന്‍ കൊങ്ങശേരി, ഡോ. കെ കെ വിജയന്‍, എ പി ബാലകൃഷ്ണന്‍ എന്നിവരുടെ ദീപ്തസ്മരണകള്‍ സാഹിതി പ്രവര്‍ത്തകര്‍ നെഞ്ചോട് ചേര്‍ത്തു വെക്കുന്നു.

ചലനാത്മകമായ മാറ്റങ്ങള്‍ക്കു വേണ്ടി കവിയും കഥാകാരനും എഴുത്തുകാരനും ചിത്രകാരനും നടനും പാട്ടുകാരനുമെല്ലാം സ്വയം സമര്‍പ്പിതമാകണമെന്ന് കാലഘട്ടം ആവശ്യപ്പെടുന്നതിനോടൊപ്പം നമ്മുടെ മണ്ണും മനസും പൈതൃകവും കാത്തു സൂക്ഷിക്കാനുള്ള ജീവന്മരണ പോരാട്ടത്തില്‍ ഭാഗഭാക്കുകളാകണമെന്നു കൂടി യുവകലാസാഹിതി പതിനാലാം സംസ്ഥാന സമ്മേളന സന്ദര്‍ഭം നമ്മെ ഓര്‍മപ്പെടുത്തുന്നു.

അനില്‍മാരാത്ത് ജനയുഗം 060311

1 comment:

  1. കേരളത്തിലെ കലാസാംസ്‌കാരിക രംഗത്ത് മുപ്പത്തിയാറു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന യുവകലാസാഹിതി പുരോഗമന വീക്ഷണമുള്ള എഴുത്തുകാരുടേയും കലാകാരന്‍മാരുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടേയും പൊതുവേദിയാണ്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകാലം കലാസാംസ്‌കാരിക പരിസ്ഥിതി രംഗത്ത് ഇടമുറിയാത്ത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മലയാണ്മയുടെ അവിഭാജ്യ യുവകലാസാഹിതിക്ക് കഴിഞ്ഞിട്ടുണ്ട്. കലാകാരനും എഴുത്തുകാരനും സമൂഹത്തോട് പ്രതിബദ്ധതയുണ്ടെന്ന് വിശ്വസിക്കുന്ന പ്രസ്ഥാനമാണ് യുവകലാസാഹിതി. സാര്‍വ്വലൗകിക സ്‌നേഹത്തിന്റെ സന്ദേശമാണത് പ്രകാശിപ്പിക്കുന്നത്. വേദനിക്കുന്ന മനസുകളോടുളള ഐക്യദാര്‍ഢ്യമാണ് അതിന്റെ ഉള്‍ക്കരുത്ത്. ഏകതയുടെ ദാര്‍ശനിക രശ്മികള്‍ ഉദയം കൊള്ളുന്ന മനസുകളില്‍ ജാതി-മത-വര്‍ഗീയ ശൈഥില്യങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും സ്ഥാനമില്ലെന്ന് യുവകലാസാഹിതി കരുതുന്നു. നവോത്ഥാന ചിന്തകളുടെ കാവലാളുകളായ യുവകലാസാഹിതി പ്രവര്‍ത്തകര്‍ മനുഷ്യരക്തം കൊണ്ട് അധികാരമുറപ്പിക്കുന്ന ആഗോള ഭീകരതക്കെതിരെയാണ് വിരല്‍ ചൂണ്ടുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഗാഢമായ പാരസ്പര്യത്തെ വിനയപൂര്‍വം തിരിച്ചറിയുകയും സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്ക് സംഘശക്തി പകരാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. ഒരുമയും സ്‌നേഹവും ഐക്യവും കടലാസിലുറങ്ങേണ്ട അക്ഷരവിന്യാസമല്ലെന്ന കാഴ്ചപ്പാട് യുവകലാസാഹിതി ഉയര്‍ത്തിപ്പിടിക്കുന്നു.

    ReplyDelete