Monday, March 14, 2011

അന്നംമുടക്കികള്‍ക്ക് കനത്ത തിരിച്ചടി ലഭിക്കും

ഇടതുപക്ഷവിരോധം മൂത്ത് കേരളീയരുടെ അന്നം മുടക്കിയ കോണ്‍ഗ്രസുകാര്‍ക്ക് വരുന്ന തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ലഭിക്കുമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി പറഞ്ഞു. വടക്കന്‍ പറവൂരില്‍ എന്‍ ശിവന്‍പിള്ള അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വരുന്നതിനും മുമ്പേയെടുത്ത തീരുമാനത്തെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇലക്ഷന്‍ കമ്മിഷനില്‍ ചോദ്യം ചെയ്തിരിക്കുന്നത്. കേരളത്തിലെ 40 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് രൂപാ നിരക്കില്‍ അരി നല്‍കാനുള്ള വിപ്ലവകരമായ തീരുമാനത്തെ അട്ടിമറിച്ച കോണ്‍ഗ്രസിനും യു ഡി എഫിനും തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ചുട്ട മറുപടി നല്‍കും. വിലക്കയറ്റത്തിന്റെ നീരാളിപ്പിടുത്തത്തില്‍ അകപ്പെട്ടിരിക്കുന്ന സാധാരണക്കാര്‍ ഒരു വിധത്തിലും രക്ഷപ്പെടരുതെന്ന് ആഗ്രഹിക്കുന്നവരാണ് യു ഡി എഫുകാരെന്ന് ജോസ് ബേബി പറഞ്ഞു. കേരള സര്‍ക്കാരിനെതിരെ ചട്ട ലംഘനം പറയുന്ന ഇലക്ഷന്‍ കമ്മിഷന്‍ മമത ബാനര്‍ജിയുടെയും പ്രണബ്മുഖര്‍ജിയുടെയും മറ്റും പല നയപ്രഖ്യാപനങ്ങളും കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധാരണക്കാരുടെ ജീവിതരീതിയില്‍ അടിമുടി മാറ്റം സാധ്യമാക്കിയ സംസ്ഥാന സര്‍ക്കാരിന് അഭിമാനിക്കാന്‍ വകയേറെയുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, കൃഷി, ഭക്ഷ്യപൊതുവിതരണം എന്നിങ്ങനെ എല്ലാ മേഖലകളിലും വന്‍ കുതിപ്പു നടത്താന്‍ എല്‍ ഡി എഫ് സര്‍ക്കാരിനു കഴിഞ്ഞു. മുന്‍കാലങ്ങളെ അപേക്ഷിച്ച് മണ്ഡലങ്ങളുടെ വികസനത്തിന് ചെലവിടുന്ന തുകയില്‍ 250 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇക്കാലയളവിലുണ്ടായത്.

സംസ്ഥാനത്തെ സകല ജനവിഭാഗങ്ങളും നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തുന്ന ഈ സര്‍ക്കാരിന്റെ ജനപ്രീതിയില്‍ വിറളി പൂണ്ടാണ് കോണ്‍ഗ്രസുകാര്‍ ഇലക്ഷന്‍ കമ്മിഷന് വ്യാജപരാതി നല്‍കി മലയാളികളുടെ അരി മുട്ടിച്ചതെന്ന് ജോസ് ബേബി പറഞ്ഞു. നിയമസഭാ ലൈബ്രറിയില്‍ എന്‍ ശിവന്‍പിള്ളയുടെ പ്രഭാഷണസമാഹാരം ഉടന്‍ പ്രകാശിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ശിവന്‍പിള്ള ഫൗണ്ടേഷന്റെ അവാര്‍ഡ് കവി കുസുംഷലാലിന് അദ്ദേഹം സമ്മാനിച്ചു. സമ്മേളനത്തില്‍ സിപി ഐ നേതാവ് പി രാജു അധ്യക്ഷത വഹിച്ചു.

janayugom 140311

2 comments:

  1. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വരുന്നതിനും മുമ്പേയെടുത്ത തീരുമാനത്തെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇലക്ഷന്‍ കമ്മിഷനില്‍ ചോദ്യം ചെയ്തിരിക്കുന്നത്. കേരളത്തിലെ 40 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് രൂപാ നിരക്കില്‍ അരി നല്‍കാനുള്ള വിപ്ലവകരമായ തീരുമാനത്തെ അട്ടിമറിച്ച കോണ്‍ഗ്രസിനും യു ഡി എഫിനും തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ചുട്ട മറുപടി നല്‍കും

    ReplyDelete
  2. തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ലഭിക്കുമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി പറഞ്ഞു??? ആര്‍ക്ക് .. :)

    ReplyDelete